ചരിത്ര നിമിഷം
text_fieldsബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിൽ പുതിയൊരു അധ്യായം രചിച്ചിരിക്കുകയാണ് ഇന്ത്യ. 39 ദിവസത്തെ പ്രയാണത്തിനൊടുവിൽ ചന്ദ്രയാൻ-3ലെ ലാൻഡർ ‘വിക്രം’ ഏറെ സുരക്ഷിതമായി ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയിരിക്കുന്നു; അതും ഇന്നോളം മറ്റൊരു രാജ്യവും എത്തിപ്പെടാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽതന്നെ! ചാന്ദ്രവിജ്ഞാനീയത്തിൽ പുത്തനറിവുകൾ ചന്ദ്രയാൻ-3 വരുംനാളുകളിൽ ശാസ്ത്രസമൂഹത്തിന് സമ്മാനിക്കുമെന്നുതന്നെ കരുതാം. ഒരർഥത്തിൽ, ഈ നേട്ടത്തിൽ വലിയ അത്ഭുതമില്ല. പുതിയ നൂറ്റാണ്ടിൽ, ബഹിരാകാശ ഗവേഷണ മേഖലയിൽ ലോകത്തെ വൻശക്തി രാഷ്ട്രങ്ങൾക്കൊപ്പംതന്നെയാണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ 20 വർഷത്തിനിടെ, ഐ.എസ്.ആർ.ഒയുടെ പ്രധാന ദൗത്യങ്ങളൊന്നും ഉന്നംതെറ്റിയിട്ടില്ല. ചന്ദ്രയാൻ-1 (2008), മംഗൾയാൻ (2014), അസ്ട്രോസാറ്റ് (2015) തുടങ്ങിയവയുടെ വിജയവിക്ഷേപണങ്ങളോടെതന്നെ ഈ രംഗത്ത് നമ്മുടെ രാജ്യം ആർജിച്ച മികവ് ലോകം കണ്ടതാണ്. ആകെക്കൂടി പറയാവുന്ന ഒരപവാദം, സോഫ്റ്റ് ലാൻഡിങ്ങിൽ ചന്ദ്രയാൻ-2നുണ്ടായ (2019) പരാജയമായിരുന്നു. ആ പരാജയത്തിൽനിന്ന് പാഠം ഉൾക്കൊണ്ടായിരുന്നു ചന്ദ്രയാൻ-3ന്റെ മുന്നൊരുക്കങ്ങൾ. കൂടുതൽ ക്ഷമതയോടെയും കൃത്യതയോടെയും കാര്യങ്ങൾ മുന്നോട്ടുപോയപ്പോൾ അതൊരു വൻ വിജയമായി. അതിരുകളില്ലാത്ത ആകാശസ്വപ്നങ്ങൾക്ക് നിറംപകർന്ന ഐ.എസ്.ആർ.ഒയിലെ ആയിരത്തിൽപരം വരുന്ന ഗവേഷക സംഘം ഈ ചരിത്ര നിമിഷത്തിൽ അഭിനന്ദനമർഹിക്കുന്നു.
ലാൻഡറിനുള്ളിൽ കരുതിവെച്ച റോവർ ‘പ്രഗ്യാൻ’ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങി പരീക്ഷണ-നിരീക്ഷണങ്ങൾക്ക് തുടക്കംകുറിക്കുന്നതോടെ, ചാന്ദ്രപര്യവേക്ഷണ ചരിത്രത്തിൽ പുതിയൊരു ഘട്ടം ആരംഭിക്കുകയാണെന്ന് പറയാം. ഈ മേഖലയിൽ ആദ്യമായി കാലുകുത്തുന്ന മനുഷ്യനിർമിത വസ്തു ‘പ്രഗ്യാനാ’ണ്. ഈ വാഹനം പുറത്തുവിടുന്ന വിവരങ്ങൾ അതുകൊണ്ടുതന്നെ ഏറെ നിർണായകവും ശാസ്ത്രസമൂഹത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടതുമാണ്. പ്രധാനമായും രണ്ട് പേലോഡുകളാണ് പ്രഗ്യാനിലുള്ളത്. ആൽഫ പാർട്ടിക്ക്ൾ എക്സ്റേ സ്പെക്ട്രോമീറ്ററും ലേസർ ഇൻഡ്യൂസ്ഡ് സ്പെക്ട്രോസ്കോപ്പും. ആദ്യത്തേത് ചന്ദ്രോപരിതലത്തിലെ ധാതുക്കളെക്കുറിച്ചുള്ള പഠനത്തിനും രണ്ടാമത്തേത്, ദക്ഷിണ ധ്രുവത്തിലെ പാറകളുടെയും മണ്ണിന്റെയും പ്രത്യേക നിരീക്ഷണത്തിനും. ദക്ഷിണ ധ്രുവത്തിൽ ധാരാളമായി കാണപ്പെടുന്നുവെന്ന് കരുതുന്ന മഗ്നീഷ്യം, അലുമിനിയം, സിലിക്ക, പൊട്ടാസ്യം, കാൽസ്യം, ടൈറ്റാനിയം, ഇരുമ്പ് തുടങ്ങിയ മൂലകങ്ങളുടെ തോത് എത്രമാത്രമെന്നതു സംബന്ധിച്ച് ഏകദേശ ധാരണ ലഭ്യമാക്കാൻ പ്രഗ്യാനിന് സാധിച്ചാൽ അതുതന്നെയും വലിയ സംഭവമായിരിക്കും. ഹീലിയം-3 എന്ന മൂലകത്താൽ സമ്പുഷ്ടമാണ് അതെന്ന് ഇതിനകംതന്നെ തെളിയിക്കപ്പെട്ടതാണ്. മാലിന്യമുക്ത ആണവ ഇന്ധനമെന്ന നിലയിൽ വിലമതിക്കുന്ന ഈ ഐസോടോപ്പിനെ ഭൂമിയിലെത്തിക്കുക എന്ന വിദൂര ലക്ഷ്യംകൂടി ചന്ദ്രയാനുണ്ട്. അത് സാധ്യമായാൽ, ഭൂമിയിലെ ഊർജപ്രതിസന്ധിക്കുള്ള വലിയൊരു പരിഹാരമാകും. അഥവാ, സൗരയൂഥത്തിന്റെ ഉത്ഭവത്തെയും പരിണാമത്തെയുംകുറിച്ച് പഠിക്കാനുള്ള കേവലമായ വഴി എന്നതിലപ്പുറം, സാമ്പത്തികവും മറ്റുമായ താൽപര്യങ്ങൾ വേറെയുമുണ്ട് ചന്ദ്രയാൻ ദൗത്യത്തിന്.
ഒരു ഡസൻ മനുഷ്യർ ചന്ദ്രനിലെത്തി തിരിച്ചുപോന്നതിനുശേഷം, ബഹിരാകാശ പര്യവേക്ഷണത്തിൽ ശാസ്ത്രലോകത്തിന്റെ ശ്രദ്ധ ചൊവ്വയിലേക്കും ഏതാനും ഛിന്നഗ്രഹങ്ങളിലേക്കും പിന്നെ സ്വന്തമായി ബഹിരാകാശനിലയം നിർമിച്ച് അവിടേക്കുള്ള യാത്രകളിലുമൊക്കയായിരുന്നു. എന്നാൽ, അടുത്തകാലത്തായി ഇതിന് മാറ്റം വന്നു; ഒരു വ്യാഴവട്ടത്തിനിടെ അമേരിക്കയുടെ നാസ മാത്രം അഞ്ചു ചാന്ദ്രദൗത്യങ്ങൾ വിജയകരമായി നടപ്പാക്കി. ഏറ്റവുമൊടുവിൽ അവർ മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്ന ആർട്ടിമിസ് ദൗത്യത്തിലാണുള്ളത്. തൊട്ടുപിറകെ ചൈനയുമുണ്ട്. നാലു വർഷം മുമ്പേ, അവർ ഒരു റോബോട്ടിനെ ചന്ദ്രനിലിറക്കി. 2020 ഡിസംബറിൽ അവരുടെ ഷാങ്ങെ-5 എന്ന പേടകം ചന്ദ്രനിൽനിന്ന് കല്ലും മണ്ണും ഭൂമിയിലെത്തിക്കുകയുമുണ്ടായി. ജപ്പാനും യൂറോപ്യൻ സ്പേസ് ഏജൻസിയുമെല്ലാം പുതിയ പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഇതിനിടയിൽ, റഷ്യയുടെ ‘ലൂണ’ അടക്കം ഏതാനും ദൗത്യങ്ങൾ പരാജയപ്പെടുകയും ചെയ്തു. മറ്റൊരർഥത്തിൽ, ബഹിരാകാശ പര്യവേക്ഷണത്തിൽ കടുത്തൊരു മത്സരം ഇവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്നുണ്ട്; പഴയ ‘സ്പേസ് റേസി’നെ ഓർമിപ്പിക്കുന്ന മത്സരം. ഈ ‘മൂൺ റേസി’ന്റെകൂടി ഭാഗമാണ് ചന്ദ്രയാൻ ദൗത്യവും. അതെന്തായാലും, ഇത്തരം ദൗത്യങ്ങളിലൂടെ ലഭ്യമാകുന്ന അറിവിന്റെ പ്രയോജനം ദേശ, രാഷ്ട്രങ്ങളുടെ അതിർത്തികൾക്കതീതമായി മുഴുവൻ മാനവരാശിക്കുമാണ്. അതുകൊണ്ടുതന്നെ, ഇത്തരം നേട്ടങ്ങൾ കക്ഷിരാഷ്ട്രീയത്തിന്റെയോ ഇടുങ്ങിയ ദേശീയതയുടെയോ പേരിൽ ആഘോഷിക്കപ്പെടാതിരിക്കുന്നതാണ് മാന്യത. ശാസ്ത്രനേട്ടങ്ങളെ വിശ്വമാനവികതയുടെ വിശാലതയിലേക്ക് പടർത്താനാണ് ഈ അഭിമാന നിമിഷങ്ങളിൽ നാം ശ്രമിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.