Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസെൻസസ് ഉയർത്തുന്ന...

സെൻസസ് ഉയർത്തുന്ന ആശങ്കകൾ

text_fields
bookmark_border
സെൻസസ് ഉയർത്തുന്ന ആശങ്കകൾ
cancel

2021ൽ നടക്കേണ്ടിയിരുന്ന, കോവിഡ് മാരിയുടെ പേരുപറഞ്ഞ് മാറ്റിവെച്ച പോയ ദേശീയ ജനസംഖ്യാ കണക്കെടുപ്പ് 2025ൽ ആരംഭിക്കാനാണ് കേന്ദ്രസർക്കാറിന്റെ പരിപാടി. പരിഷ്‍കൃത രാജ്യങ്ങളിൽ ഓരോ പത്ത് വർഷക്കാലത്തും വ്യവസ്ഥാപിതമായും കൃത്യമായും നടക്കുന്ന സെൻസസിന്റെ പ്രസക്തിയും പ്രാധാന്യവും ഇന്നത്തെ കാലത്ത് ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. രാജ്യത്തെ ജനസംഖ്യ എത്രത്തോളം ചുരുങ്ങി അഥവാ വർധിച്ചു, അവരിൽ സ്ത്രീകൾ, പുരുഷന്മാർ, കുട്ടികൾ, യുവാക്കൾ, വയോജനങ്ങൾ എന്നിവരുടെ അനുപാതം ഏതുവിധം, വിദ്യാഭ്യാസപരമായും സാമ്പത്തികമായും ആരോഗ്യപരമായും ജനങ്ങളുടെ സ്ഥിതി എങ്ങനെ, ക്ഷേമരാഷ്ട്ര സ്വപ്നം എത്രത്തോളം പൂവണിഞ്ഞു, ഭാവി വികസന പരിപാടികൾ വിവിധ ജീവിത തുറകളിൽ ഏതെല്ലാം മേഖലകളിൽ എവ്വിധം നടപ്പാക്കണം തുടങ്ങി ജീവൽ പ്രധാനമായ ചോദ്യങ്ങൾക്ക് കണിശവും കൃത്യവുമായ ഉത്തരം ലഭിക്കണമെങ്കിൽ സെൻസസിലൂടെ അനാവരണം ചെയ്യപ്പെടുന്ന സ്ഥിതിവിവരങ്ങൾ തന്നെ പ്രാഥമികാവലംബം. അതിനുമപ്പുറം ലോക്സഭ, നിയമസഭ മണ്ഡലങ്ങളുടെ പുനർനിർണയവും കാനേഷുമാരിയെ ആശ്രയിച്ചിരിക്കുന്നു. 2027ൽ പുനർനിർണയ പ്രക്രിയ ആരംഭിച്ച് 2029നുമുമ്പ് പൂർത്തീകരിച്ചാൽ തദടിസ്ഥാനത്തിൽ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പ് നടത്താനാവുമെന്നാണ് മോദി സർക്കാറിന്റെ കണക്കുകൂട്ടൽ. അതോടൊപ്പം 33 ശതമാനം വനിതാ സംവരണവും ഏർപ്പെടുത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ത്രീ സംവരണ ബിൽ നേരത്തെ പാർലമെന്റ് പാസാക്കിയതാണല്ലോ.

പക്ഷേ, അടുത്ത വർഷം സെൻസസ് നടത്തുമെന്നറിയിച്ച സർക്കാർ ജാതി സെൻസസിന്റെ കാര്യത്തിൽ മൗനമവലംബിക്കുന്നു. ജാതി സെൻസസ് നടത്തുമെന്നോ ഇല്ലെന്നോ പറയാതെ മുന്നോട്ടുപോവുന്നതിനെ ഇൻഡ്യ മുന്നണി ചോദ്യംചെയ്യുന്നു. എൻ.ഡി.എ ഭരണകൂടത്തിൽ പങ്കാളിയായ യുനൈറ്റഡ് ജനതാദളും ജാതി സെൻസസ് ആവശ്യം ശക്തമായി ഉന്നയിക്കുന്നുണ്ട്. ടി.ഡി.പി, എൻ.ജെ.യു, റിപ്പബ്ലിക്കൻ പാർട്ടി, അപ്നാ ദൾ തുടങ്ങിയ ഘടകകക്ഷികളും ഇതേ ആവശ്യം പങ്കിടുന്നവരാണ്. അതേയവസരത്തിൽ ജനസംഖ്യയിൽ ന്യൂനപക്ഷമായ സവർണജാതികൾ ജാതി സെൻസസിൽ ആശങ്കാകുലരാണ്. അവരാണ് ബി.ജെ.പിയുടെ മുഖ്യ ചാലകശക്തി എന്നതുകൊണ്ട് ഇക്കാര്യത്തിൽ നിർണായക തീരുമാനമെടുക്കാൻ നരേന്ദ്രമോദി-അമിത്ഷാ ടീമിന് സാധിക്കുന്നുമില്ല. ഭരണപങ്കാളികളെയും എൻ.ഡി.എ ഘടകങ്ങളെയും പിണക്കിയാൽ പ്രതിപക്ഷം മുതലെടുക്കുമെന്നുറപ്പ്. അത്ര തന്നെയോ അതിൽ കൂടുതലോ സങ്കീർണമാണ് പുതിയ സെൻസസിനെ ആധാരമാക്കിയായിരിക്കും മണ്ഡലങ്ങളുടെ പുനർനിർണയം എന്ന തീരുമാനം. കുടുംബാസൂത്രണത്തിൽ ഏറെ മുന്നോട്ടുപോയ ആന്ധ്ര, തെലങ്കാന, തമിഴ്നാട്, കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളിലെ മൊത്തം ജനസംഖ്യയേക്കാൾ വളരെ കൂടുതലായിരിക്കും കുടുംബാസൂത്രണത്തിൽ പിന്നാക്കം നിൽക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ജനപ്പെരുപ്പം എന്ന ദക്ഷിണേന്ത്യയുടെ ന്യായമായ ആശങ്ക ഇതിനകം ഉയർന്നുകഴിഞ്ഞു.

മണ്ഡല പുനർനിർണയം 2031ലാണ് നടക്കേണ്ടത് എന്നിരിക്കെ അപ്പണി 2029നുമുമ്പേ നടത്തരുത് എന്നാണ് ഭരണപക്ഷത്തെ മുഖ്യഘടകകക്ഷികളിലൊന്നായ തെലുഗുദേശം പാർട്ടിയുടെ ആവശ്യം. 1971ലെ സെൻസസിനെ അടിസ്ഥാനപ്പെടുത്തിയാവണം മണ്ഡല പുനർനിർണയം എന്നതാണവരുടെ നിലപാട്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പാർലമെന്റ് സീറ്റുകളിലെ കമ്മിയിൽ ആശങ്ക രേഖപ്പെടുത്തിക്കഴിഞ്ഞു. ഒരു പഠന റിപ്പോർട്ട് പ്രകാരം പുതിയ സെൻസസിന്റെ ഫലമായി ഉത്തരേന്ത്യയിൽ 32 സീറ്റുകൾ വർധിക്കുമ്പോൾ തമിഴ്നാട്ടിലും കേരളത്തിലുമായി 16 സീറ്റുകൾ കുറയും. ആന്ധ്ര-തെലങ്കാന സംസ്ഥാനങ്ങളിൽ എട്ട് സീറ്റുകളുടെ കുറവും പ്രതീക്ഷിക്കുന്നു. അങ്ങനെ മൊത്തം 24 ലോക്സഭാ മണ്ഡലങ്ങളാണ് ദക്ഷിണേന്ത്യക്ക് നഷ്ടപ്പെടാൻ പോവുന്നതെന്നാണ് ഒരു സ്വകാര്യ ഏജൻസിയുടെ കണ്ടെത്തൽ. മറുവശത്ത് യു.പിക്കും ബിഹാറിനും കൂടി 21 മണ്ഡലങ്ങൾ അധികം ലഭിക്കും. ഇപ്പോൾ തന്നെ 80 മണ്ഡലങ്ങളുള്ള സംസ്ഥാനമാണ് യു.പി എന്ന് മറക്കാതിരിക്കുക. ഹിന്ദുത്വ പാർട്ടിക്ക് നാലാം ഊഴവും ഉറപ്പിക്കാനുള്ള ഗൂഢതന്ത്രമാണ് 2029ലെ തെരഞ്ഞെടുപ്പിന് മുമ്പായി പുതിയ സെൻസസ് വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി 2026ൽ തന്നെ മണ്ഡല പുനർനിർണയം നടത്താനുള്ള നീക്കമെന്ന് ന്യായമായും സംശയിക്കേണ്ടതാണ് സാഹചര്യമെന്ന് ചുരുക്കം. അതിനിടെ താന്താങ്ങളുടെ സംസ്ഥാനങ്ങളിലെ ജനങ്ങളോട് സന്താനങ്ങളുടെ എണ്ണം വർധിപ്പിക്കാനുള്ള ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെയും എം.കെ. സ്റ്റാലിന്റെയും ആഹ്വാനം ചിരിക്കാനാണ് വക നൽകുക.

ജനസംഖ്യാ ന്യൂനീകരണത്തിന്റെ ഭവിഷ്യത്ത് നേരിടുന്ന കമ്യൂണിസ്റ്റ് ചൈന ലോകജനസംഖ്യയിൽ രണ്ടാംസ്ഥാനത്തേക്ക് താണ സാഹചര്യത്തിൽ കുട്ടികളുടെ എണ്ണം രണ്ടാക്കാനുള്ള പരമാധികാരി ഷീയുടെ ഉത്തരവ് പോലും സഫലമാവാതിരിക്കെ ആന്ധ്ര, തമിഴ്നാട് മുഖ്യമന്ത്രിമാരുടെ ആഹ്വാനം ആര് ചെവിക്കൊള്ളാൻ? വർഷങ്ങൾക്കുമുമ്പ് സിംഗപ്പൂർ സർക്കാർ കൂടുതൽ മക്കളെ ഉൽപാദിപ്പിക്കുന്ന കുടുംബങ്ങൾക്ക് ഒട്ടേറെ സൗജന്യങ്ങൾ പ്രഖ്യാപിച്ചപ്പോഴും നിഷേധാത്മകമായിരുന്നു പ്രതികരണം. ‘ചെറിയ കുടുംബം സന്തുഷ്ട കുടുംബം’ എന്ന് കോടികൾ മുടക്കി ജനമനസ്സുകളെ ബോധവത്കരിച്ച എല്ലാ സമൂഹങ്ങളും രാജ്യങ്ങളും അനിവാര്യമായനുഭവിക്കേണ്ടി വരുന്നതാണീ സ്ഥിതിവിശേഷം. കണ്ടാലറിയാത്തവർ കൊണ്ടറിയും എന്നാണല്ലോ ആപ്തവാക്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:censusMadhyamam Editorial
News Summary - Madhyamam Editorial on Census
Next Story