നെയ്യാറ്റിൻകര ദുരന്തം ഉയർത്തുന്ന ചോദ്യങ്ങൾ
text_fieldsതിരുവനന്തപുരം നെയ്യാറ്റിൻകര പോങ്ങിൽ നെട്ടത്തോട്ടം കോളനിയിൽ താൽക്കാലിക ഷെഡ് കെട്ടി താമസിക്കുകയായിരുന്ന ദമ്പതികളുടെ ദാരുണമരണം സംസ്ഥാനമൊട്ടാകെ ഞെട്ടലും പ്രതിഷേധവും ക്ഷണിച്ചുവരുത്തിയതിൽ ഒട്ടും അത്ഭുതപ്പെടാനില്ല. ഡിസംബർ 22ന് അവരെ ഒഴിപ്പിക്കാനുള്ള കോടതി ഉത്തരവുമായി വന്ന പൊലീസ് ഉദ്യോഗസ്ഥരോട് വിധിയുടെ സ്റ്റേ വരാൻ ഒരൽപം കാത്തിരിക്കാൻ ആവശ്യപ്പെട്ട് ആത്മഹത്യ ചെയ്യുകയായിരുന്നു ദമ്പതികൾ. ഉദ്യോഗസ്ഥർ തെല്ലും ദയ കാട്ടിയില്ലെന്നും ശരീരത്തിലാകെ പെട്രോളൊഴിച്ച് തീപ്പെട്ടിയും ഗ്യാസ് ലൈറ്ററുമായി ആത്മഹത്യ ഭീഷണി മുഴക്കിയ രാജൻ-അമ്പിളി ദമ്പതിമാരുടെ ആവശ്യം നിരാകരിച്ച് വിധി നടപ്പാക്കാൻ ശ്രമിക്കുേമ്പാൾ രാജെൻറ കൈയിലുണ്ടായിരുന്ന ഗ്യാസ് ലൈറ്റർ പൊലീസുകാരൻ തട്ടിമാറ്റാൻ ശ്രമിച്ചപ്പോൾ തീ ആളിപ്പടർന്നതെന്നും ദമ്പതികൾ ആത്മഹത്യ ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ് റിപ്പോർട്ട്. ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരും മരണത്തിന് കീഴടങ്ങി.
ഇവർ ഷെഡ് കെട്ടി താമസിച്ച ഭൂമിയുടെ ഉടമ കൊടുത്ത പരാതിയിന്മേലാണ് ഒഴിപ്പിക്കൽ കോടതി വിധി ഉണ്ടായതെങ്കിലും അത് സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് മണിക്കൂറുകൾക്കകം ലഭിച്ചിരുന്നു. അതുവരെ കാത്തിരിക്കാൻ പക്ഷേ, പൊലീസുകാർക്ക് ക്ഷമയുണ്ടായില്ലെന്നു മാത്രമല്ല, സ്റ്റേ വരുന്നതിന് മുേമ്പ പണിതീർക്കണമെന്ന വ്യഗ്രതയിലായിരുന്നു അവരെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. രാജെൻറ മരണ മൊഴിയിലും അപ്രകാരമാണുള്ളത്. ഹൃദയഭേദകമായ ഈ സംഭവത്തെപ്പറ്റി അന്വേഷിക്കാൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടിട്ടുണ്ട്. മക്കൾക്ക് സ്ഥലവും വീടുമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരിക്കുന്നു. യൂത്ത് കോൺഗ്രസിനെപ്പോലുള്ള സംഘടനകളും മക്കളുടെ വിദ്യാഭ്യാസവും പുനരധിവാസവും ഏറ്റെടുക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരം ദുരന്തങ്ങളിൽ ഉടനടിയുള്ള പ്രതികരണം ഇവ്വിധത്തിലാവുന്നത് സ്വാഭാവികമാണ്, പതിവുള്ളതുമാണ്. ഉത്തരവാദികളെന്ന് കണ്ടെത്തിയവർക്കെതിരെ നടപടിയും വൈകാതെ പ്രതീക്ഷിക്കാം.
എന്നാൽ, ഗൗരവാവഹമായ രണ്ടു പ്രശ്നങ്ങൾ ഇത്തരം സംഭവങ്ങളിൽ അന്തർഭവിച്ചിരിക്കുന്നത് നാം കാണാതെ പോവരുത്. ഒന്ന്, കോടതി ഉത്തരവുണ്ടെങ്കിൽപോലും അത് നടപ്പാക്കുന്നിടത്ത് മനുഷ്യത്വത്തിെൻറ പ്രാഥമിക താൽപര്യങ്ങൾ പരിഗണിക്കാൻ നമ്മുടെ നിയമപാലകർക്ക് കഴിയാതെ പോവുന്നതെന്തുകൊണ്ടാണ് എന്ന ചോദ്യം. ഇരകൾക്ക് ജീവഹാനി സംഭവിച്ചശേഷം സർക്കാറോ സർക്കാറിതര സംഘടനകളോ സ്വീകരിക്കുന്ന ആശ്വാസ- പുനരധിവാസ പ്രവർത്തനങ്ങൾകൊണ്ട് മക്കൾക്ക് മാതാപിതാക്കളുടെ ജീവനോ അവരുടെ സ്നേഹമോ സംരക്ഷണമോ തിരിച്ചുകിട്ടുകയില്ലെന്ന് ഉറപ്പ്. ആയുഷ്കാലമത്രയും അച്ഛനും അമ്മയും എരിതീയിൽ വെന്തുരുകുന്ന ദൃശ്യം അവരെ വേട്ടയാടുമെന്ന് പറയേണ്ടതില്ല. ഭൗതികമായ ഒരു സഹായവും ഈ ശാശ്വത ദുഃഖത്തിന് പ്രതിവിധിയാവുന്നില്ല. സ്വന്തം കൈകളാൽ അച്ഛനമ്മമാരുടെ ശവക്കുഴി തീർക്കേണ്ടി വരുന്ന മക്കളുടെ മനോഗതം ഊഹങ്ങൾക്കതീതമാണ്. അതിനാൽ വേണ്ടത് ഏതു പരിതഃസ്ഥിതിയിലും മനുഷ്യജീവൻ രക്ഷിക്കുകയാണ് പരമപ്രധാനമെന്ന് നിയമപാലകരെ ബോധ്യപ്പെടുത്താനുള്ള പരിശീലനവും നടപടികളുമാണ്. സംഭവിച്ചശേഷമുള്ള അന്വേഷണമോ സസ്പെൻഷനോ ഡിസ്മിസലോ യഥാവിധി നടന്നാൽപോലും യഥാർഥ പ്രശ്നപരിഹാരമല്ല.
രണ്ടാമത്തെ പ്രശ്നം കുടിൽകെട്ടാൻ മൂന്നു സെൻറ് ഭൂമി പോലും വികസിത കേരളത്തിലെ വലിയൊരുവിഭാഗം മനുഷ്യ ജീവികൾക്ക് ഉറപ്പുവരുത്തുന്നതിൽ മാറിമാറി ഭരിച്ച ഇടതു-വലത് സർക്കാറുകൾക്ക് സാധിക്കാതെ പോയതെന്തുകൊണ്ട് എന്ന ചോദ്യമാണ്. പ്രഥമ കമ്യൂണിസ്റ്റ് സർക്കാറും പിന്നീട് അധികാരത്തിൽവന്ന കോൺഗ്രസ് മുന്നണി സർക്കാറും ഒരുപോലെ അവകാശപ്പെടുന്നതാണ് ഭൂപരിഷ്കരണ നിയമം നടപ്പാക്കിയെന്നത്. കുടുംബത്തിന് കൈവശം വെക്കാവുന്ന ഭൂപരിധി 15 ഏക്കറായി നിജപ്പെടുത്തുകയും മിച്ചഭൂമി പിടിച്ചെടുക്കുകയുമൊക്കെ െചയ്തിട്ടും കുടിൽ കെട്ടാനോ മൃതദേഹമടക്കാനോ പോലും തുണ്ട് ഭൂമിയില്ലാത്ത ഹതഭാഗ്യ കുടുംബങ്ങൾ സംസ്ഥാനത്ത് ഇനിയും ഒറ്റപ്പെട്ടതല്ലെന്ന് വരുന്നത് അപമാനകരവും മാപ്പർഹിക്കാത്തതുമാണെന്നു തന്നെ പറയണം. ഏറ്റവുമൊടുവിലത്തെ ഉമ്മൻ ചാണ്ടി സർക്കാർ ഭൂരഹിതർക്ക് മുഴുവൻ മൂന്നു സെൻറ് ഉറപ്പ് നൽകിയിരുന്നതാണ്. പക്ഷേ, വാഗ്ദാനം പാലിക്കാൻ കഴിയാതെ യു.ഡി.എഫ് സർക്കാർ പടിയിറങ്ങി. 'എല്ലാം ശരിയാക്കാ'മെന്ന് നാടാകെ വിളിച്ചുകൂവി അധികാരത്തിലേറിയ പിണറായി സർക്കാറിെൻറ കാലാവധി അവസാനിക്കാൻ ഇനി നാലഞ്ച് മാസങ്ങളേയുള്ളൂ. ഭൂരഹിതരുടെയും പാർപ്പിടമില്ലാത്തവരുടെയും സംഖ്യ ഇപ്പോഴും നമ്മുടെ മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുന്നു. അതുകൊണ്ടാണല്ലോ നിത്യവൃത്തിക്കായി ആശാരിപ്പണി ചെയ്യുന്ന രാജൻ കുടുംബത്തിന് കുടിൽകെട്ടി പാർക്കാൻ ആരാെൻറ ഭൂമിയെ ആശ്രയിക്കേണ്ടിവന്നതും ഭൂവുടമകൾ ഒഴിപ്പിക്കൽ നടപടിക്കായി കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുത്തതും.
'മനുഷ്യപുത്രന് തല ചായ്ക്കാൻ മണ്ണിലിടമില്ല' എന്ന നാടകപ്പാട്ട് രസത്തിനു വേണ്ടി ഇപ്പോഴും പാടിനടക്കുന്ന മലയാളിക്ക് അതിപ്പോഴും തുടരുന്ന ദൈന്യാവസ്ഥയുടെ നേർചിത്രമാണെന്നും പരിഹാരം തേടുന്ന പ്രാഥമിക സമസ്യയാണെന്നും തോന്നാത്തത് എന്തുകൊണ്ടാണ്? അനേകായിരം ഏക്കർ ഭൂമി പ്ലാേൻറഷനുകളുടെ പേരിലും മറവിലും ഇപ്പോഴും സംസ്ഥാനത്ത് കാടുപിടിച്ചു കിടപ്പുണ്ട്. ഒട്ടനവധി കൈയേറ്റക്കാർ അവയിലൊക്കെ കടന്നുകയറി വ്യാജമോ അല്ലാത്തതോ ആയ പട്ടയങ്ങൾ സമ്പാദിച്ച് റിസോർട്ടുകൾ പണിതിട്ടുമുണ്ട്. വി.എസ്. അച്യുതാനന്ദൻ എന്ന കമ്യൂണിസ്റ്റുകാരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ചില തിരിച്ചുപിടിക്കൽ നടപടികൾക്ക് തുടക്കമിട്ടതും സ്വന്തം പാർട്ടിക്കാർ ഉൾപ്പെടെ ചേർന്ന് ആ ശ്രമം പരാജയപ്പെടുത്തിയതും മറക്കാൻ നേരമായിട്ടില്ലാത്ത സംഭവമാണ്. 100 ദിവസത്തിനുള്ളിൽ നടപ്പാക്കാൻ പോവുന്ന പദ്ധതികളുടെ ജയഭേരി മുഴക്കുന്ന തിരക്കിലാണ് പിണറായി സർക്കാർ. ഭൂരഹിതരായ നിരാലംബർക്ക് മിനിമം ഭൂമി ലഭ്യമാക്കാൻ വേണ്ടിവന്നാൽ ഭൂപരിധി പുനർനിർണയിച്ചുകൊണ്ടെങ്കിലും ധീരമായ ഒരു നടപടി ഉറപ്പുനൽകാൻ ഏതെങ്കിലും മുന്നണി തയാറുണ്ടോ എന്നാണ് ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.