സർക്കാർ ശമ്പളവും രാഷ്ട്രീയ പ്രവർത്തനവും
text_fieldsഎയ്ഡഡ് സ്കൂൾ അധ്യാപകർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും രാഷ്ട്രീയ പ്രവർത്തനത്തിൽ പങ്കാളികളാകുന്നതും വിലക്കി ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങിയ കേരള ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധി പ്രസ്താവിച്ചിരിക്കുന്നു. 1951ലെ കേരള ലെജിസ്ലേറ്റിവ് അസംബ്ലി റിമൂവൽ ഓഫ് ഡിസ്ക്വാളിഫിക്കേഷൻ (അയോഗ്യതക്ക് ഇളവ് അനുവദിക്കൽ) നിയമത്തിലെ 2 (iv) വകുപ്പ് ഭരണഘടാനുസൃതമെല്ലന്നാണ് ഡിവിഷൻ ബെഞ്ച് വിധിന്യായത്തിൽ പറയുന്നത്. സർക്കാർ ജീവനക്കാരെപ്പോലെ എയ്ഡഡ് അധ്യാപകർക്കും ശമ്പളം നൽകുന്നത് സർക്കാറാെണന്നും അതിനാൽ, അവർക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനോ രാഷ്ട്രീയപ്രവർത്തനങ്ങളിൽ പങ്കാളിയാകാനോ അവകാശമിെല്ലന്നും കോടതി വ്യക്തമാക്കിയിരിക്കുന്നു. ഇതോടെ എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് മത്സരിക്കാൻ അനുവദിക്കുന്ന 1959ലെ കേരള വിദ്യാഭ്യാസനിയമത്തിലെ ചാപ്റ്റർ 14 (എ) അപ്രസക്തമായിരിക്കുകയാണ്. അധ്യയനത്തെ ബാധിക്കുന്നതിനാൽ എയ്ഡഡ് സ്കൂൾ അധ്യാപകരുടെ രാഷ്ട്രീയപ്രവർത്തനം നിരോധിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ജിബു പി. തോമസ് അടക്കമുള്ളവരുടെ ഹരജികൾ പരിഗണിച്ചാണ് നിർണായകമായ ഈ ഉത്തരവ്.
സർക്കാർ ശമ്പളം പറ്റുന്നവരുടെ തെരഞ്ഞെടുപ്പ് മത്സരാവകാശത്തെയും രാഷ്ട്രീയപ്രവർത്തനങ്ങളെയും കുറിച്ചു പുതിയ ചോദ്യങ്ങളും ആലോചനകളും ഉയർത്തുന്നുണ്ട് ഈ വിധി. നിലവിൽ, എയ്ഡഡ് കോളജ് മുതൽ വിവിധ സർക്കാറിതര സ്ഥാപനങ്ങളിൽ സർക്കാർ ശമ്പളം വാങ്ങി ജോലി ചെയ്യുന്നവർ വരെയുള്ള ധാരാളം പേർ മന്ത്രിമാർ മുതൽ പഞ്ചായത്ത് മെംബർമാരായി വരെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. എയ്ഡഡ് അധ്യാപകരുടെ തെരഞ്ഞെടുപ്പ് അയോഗ്യത ഉത്തരവിൽ ഹൈകോടതി സ്വീകരിച്ച യുക്തി സർക്കാർ പ്രതിഫലം നൽകുന്ന, സർക്കാറിതര സ്ഥാപനങ്ങൾക്കുകൂടി ബാധകമാകുന്നതാണ്. എന്നാൽ, ഹൈകോടതി അതിലേക്ക് കടക്കാതെ, എയ്ഡഡ് സ്കൂളിലേക്ക് മാത്രമായി വിധിയെ പരിമിതപ്പെടുത്തിയിരിക്കുകയാണ്. എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപകർ മുഴുസമയ ജനപ്രതിനിധിയായി ഇറങ്ങുന്നതോടെ അധ്യാപനം ദുർബലമാകുകയും ശരിയായ വിദ്യനേടാനുള്ള കുട്ടികളുടെ അവകാശം ഹനിക്കപ്പെടുകയും ചെയ്യുന്നുവെന്ന വിമർശനം പഴക്കമുള്ളതാണ്. അതിനാൽ, ജനപ്രതിനിധിയാകുന്നതിന് അനുവാദം നൽകുന്ന നിയമത്തിൽ ഭേദഗതി വരുത്തണമെന്ന ആവശ്യം ഏറെക്കാലമായുണ്ട്. വിദ്യാർഥികൾക്ക് ഒരു വർഷം 200 അക്കാദമിക ദിവസങ്ങൾപോലും ലഭിക്കാത്ത സാഹചര്യത്തിൽ ജനപ്രതിനിധികളായിരിക്കുന്ന അധ്യാപകർക്കു തദ്ദേശ സ്ഥാപനങ്ങളിലെ രാഷ്ട്രീയപ്രവർത്തനങ്ങൾക്കായി മുപ്പത് ദിവസം സ്പെഷൽ ഡ്യൂട്ടി ലീവിന് അനുവാദമുള്ള സംസ്ഥാനമാണ് കേരളം. 2017 ഒക്ടോബറിലാണ് അവസാനമായി ഡ്യൂട്ടിലീവ് സർക്കാർ അധികരിപ്പിച്ചുകൊടുത്തത്. യഥാർഥത്തിൽ, സമയഭേദമില്ലാതെ എപ്പോഴും മനസ്സും ശരീരവും സജ്ജമാകേണ്ട ജനപ്രതിനിധി എന്ന മേഖലയും അധ്യാപകവൃത്തിയും ഒരുമിച്ചു കൊണ്ടുപോകുക അസാധ്യമായ കാര്യമാണ്. സ്വാഭാവികമായും രാഷ്ട്രീയ പ്രവർത്തനങ്ങളുടെ തിരക്കിൽ അധ്യാപനം ബലികഴിക്കപ്പെടുന്നതാണ് സർവസാധാരണം. ജനപ്രതിനിധികളായ അധ്യാപകരുടെ ഒഴിവിൽ സംരക്ഷിത അധ്യാപകരെ നിശ്ചയിക്കണമെന്ന ആവശ്യത്തിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. വിദ്യാഭ്യാസത്തെ താറുമാറാക്കുന്ന, വളരുന്ന തലമുറയോട് ചെയ്യുന്ന പാതകത്തിന് അറുതിവരുെമന്നതിനാൽ വിധി ഒറ്റനോട്ടത്തിൽ സ്വാഗതം ചെയ്യപ്പെടും.
സർക്കാർ ശമ്പളം വാങ്ങുന്ന ആർക്കും രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് അവകാശമില്ല എന്ന യുക്തി കോടതിവിധിയുടെ പ്രാധാന്യം അംഗീകരിച്ചുകൊണ്ടു തന്നെ ചോദ്യം ചെയ്യാൻ സാധിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് പങ്കാളിത്തത്തെയും രാഷ്ട്രീയപ്രവർത്തനത്തെയും കോടതി സമീകരിച്ചത് അത്ര യുക്തിഭദ്രമല്ല. തെരഞ്ഞെടുക്കപ്പെടുന്ന സർക്കാറുകൾ കക്ഷിരാഷ്ട്രീയാതീതമായ ഭരണസംവിധാനമാെണന്നും സർക്കാർ ജീവനക്കാർ ചോദ്യങ്ങളില്ലാതെ ഭരണയന്ത്രത്തെ ചലിപ്പിക്കുന്നവരുമാെണന്ന സങ്കൽപങ്ങൾ വ്യാജ നിർമിതികളാെണന്ന് നിരന്തരം തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. വൈസ് ചാൻസലർ നിയമനങ്ങൾ മുതൽ ശിപായിമാരെ നിശ്ചയിക്കുന്നത് വരെയുള്ള ഭരണനിർവഹണത്തിലെ തൂണിലും തുരുമ്പിലും കക്ഷി രാഷ്ട്രീയം ഉറപ്പിക്കുന്ന 'അരാഷ്ട്രീയത'യുടെ പേരായിരിക്കുന്നു ഇന്ന് രാഷ്ട്രീയം എന്നത്.
കക്ഷിരാഷ്ട്രീയത്തിനകത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അധികാരപ്രവണതകളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും പഠിപ്പിക്കുകയും ചെയ്യുകയെന്ന ശരിയായ രാഷ്ട്രീയ പ്രവർത്തനത്തിന് വിദ്യാർഥികളെയും പൊതുസമൂഹത്തെയും പ്രാപ്തമാക്കാൻ സർക്കാറിെൻറ ശമ്പളം പറ്റുന്നവർക്കും സാധിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് പങ്കാളിത്തം കക്ഷിരാഷ്ട്രീയത്തിെൻറ അകത്തായതിനാൽ ഇരട്ട ചുമതലകളുടെ ആധിക്യത്തിെൻറ പേരിൽ നിഷേധിക്കാം. എന്നാൽ സർക്കാർ ജീവനക്കാരനാണ് എന്നത് ജോലിക്ക് ശേഷം സാമൂഹിക ഇടപെടലുകൾക്കും രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തനങ്ങൾക്കും വിഘാതമാകാൻ പാടില്ല. വിദ്യാലയങ്ങളിലും തെരുവുകളിലും ഭരണകൂടത്തിെൻറ ഹിതങ്ങൾ പറയേണ്ടവരാണ് സർക്കാർ ജീവനക്കാർ എന്ന ആശയം ഭരണനിർവഹണങ്ങളിൽ കക്ഷിരാഷ്ട്രീയക്കാരുടെ താൽപര്യങ്ങൾ നിർബാധം അരങ്ങേറുന്നത് അനുഭവസത്യമായ കാലത്ത് കാലഹരണപ്പെട്ടതാണ്. അധ്യാപകർ മത്സരിക്കേണ്ട എന്ന് നിശ്ചയിക്കാം ; എന്നാൽ അവർ രാഷ്ട്രീയപ്രവർത്തനങ്ങളിലേർപ്പെടരുത് എന്ന് വെക്കരുത്. അധ്യാപകരുടെ സൂക്ഷ്മവും സ്ഥൂലവുമായ രാഷ്ട്രീയ പ്രവർത്തനങ്ങളാണ് സ്വതന്ത്രരായ ഒരു ജനതയിലേക്കുള്ള കിളിവാതിൽ. അതിനാൽ, വിധിയുടെ ഇൗ മറുവശംകൂടി സമൂഹം അടിയന്തരമായി ചർച്ച ചെയ്യെട്ട!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.