Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightനീതിപീഠമേ ഇനിയും...

നീതിപീഠമേ ഇനിയും തുടരുക ജാഗ്രത

text_fields
bookmark_border
നീതിപീഠമേ ഇനിയും തുടരുക ജാഗ്രത
cancel

യു.എ.പി.എ നിയമത്തിന്‍റെ നുകത്തിൽപെട്ട് വിചാരണത്തടവുകാരായി പതിറ്റാണ്ടിലേറെ വർഷങ്ങളായി തുറുങ്കിലടക്കപ്പെട്ടവരുടെ പ്രാഥമിക അവകാശങ്ങൾ ഇപ്പോഴും ഇരുട്ടറകളിൽ തന്നെയാണ്. നീതിയുടെ കണ്ണുകൾ സമൂഹത്തിലെ ശ്രദ്ധേയരായ മനുഷ്യരിലേക്ക് മാത്രമല്ല ദുർബലരായ ജനതകളിലേക്കുകൂടി തുറക്കുമ്പോഴാണ് സ്വാതന്ത്ര്യത്തിന്‍റെ, ജനാധിപത്യത്തിന്‍റെ പൂർണമായ സന്തോഷം കരഗതമാകുക

ഓൺലൈൻ മാധ്യമ സ്ഥാപനമായ ന്യൂസ്‌ക്ലിക്ക് സ്ഥാപകനും തലമുതിർന്ന പത്രപ്രവർത്തകനുമായ പ്രബീർ പുർകായസ്തയെ ഭീകരവാദ കേസിൽ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്നും അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്നുമുള്ള സുപ്രീംകോടതി വിധി, ഭരണകൂടത്തിന്റെ അമിതാധികാരത്തിനെതിരെ ശബ്ദമുയർത്തുന്ന മാധ്യമ-പൗരാവകാശ പ്രവർത്തകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഡൽഹി സ്പെഷൽ സെൽ തയാറാക്കിയ പുർകായസ്തയുടെ റിമാൻഡ് ഉത്തരവ് അസാധുവാണെന്നും അദ്ദേഹത്തിന്‍റെ അറസ്റ്റ് നിയമവിരുദ്ധമായിരുന്നുവെന്നും ആ സമയത്ത് അറസ്റ്റിന്‍റെ കാരണങ്ങളൊന്നും അദ്ദേഹത്തിന് നൽകിയില്ലെന്നും പറയുന്നതിൽ തങ്ങൾക്ക് യാതൊരു മടിയുമില്ലെന്ന് വ്യക്തമാക്കിയതിലൂടെ ജസ്റ്റിസ് ബി.ആർ. ഗവായും ജസ്റ്റിസ് സന്ദീപ് മേത്തയും നടത്തിയിരിക്കുന്നത് നിശിതമായ ഭരണകൂട വിമർശനമാണ്. ന്യൂസ്‌ക്ലിക്ക് കേസിൽ ഡൽഹി പൊലീസും കേന്ദ്ര സർക്കാറും നടത്തിയ നിയമലംഘനങ്ങളിലേക്കും പൗരാവകാശ ധ്വംസനങ്ങളിലേക്കും വെളിച്ചംവീശുക കൂടി ചെയ്യുന്നുണ്ട് സുപ്രീംകോടതിയുടെ നിരീക്ഷണങ്ങൾ. അതിലുപരി ഭരണകൂടത്തിന്റെ ഏറ്റവും ഭീകരമായ മർദനോപകരണമാണ് യു.എ.പി.എ എന്ന കഠോരനിയമമെന്ന് ഈ വിധി വീണ്ടും തെളിയിക്കുന്നു.

ഇന്ത്യയുടെ പരമാധികാരം തകർക്കാനും രാജ്യത്തിനെതിരെ ശത്രുത വളർത്താനും ന്യൂസ്‌ക്ലിക്കിന് ചൈനയിൽനിന്ന് പണം ലഭിച്ചുവെന്ന് ന്യൂയോർക് ടൈംസിൽ വന്ന വാർത്തയുടെ ചുവടുപിടിച്ചാണ് കേന്ദ്ര സർക്കാറിന്‍റെ കൃത്യമായ അറിവോടെ 2023 ഒക്ടോബർ മൂന്നിന് ഡൽഹി സ്പെഷൽ പൊലീസ് പുർകായസ്തയെയും എച്ച്.ആർ മാനേജർ അമിത് ചക്രവർത്തിയെയും അറസ്റ്റ് ചെയ്തത്. ഈ അറസ്റ്റിനോടനുബന്ധിച്ച്, രാജ്യത്തുടനീളം 80 ഓളം മാധ്യമപ്രവർത്തകരുടെ വീടുകളിലും ഓഫിസുകളിലും വ്യാപകമായ റെയ്ഡുകൾ നടക്കുകയും അവരുടെ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. സാധാരണയായി ഒരു മാധ്യമസ്ഥാപനത്തിനെതിരെ ചിന്തിക്കാനാകാത്ത വകുപ്പുകൾ ചേർത്തായിരുന്നു (യു.എ.പി.എ വകുപ്പ് 13 (നിയമവിരുദ്ധ പ്രവർത്തനങ്ങൾ), 16 (ഭീകരവാദ പ്രവർത്തനങ്ങൾ), 17 (ഭീകരവാദത്തിന് സാമ്പത്തിക സഹായം നൽകൽ), 18 (ഗൂഢാലോചന)) കേസ്. 77 വയസ്സ് പിന്നിട്ട പുർകായസ്തക്ക് ജാമ്യം അനുവദിക്കുന്നത് രാജ്യത്തിന്‍റെ ഭദ്രത തകർക്കുമെന്ന വാദത്തെ നിരാകരിച്ചുകൊണ്ട് അറസ്റ്റിനുള്ള കാരണങ്ങൾ രേഖാമൂലം നൽകാതിരിക്കുന്നത് ജീവിക്കാനുള്ള അവകാശത്തിനും നിയമനടപടികളുടെ ലംഘനവുമാണെന്ന കപിൽ സിബലിന്‍റെ വാദം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. ഏറെ പ്രമാദമായ ഭീമാ കൊറഗാവ് കേസിൽ വിചാരണനേരിടുന്ന സാമൂഹിക പ്രവർത്തകൻ ഗൗതം നവ്‌ലാഖക്ക് ബോംബെ ഹൈകോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന എൻ.ഐ.എയുടെ ആവശ്യം സുപ്രീംകോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. യു.എ.പി.എ പ്രകാരം ഏതെങ്കിലും തീവ്രവാദ പ്രവർത്തനവുമായി നവ്‌ലാഖയെ ബന്ധിപ്പിക്കുന്നതിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു 2023 ഡിസംബർ 19ന് ഹൈകോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.

ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗങ്ങൾക്കെതിരെ ജനാധിപത്യ സ്ഥാപനങ്ങൾ ജാഗ്രത പാലിക്കുന്നുണ്ട് എന്നതിന്റെ സന്തോഷം ഈ രണ്ട് വിധികളിലും പ്രകാശിക്കുന്നുണ്ട്. ഭീമാ കൊറഗാവ് കേസിൽ മലയാളികളായ റോണ വിൽസൻ, ഹാനി ബാബു തുടങ്ങിയവരുൾപ്പെടെ രാജ്യമറിയുന്ന 16 മനുഷ്യാവകാശ പ്രവർത്തകരിൽ ഭൂരിഭാഗവും ഇപ്പോഴും ജാമ്യംപോലും നിഷേധിക്കപ്പെട്ട് ജയിലിൽ കഴിയേണ്ടിവരുന്നത് രാജ്യദ്രോഹപ്രവർത്തനങ്ങൾ നിമിത്തമല്ല, ഭരണകൂടത്തിന് അഹിതകരമായി ഉറക്കെ സംസാരിച്ചു എന്നതുകൊണ്ട് മാത്രമാണ്. അതിർത്തി പ്രദേശങ്ങളിൽ നടക്കുന്നതും കേന്ദ്രം മറച്ചുവെക്കാനാഗ്രഹിക്കുന്നതുമായ അന്യാധീനങ്ങളെ വെളിച്ചത്തുകൊണ്ടുവന്നു എന്നതായിരുന്നു പുർകായസ്ത ചെയ്ത യഥാർഥ കുറ്റം. ഇത്തരം അറസ്റ്റുകളിലൂടെ തങ്ങൾക്കെതിരെ സംസാരിക്കുന്നവരെ നിശ്ശബ്ദമാക്കാനാകുമെന്ന അധികാരികളുടെ വിശ്വാസത്തെ ശരിക്കും അരക്കിട്ടുറപ്പിച്ചത് ശക്തമായി നിലപാടെടുക്കേണ്ട മുഖ്യധാരാ മാധ്യമങ്ങളുടെ മൗനങ്ങളും ഭരണകൂട സ്തുതിഗീതങ്ങളുമായിരുന്നു. നീതിയുടെ കണ്ണുകളിൽ പ്രഥമദൃഷ്ട്യാ അസാധുവാകുന്ന നിയമലംഘനങ്ങൾ രാജ്യത്ത് സജീവ ചർച്ചയാകുന്നതിൽനിന്ന് തടഞ്ഞതിൽ അന്ധത ബാധിച്ച ജനാധിപത്യ സംവിധാനങ്ങൾക്കും സ്ഥാപനങ്ങൾക്കും പങ്കുണ്ടെന്ന വസ്തുത വിസ്മരിച്ചുകൂടാ. യു.എ.പി.എ നിയമത്തിന്‍റെ നുകത്തിൽപെട്ട് വിചാരണത്തടവുകാരായി പതിറ്റാണ്ടിലേറെ വർഷങ്ങളായി തുറുങ്കിലടക്കപ്പെട്ടവരുടെ പ്രാഥമിക അവകാശങ്ങൾ ഇപ്പോഴും ആരുടെ ദൃഷ്ടിയിലും പെടാതെ ഇരുട്ടറകളിൽതന്നെയാണ്. നീതിയുടെ കണ്ണുകൾ സമൂഹത്തിലെ ശ്രദ്ധേയരായ മനുഷ്യരിലേക്ക് മാത്രമല്ല ദുർബലരായ ജനതകളിലേക്കുകൂടി തുറക്കുമ്പോഴാണ് സ്വാതന്ത്ര്യത്തിന്‍റെ, ജനാധിപത്യത്തിന്‍റെ പൂർണമായ സന്തോഷം കരഗതമാകുക. അതിലേക്കുള്ള ശരിയായ നടപടിക്രമങ്ങളാണ് പുർകായസ്തയുടെ കേസിൽ സുപ്രീംകോടതി നടത്തിയ വിധിപ്രസ്താവം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialPrabir Purkayastha
News Summary - Madhyamam Editorial on Delhi court grants bail to NewsClick founder Prabir Purkayastha
Next Story