ജാതി സെൻസസിനെ പേടിക്കുന്നതാര്?
text_fieldsജാതിയാണ് ഏറ്റവും ആഴവും പരപ്പുമുള്ള ഇന്ത്യൻ യാഥാർഥ്യമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. എത്ര ഒളിപ്പിക്കാൻ ശ്രമിച്ചാലും ഇന്ത്യക്കാരന്റെ ദൈനംദിന ജീവിതത്തിൽ അത് നിരന്തരം ഇടപെട്ടുകൊണ്ടിരിക്കും. അതിനാൽത്തന്നെ, വിവിധ ജാതിവിഭാഗങ്ങളെക്കുറിച്ച കൃത്യവും കണിശവുമായ പഠനം ഇന്ത്യൻ സാമൂഹിക അവസ്ഥയെ മനസ്സിലാക്കാനും ഭരണപരമായ നടപടിക്രമങ്ങളെ കൂടുതൽ സൂക്ഷ്മതയിലും കൃത്യതയിലും പ്രയോഗിക്കാനും ഏറെ അനിവാര്യമാണ്. ജാതി സെൻസസ് എന്ന ആശയത്തിന്റെ പ്രസക്തി അവിടെയാണ്.
ഏതൊക്കെയാണ് ജാതികൾ, വിവിധ ജാതികളുടെ സാമൂഹിക-സാമ്പത്തിക- തൊഴിൽ- വിദ്യാഭ്യാസ അവസ്ഥകൾ എന്തൊക്കെയാണ്, ഭരണകൂടത്തിന്റെ കൈകൾ എത്താത്തത് എവിടെ, വിഭവങ്ങളുടെ വിതരണം ഏതുനിലക്കാണ് നടക്കുന്നത് എന്നിങ്ങനെ ഒട്ടനവധി ചോദ്യങ്ങൾക്ക് സൂക്ഷ്മമായ ഉത്തരം നൽകാൻ ജാതി സെൻസസിന് സാധിക്കും. ഇന്ത്യൻ ജനതയിൽ 75 ശതമാനത്തിലധികംവരുന്ന പിന്നാക്ക വിഭാഗങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ് ജാതി സെൻസസ് എന്നത്. ജനസംഖ്യയിലെ മുക്കാൽ പങ്ക് വരുന്ന ആളുകൾ ആവശ്യപ്പെട്ടിട്ടും അങ്ങനെയൊന്ന് നടപ്പാക്കാൻ ഒരു ഭരണകൂടവും സന്നദ്ധമാകുന്നില്ല എന്നത് വിചിത്രമാണ്. അതായത്, ഇന്ത്യൻ ഭരണവർഗം രാഷ്ട്രീയ ഭേദമെന്യേ ജാതി സെൻസസിനെ പേടിക്കുന്നു.
ബ്രിട്ടീഷ് ഇന്ത്യയിൽ 1931വരെ ജാതി സെൻസസ് നടന്നിട്ടുണ്ട്. 1955ലെ കാകാ കലേക്കർ കമീഷൻ സർക്കാറിനു മുമ്പാകെവെച്ച ശിപാർശകളിൽ ആദ്യേത്തത് 1961 മുതൽ ജാതി സെൻസസ് എടുക്കണമെന്നുള്ളതായിരുന്നു. എന്നാൽ, ഇതുവരെയായിട്ടും അങ്ങനെയൊന്ന് നടന്നിട്ടില്ല. എൺപതുകളിൽ മണ്ഡൽ കമീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കുശേഷം ജാതി സെൻസസ് എന്നത് വീണ്ടും സജീവ ചർച്ചാവിഷയമായി. 2011ൽ മൻമോഹൻ സിങ് സർക്കാറിന്റെ കാലത്ത് സോഷ്യോ ഇക്കണോമിക് ആൻഡ് കാസ്റ്റ് സെൻസസ് (എസ്.ഇ.സി.സി) എന്നപേരിൽ അത് നടത്തിയെങ്കിലും അതിന്റെ റിപ്പോർട്ട് ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
ജാതി സെൻസസ് ലളിതമായിപ്പറഞ്ഞാൽ കണക്കാണ്. എന്തിനാണ് കണക്കിനെ നാമിത്ര ഭയപ്പെടുന്നത്? ലളിതമാണ് ഉത്തരം; ആ കണക്കുകൾ ഇന്ത്യൻ യാഥാർഥ്യത്തെ വെളിപ്പെടുത്തും. പിന്നാക്ക സമൂഹങ്ങളുടെ യഥാർഥ അവസ്ഥയെന്തെന്ന് മനസ്സിലാകും. അധികാരങ്ങളും വിഭവങ്ങളും ആരാണ് കൈവശം വെച്ചിരിക്കുന്നത് എന്നതിന്റെ ആധികാരിക രേഖകൾ പുറത്തുവരും. സ്വാതന്ത്ര്യം ലഭിച്ച് മുക്കാൽ നൂറ്റാണ്ടായിട്ടും സാമൂഹിക നീതിയുടെ കാര്യത്തിൽ രാജ്യം എവിടെനിൽക്കുന്നുവെന്ന കാര്യം വെളിപ്പെടും. അപ്പോൾപിന്നെ, അധികാരം കൈവശംവെച്ചിരിക്കുന്നവർ ആ കണക്കിനെ ഭയപ്പെടുമെന്നത് സ്വാഭാവികം.
ഇന്ത്യയിലിപ്പോൾ ജാതി വിവേചനങ്ങളൊന്നുമില്ല, എല്ലാവരെയും ഒരുപോലെയാണ് കാണുന്നത്, അതിനാൽ സംവരണത്തിന്റെ ആവശ്യമില്ല എന്നൊക്കെയുള്ള വാദങ്ങൾ ചിലർ ഉയർത്താറുണ്ട്. അങ്ങനെയെങ്കിൽ പിന്നെയെന്തിന് നിങ്ങൾ ജാതി സെൻസസിനെ എതിർക്കുന്നുവെന്ന് ചോദിച്ചാൽ അവർക്ക് ഉത്തരമുണ്ടാകില്ല. ആർക്കൊക്കെ, ഏതൊക്കെ അളവിൽ സംവരണം കൊടുക്കണം എന്നത് തിട്ടപ്പെടുത്താനും ജാതിസംവരണം അനിവാര്യമാണ്. സാമൂഹിക സംവരണത്തെ അട്ടിമറിച്ചുകൊണ്ട്, ഭരണഘടന ഭേദഗതിയിലൂടെ സാമ്പത്തിക സംവരണം കൊണ്ടുവന്നത് മോദി സർക്കാറാണ്. കേന്ദ്ര സർക്കാർ നിയമം കൊണ്ടുവന്ന് രായ്ക്കുരാമാനം കേരളത്തിലും സാമ്പത്തിക സംവരണം നടപ്പാക്കി. മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാർ എന്ന് വിളിക്കപ്പെടുന്നവരും സംവരണീയരായി മാറി. പക്ഷേ, അവരെ എങ്ങനെയാണ് കണക്കാക്കുന്നത് എന്നതിന് വിശേഷിച്ച് അടിസ്ഥാനമൊന്നുമില്ല. മുന്നാക്കക്കാർ ആരൊക്കെ, അവരിലെ പിന്നാക്കക്കാർ ആരൊക്കെ എന്ന് മനസ്സിലാക്കാനും ജാതി സെൻസസ് അനിവാര്യമാണ്. അതിനാൽ ഇന്ത്യൻ യാഥാർഥ്യത്തിന്റെ നേർചിത്രം ലഭിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപകരണമാണ് ജാതി സെൻസസ്.
രാജ്യം പുതിയ സെൻസസ് വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ജാതി സെൻസസ് എന്ന ആവശ്യം പല കോണുകളിൽനിന്നുമുയരുന്നുണ്ട്. ലക്ഷ്യം പൂർത്തീകരിക്കാതെപോകുന്ന മുറവിളിയായി അതിനെ അവസാനിപ്പിക്കാൻ വിട്ടുകൂടാ. പിന്നാക്ക സമൂഹങ്ങൾ ഒന്നിച്ച് അണിനിരന്ന് ജാതി സെൻസസിനായി പ്രസ്ഥാനം കെട്ടിപ്പടുക്കേണ്ട സമയമാണ്. ബിഹാറിൽ അതിന്റെ സൂചനകൾ വന്നുതുടങ്ങിയിട്ടുണ്ട്. പ്രതിപക്ഷത്തുള്ള ആർ.ജെ.ഡി ആ ആവശ്യമുയർത്തി പ്രക്ഷോഭ പരിപാടികൾ ആഹ്വാനം ചെയ്തു. ഉടൻ ഭരണകക്ഷിയായ ജെ.ഡി.യു അതിനെ പിന്തുണക്കുകയും ജാതി സെൻസസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കാൻ സർവകക്ഷി യോഗം വിളിക്കാൻ തീരുമാനിക്കുകയും ചെയ്തിരിക്കുകയാണ്. ബി.ജെ.പിയെ രാഷ്ട്രീയമായി വെട്ടിലാക്കുന്നതാണ് ഈ നീക്കം.
രാജസ്ഥാനിൽ നടന്ന കോൺഗ്രസിന്റെ ചിന്തൻ ശിബിരിൽ ജാതി സെൻസസ് എന്ന ആവശ്യം പാർട്ടി ഉന്നയിക്കണമെന്ന നിർദേശം ഉയരുകയുണ്ടായി. മറ്റുപല വിഷയങ്ങളിലുമെന്ന പോലെ കൃത്യമായ തീരുമാനമെടുക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. കേന്ദ്രം ജാതി സെൻസസ് എടുക്കുന്നില്ലെങ്കിലും സംസ്ഥാനങ്ങൾക്ക് അത് നടത്താൻ നിലവിലെ നിയമങ്ങൾ വെച്ചുതന്നെ സാധിക്കും. സാമ്പത്തിക സംവരണം ഏറ്റവും വേഗത്തിൽ നടപ്പാക്കിയ സംസ്ഥാനം എന്നനിലക്ക് കേരളത്തിൽ നിർബന്ധമായും അത് നടക്കേണ്ടതുണ്ട്. ഓരോ സാമൂഹിക വിഭാഗത്തിന്റെയും യഥാർഥ അവസ്ഥ മനസ്സിലാക്കാൻ അത് അനിവാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.