വാളയാർ കേസ്: മുഖ്യപ്രതികൾ ഭരണകൂട സ്ഥാപനങ്ങൾ തന്നെ
text_fieldsവാളയാറിലെ ദലിത് പെൺകുട്ടികൾ ലൈംഗികപീഡനത്തിനിരയാകുകയും പിന്നീട് ദുരൂഹമായ രീതികളിൽ മരണപ്പെടുകയും ചെയ്ത കേസ് സംബന്ധിച്ച ഹൈകോടതി ഡിവിഷൻബെഞ്ച് വിധി പുനർവിചാരണക്കും സംസ്ഥാന സർക്കാർ തീരുമാനിച്ചാൽ പുനരന്വേഷണത്തിനും വഴിതുറന്നിരിക്കുകയാണ്. കീഴ്കോടതി പ്രതികളെ വെറുതെവിട്ട വിധി റദ്ദാക്കിയ ഹൈകോടതി ഉത്തരവ് ശ്ലാഘനീയവും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലെ നിർണായക ചുവടുവെപ്പുമാണ്. ജസ്റ്റിസ് എ. ഹരിപ്രസാദ്, ജസ്റ്റിസ് എം.ആർ. അനിത എന്നിവരുൾപ്പെട്ട െബഞ്ചിെൻറ നിരീക്ഷണങ്ങൾ നമ്മുടെ നിയമ നിർവഹണ സംവിധാനങ്ങൾക്ക് അടിയന്തരചികിത്സ അനിവാര്യമാെണന്ന് ഉറക്കെ പറയുന്നു. സഹോദരികളായ രണ്ടു കുരുന്നുകളോട് ചെയ്ത കൊടുംക്രൂരത മനസ്സിൽ വിങ്ങൽ അവശേഷിപ്പിക്കുന്നു, സംഭവത്തിൽ നീതി നടപ്പാക്കാൻ ഉത്തരവാദപ്പെട്ടവർക്കു കഴിഞ്ഞില്ല തുടങ്ങി പൊലീസ്, പ്രോസിക്യൂഷൻ, കോടതി തുടങ്ങിയ എല്ലാ ഭരണകൂടസ്ഥാപനങ്ങൾക്കുനേരെയും ഹൈകോടതി കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പൊലീസ് അൽപം ജാഗ്രത പുലർത്തിയിരുന്നെങ്കിൽ രണ്ടാമത്തെ കുട്ടിയുടെ മരണം ഒഴിവാക്കാനാകുമായിരുന്നു. പ്രോസിക്യൂട്ടറുടെ കുറ്റകരമായ അലംഭാവവും വിചാരണ കോടതിയുടെ പങ്കാളിത്തമില്ലായ്മയും നീതിയുടെ പരാജയത്തിന് ഇടവരുത്തി എന്നീ നിരീക്ഷണങ്ങൾ മാത്രം മതിയാകും, വാളയാറിലെ പെൺകുട്ടികളോട് അനീതി പ്രവർത്തിച്ചത് ലൈംഗികാതിക്രമം നടത്തിയ പ്രതികളെപ്പോലെ ഭരണകൂടസംവിധാനങ്ങൾ കൂടിയാെണന്ന യാഥാർഥ്യം വ്യക്തമാകാൻ.
ദലിത് സമൂഹങ്ങളടക്കമുള്ള അരികുവത്കരിക്കപ്പെട്ടവരുടെ കേസുകളിൽ ഭരണകൂടം സാധാരണ പുലർത്തുന്ന നിരുത്തരവാദിത്ത സമീപനങ്ങളുടെ തുടർച്ച മാത്രമല്ല, അധികാരികളുടെ ബോധപൂർവമായ അട്ടിമറിശ്രമങ്ങൾ കൂടിയാണ് വാളയാർ കേസിനെ ഇത്രമേൽ പ്രക്ഷുബ്ധമാക്കിയത്. കേസിലെ രാഷ്ട്രീയബന്ധമുള്ള പ്രതികളെ സംരക്ഷിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണത്തിൽ ബോധപൂർവം വീഴ്ചവരുത്തിയെന്ന ആക്ഷേപത്തെ സാധൂകരിക്കുന്നു, ആത്മാർഥതയും കഴിവില്ലാത്തതുമായ ഓഫിസർ പൊലീസ് സേനക്ക് കളങ്കമാണ്, ശാസ്ത്രീയമായി തെളിവുകൾ ശേഖരിക്കാനോ സാക്ഷിമൊഴി യഥാവിധി രേഖപ്പെടുത്താനോ അഭിഭാഷകരുടെ ശ്രദ്ധയിൽപെടുത്താനോ പൊലീസ് ശ്രമിച്ചില്ല തുടങ്ങിയ ഹൈകോടതിയുടെ കണ്ടെത്തലുകൾ. പ്രതികൾക്കുവേണ്ടി ഹാജരായത് ഭരണപക്ഷത്തിെൻറ ഉത്തരവാദപ്പെട്ട വ്യക്തിയും ചൈൽഡ് വെൽെഫയർ ചെയർമാനുമായിരുന്ന അഭിഭാഷകനായിരുന്നു. മൂന്നു തവണ പ്രോസിക്യൂട്ടർമാരെ മാറ്റിയത് കേസിനെ പ്രതികൂലമായി ബാധിച്ചുവെന്നും അവരുടെ വീഴ്ചയിൽ സർക്കാറിന് ഉത്തരവാദിത്തമുണ്ടെന്നുമുള്ള ഗുരുതര ആരോപണമാണ് മുൻ പ്രോസിക്യൂട്ടർ ജലജ മാധവൻ ഉന്നയിക്കുന്നത്. ശാസ്ത്രീയമായ തുടരന്വേഷണമില്ലെങ്കിൽ പുനർവിചാരണയിലും പ്രതികൾ രക്ഷപ്പെടാൻ സാധ്യതയേറെയാണെന്ന മുന്നറിയിപ്പും അവർ നൽകുന്നു. ഹൈകോടതി കേസന്വേഷണത്തെ വിശേഷിപ്പിച്ചത് പരമദയനീയമെന്നാണ്. പ്രോസിക്യൂഷനെ കുറിച്ച് പറഞ്ഞത് പാതി മനസ്സോടെയും സത്യസന്ധതയില്ലാതെയും നടത്തിയ വിചാരണക്ക് നീതീകരണമിെല്ലന്നും. കേസ് ഡയറി പോലും പരിശോധിക്കാത്ത വിചാരണയിൽ നീതി തൂക്കിലേറ്റപ്പെടുന്നത് തടയാനോ ജഡ്ജിമാരുടെ കടമയും കർത്തവ്യവും നിർവഹിക്കുന്നതിലോ വിചാരണ കോടതി പരാജയപ്പെട്ടുവെന്നും ഹൈകോടതി കുറ്റപ്പെടുത്തുന്നു. അതുകൊണ്ട്, വാളയാർ കേസിൽ ഇനി അന്വേഷിക്കേണ്ടത് പ്രതികളെ രക്ഷപ്പെടുത്താൻ ഇത്രയും ബഹുലമായ പ്രവർത്തനം നിർവഹിച്ചതാരെന്നും അതിെൻറ താൽപര്യമെന്തായിരുന്നു എന്നുമാണ്. അപ്പോൾ മാത്രമേ ദുരൂഹമായി മരിച്ച പെൺകുട്ടികൾക്ക് നീതി പൂർണാർഥത്തിൽ സാക്ഷാത്കരിക്കപ്പെടൂ. സ്വാഭാവികനീതിയെ അട്ടിമറിച്ച ഭരണകൂട സംവിധാനങ്ങൾ വിചാരണ ചെയ്യപ്പെടൂ.
വാളയാർ പെൺകുട്ടികളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം കേരളത്തിെൻറ 'പ്രബുദ്ധത'യെയും വെയിലത്ത് നിർത്തുന്നുണ്ട്. നീതിതേടി മുറവിളിക്കുന്ന അമ്മയുടെ മേൽ രാഷ്ട്രീയ പക്ഷപാതങ്ങൾകൊണ്ട് ആസൂത്രിതമായി അവഹേളിക്കാൻ സമൂഹമാധ്യമങ്ങളിൽ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് അരങ്ങേറിയത്. കേരളപൊലീസിൽ വിശ്വാസമില്ല, ഹൈകോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആ അമ്മയുടെ കണ്ണീരോടുകൂടിയ അഭ്യർഥന സംസ്ഥാന പൊലീസ് സംവിധാനത്തോടുള്ള അവിശ്വാസപ്രഖ്യാപനം കൂടിയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭരണകൂടം അവരോടു പുലർത്തിയ അന്യായത്തിെൻറ പ്രതിഫലനമാണത്. രാഷ്ട്രീയ മേലാളന്മാരോടുള്ള വിധേയത്വത്തിൽ നിയമത്തിെൻറ സകലസീമകളും ലംഘിച്ചു നീതിയെ വാളയാറിൽ തൂക്കിലേറ്റുകയായിരുന്നു. ഭരണകൂടസ്ഥാപനങ്ങളാണ് പെൺകുട്ടികളെ ലൈംഗികവേട്ട നടത്തി കൊന്നതൊഴികെയുള്ള എല്ലാ സംഭവങ്ങളിലും പ്രതിസ്ഥാനത്ത് നിൽക്കുന്നത്. ജാതിബോധത്തിലും കാമഭ്രാന്തിലും ചതഞ്ഞരഞ്ഞുപോയ രണ്ടു കുരുന്ന് ആത്മാക്കളുടെ മോക്ഷത്തിന്, ഭാവിയിൽ ഇത്തരം വിലക്ഷണങ്ങൾ സംഭവിക്കാതിരിക്കാനുള്ള ജാഗ്രതക്ക് കേസ് അട്ടിമറിക്കുന്നതിന് കൂട്ടുനിന്നവരും വിചാരണക്ക് വിധേയരാകേണ്ടതുണ്ട്. പ്രതികളുടെ ഈ വൈപുല്യത്തിലേക്ക് നിലവിലെ പൊലീസിനെയും അതിെൻറ അധികാരികളെയും വെച്ച് തുടരന്വേഷണത്തിലൂടെ എത്തിച്ചേരുമെന്ന് വിശ്വസിക്കാനാകില്ല. അതുകൊണ്ട്, ഹൈകോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണമെന്ന അമ്മയുടെയും സമരസമിതിയുടെയും ആവശ്യം അംഗീകരിക്കപ്പെടണം. കുറ്റമറ്റ പുനരന്വേഷണത്തിനുശേഷം മാത്രമേ പുനർവിചാരണയും ആരംഭിക്കാൻ പാടുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.