ഹസീന വിജയിച്ചു ജനാധിപത്യം പരാജയപ്പെട്ടു
text_fieldsപുതുവർഷത്തിൽ ലോകത്തെ 60 രാജ്യങ്ങളിൽ നിലവിലെ സർക്കാറുകളുടെ ഗതി നിർണയിക്കുന്ന പൊതുതെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ അക്കൂട്ടത്തിൽ ആദ്യത്തേതായ ബംഗ്ലാദേശിലെ ഇലക്ഷൻ ഞായറാഴ്ച നടന്നു. പ്രതീക്ഷിക്കപ്പെട്ടപോലെ രാഷ്ട്രപിതാവ് ശൈഖ് മുജീബുർറഹ്മാന്റെ പുത്രി ശൈഖ് ഹസീന വാജിദ് വൻ ഭൂരിപക്ഷത്തോടെ അഞ്ചാംതവണയും പ്രധാനമന്ത്രിയായി അധികാരത്തിൽ തുടരാൻ ജനസമ്മതി നേടിയിരിക്കുന്നു. അവരുടെ പാർട്ടി അവാമി ലീഗ് തുടർച്ചയായി നാലാംതവണയാണ് പാർലമെന്റിൽ ഭൂരിപക്ഷം കരസ്ഥമാക്കിയിരിക്കുന്നത്. താൻ മാതൃവാത്സല്യത്തോടെ ജനങ്ങളെ സേവിച്ചതുകൊണ്ടാണീ വിജയമെന്ന് ഹസീന അവകാശപ്പെട്ടിട്ടുണ്ട്. പാകിസ്താനിൽനിന്ന് വേർപെട്ട് സ്വതന്ത്ര രാജ്യമായ ശേഷം ലോകത്തെ പരമദരിദ്ര രാജ്യങ്ങളിലൊന്നായി ഗണിക്കപ്പെട്ട ബംഗ്ലാദേശിന് ഒരുഘട്ടത്തിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹെന്റി കിസ്സിംഗർ ‘അന്താരാഷ്ട്ര പിച്ചച്ചട്ടി’ എന്ന അപരനാമംപോലും പതിച്ചു നൽകിയതാണ്. എന്നാലിന്ന് ജി.ഡി.പിയിൽ ഇന്ത്യയെപ്പോലും കടത്തിവെട്ടിയ അയൽനാട് സാമ്പത്തികമായി വളരുകയും വികസിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് കണക്കുകൾ സംസാരിക്കുന്നത്. തുണിത്തരങ്ങളുടെ ഉൽപാദനവും കയറ്റുമതിയുമാണ് ദാരിദ്ര്യത്തിന്റെ വ്യാപ്തി കുറക്കാൻ ബംഗ്ലാദേശിനെ തുണച്ചത്. പ്രവാസികളായ അനേകലക്ഷം ബംഗ്ലാദേശുകാർ സ്വദേശത്തേക്ക് അയക്കുന്ന പണവും വികസനത്തെ ത്വരപ്പെടുത്തിയിട്ടുണ്ട്. ഇതൊക്കെ എടുത്തുപറഞ്ഞാണ് പ്രധാനമന്ത്രി ഹസീന തന്റെയും പാർട്ടിയുടെയും നിരന്തര വിജയത്തെ ന്യായീകരിക്കുന്നത്.
പക്ഷേ, 11 കോടി 96 ലക്ഷം സമ്മതിദായകരിൽ വെറും 41.8 ശതമാനം മാത്രമാണ് പോളിങ് ബൂത്തുകളിലെത്തിയത് എന്ന സത്യം ഈയവകാശവാദത്തെ വലിയ അളവിൽ വെല്ലുവിളിക്കുന്നു. പ്രധാന പ്രതിപക്ഷ പർട്ടിയായ ബംഗ്ലാ നാഷനൽ പാർട്ടിയടക്കം 16 പ്രതിപക്ഷ കക്ഷികൾ ബഹിഷ്കരിച്ചതും തെരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം പകുതിയിലും താഴെ പോയതും നിസ്സാരമായി തള്ളാനാവില്ല. ബി.എൻ.പി നേതാവ് ബീഗം ഖാലിദ സിയ ദീർഘകാലമായി വീട്ടുതടങ്കലിലാണ്. ദേശവിരുദ്ധ പ്രവർത്തനങ്ങളും അഴിമതിയുമാണ് അവരിൽ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങൾ. എങ്കിൽപോലും അവരുടെ പാർട്ടി മറ്റു പ്രതിപക്ഷ കക്ഷികളോടൊപ്പം തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ തയാറായിരുന്നു, ഹസീന സർക്കാർ നേരത്തേ എടുത്തുകളഞ്ഞ ഭരണഘടനയിലെ എട്ടാം വകുപ്പ് പുനഃസ്ഥാപിക്കണമെന്ന ഉപാധിയിൽ. നിലവിലെ സർക്കാർ സ്ഥാനമൊഴിഞ്ഞ് താൽക്കാലിക ഭരണകൂടത്തിന്റെ മേൽനോട്ടത്തിലായിരിക്കണം പൊതുതെരഞ്ഞെടുപ്പ് എന്നതാണാ ഉപാധി. ഒരു ഘട്ടത്തിൽ അവാമി ലീഗ് കൂടി പിന്തുണച്ചുകൊണ്ടാണ് പ്രസ്തുത വകുപ്പ് ഭരണഘടനയിൽ കൂട്ടിച്ചേർത്തതെന്നോർക്കണം. പക്ഷേ, അവാമി ലീവ് അധികാരത്തിൽ വന്നപ്പോൾ പ്രസ്തുത വകുപ്പ് റദ്ദാക്കിയതാണ് പിന്നീടുള്ള അവരുടെ തുടർച്ചയായ വിജയത്തിന് വഴിയൊരുക്കിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നതിൽ കഴമ്പുണ്ട്. ബി.എൻ.പിയോടൊപ്പം അധികാരം പങ്കിട്ട ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയുടെ മുത്വീഉർറഹ്മാൻ നിസാമി ഉൾപ്പെടെയുള്ള നേതാക്കളെ തൂക്കിലേറ്റുകയും അനേകായിരം പ്രവർത്തകരെ ജയിലിലടക്കുകയും പാർട്ടിയെ ഇലക്ഷനിൽ മത്സരിക്കുന്നതിൽനിന്ന് വിലക്കുകയും ചെയ്തത് ജനാധിപത്യ ധ്വംസനത്തിന്റെ മറ്റൊരു ഉദാഹരണമാണ്.
വീട്ടുതടങ്കലിൽനിന്ന് ബീഗം ഖാലിദ സിയയെ മോചിപ്പിക്കണമെന്നും സർക്കാർ രാജിവെച്ച് നിഷ്പക്ഷ സർക്കാറിന് കീഴിൽ സ്വതന്ത്രവും നീതിപൂർവവുമായി തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് 2023ൽ നടന്ന വൻ ജനകീയ പ്രക്ഷോഭം അവാമി ലീഗിനെ ഞെട്ടിച്ചതും പരിഭ്രാന്തിയിലാക്കിയതുമാണ്. ലക്ഷത്തിലധികം ജനങ്ങളാണ് ഡിസംബറിൽ ധാക്കയിൽമാത്രം റാലിയിൽ പങ്കെടുത്തത്. ഹസീന ഭരണകൂടത്തിനെതിരെ അഴിമതി, മനുഷ്യാവകാശ ധ്വംസനം തുടങ്ങിയ ഗുരുതര ആരോപണങ്ങളും പ്രതിഷേധക്കാർ ഉയർത്തിയിരുന്നു.
പക്ഷേ, എതിർപ്പുകളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് സുരക്ഷാസേനയുടെ സഹായത്തോടെ അടിച്ചമർത്താൻ ഹസീനക്ക് സാധിച്ചതാണ് വോട്ടർമാരിൽ ഭൂരിപക്ഷവും ബഹിഷ്കരിച്ച തെരഞ്ഞെടുപ്പിൽ 299 ദേശീയ അസംബ്ലി സ്ഥാനങ്ങളിൽ 222ഉം നേടി, വിജയമാഘോഷിക്കാൻ അവർക്ക് വഴിയൊരുക്കിയത്. വിജയിച്ച ബാക്കി അധികപേരും അവാമി ലീഗിന്റെ ഡമ്മികളാണ്. ഇന്ദിര ഗാന്ധിയെയും ശ്രീലങ്കയിലെ സിരിമാവോ ഭണ്ഡാരനായകെയും പോലുള്ള ഉരുക്കു വനിതയായി ഹസീനയെ വിശേഷിപ്പിക്കുന്നവർ വിസ്മരിക്കുന്ന ഒരു വസ്തുതയുണ്ട്. അവർ രണ്ടുപേരും വഴിവിട്ട് കളിച്ചപ്പോൾ അധികാരഭ്രഷ്ടരാക്കാനുള്ള ജനകീയ ഇച്ഛാശക്തി പ്രതിഫലിപ്പിക്കാൻ അവസരമൊരുക്കിയത് ജനാധിപത്യ ഭരണഘടനയും ആ ഭരണഘടന എന്ത് വിലകൊടുത്തും സംരക്ഷിക്കണമെന്ന ജനങ്ങളുടെ ദൃഢനിശ്ചയവുമാണ്. ബംഗ്ലാദേശിൽ കോർപറേറ്റുകളാണ് സമ്പദ്വ്യവസ്ഥയും മീഡിയയും ഫലത്തിൽ ഭരിക്കുന്നത്. ബി.എൻ.പിയുടെ മുഖപത്രമായ ദൈനിക് ദിങ്കൻ 2023 ഫെബ്രുവരിയിൽ അവാമി ലീഗ് സർക്കാർ അടച്ചുപൂട്ടിയതോടെ ഒരേയൊരു എതിർശബ്ദവും നിലച്ചു. റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ ഒടുവിലത്തെ പത്രസ്വാതന്ത്ര്യ പട്ടികയിൽ ഇന്ത്യയുടെ പിറകെ 162 ആണ് ബംഗ്ലാദേശിന്റെ സ്ഥാനം! ജുഡീഷ്യറിയാകട്ടെ കങ്കാരു കോടതികൾ എന്ന ദുഷ്പേരും സ്വന്തമാക്കിയിരിക്കുന്നു. ഈ വസ്തുതകളെല്ലാം കണക്കിലെടുക്കുമ്പോൾ ഡമോക്രസിയുടെ ‘രംഗാവിഷ്കൃത ഹാസ്യനാടകം’ എന്ന് ധാക്കയിലെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ സിയാഉർറഹ്മാൻ ബംഗ്ലാദേശ് ഇലക്ഷനെ വിശേഷിപ്പിച്ചതാണ് ശരി എന്ന് കരുതേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.