Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകേന്ദ്രം ബി.ബി.സിയുടെ...

കേന്ദ്രം ബി.ബി.സിയുടെ വാതിലിൽ മുട്ടുമ്പോൾ

text_fields
bookmark_border
കേന്ദ്രം ബി.ബി.സിയുടെ വാതിലിൽ മുട്ടുമ്പോൾ
cancel

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുജറാത്ത് കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിക്കുന്ന ‘ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ’ ഡോക്യുമെന്ററി സംപ്രേഷണം ചെയ്ത ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ എന്ന ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫിസുകളിൽ നടന്ന ആദായ നികുതി പരിശോധന രണ്ടുദിവസം പിന്നിട്ടിരിക്കുന്നു. ഇന്നും തുടരുമെന്നാണ് സൂചനകൾ. കേന്ദ്രസർക്കാറിന്, പ്രത്യേകിച്ച് ബി.ജെ.പിക്കും ഭരണം നിയന്ത്രിക്കുന്ന സംഘ്പരിവാറിനും ഹിതകരമല്ലാത്ത വാർത്തകൾ പുറത്തുവിടുന്ന ഇന്ത്യയിലെ മാധ്യമസ്ഥാപനങ്ങളിലേക്ക് സി.ബി.ഐ, ആദായനികുതി, എൻഫോഴ്സ്മെന്റ് വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ ഇരച്ചുകയറുന്നത് ആദ്യ സംഭവമല്ല. പക്ഷേ, ഒരുകാലത്ത് വിശ്വാസ്യതയുടെ മൂർത്തീരൂപമായി അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയടക്കമുള്ളവർ വിശേഷിപ്പിച്ചിരുന്ന ഒരു വിദേശ സ്ഥാപനത്തിലേക്കുകൂടി എത്തുമ്പോൾ അതിന് മാനങ്ങൾ വലുതാണ്; അന്തർദേശീയ തലത്തിൽതന്നെ വലിയ വിമർശനങ്ങൾക്ക് വഴിവെക്കുന്നതുമാണ്.

ജി20 അധ്യക്ഷപദവി ലഭിച്ചതോടെ ഇന്ത്യ ലോകത്തിന്റെ നെറുകയിലെന്ന് കേന്ദ്രസർക്കാറും അവരുടെ വൃന്ദവാദ്യക്കാരും അവകാശപ്പെടുന്നതിനിടയിലാണ് അന്തർദേശീയ മാധ്യമത്തിനെതിരായ ഈ നടപടി. ബി.ബി.സി ഒരു വിശുദ്ധ പശുവൊന്നുമല്ല. 100 കൊല്ലത്തിലേറെയുള്ള ചരിത്രമെടുത്താൽ സാമ്രാജ്യത്വത്തിനും വംശീയതക്കും ചൂട്ടു പിടിച്ചുകൊടുത്ത ആഗോള മാധ്യമകുത്തകക്കൂട്ടത്തിൽ അവരുമുണ്ടായിരുന്നു. ഇനിയും വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതുമില്ല.

ഇവിടെ വിഷയം അതല്ല, രാജാവ് നഗ്നനാണെന്നു പറഞ്ഞതിന് പ്രതികാര നടപടിയായാണ് സർവേ എന്ന ഓമനപ്പേരിൽ സർക്കാർ വിശേഷിപ്പിച്ച ഈ പരിശോധന വിലയിരുത്തപ്പെടുന്നത്. സ്വതന്ത്ര മാധ്യമപ്രവർത്തനം സ്വതന്ത്ര ഇന്ത്യയിൽ എത്രമേൽ അപകടകരമാകുന്നുവെന്ന് ലോകത്തോടു വിളിച്ചുപറയുന്നുണ്ട് ഈ നടപടി. ബി.ബി.സിയുടെ ഡോക്യുമെന്ററിക്കെതിരെ നടപടികളുമായി തലങ്ങുംവിലങ്ങും കേന്ദ്രസർക്കാറും ബി.ജെ.പിയും രംഗത്തിറങ്ങിയെങ്കിലും പ്രതിരോധിക്കാനായിരുന്നില്ല. ഒടുവിൽ വിഷയം സുപ്രീംകോടതിയിലുമെത്തി. ‘ഒരു ഡോക്യുമെന്ററി എങ്ങനെയാണ് രാജ്യത്തെ ബാധിക്കുക’ എന്ന ചോദ്യമുയർത്തിയാണ് പരമോന്നത നീതിപീഠം ഹരജി തള്ളിക്കളഞ്ഞത്. അതിനു പിന്നാലെയാണ് ആദായനികുതി സംഘം ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫിസുകളിലെത്തിയത്.

2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് ശക്തമാക്കിയ മാധ്യമ അടിച്ചമർത്തലുകളുടെ തുടർക്കഥയാണ് ബി.ബി.സിക്കെതിരായ നടപടിയിലും കാണുന്നത്. ഇതുവരെ പ്രാദേശിക, ദേശീയ മാധ്യമങ്ങളെയാണ് സർക്കാർ ‘പിടികൂടി’യിരുന്നതെങ്കിൽ അത് അന്താരാഷ്ട്ര തലത്തിലേക്കുകൂടി ഉയർന്നുവെന്നതാണ് പുതിയ പരിശോധന വ്യക്തമാക്കുന്നത്. ബി.ബി.സിയെ നിയന്ത്രിക്കാനാകുമോ എന്നതിനപ്പുറം ദേശീയ, അന്തർദേശീയ മാധ്യമങ്ങൾക്കുമുള്ള മുന്നറിയിപ്പ് കൂടിയാണ് ഈ പരിശോധന.

പ്രധാനമന്ത്രിക്കും ബി.ജെ.പിക്കും അപ്രിയമായ വാർത്തകൾ നൽകുന്നതിനെതിരായ നടപടി ആദ്യത്തേതല്ല. റഫാൽ അഴിമതികൾ പുറത്തുവിട്ടതോടെ ‘ദ ഹിന്ദു’ പത്രത്തെ സർക്കാർ പരസ്യങ്ങൾ നിഷേധിച്ച് ശ്വാസംമുട്ടിക്കാൻ ശ്രമം നടന്നു. ഫലം കാണുകയും ചെയ്തു. കുത്തകകളെ വഴിവിട്ട് സഹായിക്കുന്ന സർക്കാർ നടപടികളെ വിമർശിച്ച ‘ദ വയർ’, ‘ന്യൂസ് ക്ലിക്ക്’ തുടങ്ങിയ മാധ്യമങ്ങളെ നേരിട്ടത് ഇ.ഡിയും പൊലീസുമായിരുന്നു. വ്യാജ വാർത്തകളെയും വിദ്വേഷ പ്രചാരണങ്ങളെയും പൊളിച്ചടുക്കിയതിന് ‘ആൾട്ട് ന്യൂസ്’ സ്ഥാപകൻ മുഹമ്മദ് സുബൈറിനെ കള്ളക്കേസുകളിൽ ജയിലിലടച്ചു. ഹാഥറസിൽ ദലിത് പെൺകുട്ടിയുടെ കൊലപാതകം റിപ്പോർട്ട് ചെയ്യാൻപോയ മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് രണ്ടുവർഷത്തിലധികം തടവിൽ കഴിഞ്ഞശേഷമാണ് ജാമ്യം ലഭിച്ചത്.

ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിന്റെ പേരിലാണ് മലയാളം വാർത്ത ചാനലുകളായ ഏഷ്യാനെറ്റിനും മീഡിയവണിനും കേന്ദ്രസർക്കാർ വിലക്ക് ഏർപ്പെടുത്തിയത്. മീഡിയവണിന്റെ ലൈസൻസ് പുതുക്കാതെ അടച്ചുപൂട്ടിക്കാനുള്ള ശ്രമത്തിനെതിരായ പോരാട്ടം സുപ്രീംകോടതിയിലാണ്. കോവിഡ് മരണങ്ങൾ കൈകാര്യം ചെയ്തതിലെ അനാസ്ഥ ചൂണ്ടിക്കാട്ടിയ ‘ദൈനിക് ഭാസ്കർ’ പത്രത്തിന്റെ ഓഫിസുകളിൽ ആദായനികുതി വകുപ്പ് കയറിയിറങ്ങി ശ്വാസംമുട്ടിച്ചു. ഇതിനിടയിലെല്ലാം ഇടയിൽ കുതറിച്ചാടാൻ ശ്രമിച്ച, പരിശോധനകളിലും ഭീഷണികളിലും പതറാതെ മുന്നേറിയ എൻ.ഡി ടി.വിയെ ചങ്ങാത്ത മുതലാളിയെ ഉപയോഗിച്ചാണ് വരുതിയിലാക്കിയത്. സമീപ വർഷങ്ങളിൽ ഇന്ത്യ മാധ്യമസ്വാതന്ത്ര്യത്തിൽ എത്രമാത്രം പിന്നിലേക്കുപോയി എന്നതിന് തെളിവുകൾ ഏറെയാണ്. 2022ലെ ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിൽ 180 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 150 ആണ്. 2010ൽ 122 ആയിരുന്നത് 150ൽ എത്തിയതെങ്ങനെയെന്നതിന് വേറെ ഉദാഹരണങ്ങൾ വേണ്ട.

പ്രതിപക്ഷം ദുർബലമാവുന്ന ഏതൊരു രാജ്യത്തും മാധ്യമങ്ങളാവും പ്രതിപക്ഷധർമം നിർവഹിക്കേണ്ടിവരുക. സമ്മർദവും ഭീഷണികളും അടിച്ചമർത്തലുകളുമായി മാധ്യമങ്ങളെ വരുതിയിലാക്കാൻ കഴിയുമെന്നത് മൗഢ്യമാണ്, അതുവഴി അരുതായ്മകൾക്ക് മറയിടാമെന്നതും. എന്നാൽ, എല്ലാം തച്ചുടക്കാനൊരുമ്പെടുന്ന ഒരു ഭരണകൂടത്തിന് ഇതൊന്നും മനസ്സിലാവില്ല എന്നത് നാടിന്റെ ദുരോഗ്യം അല്ലാതെ മറ്റെന്ത്!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialbbc
News Summary - Madhyamam Editorial on BBC issue
Next Story