'കിഫ്ബി'യും കേന്ദ്രവും
text_fieldsവികസനത്തിൽ സംസ്ഥാനം അനുഭവിക്കുന്ന സാമ്പത്തിക അപര്യാപ്തതക്ക് ഏറ്റവും ഉചിതമായ വഴി കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) മാതൃകയാണോ എന്ന ചോദ്യത്തിന് സാമ്പത്തികവിദഗ്ധർക്കിടയിൽ അഭിപ്രായാന്തരങ്ങളുണ്ട്. 'കിഫ്ബി' മൂലമുള്ള കടത്തിെൻറ പെരുപ്പവും അമിതമായ പലിശയും കേരളത്തെ സാമ്പത്തികമായ അടിയന്തരാവസ്ഥയിലേക്ക് നയിക്കുമെന്ന് പലരും മുന്നറിയിപ്പും നൽകുന്നുണ്ട്. ആ ആശയത്തെ സമ്പൂർണമായി അനുകൂലിക്കുന്നവരും പ്രവർത്തനരീതികളിലെ അതാര്യതയും പണവിന്യാസത്തിന് തെരഞ്ഞെടുക്കുന്ന സംരംഭങ്ങൾ ഉൽപാദനപരമല്ലാത്തതിനാൽ സംസ്ഥാനത്തിനുമേൽ വീഴാൻപോകുന്ന കനത്ത ബാധ്യതകളും തുടങ്ങി പ്രായോഗികവിമർശനങ്ങൾ ഉയർത്തുന്നവരായുണ്ട്. 2016 ജൂൺ മാസത്തിൽ ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ വെച്ച ധവളപത്രം പ്രകാരം സംസ്ഥാന കടം 1.57 ലക്ഷം കോടിരൂപയായിരുന്നു. പിണറായി സർക്കാർ അഞ്ചുവർഷം പൂർത്തിയാക്കി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ അത് മൂന്നരലക്ഷം കോടി കവിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ, സർക്കാർപദ്ധതികളുടെ ധനസമാഹരണയജ്ഞത്തിൽ ഏറ്റവും നിർണായകമായ നോഡൽ ഏജൻസിയായി മാറിക്കഴിഞ്ഞ കിഫ്ബി ആസന്നമായ തെരഞ്ഞെടുപ്പിൽ പ്രധാന സംവാദ വിഷയങ്ങളിൽ ഒന്നാകേണ്ടതാണ്. ദൗർഭാഗ്യവശാൽ കിഫ്ബിയെ മുൻനിർത്തി വികസനപരവും സമ്പദ്ശാസ്ത്രപരവുമായ അത്തരം വിശകലനങ്ങൾക്കുപകരം ഇവിടെ അരങ്ങേറുന്നത് ആനാരോഗ്യകരവും യാഥാർഥ്യങ്ങളെ അൽപം പോലും സ്പർശിക്കാത്തതുമായ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളാണ്. അതിലേക്ക് കേന്ദ്രത്തിെൻറ അമിതാധികാര കൈകടത്തലുകൾ ഇ.ഡിയുടെ (എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്)രൂപത്തിലൂടെ കടന്നുവരുന്നതോടെ വിഷയം കൂടുതൽ സങ്കീർണമാകുന്നു.
'കിഫ്ബി' വായ്പകൾ ഭരണഘടനാനുസൃതമല്ലെന്നും കിഫ്ബി പുറപ്പെടുവിച്ച മസാല ബോണ്ട് ഭരണഘടനയുടെ ഏഴാം പട്ടിക, ഒന്നാം ലിസ്റ്റ്, ഇനം 37 െൻറ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാറിെൻറ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമാണെന്നുമുള്ള പരാമർശത്തെ മുൻനിർത്തിയാണ് ഇ.ഡി വിദേശനാണയ നിയന്ത്രണ നിയമം (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെൻറ് ആക്ട്) ലംഘിച്ചതിന് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സി.എ.ജി റിപ്പോർട്ട് പുറത്തുവന്ന ഉടൻ 'കിഫ്ബി'യുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് 2020 നവംബർ 20ന് ഇ.ഡി റിസർവ് ബാങ്കിൽനിന്ന് വിശദാംശങ്ങൾ തേടിയിരുന്നു. 'കിഫ്ബി' സി.ഇ.ഒ കെ.എം. എബ്രഹാമിനും ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ വിക്രംജിത് സിങ്ങിനും 'കിഫ്ബി'യുടെ പ്രധാന ബാങ്കായ ആക്സിസ് ബാങ്ക് മേധാവികൾക്കും ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസുണ്ട്. അതേസമയം, ഇ.ഡിയുടെ നടപടിയെ സി.പി.എമ്മും സർക്കാറും പരസ്യമായി പ്രതിരോധിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. 'കിഫ്ബി' ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ വിക്രംജിത് സിങ് ചോദ്യംചെയ്യലിന് ഹാജരായിട്ടില്ല. രൂക്ഷഭാഷയിലാണ് തോമസ് ഐസക് കേന്ദ്രത്തിനും ഇ.ഡിക്കുമെതിരെ പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്രത്തിെൻറ സമർദങ്ങൾക്ക് വഴങ്ങി അന്വേഷണ ഏജൻസികൾ പെരുമാറ്റച്ചട്ടം ലംഘിക്കുന്നുവെന്ന് ആക്ഷേപിച്ചുകൊണ്ട് മുഖ്യമന്ത്രിയും മുഖ്യതെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചിരിക്കുന്നു. രാഷ്ട്രീയപ്രേരിതമായ നടപടിയിൽനിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ഇ.ഡിക്ക് 'കിഫ്ബി'യും കത്തയച്ചിട്ടുണ്ട്. ഒരേസമയം കേരളത്തിെൻറ വികസനം അട്ടിമറിക്കാനുള്ള അധികാര ദുർവിനിയോഗമായും സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള രാഷ്ട്രീയ ഗൂഢാലോചനയുമായി ജനങ്ങളെ അഭിമുഖീകരിക്കാനുള്ള തീരുമാനത്തിലാണ് സി.പി.എം. തെരഞ്ഞെടുപ്പ് ആസന്നമായ സന്ദർഭത്തിൽ അതിനെ പ്രതിരോധിക്കാൻ യു.ഡി.എഫും രംഗത്തിറങ്ങുന്നതോടെ 'കിഫ്ബി'യെ കുറിച്ചുള്ള വിവാദങ്ങൾ കൂടതൽ ചൂടുപിടിക്കും.
സംസ്ഥാനങ്ങളെ ശ്വാസംമുട്ടിച്ചുകൊല്ലുന്ന, ഫെഡറലിസത്തെ സമ്പൂർണമായി ഇല്ലാതാക്കുന്ന, അന്വേഷണ ഏജൻസികളെ നിർബാധം അഴിച്ചുവിട്ട് എതിരാളികളെ വരുതിയിലാക്കാൻ മടിക്കാത്ത ഒരു കേന്ദ്ര ഭരണകൂടമാണ് നിലനിൽക്കുന്നത്. ഇ.ഡിയും ദേശീയ അന്വേഷണ ഏജൻസികളും രാഷ്ട്രീയ പ്രതിയോഗികളെ തുറുങ്കിലടക്കാനും സംഘ്പരിവാറിന് അധികാരാരോഹണം എളുപ്പമാക്കാനുമുള്ള സംവിധാനങ്ങളായി അധഃപതിച്ചുകഴിഞ്ഞിരിക്കുന്നുവെന്ന് ഉറപ്പിക്കാവുന്ന സംഭവങ്ങളാണ് ദിവസവും പുറത്തുവരുന്നത്. കേന്ദ്രത്തിനെതിരെ പരസ്യമായി നിലപാടെടുത്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, നടി തപ്സി പന്നു എന്നിവരുടെ വീടുകളിലേക്കും ഓഫിസുകളിലേക്കും ആദായനികുതി ഉദ്യോഗസ്ഥർ കയറുന്നു. തമിഴ്നാട്ടിലും പശ്ചിമബംഗാളിലും ബി.ജെ.പിയുടെ സഖ്യചർച്ചകൾക്കും കൂറുമാറ്റ രാഷ്ട്രീയത്തിനും അകമ്പടി അന്വേഷണ ഉദ്യോഗസ്ഥരാണ്. ജനാധിപത്യ ധ്വംസനത്തിെൻറ ഈ ആധിപത്യരാഷ്ട്രീയ തുടർച്ചയാണ് പൊടുന്നനെ തെരഞ്ഞെടുപ്പ് മൂർധന്യത്തിൽ വരുന്ന 'കിഫ്ബി'ക്കെതിരായ കേസ്. 'കിഫ്ബി'യിൽ സംസ്ഥാനസർക്കാറിനെ വിമർശിച്ചുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് സന്ദർഭത്തിലും സംസ്ഥാനത്തിനും ഭരണകൂട സംവിധാനങ്ങൾക്കും ഒരു വിലയും കൽപിക്കാത്ത കേന്ദ്ര സമീപനത്തെ രാഷ്ട്രീയഭേദെമന്യേ ചോദ്യംചെയ്തേ പറ്റൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.