അമേരിക്കയിലെ തീച്ചുഴലി
text_fieldsഅമേരിക്കയിലെ ദക്ഷിണ കാലിഫോർണിയയിൽ ലോസ് ആഞ്ജലസ് കൗണ്ടിയുടെ പടിഞ്ഞാറൻ പ്രാന്തത്തിലെ പസിഫിക് പാലിസേഡ്സ്, ഈറ്റൺ പ്രദേശങ്ങളിലായി സാന്‍റാമോണിക്ക മലനിരകളിൽ ജനുവരി ഏഴിന് ചൊവ്വാഴ്ച പൊട്ടിപ്പുറപ്പെട്ട കാട്ടുതീ ഭീകരമായ തീച്ചുഴലിയായി കൂടുതൽ ഇടങ്ങളിലേക്ക് പടരുകയാണ്. തിങ്കളാഴ്ച രാവിലെവരെയുള്ള കണക്കനുസരിച്ച് 23,713 ഏക്കറുകളിലേക്ക് വ്യാപിച്ച തീ പസിഫിക് പാലിസേഡ്സ്, മാലിബു പ്രദേശങ്ങളെ നിലംപരിശാക്കി. 24 പേർ വെന്തുമരിച്ചു, 15,000 കെട്ടിടങ്ങൾ നാമാവശേഷമായി. ഒന്നരലക്ഷത്തോളം പേർ ഭവനരഹിതരായി. തീയണക്കാൻ അഗ്നിശമനസേന അശ്രാന്തപരിശ്രമം നടത്തുന്നുണ്ടെങ്കിലും വ്യാഴാഴ്ചക്ക് മുമ്പായി കത്തിച്ചാമ്പലായ പ്രദേശങ്ങളിൽ പുനരധിവാസയജ്ഞം തുടങ്ങാനാവില്ലെന്നാണ് അധികൃതർ പറയുന്നത്. ഇനിയും കെട്ടടക്കാനാവാത്ത തീ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തബാധയായി മാറുകയാണ്. ഇതുവരെ 150 ബില്യൺ ഡോളറിന്‍റെ നഷ്ടമുണ്ടായി എന്നാണ് കണക്ക്. ഈയാഴ്ച അതിശക്തമായ കാറ്റ് ഉണ്ടാകുമെന്ന മുന്നറിയിപ്പ് അമേരിക്കയെ കൂടുതൽ വിറപ്പിക്കുന്നുണ്ട്. ഏറ്റവുമൊടുവിൽ വൈസ് പ്രസിഡന്‍റ് കമല ഹാരിസിന്‍റെ വസതിവരെ കാട്ടുതീ ഭീഷണിയിലാണ്. മലകളും കടൽത്തീരവും ഒരുമിച്ചു ചേരുന്ന സുഖവാസകേന്ദ്രമായ ഇവിടെ ഭൂരിഭാഗവും ഹോളിവുഡിലെ പ്രമുഖ താരങ്ങളടക്കം അമേരിക്കയിലെ അതിപ്രശസ്തരും അതിസമ്പന്നരുമാണ് കഴിഞ്ഞുവരുന്നത്. കഴിഞ്ഞവർഷം സ്വകാര്യ ഏജൻസി പുറത്തുവിട്ട കണക്കു പ്രകാരം ലോസ് ആഞ്ജലസിൽ 2,12,100 കോടീശ്വരന്മാരും 43 ശതകോടീശ്വരന്മാരുമുണ്ട്. നേർവിപരീതത്തിൽ രാജ്യത്തെ ഏറ്റവുമധികം ഭവനരഹിതർ (75,000 പേർ) ഉള്ളതും അവിടെതന്നെ. മധ്യവർഗക്കാരും തൊഴിലാളികളുമായവർ ഇതിനിടയിലും. വൻശക്തികളുടെ യുദ്ധത്തീ പോലെയല്ല, പ്രകൃതിദുരന്തമായ തീക്കാറ്റ്. അതിന് അധീശ-അടിയാള ഭേദമില്ല.
കഴിഞ്ഞ ചൊവ്വാഴ്ച പ്രാദേശികസമയം രാവിലെ 10.30നാണ് കാട്ടുതീ വിവരം പുറത്തുവരുന്നത്. അപ്പോഴേക്കും സാന്‍റാ മോണിക്ക പർവതനിരകളിലെ സാന്‍റാ അന കാറ്റ് തീവ്രത പ്രാപിച്ച് തീ ആളിപ്പടർന്നു. അഗ്നിബാധയുടെ തുടക്കം എവിടെ, എങ്ങനെ എന്നതുമായി ബന്ധപ്പെട്ട് പ്രചാരണങ്ങൾ പലതും നടക്കുന്നുണ്ടെങ്കിലും ശരിയായ നിഗമനത്തിന് അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ല. കാലിഫോർണിയയിൽ ഒരു തീക്കാലമാണ് രൂപപ്പെട്ടിരിക്കുന്നതെന്നും അത് എവിടെ എങ്ങനെ കലാശിക്കുമെന്ന് പറയാനാവില്ലെന്നും ഗവർണർ പറയുന്നു. പുകഞ്ഞു തുടങ്ങിയ വിവരം കിട്ടിയിട്ടും തീയണക്കാനുള്ള ശ്രമമുണ്ടായില്ലെന്നും ലോകത്തെവിടെയും ചുട്ടുകരിക്കാൻ ചാടിയിറങ്ങുന്ന അമേരിക്കക്ക് സ്വന്തം ജനതയുടെ സുരക്ഷക്ക് ഒന്നും ചെയ്യാനാവുന്നില്ലെന്നും പരാതി വ്യാപകമായി ഉയരുന്നുണ്ട്. വർഷംതോറും ആവർത്തിക്കപ്പെടുന്ന കാട്ടുതീയിൽനിന്ന് രക്ഷനേടാനുള്ള ഭരണപരമായ നടപടികൾ സ്വീകരിക്കാൻ അമേരിക്കക്ക് കഴിഞ്ഞിട്ടില്ല. ഒപ്പം കാലാവസ്ഥ വ്യതിയാനമെന്ന ഗുരുതര പ്രതിസന്ധിയെ മറികടക്കാനുള്ള ശ്രമത്തിന് പലപ്പോഴും അള്ളുവെക്കാൻ മുതിരുന്നുവെന്ന പേരുദോഷവും അമേരിക്കക്കുണ്ട്. യു.എസ് ഫോറസ്റ്റ് സർവിസ് ഇക്കോളജിസ്റ്റ് ആയ ഗാവിൻ ജോൺസ് 2023ൽ അഗ്നിബാധയുടെ വരുംകാല വർധന പ്രവചിച്ചിട്ടുണ്ട്. ആഗോളതാപനം നിമിത്തം വരണ്ട പ്രദേശങ്ങളിലുണ്ടാകുന്ന വർധനയും ഊഷരകാലത്തിനുണ്ടാകുന്ന ദൈർഘ്യവും എവിടെയും എപ്പോഴും ദുരന്തം ക്ഷണിച്ചുവരുത്താമെന്നതാണ് നില. ഈ വിഷയത്തിൽ യു.എസ് പരിസ്ഥിതി സംരക്ഷണ ഏജൻസിയും (ഇ.പി.എ) കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇതു മുൻകൂട്ടി കണ്ടുള്ള പ്രതിരോധങ്ങൾക്ക് ഭരണകൂടം ഇനിയും തുനിഞ്ഞിറങ്ങിയിട്ടില്ല.
തീപിടിത്തങ്ങളെക്കുറിച്ച് ആധികാരിക പഠനങ്ങൾ നടത്തിയ അമേരിക്കൻ വിദഗ്ധൻ സ്റ്റീഫൻ പൈൻ പറയുന്നത് കാലിഫോർണിയയിലെ ദുരന്തം മനുഷ്യനിർമിതമാണെന്നാണ്. കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഗുരുതര പ്രശ്നങ്ങൾ കണ്ടറിയാനും രക്ഷനേടാനുമുള്ള ശ്രമം ബോധപൂർവം നടത്തിയില്ലെങ്കിൽ ലോസ് ആഞ്ജലസിന്‍റെ അനുഭവം കൂടുതൽ വ്യാപിക്കുമെന്നതിൽ സംശയമില്ല. മഴക്കമ്മി നേരിടുന്ന കാലിഫോർണിയയുടെ 39.1 ഭാഗം മാത്രമേ കഴിഞ്ഞ വർഷം മഴ കിട്ടിയിരുന്നുള്ളൂ. അവശിഷ്ടപ്രദേശങ്ങൾ അസാധാരണമാം വിധം വരണ്ടതാണ്. അതിവരൾച്ച വനമേഖലയിലെ സസ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കും. വരണ്ടുണങ്ങിയ കാടും പുൽമേടുകളും ചെറിയൊരു തീപ്പൊരി വീണാൽ കത്തിപ്പടരുകയായി. താഴ്ന്നുകിടക്കുന്ന വൈദ്യുതി കേബിളുകളും മരനിർമിത ടെലഫോൺ പോസ്റ്റുകളും തീപിടിത്ത, പടർച്ച സാധ്യതകൾ വർധിപ്പിക്കുന്നുവെന്നും പഠനങ്ങൾ പറയുന്നു. ഇത്തരം വീഴ്ചകൾ തടയാൻപോലും ഭരണകൂടത്തിന് ജാഗ്രതയില്ല. കാലാവസ്ഥ വ്യതിയാനംപോലെ കൃത്യമായ നയനിലപാടുകൾ സ്വീകരിച്ച് ദീർഘദൂര പ്രതിരോധത്തിന് മുതിരേണ്ട വിഷയങ്ങളിൽ അവർക്ക് താൽപര്യവുമില്ല. അങ്ങനെ, കാലാവസ്ഥ വ്യതിയാനവും പിഴച്ച നഗരാസൂത്രണവും താളംതെറ്റിയ പ്രതിസന്ധി/ദുരന്ത മാനേജ്മെന്റും എല്ലാം ചേർന്ന് കാലിഫോർണിയയിലെപോലെ പൊട്ടിത്തെറിക്കുമ്പോൾ നിസ്സഹായരായി നിൽക്കാനേ അധികാരികളടക്കമുള്ള മനുഷ്യർക്ക് കഴിയുന്നുള്ളൂ. മനുഷ്യരുടെ സ്വയംകൃതാനർഥങ്ങൾക്ക് നൽകുന്ന പിഴയാണ് ഇത്തരം പ്രകൃതിദുരന്തങ്ങൾ എന്ന കാര്യത്തിൽ സംശയമില്ല. ഇപ്പോൾ ഫലസ്തീനിലും പശ്ചിമേഷ്യയുടെ വിവിധ ഭാഗങ്ങളിലും യുക്രെയിനിലുമൊക്കെ യുദ്ധത്തീ പടർത്തുകയും, തലമുറകളോളം ജനതതികളെ കെടുതിക്കിരയാക്കുന്ന കാലാവസ്ഥ വ്യതിയാനം പോലുള്ള മാനുഷികതക്കെതിരായ അതിക്രമത്തിന് വഴിമരുന്നിടുകയും ചെയ്യുന്ന വൻശക്തികളെ തിരിഞ്ഞുകൊത്തുന്ന ഇത്തരം ദുരന്തങ്ങൾ അവരുടെ അധികാരധാർഷ്ട്യത്തിനും അക്രമവീര്യത്തിനും തടയിടാൻ നിമിത്തമാകുമെങ്കിൽ അത് അവർക്കും ലോകത്തിനും ഒരുപോലെ രക്ഷയാകും, സംശയമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.