ഇന്ധനവിലയുടെ മറവിൽ പകൽക്കൊള്ള
text_fieldsപ്രതിദിനം കുതിച്ചുയരുന്ന ഇന്ധനവില സാമാന്യജീവിതത്തെ പിടിച്ചുലക്കുന്ന പരുവത്തിലെത്തിയിരിക്കുകയാണിപ്പോൾ. റെക്കോഡ് ഭേദിക്കുന്ന പെട്രോൾ, ഡീസൽ വിലകൾ ഉപഭോക്തൃസംസ്ഥാനമായ കേരളത്തെയാണ് ഏറ്റവുമധികം ബാധിക്കുന്നതെന്ന് പറയേണ്ടതില്ല. ഒപ്പം പാചകവാതക വിലയിലെ സബ്സിഡി പിൻവലിച്ചത് ഇരുട്ടടിയായി. കോവിഡ് മഹാമാരിയുടെ പിടിയിൽനിന്ന് രാജ്യം ഇനിയും മുക്തമായിട്ടില്ലെന്നിരിക്കെ തജ്ജന്യ ദുരിതങ്ങൾ മുറപോലെ തുടരുേമ്പാൾതന്നെയാണ് അവശ്യസാധനങ്ങളിൽ ഒന്നാമത്തേതായ ഇന്ധനത്തിെൻറ പേരിൽ മോദി സർക്കാർ നിർബാധം തുടരുന്ന പകൽക്കൊള്ള. വിലനിർണയിക്കാനുള്ള അവകാശം സമ്പൂർണമായി പൊതുമേഖല കമ്പനികൾക്കും സ്വകാര്യകമ്പനികൾക്കും വിട്ടുകൊടുത്തതു മുതൽ ആരംഭിച്ച ഈ ചൂഷണം ഒരു പുനഃപരിശോധനക്കും വിധേയമാക്കാതെ ജനങ്ങളുടെ രോദനങ്ങൾക്ക് പുല്ലുവില കൽപിച്ചു തുടരുകയാണ് സർക്കാർ. പെേട്രാളിയം ഉൽപന്ന വില കഴിഞ്ഞ ദിവസം 2018 സെപ്റ്റംബറിലെ വിലയെപ്പോലും കടത്തിവെട്ടി. തിങ്കളാഴ്ച പെട്രോൾ ലിറ്ററിന് 85.72 രൂപയും ഡീസലിന് 79.65 രൂപയുമായിരുന്നു തിരുവനന്തപുരത്ത്. ഡൽഹിയിലും മുംബൈയിലും ഭോപാലിലും പെട്രോൾ വില 90 രൂപ കടന്നപ്പോൾ ഡീസൽ വില 80.10 ആയി ഉയർന്നു. ഇതു സമ്പന്നരും സാധാരണക്കാരുമായ എല്ലാ പൗരന്മാരുടെയും ഗതാഗതച്ചെലവുകൾ മാത്രമല്ല, അപ്രതിഹതമായ ചരക്കുകൂലി മൂലം ഭക്ഷ്യസാധനങ്ങളടക്കം എല്ലാ അവശ്യവസ്തുക്കളുടെയും വില ക്രമാതീതമായി വർധിപ്പിക്കുന്നു. എല്ലാറ്റിനും കാരണമായി സർക്കാറും എണ്ണക്കമ്പനികളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് അന്താരാഷ്ട്ര മാർക്കറ്റിൽ അസംസ്കൃത എണ്ണയുടെ വിലവർധനയാണ്.
2011ൽ അസംസ്കൃത എണ്ണവില ബാരലിന് 112 യു.എസ് ഡോളർ ആയിരുന്നപ്പോൾ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 63.37 രൂപ ആയിരുന്നു; ഡീസലിന് 41.12 രൂപയും. എന്നാൽ, 2015-16ൽ അസംസ്കൃത എണ്ണവില ബാരലിന് 46 ഡോളറായി കൂപ്പുകുത്തിയപ്പോഴും രാജ്യത്ത് പെട്രോൾ-ഡീസൽ വിലകൾ വർധിച്ചു. 2014 മുതൽ ക്രൂഡ് ഓയിൽ വില മുൻ വിലയേക്കാൾ 73 ശതമാനംവരെ കുറഞ്ഞപ്പോഴും കനത്ത നികുതിഭാരം മൂലം ഉയർന്ന വിലയാണ് പെേട്രാളിയം ഉൽപന്നങ്ങൾക്ക് ഉപഭോക്താക്കൾ നൽകേണ്ടിവരുന്നത്. ഇപ്പോൾ ഇന്ത്യ പെട്രോളിയത്തിന് ലോകത്തേറ്റവും വില കൊടുക്കേണ്ടിവരുന്ന രാജ്യമായി മാറിയിരിക്കുന്നു. പഠന റിപ്പോർട്ട് പ്രകാരം നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റതു മുതൽ പെട്രോൾ വില 142 ശതമാനവും ഡീസൽ വില 429 ശതമാനവും വർധിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിനിടയിൽ 11 തവണയാണ് നികുതി കൂട്ടിയത്. കുറച്ചത് വെറും രണ്ടു തവണയും. വിലക്കയറ്റത്തിൽ സംസ്ഥാന സർക്കാറുകളുടെ പങ്കും ഒട്ടും ലഘുവല്ല. വാറ്റും മറ്റു നികുതികളും ജനങ്ങളുടെമേൽ അടിച്ചേൽപിക്കുകതന്നെയാണ് സംസ്ഥാന സർക്കാറുകൾ. ഇന്ത്യയെപ്പോലെയോ കൂടുതലോ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അയൽനാടുകളായ പാകിസ്താനും ശ്രീലങ്കയും ഇന്ത്യയിലേതിനേക്കാൾ കുറഞ്ഞ വിലയ്ക്കാണ് പെേട്രാളിയം ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നത് എന്നോർക്കണം.
ഗ്രാമീണ മേഖലയടക്കം വിറകിനുപകരം പാചകവാതകത്തെ ആശ്രയിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ എൽ.പി.ജി സിലിണ്ടറിെൻറ സബ്സിഡി പിൻവലിച്ച കേന്ദ്ര സർക്കാർ നടപടി കൂടുതൽ പ്രതിഷേധാർഹമാണ്. പ്രതിവർഷം 10 ലക്ഷത്തിനു മുകളിൽ നികുതിയിതര വരുമാനമുള്ള ഒന്നര കോടി ആളുകൾ ആദ്യമേ പാചകവാതക സബ്സിഡിക്ക് അർഹരല്ല. ബാക്കിയുള്ളവർക്ക് പ്രതിവർഷം 12 സിലിണ്ടറുകൾക്കാണ് സബ്സിഡി അനുവദിച്ചിരുന്നത്. അതു പിൻവലിച്ചതോടെ 20,000 കോടി രൂപയാണ് മോദി സർക്കാർ അടിച്ചെടുത്തിരിക്കുന്നത്. ലോകവിപണിയിൽ അസംസ്കൃത എണ്ണയുടെ വില ഗണ്യമായി താഴ്ന്നതോടെ പാചകവാതക വിലയിലുണ്ടായ കുറവാണ് സബ്സിഡി എടുത്തുകളയാൻ കാരണമായി പറയുന്നത്. നടപ്പുവർഷത്തിൽ 37,256.21 കോടി രൂപയാണ് പാചകവാതക സബ്സിഡിക്ക് സർക്കാർ വകയിരുത്തിയിരുന്നത്. എന്നാൽ, ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യപാദത്തിൽ ഇതിൽനിന്ന് 1900 കോടി മാത്രമാണ് സർക്കാർ ചെലവിട്ടത്.
ഇവ്വിധം ജനങ്ങളെ ഞെക്കിപ്പിഴിഞ്ഞും കൊള്ളയടിച്ചും സ്വരൂപിക്കുന്ന ലക്ഷം കോടികൾ എന്തിനുവേണ്ടിയാണ് ചെലവിടുന്നത് എന്നുകൂടി വിശകലനം ചെയ്യുേമ്പാഴാണ് സർക്കാറിെൻറ മുൻഗണനാ ക്രമത്തിലെ അസന്തുലിതത്വം ഭീകരമായി അനാവരണം ചെയ്യപ്പെടുന്നത്. ബൃഹത്തായ ഒരു പാർലമെൻറ് മന്ദിരം നിലവിലിരിക്കെ 20,000 കോടി മുതലിറക്കി പുതിയൊരു പാർലമെൻറ് സമുച്ചയം നിർമിക്കാൻ ഒരുങ്ങുകയാണ് മോദി സർക്കാർ. ശിലാസ്ഥാപനത്തിനുള്ള അനുമതി സുപ്രീംകോടതി നൽകിക്കഴിഞ്ഞു. നിർമാണ ജോലി ഉടൻ ആരംഭിക്കുന്നതേ തടഞ്ഞിട്ടുള്ളൂ. ശതകോടികൾ ഒഴുക്കി അഹ്മദാബാദ്-മുംബൈ അതിവേഗ റെയിൽവേ യാഥാർഥ്യമാക്കാൻ പോകുന്നു. ചില്ലിക്കാശ് ലാഭമില്ലെന്നു മാത്രമല്ല നഷ്ടം മാത്രമാണ് അതുകൊണ്ടുണ്ടാവുക എന്ന മുന്നറിയിപ്പിനെ മറികടന്നാണ് മോദി-അമിത് ഷാ ടീമിെൻറ ഗുജറാത്ത് ഗൃഹാതുരത്വം. ജനവിരുദ്ധമായ ഇത്തരം നടപടികൾക്കെതിരെ കർഷകസമരം മാതൃകയിൽ അതിശക്തമായ പ്രതിഷേധങ്ങൾ ഉയരുകയേ നിർവാഹമുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.