ജനാധിപത്യത്തിന്റെ ജീവൻ നിലനിർത്താൻ
text_fieldsഅയോധ്യയിലെ ബാബരി ഭൂമിയിൽ നിർമിച്ച രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയിലൂടെ ഹിന്ദുത്വ രാഷ്ട്രീയ കാഹളം മുഴക്കിയ മോദി സർക്കാർ, 2019 ഡിസംബറിൽ വൻ പ്രതിഷേധങ്ങൾക്കിടയിലും പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം (സി.എ.എ) തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പായി നടപ്പാക്കാനുള്ള നീക്കത്തിലാണ്. കഴിഞ്ഞ ദിവസം, പശ്ചിമബംഗാളിലെ സൗത്ത് 24 പർഗാനയിലെ പൊതുസമ്മേളനത്തിൽ കേന്ദ്ര സഹമന്ത്രി ശാന്തനു ഠാകുർ അക്കാര്യം തുറന്നടിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട്, അണികളെ ഇളക്കിവിടാനുള്ള കേവല ആവേശപ്രഖ്യാപനമായി ഇതിനെ കാണാനാവില്ല; ഏകദേശം ഒരു മാസം മുമ്പ്, ഇതേ കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞതാണ്. ആരെതിർത്താലും തെരഞ്ഞെടുപ്പിന് മുമ്പുതന്നെ പൗരത്വ നിയമം രാജ്യത്ത് നടപ്പാക്കുമെന്നാണ് കൊൽക്കത്തയിലെ രാഷ്ട്രീയ റാലിയിൽ അദ്ദേഹം പ്രസംഗിച്ചത്. കേന്ദ്ര ഭരണകൂടത്തിന്റെ പല കോണുകളിൽനിന്നും സമാനമായ പ്രസ്താവനകൾ ഇടക്കിടെ വരുന്നുണ്ട്; ചുരുക്കത്തിൽ, ദിവസങ്ങൾക്കകം പൗരത്വ നിയമത്തിന്റെ ചട്ടങ്ങൾ പുറപ്പെടുവിച്ചുള്ള വിജ്ഞാപനം ഇറങ്ങുമെന്നുതന്നെയാണ് പ്രസ്താവനകൾ നൽകുന്ന സൂചന.
നാനാത്വങ്ങളുടെ പറുദീസയായ ഇന്ത്യയെന്ന ആശയത്തിന്റെ ആത്മാവിനെ ഇല്ലായ്മ ചെയ്യാനുള്ള ഹിന്ദുത്വയുടെ വിശാലപദ്ധതിയുടെ ഭാഗമായിട്ടാണ് രാജ്യത്തെ മതനിരപേക്ഷ സമൂഹം പൗരത്വ ഭേദഗതി നിയമത്തെ പൊതുവിൽ വിലയിരുത്തിയിട്ടുള്ളത്. 2019 ഡിസംബർ നാലിന് സി.എ.എ ബിൽ പാർലമെന്റിൽ വെക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചപ്പോൾതന്നെ രാജ്യമൊട്ടാകെ പ്രതിഷേധം അലയടിച്ചത് അതുകൊണ്ടാണ്. ഡിസംബർ ഒമ്പതിന് രാജ്യസഭയിലും രണ്ട് ദിവസത്തിനുശേഷം ലോക്സഭയിലും ബിൽ പാസാവുകയും താമസംവിനാ ബില്ലിൽ രാഷ്ട്രപതി ഒപ്പുവെക്കുകയും ചെയ്തതോടെ സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമായി സി.എ.എ വിരുദ്ധ സമരം മാറി. മതത്തിന്റെ പേരിൽ രാജ്യത്തെ പൗരജനങ്ങളെ ‘വിഭജിക്കുന്ന’ നിയമത്തിനെതിരെ ഡൽഹിയിലെ വിദ്യാർഥിക്കൂട്ടം ജന്തർ മന്തറിൽ തുടങ്ങിവെച്ച പ്രക്ഷോഭം അക്ഷരാർഥത്തിൽ ഇന്ത്യയാകെ പടർന്നു. ലാത്തി കാണിച്ചും തോക്ക് ചൂണ്ടിയും ഭീഷണിപ്പെടുത്തി പ്രതിഷേധങ്ങളെ ഒതുക്കിക്കളയാനുള്ള ഭരണകൂടത്തിന്റെ സകല ശ്രമങ്ങളെ വകവെക്കാതെ തെരുവുകളത്രയും ‘പോരാട്ടത്തിന്റെ ക്ലാസ് മുറി’കളാക്കി ഇന്ത്യൻ യുവത. നൂറ്റാണ്ടിലെ കൊടുംതണുപ്പിനെപ്പോലും കൂസാതെ ഡൽഹിയിലെ ശാഹീൻ ബാഗിൽ ആയിരക്കണക്കിന് സ്ത്രീകൾ നടത്തിയ നൂറുദിവസത്തിലധികം നീണ്ട രാപ്പകൽ സമരമൊക്കെ സി.എ.എ പ്രക്ഷോഭ ചരിത്രത്തിലെ ഉജ്ജ്വലമായ അധ്യായങ്ങളാണ്. വാസ്തവത്തിൽ, നമ്മുടെ മുഖ്യധാര പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾപോലും സമരം ഏറ്റെടുക്കുന്നത് ഇതിനൊക്കെശേഷമാണ്. പക്ഷേ, ഇതുകൊണ്ടൊന്നും പിന്മാറാൻ ഭരണകൂടം ഒരുക്കമല്ലായിരുന്നു. നിൽക്കക്കള്ളിയില്ലാതെ ഹിന്ദുത്വയുടെ ഉന്മാദികളായ ആൾക്കൂട്ടത്തെ ഇളക്കിവിട്ട് വംശീയാതിക്രമത്തിന് വഴിയൊരുക്കാനും അവർ മറന്നില്ല. കോവിഡിന്റെ കടന്നുവരവോടെയാണ് സമരം അടങ്ങിയത്. അതിനിടയിലും അടിച്ചമർത്തലും പകപോക്കൽ അറസ്റ്റും തുടർന്ന ഭരണകൂടം 2022ൽ, മഹാമാരിക്ക് ശമനം വന്നതോടെ സി.എ.എ ചർച്ചകൾ വീണ്ടുമാരംഭിച്ചു. നിയമത്തിന് ചട്ടം തയാറാക്കുന്ന പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെന്നായിരുന്നു അന്ന് അധികൃതർ അറിയിച്ചത്. ആഴ്ചകൾക്ക് മുമ്പ്, ചട്ടങ്ങൾ തയാറായെന്നും ആളുകൾക്ക് പൗരത്വത്തിന് അപേക്ഷിക്കുന്നതിനും മറ്റുമായി വെബ്സൈറ്റ് ഒരുങ്ങിയെന്നുമൊക്കെയാണ് കേന്ദ്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സി.എ.എ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതിനായി ഒമ്പത് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാർക്ക് നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. മറ്റൊരർഥത്തിൽ, പൗരത്വ ഭേദഗതി നിയമം എന്ന ഹിന്ദുത്വ സർക്കാറിന്റെ അജണ്ട യാഥാർഥ്യമാകാൻ മണിക്കൂറുകൾ മാത്രമാണ് ബാക്കി. രാമരാഷ്ട്രീയത്തേക്കാൾ അപകടകരമായ പരിപാടികളുമായാണ് എൻ.ഡി.എ ഇക്കുറി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നതെന്നർഥം.
പക്ഷേ, ഏകപക്ഷീയമായി എൻ.ഡി.എക്ക് തങ്ങളുടെ തെരഞ്ഞെടുപ്പ് അജണ്ടയിലേക്ക് കടക്കുക അത്ര എളുപ്പമാകില്ല. ശാന്തനു ഠാകുറിന്റെ പ്രസംഗത്തിനുപിന്നാലെ വിമർശനവുമായി മമത ബാനർജി വന്നതും അസമിൽ സി.എ.എ വിരുദ്ധ സമരങ്ങൾ ചെറിയ തോതിൽ പുനരാരംഭിച്ചതും ഇതിന്റെ സൂചനയായി കാണാം. വാസ്തവത്തിൽ, സി.എ.എ നിയമം രൂപപ്പെടുത്തിയത് സംഘ്പരിവാറിന്റെ മുസ്ലിം ന്യൂനപക്ഷ വിരുദ്ധ യുക്തിയിൽനിന്നാണെങ്കിലും പ്രയോഗത്തിൽ അത് അവിടം മാത്രമായി പരിമിതപ്പെടില്ല. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ അയൽരാജ്യങ്ങളിൽനിന്നുള്ള മുസ്ലിം ഇതര അഭയാർഥികൾക്ക് പൗരത്വം നൽകുകയാണ് സി.എ.എയുടെ ലക്ഷ്യമെന്ന് പറയുമ്പോൾ അത് കേവലം മുസ്ലിം അപരവത്കരണത്തിന്റെ മാത്രം വിഷയമാകില്ല. അസമിൽ സി.എ.എ നിയമം നടപ്പാക്കുന്നതോടെ 1971ലെ ‘അസം കരാർ’ അപ്രസക്തമാകുമെന്നും സംസ്ഥാനത്ത് അസമി ഭാഷ സംസാരിക്കുന്നവർ ന്യൂനപക്ഷമാകുമെന്നുമാണ് അവരുടെ വാദം. ഇത്തരത്തിലുള്ള പലവിധ ആശങ്കകളുടെ പുറത്താണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സി.എ.എ വിരുദ്ധ സമരം നടന്നത്. അസം ഉൾപ്പെടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽപോലും സ്വാഭാവികമായും കേന്ദ്രത്തിന് എതിർപ്പുകൾ വന്നേക്കാം. അതിനെ അതിജീവിക്കാൻ സംഘ്പരിവാർ എന്തുതന്ത്രമാണ് പുറത്തെടുക്കുക എന്ന് കാണാനിരിക്കുന്നതേയുള്ളൂ. അതിനെല്ലാമപ്പുറം, രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങളെ കുടുതൽ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്ന പടപ്പുറപ്പാടാണിത്; ഭരണകൂടത്തിന്റെ ‘വ്യവസ്ഥാപിത ഉന്മൂലനം’ എന്ന് അതിനെ വിശേഷിപ്പിച്ചാലും തെറ്റാവില്ല. അതുകൊണ്ടുതന്നെ, ജനാധിപത്യത്തിന്റെയും ന്യൂനപക്ഷങ്ങളുടെയും ‘ജീവൻ’ നിലനിർത്താനുള്ള പുതിയ സമരങ്ങൾ ഉയർന്നുവരേണ്ട സമയം കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.