ബംഗ്ലാദേശ്: ഇടക്കാല സംവിധാനത്തിന്റെ സത്വര ചുമതല
text_fieldsഹസീന വാജിദ് നേതൃത്വം നൽകിയിരുന്ന അവാമി ലീഗ് സർക്കാറിനെതിരായ വിദ്യാർഥി-പ്രതിപക്ഷ പ്രക്ഷോഭത്തിന് പിന്നാലെ നമ്മുടെ അയൽരാജ്യമായ ബംഗ്ലാദേശ് അങ്ങേയറ്റം കലുഷമായത് ഇന്ത്യൻ ജനതയെയും സർക്കാറിനെയും ഏറെ ഉത്കണ്ഠയിലാഴ്ത്തിയിരുന്നു. ആഗസ്റ്റ് അഞ്ചിന് ഹസീന സ്ഥാനമൊഴിഞ്ഞ് കുടുംബാംഗങ്ങളോടൊപ്പം ഇന്ത്യയിൽ അഭയം തേടിയതോടെ എന്ത് സംഭവിക്കുമെന്ന ആശങ്കയോടെ നോക്കിക്കൊണ്ടിരുന്നവരെ ഒട്ടൊക്കെ ആശ്വസിപ്പിക്കുന്ന നടപടിയാണ് ആ രാജ്യത്തുണ്ടായിരിക്കുന്നത്. പ്രവാസിയായ നൊബേൽ പുരസ്കാര ജേതാവ് മുഹമ്മദ് യൂനുസ് പ്രക്ഷോഭകരുടെ ആവശ്യം മാനിച്ച് ധാക്കയിലേക്ക് തിരിച്ചുവന്നതും സാങ്കേതിക വിദഗ്ധരെയും സാമൂഹികരംഗങ്ങളിലെ പ്രമുഖരെയും വിദ്യാർഥി പ്രതിനിധികളെയും ഉൾപ്പെടുത്തി ഇടക്കാല സംവിധാനം രൂപവത്കരിച്ചതും ആശങ്കൾക്കിടെ തെല്ല് ആശ്വാസം പകരുന്നുണ്ട്. എത്രയും പെട്ടെന്ന് സമാധാനം പുനഃസ്ഥാപിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പിന് സാഹചര്യമൊരുക്കുകയാണ് ഇടക്കാല സംവിധാനത്തിന്റെ അജണ്ട.
ഇന്ത്യയുമായി ഉറ്റ സൗഹൃദം പുലർത്തിവന്ന ഹസീനയുടെ പതനം ഈ രാജ്യത്തെ ദുഃഖിപ്പിച്ചുവെങ്കിലും അയൽരാജ്യം ആര് ഭരിച്ചാലും ഇന്ത്യയോടുള്ള ബന്ധം സാധാരണവും സമാധാനപരവും സൗഹൃദപൂർണവുമായിരിക്കണമെന്ന താൽപര്യമാണ് നമുക്കുള്ളത്. മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന ഇന്ത്യയിൽ തുടരുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കില്ലെന്ന് ബംഗ്ലാദേശ് ഇടക്കാല ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ ബംഗ്ലാദേശിന്റെ നല്ല സുഹൃത്താണെന്നും മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാറിലെ വിദേശകാര്യ വിഭാഗം ഉപദേഷ്ടാവ് തൗഹീദ് ഹുസൈൻ പറഞ്ഞത് ശുഭപ്രതീക്ഷക്ക് വകനൽകുന്നു. തികച്ചും പ്രതിലോമപരമായ നിലപാടുകളുടെ പേരിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ ഉപരോധം നേരിടുന്ന അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടത്തോടുപോലും ശത്രുതാപരമല്ല സഹകരണമാണ് ഇന്ത്യയുടെ സമീപനം.
അതേസമയം, ഇപ്പോഴത്തെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് അവാമി ലീഗ് അനുകൂലികളായ ഹിന്ദു-ബുദ്ധ മതന്യൂനപക്ഷങ്ങൾക്കും അവരുടെ സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരെ കൊടിയ ആക്രമണങ്ങൾ നടക്കുന്നതായ വാർത്തകൾ ഇന്ത്യയിൽ വൻ ആശങ്കക്കും പ്രതിഷേധത്തിനും വഴിവെച്ചിട്ടുണ്ടെന്നത് നിസ്സാര കാര്യമല്ല. ശൈഖ് ഹസീനയുടെ സർക്കാർ നിലംപതിച്ചത് മുതൽ അവിടത്തെ 52 ജില്ലകളിലായി മതന്യൂനപക്ഷങ്ങളുടെ നേരെ 205 ആക്രമണങ്ങൾ നടന്നതായി ബംഗ്ലാദേശ് ഹിന്ദു-ബുദ്ധിസ്റ്റ്-ക്രിസ്ത്യൻ യൂനിറ്റി കൗൺസിൽ ഇടക്കാല സർക്കാർ മേധാവിക്കെഴുതിയ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തീർച്ചയായും അപലപിക്കപ്പെടേണ്ടതും ഉടനെ അവസാനിപ്പിക്കേണ്ടതുമാണ് ന്യൂനപക്ഷങ്ങളുടെ നേരെയുള്ള കൈയേറ്റങ്ങളും അക്രമസംഭവങ്ങളുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. മുഹമ്മദ് യൂനുസ് ന്യൂനപക്ഷങ്ങളുടെ നേർക്കുള്ള ആക്രമണത്തെ ഇതിനോടകം അപലപിച്ചിട്ടുണ്ട്. ക്രമസമാധാനത്തിന് ചുമതലപ്പെട്ട പൊലീസ് തെരുവുകളിൽനിന്ന് മാറിനിന്നത് അക്രമികൾക്ക് അവസരമൊരുക്കുകയായിരുന്നു എന്നാണ് വിവരം.
എന്നാൽ, തിങ്കളാഴ്ചമുതൽ പണിമുടക്ക് അവസാനിപ്പിച്ച് പൊലീസ് ജോലിക്ക് ഹാജരായിത്തുടങ്ങിയെന്നും കടകളും സ്ഥാപനങ്ങളും തുറന്ന് പ്രവർത്തനം പുനരാരംഭിച്ചുവെന്നും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. അതോടെ അക്രമസംഭവങ്ങളും കുറഞ്ഞിട്ടുണ്ട്. എന്നാൽ, ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സാന്നിധ്യംതന്നെ വൻ ഭീഷണിയെ നേരിടുകയാണെന്നും അവർ കൂട്ടത്തോടെ രാജ്യംവിട്ട് ഇന്ത്യൻ അതിർത്തികളിലേക്ക് പ്രവഹിക്കുകയാണെന്നുമൊക്കെ അത്യന്തം സംഭ്രമകരമായ വാർത്തകളാണ് ഇന്ത്യൻ മീഡിയകളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നതെന്ന് ഉത്തരവാദപ്പെട്ട ഇന്ത്യൻ മാധ്യമങ്ങൾതന്നെ ചൂണ്ടിക്കാട്ടുന്നു. ഇന്നത്തെ സാഹചര്യത്തിൽ ബഹുവിധ കാരണങ്ങളാൽ ഈ പ്രോപഗണ്ട അസ്വാഭാവികമല്ല. എക്സിൽ പ്രചരിക്കുന്ന ഒരു വാർത്തയും അനുബന്ധ ചിത്രവും താകുർഗാവോൻ ജില്ലയിലെ ഒരു ഹിന്ദുക്ഷേത്രം ഇസ്‍ലാമിസ്റ്റുകൾ അക്രമിക്കുന്നതാണ്. വാസ്തവത്തിൽ അൽജസ്സൂർ ജില്ലയിലെ ഒരു സൂഫി ദർഗയെ മുസ്‍ലിംകൾതന്നെ കൈയേറ്റം ചെയ്യുന്നതിന്റെ ചിത്രമാണെന്ന് ഇൻഡ്യ ടുഡേ ഫാക്ട് ചെക്ക് വെളിപ്പെടുത്തുന്നു. വ്യാജ പ്രചാരണങ്ങളിൽ മുഖ്യമായ ഒന്നാണ് ബംഗ്ലാദേശ് ജമാഅത്തെ ഇസ്‍ലാമിക്കാരാണ് ഹിന്ദു ദേവാലയങ്ങൾ തകർക്കുന്നവരുടെ മുൻപന്തിയിൽ എന്നത്. വാസ്തവമോ? ജമാഅത്തെ ഇസ്‍ലാമി നേതാക്കൾ ഹിന്ദുനേതാക്കളോടൊപ്പം ധാക്കയിലെ ധാകേശ്വരി നാഷനൽ ക്ഷേത്രം സന്ദർശിക്കുന്ന ചിത്രത്തോടൊപ്പം ചേർത്ത വാർത്തയിൽ, ജമാഅത്ത് അമീർ ശഫീഖുർറഹ്മാൻ പ്രസ്താവിക്കുന്നതിതാണ്: ‘ഈ രാജ്യം നമ്മുടേതെല്ലാമാണ്. ഒരാളുടെയും മതം മറ്റൊരാളുടെയും മേൽ അടിച്ചേൽപിക്കാൻ നമുക്കവകാശമില്ല. ഇവിടെ ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ വ്യത്യാസമില്ല. നാമെല്ലാം ബംഗ്ലാദേശികളാണ്. മതമേതായാലും നമുക്കെല്ലാം തുല്യാവകാശങ്ങളാണുള്ളത്.’
അവാമി ലീഗിന്റെ രണ്ട് ഹൈന്ദവ നേതാക്കൾ കലാപത്തിൽ കൊല്ലപ്പെട്ടിരുന്നു. പക്ഷേ, അതിലേറെ മുസ്‍ലിം നേതാക്കളും വധിക്കപ്പെട്ടുവെന്നതാണ് വസ്തുത. അത് രാഷ്ട്രീയപരമാണ്, വർഗീയമല്ല. എന്നുവെച്ച് സാമൂഹിക വിരുദ്ധരായ വർഗീയശക്തികൾ കലക്കുവെള്ളത്തിൽ മീൻപിടിക്കാൻ അവസരമുപയോഗിച്ചില്ല എന്നുപറയാനാവില്ല. തീർച്ചയായും അത്തരക്കാരെ കണ്ടെത്തി പിടികൂടുന്നതോടൊപ്പം മതന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള ബംഗ്ലാജനതക്ക് സമാധാനം ഉറപ്പുവരുത്തേണ്ട ബാധ്യത ഇടക്കാല സർക്കാറിനാണ്. അത് വേണ്ടപോലെ മനസ്സിലാക്കിത്തന്നെയാണ് മുഹമ്മദ് യൂനുസ് ഉത്തരവാദിത്തം ഏറ്റെടുത്തതെന്ന് റംഗ്പുർ ബീഗം റുഖിയ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികളെ അഭിമുഖീകരിച്ച് അദ്ദേഹം ചെയ്ത പ്രസംഗം സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.