നെഹ്റുദിനത്തിലെ രണ്ട് ഒാർഡിനൻസുകൾ
text_fieldsമാതൃകാപരമായൊരു ജനായത്ത ഭരണക്രമം രാജ്യത്തിന് സമ്മാനിച്ച ആധുനിക ഇന്ത്യയുടെ ശിൽപികളിലൊരാളും പ്രഥമ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്റുവിനെ സംഘ്പരിവാറും അവർ നയിക്കുന്ന ഭരണകൂടവും നിരന്തരം അവഗണിക്കുകയും അവമതിക്കുകയും ചെയ്യുന്നതിൽ പ്രത്യേകിച്ച് അത്ഭുതമൊന്നുമില്ല. ആത്യന്തികമായി, ഹിന്ദുത്വയിലധിഷ്ഠിതമായൊരു ഫാഷിസ്റ്റ് ഭരണസംവിധാനം സ്വപ്നംകാണുന്ന അവർക്ക് നെഹ്റുവിെൻറ മതനിരപേക്ഷ-ജനാധിപത്യ ആശയങ്ങളെയും ആവിഷ്കാരങ്ങളെയും പേടിയോടുകൂടി മാത്രമേ കാണാനാകൂ. ആ പേടിതന്നെയാണ്, കഴിഞ്ഞദിവസം പാർലമെൻറിൽ നടന്ന അദ്ദേഹത്തിെൻറ ജന്മവാർഷിക ചടങ്ങിൽനിന്നുപോലും വിട്ടുനിൽക്കാൻ അവരെ പ്രേരിപ്പിച്ചത്.
ഞായറാഴ്ച സെൻട്രൽ ഹാളിൽ നടന്ന ചടങ്ങ് ലോക്സഭ സ്പീക്കർ ഒാം ബിർള, രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡു തുടങ്ങിയവരും ബി.ജെ.പിയുടെ ഏതാണ്ടെല്ലാ കേന്ദ്രമന്ത്രിമാരും ബഹിഷ്കരിച്ചു. പ്രസ്തുത ചടങ്ങ് നടക്കുേമ്പാൾ, തൊട്ടടുത്ത രാഷ്ട്രപതിഭവനിൽ സുപ്രധാനമായ രണ്ട് ഒാർഡിനൻസുകളിൽ ഒപ്പുവെക്കുകയായിരുന്നു പ്രസിഡൻറ് രാംനാഥ് കോവിന്ദ്. സി.ബി.െഎ, ഇ.ഡി എന്നീ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഡയറക്ടർമാരുടെ കാലാവധി രണ്ടിൽനിന്ന് അഞ്ചു വർഷമായി നീട്ടാനുള്ള ഒാർഡിനൻസുകൾക്കാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്.
ഒാർഡിനൻസും സെൻട്രൽ ഹാളിലെ നെഹ്റു അനുസ്മരണ ചടങ്ങും തമ്മിൽ നേരിട്ട് ബന്ധമൊന്നുമില്ല എന്നത് ശരിതന്നെ. പേക്ഷ, നെഹ്റു വിഭാവനം ചെയ്ത ജനാധിപത്യത്തിെൻറ ആണിക്കല്ലായി വിശേഷിപ്പിക്കാവുന്ന ഫെഡറലിസത്തെ തച്ചുതകർക്കാനും കേന്ദ്രഭരണകൂടത്തിെൻറ ഏകാധിപത്യ വാഴ്ചക്ക് അവസരമൊരുക്കാനുമുള്ള നീക്കമായി ആ ഒാർഡിനൻസുകളെ കാണുന്നതിൽ തെറ്റില്ല. അത്രക്ക് അപകടകരമാണവയെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം അതിനെതിരെ രംഗത്തുവന്നിരിക്കുന്നത്.
സാേങ്കതികമായി നോക്കിയാൽ ഒാർഡിനൻസുകളിൽ പ്രത്യേകിച്ച് അപകടങ്ങളൊന്നുമില്ല; തീർത്തും സ്വാഭാവികമെന്നോണം നേരേത്തയുള്ള രണ്ടു നിയമങ്ങളുടെ ഭേദഗതി മാത്രമാണവ. നിലവിൽ രണ്ടു വർഷമാണ് രണ്ടു ഡയറക്ടർമാരുടെയും കാലാവധി. രണ്ടു വർഷം പൂർത്തിയാക്കിയാൽ, സെലക്ഷൻ കമ്മിറ്റി അനുമതി നൽകുന്നപക്ഷം കാലാവധി ഒരു വർഷം വീതം മൂന്നു തവണയായി നീട്ടാമെന്നാണ് ഒാർഡിനൻസിെൻറ രത്നച്ചുരുക്കം. 1946ലെ ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെൻറ് നിയമത്തിലും 2003ലെ സെൻട്രൽ വിജിലൻസ് കമീഷൻ ആക്ടിലും ഭേദഗതി വരുത്തിയാണ് നിയമമന്ത്രാലയം ഒാർഡിനൻസ് രാഷ്ട്രപതിക്ക് അയച്ചത്. ഇൗ സാേങ്കതികതക്കപ്പുറം, വലിയ സങ്കീർണതകൾ ഒളിഞ്ഞുകിടക്കുന്നതാണ് കേന്ദ്രത്തിെൻറ നടപടിയെന്ന് പ്രാഥമിക വിലയിരുത്തലിൽതന്നെ ബോധ്യമാകും.
അക്കാര്യമാണ് പ്രതിപക്ഷകക്ഷികൾ ചൂണ്ടിക്കാണിച്ചിട്ടുള്ളതും. ധിറുതിപിടിച്ച് ഇത്തരമൊരു ഒാർഡിനൻസ് ഇറക്കാനുള്ള സാഹചര്യമാണ് ഏതാണ്ടെല്ലാ പ്രതിപക്ഷപാർട്ടികളും ചൂണ്ടിക്കാണിച്ചത്. സാധാരണയായി, പാർലമെൻറ് സമ്മേളനം നടക്കാത്ത കാലത്ത് അടിയന്തര സ്വഭാവമുള്ള ആവശ്യങ്ങൾക്കാണ് ഇത്തരം ഒാർഡിനൻസുകൾ പുറപ്പെടുവിക്കാറുള്ളത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ പാർലമെൻറ് സമ്മേളനം തുടങ്ങാനിരിക്കെ, അതിനു മുന്നോടിയായി ഒാർഡിനൻസ് കൊണ്ടുവരുേമ്പാൾ വിഷയം പാർലെമൻറിൽ ചർച്ചയാകാതിരിക്കാനുള്ള തന്ത്രമായേ അതിനെ കാണാനാവൂ. പാർലമെൻറിൽ കനത്ത ഭൂരിപക്ഷമുള്ളതിനാൽ, ഏറ്റവും എളുപ്പത്തിൽ പാസാക്കിയെടുക്കാവുന്നതേയുള്ളൂ ഇത്. എന്നിട്ടും, അതിന് ജനാധിപത്യത്തിെൻറ ശ്രീകോവിലിൽ പ്രവേശനം നിഷേധിച്ചുവെങ്കിൽ ആ തീരുമാനം ഏറെ നിഗൂഢമാണെന്നുതന്നെ സംശയിക്കേണ്ടിവരും.
കേന്ദ്ര അന്വേഷണ ഏജൻസികളുടെ സ്വയംഭരണത്തെയും സ്വാതന്ത്ര്യത്തെയും ദുർബലപ്പെടുത്തുന്ന നിയമഭേദഗതിയാണിതെന്ന പ്രതിപക്ഷ ആരോപണത്തെയും മുഖവിലക്കെടുത്തേ മതിയാകൂ. ഭരണകൂടത്തിൽനിന്നും കൃത്യമായ അകലം പാലിച്ചുകൊണ്ട് പ്രവർത്തിക്കുന്ന തികച്ചും സ്വതന്ത്രമായൊരു സംവിധാനം എന്ന നിലയിലാണല്ലോ ഇത്തരം അന്വേഷണ ഏജൻസികൾ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, അതതു കാലത്തെ ഭരണകൂടങ്ങളുടെ ചട്ടുകങ്ങളായി ഇൗ ഏജൻസികൾ പ്രവർത്തിക്കുന്നുവെന്നതാണ് കാലങ്ങളായി നമ്മുടെ അനുഭവം.
മോദിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ അധികാരത്തിൽവന്ന എൻ.ഡി.എ സർക്കാർ ഇൗ പ്രവണതയെ കാര്യമായി ദുരുപയോഗപ്പെടുത്തി എന്നതിനും നമ്മുടെ മുന്നിൽ സാക്ഷ്യങ്ങളേറെയുണ്ട്. രാഷ്ട്രീയശത്രുക്കളെ അടിച്ചമർത്താനും വിവിധ സംസ്ഥാനങ്ങളിൽ ഭരണമുറപ്പിക്കാനുമൊക്കെ ഇ.ഡിയെയും സി.ബി.െഎയെയുമൊക്കെ സംഘ്പരിവാർ ഭരണകൂടം യഥേഷ്ടം ഉപയോഗിച്ചിട്ടുണ്ട്. ആ സമയങ്ങളിൽ പാർട്ടിക്കുവേണ്ടി 'നിസ്തുല' സംഭാവനകൾ നൽകിയ ഏജൻസികളുടെ മേലധികാരികളെ തുടർന്നും അതേസ്ഥാനത്ത് നിലനിർത്താനുള്ള നീക്കമാണിപ്പോൾ ഒാർഡിനൻസിലൂടെ നടപ്പായിരിക്കുന്നത്. നിലവിലെ ഇ.ഡി മേധാവി സഞ്ജയ് മിശ്രയുടെ കാര്യംതന്നെ എടുക്കുക.
നീരവ് മോദി കേസിലടക്കം ദുരൂഹമായ നിലപാട് സ്വീകരിച്ച അദ്ദേഹമാണ് പ്രതിപക്ഷത്തിനെതിരായ പല കേസുകളിലും കേന്ദ്രത്തിെൻറ തുറുപ്പുശീട്ട്. 2020ൽ കാലാവധി അവസാനിച്ച അദ്ദേഹത്തിന് ഒരു വർഷംകൂടി നീട്ടിനൽകിയതാണ്; നാളെത്തോടെ നീട്ടിയ കാലാവധിയും അവസാനിക്കുന്നു. അതിനുശേഷം, അദ്ദേഹത്തെ തൽസ്ഥാനത്ത് നിലനിർത്തരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടതുമാണ്. പരമോന്നത നീതിപീഠത്തിെൻറ നിർദേശമടക്കം കാറ്റിൽപറത്തിയാണ് കേന്ദ്രം പുതിയ ഒാർഡിനൻസ്രാജിന് പുറപ്പെട്ടിരിക്കുന്നത്. കേന്ദ്ര ഏജൻസികൾ രാഷ്ട്രീയ ചട്ടുകങ്ങളാകുേമ്പാൾ തകർന്നുപോകുന്നത് ജനാധിപത്യത്തിെൻറ അന്തസ്സത്തയാണ്; ഫാഷിസം ആഗ്രഹിക്കുന്നതും അതാണ്. അതിലേക്കുള്ള വഴികളാണ് ഇൗ ഒാർഡിനൻസുകളത്രയും. അതുകൊണ്ടുതന്നെ, കേന്ദ്രനീക്കത്തിനെതിരായ പ്രതിപക്ഷത്തിെൻറ ശബ്ദത്തോട് െഎക്യപ്പെടാൻ ജനാധിപത്യവാദികൾക്ക് വലിയ ബാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.