ഇടതു മനോഭാവം വർഗീയതയിലേക്ക് വഴിമാറുന്നുവോ?
text_fieldsതദ്ദേശതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേരിട്ട തിരിച്ചടി കോൺഗ്രസിൽ ചില അസ്വാരസ്യങ്ങൾക്കിടയാക്കിയ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുസ്ലിംലീഗിനെ ഉന്നമിട്ട് നടത്തിയ പ്രസ്താവന വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിതുറന്നിരിക്കുന്നു. കോൺഗ്രസിൽ തമ്മിലടി മൂർച്ഛിച്ച സാഹചര്യത്തിൽ, യു.ഡി.എഫ് നേതൃത്വം ലീഗ് ഏറ്റെടുക്കാൻ പോകുന്നുവോ എന്നാണ് ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി ചോദിച്ചത്. അങ്ങനെ വന്നാൽ അത് ജനാധിപത്യവിരുദ്ധവും കേരളത്തെ വർഗീയതയിലേക്ക് തള്ളിവിടുന്നതുമാകുമെന്നാണ് ആ കുറിപ്പ് പറയുന്നത്. മുസ്ലിം കർതൃത്വത്തിലുള്ള ഏതു സംഘാടനവും ആത്യന്തികമായി വർഗീയമായിരിക്കുമെന്നു വ്യാഖ്യാനിക്കാൻ അതിൽ പഴുതുണ്ട്. തീവ്രമതേതരർക്കും ഫാഷിസ്റ്റുകൾക്കും ഒരുപോലെ തൃപ്തികരമായ ഇൗ രാഷ്ട്രീയയുക്തിയെ അദ്ദേഹം മികച്ച രീതിയിൽ വിന്യസിച്ചപ്പോൾ, സ്വാഭാവികമായും അത് പ്രതിഷേധം ക്ഷണിച്ചുവരുത്തി. സംസ്ഥാനത്തെ വർഗീയമായി വിഭജിക്കുന്ന പ്രസ്താവനക്കെതിരെ പ്രതിപക്ഷവും സാമുദായിക രാഷ്ട്രീയകക്ഷികളും രംഗത്തുവന്നിട്ടും ഒരു തിരുത്തിന് അദ്ദേഹം തയാറായിട്ടില്ല. എന്നല്ല, പാർട്ടിയുടെ സമ്പൂർണ പിന്തുണയും ഇക്കാര്യത്തിൽ അദ്ദേഹത്തിന് ലഭിച്ചു. പ്രസ്താവനക്കെതിരെ പ്രതികരിച്ച മുസ്ലിംസമുദായത്തിലെ പ്രബലകക്ഷിയായ സമസ്ത കേരള ജംഇയ്യതുൽ ഉലമയെയും മറ്റും വർഗീയ മനോഗതിക്കാരെന്ന് ആക്ഷേപിച്ചിരിക്കുന്നു സി.പി.എമ്മിെൻറ ആക്ടിങ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സി.പി.എമ്മും ഇടതുമുന്നണിയും നടത്തുന്ന രാഷ്ട്രീയ നീക്കത്തിെൻറ കൃത്യമായ സൂചനകളുണ്ട് ഇൗ പ്രസ്താവനകളിലൊക്കെയും. തദ്ദേശ തെരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ ഇടതുപക്ഷത്തിന് സവർണ ഹിന്ദു, ക്രിസ്ത്യൻ ബെൽറ്റുകളിൽ ലഭിച്ച മേൽക്കൈ നിലനിർത്തുക എന്നതുതന്നെയാണ് ലക്ഷ്യമെന്ന് വ്യക്തം. ഇൗ വിഭാഗങ്ങൾക്കിടയിൽ കഴിഞ്ഞ കുറച്ചുകാലമായി നടന്നുവരുന്ന പ്രോപഗണ്ട മുന്നിൽ വരുേമ്പാഴാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ ഗൗരവം വർധിക്കുന്നത്. ന്യൂനപക്ഷ പദവിയുടെ പേരിൽ കേരളത്തിലെ മുസ്ലിംകൾ അനർഹമായ പലതും നേടിയെന്നും അതുവഴി തങ്ങളുടെ സമുദായം അവശതയിലേക്ക് കൂപ്പുകുത്തിയെന്നുമാണ് ഇൗ പ്രചാരണങ്ങളുടെ മർമം. ഒരു സമുദായത്തെ മൊത്തം ശത്രുപക്ഷത്ത് നിർത്തുക എന്ന തന്ത്രവും കൂടി ഇതിലുണ്ട്്. ഇത്തരം വാദങ്ങൾക്ക് എരിവുപകരാൻ ലവ് ജിഹാദ് പോലുള്ള ആരോപണങ്ങളും ഉന്നയിക്കുന്നു. വസ്തുതയുടെ നേരിയ അംശംപോലുമില്ലാത്ത ഇൗ ആരോപണങ്ങൾ നേരത്തേ തന്നെ സംഘ്പരിവാറും ഏതാനും വലതുപക്ഷ മാധ്യമങ്ങളും ഏറ്റെടുത്തതാണ്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് കത്തോലിക്ക സഭയുടെയും മറ്റും ആസൂത്രിതമായ ഇടപെടലിലൂടെ ഇൗ ചർച്ച വീണ്ടും ചൂടുപിടിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം മുസ്ലിം ജനസാമാന്യം പൊതുവിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിക്കൊപ്പം നിലയുറപ്പിച്ചപ്പോൾ, തങ്ങളുടെ വോട്ടുബാങ്കിൽ വന്ന നഷ്ടം നികത്താൻ ഇടതുപക്ഷം ഇൗ ചർച്ച ഏറ്റെടുക്കുകയായിരുന്നു. അതിനു മുേമ്പ സവർണസംവരണം നടപ്പാക്കി ആ വിഭാഗത്തെ തങ്ങളുടെ പക്ഷത്തേക്കടുപ്പിക്കുകയും ചെയ്തു. ഇതിെൻറയൊക്കെ ഭാഗമായാണ്, പാർട്ടിയും മുഖപത്രവും മുസ്ലിംകൾ നേതൃത്വത്തിലുള്ള പാർട്ടികളെ നിരന്തരമായി ൈപശാചികവത്കരിച്ചുകൊണ്ടിരുന്നത്. 'കേരളം ഭരിക്കാൻ പോകുന്നത് ഹസനും കുഞ്ഞാലിക്കുട്ടിയും അമീറു'മാണെന്ന ചുമതലയൊഴിഞ്ഞ പാർട്ടിസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ ആവർത്തിച്ചുള്ള പ്രസ്താവന ഇൗ പശ്ചാത്തലത്തിലായിരുന്നു. എന്നാൽ കൗതുകകരമായ കാര്യം, ഇൗ സവർണ, സാമുദായികലോബിയുടെ ഏറ്റവും വലിയ ആരോപണത്തിന് ശരവ്യമായത് കേരളത്തിലെ ന്യൂനപക്ഷവകുപ്പാണ് എന്നതാണ്. പക്ഷേ, തികച്ചും വസ്തുതാവിരുദ്ധമായ ആ ആരോപണങ്ങളുടെ നേരെ മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും പാർട്ടിയുമൊക്കെ മൗനം പാലിച്ചു. ഇടതുപക്ഷത്തിനു വേണ്ടി ന്യായം ചമയ്ക്കുന്നവരും ഇക്കാര്യത്തിൽ നിശ്ശബ്ദരാണ്. നേതാക്കൾ അൽപസ്വൽപം മുസ്ലിം വിരുദ്ധത വിളമ്പിയാലും കുഴപ്പമില്ല, ഇടതുസർക്കാറിെൻറ അധികാരത്തുടർച്ച ഉറപ്പിച്ചാവാം രാഷ്ട്രീയ തിരുത്തൊക്കെ എന്നാണ്അവരുടെ മട്ട്.
വ്യാജപ്രചാരണങ്ങളുടെ പുറത്ത് ഇരവാദം ഉന്നയിച്ച് രാഷ്ട്രീയനേട്ടം കൊയ്യുന്ന ഇൗ സവർണ സാമുദായികപക്ഷത്തിെൻറ അജണ്ടക്ക് വഴങ്ങിയുള്ള പിണറായിയുടെയും കൂട്ടരുടെയും നീക്കങ്ങൾ താൽക്കാലികമായി ഇടതുസർക്കാറിനും സി.പി.എമ്മിനും ഗുണം ചെയ്യുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ അതിെൻറ ഗുണഭോക്താക്കൾ സംഘ്പരിവാർ തന്നെയായിരിക്കും. കാരണം, ഇത്തരമൊരു അജണ്ടയിലൂടെ സംസ്ഥാന ജനസംഖ്യയുടെ 27 ശതമാനത്തോളം വരുന്ന മുസ്ലിംകൾ ശത്രുപക്ഷത്തേക്ക് മാറ്റിനിർത്തപ്പെടുകയോ അദൃശ്യവത്കരിക്കപ്പെടുകയോ ചെയ്യും. മുസ്ലിംകൾക്ക് ഭൂരിപക്ഷമുണ്ട് എന്നതുകൊണ്ടു മാത്രം ഒരു പാർട്ടി ഏതെങ്കിലും മുന്നണിയുടെ നേതൃത്വത്തിൽ വന്നുകൂടാ എന്ന് ശഠിക്കുന്നത് എന്തുമാത്രം ജനാധിപത്യ വിരുദ്ധമാണ്. മുസ്ലിം കർതൃത്വത്തിലുള്ള സർവതും അപകടകരമാണെന്ന ഇസ്ലാമോഫോബിയയുടെ വാദം തന്നെയേല്ല ഇപ്പോൾ സി.പി.എം നേതൃത്വവും ഏറ്റെടുത്തിരിക്കുന്നത്? സി.എ.എ പോലുള്ള മനുഷ്യത്വവിരുദ്ധ നിയമങ്ങളുടെ ആത്യന്തിക പരിണതിയും അദൃശ്യവത്കരണത്തിെൻറ ഇൗ രാഷ്ട്രീയം തന്നെയല്ലേ? സി.എ.എക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് പാസാക്കിയ രാജ്യത്തെ മുഖ്യമന്ത്രിമാരിലൊരാളാണ് പിണറായി വിജയൻ. ചില അപവാദങ്ങളൊഴിച്ചുനിർത്തിയാൽ, അദ്ദേഹത്തിെൻറ പ്രസ്ഥാനത്തിനും രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കുംവേണ്ടി നിലയുറപ്പിച്ച ചരിത്രം തന്നെയാണ് പറയാനുള്ളത്. തീർത്തും താൽക്കാലികമായ രാഷ്ട്രീയ അതിജീവനത്തിനുവേണ്ടി ആ ചരിത്രത്തെ ബലികഴിക്കേണ്ടതുണ്ടോ എന്ന് അദ്ദേഹവും പാർട്ടിയും ആലോചിക്കെട്ട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.