എല്ലാ തലകളും കുനിഞ്ഞുപോകേണ്ട നാണക്കേട്
text_fields'നാണക്കേടുകൊണ്ട് എന്റെ ശിരസ്സ് കുനിഞ്ഞുപോകുന്നു'- ചൊവ്വാഴ്ച ഒരു കേസുവിസ്താരം കേൾക്കുന്നതിനിടെ ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസ് സതീശ് ചന്ദ്ര ശർമ കോടതിയിൽ തുറന്നുപറഞ്ഞതാണിത്. കൃത്യനിർവഹണത്തിനിടെ മരിച്ച സാധുക്കളായ രണ്ടു മനുഷ്യരുടെ നിരാലംബരായ ആശ്രിതർക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ ഡൽഹി വികസന അതോറിറ്റി (ഡി.ഡി.എ)യോട് കഴിഞ്ഞ മാസം ആറിന് നിർദേശിച്ചതാണ് ഹൈകോടതി. 40 ദിവസമായിട്ടും നൽകിയില്ലെന്നു മാത്രമല്ല, ഞങ്ങളല്ല നിങ്ങൾ നൽകണമെന്ന് പറഞ്ഞ് പരസ്പരം ഒഴിഞ്ഞുമാറി തർക്കം തുടരുന്നു ഡി.ഡി.എയും ഡൽഹി സർക്കാറും.
സഹസ്ര കോടികളുടെ വാർഷിക ബജറ്റുള്ള സംവിധാനമാണ് തലസ്ഥാനനഗരിയുടെ പശ്ചാത്തലവികസനവും മുഖച്ഛായ മാറ്റലും സൗന്ദര്യവത്കരണവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്ന ഡി.ഡി.എ. ഭരണനേട്ടങ്ങളും അപദാനങ്ങളും ഉദ്ഘോഷിക്കാൻ ഡൽഹിയിലും മറ്റു സംസ്ഥാനങ്ങളിലുമിറങ്ങുന്ന പത്രങ്ങളിൽ കോടികൾ മുടക്കി നിരന്തരം പരസ്യംചെയ്യുന്ന, മുതിർന്ന വോട്ടർമാരെ സൗജന്യമായി തീർഥയാത്രക്ക് കൊണ്ടുപോകുന്ന ഡൽഹി സർക്കാറിനും ഖജനാവിൽ പണമില്ലാത്ത പ്രശ്നമില്ല എന്നു വേണം മനസ്സിലാക്കാൻ. കൃത്യനിർവഹണത്തിനിടെ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കും കോവിഡ് പോരാളികൾക്കും ഖജനാവിൽനിന്ന് കോടി രൂപ നഷ്ടപരിഹാരം നൽകിയിട്ടുണ്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ, പിന്നെ എന്തുകൊണ്ടാവും ഈ പണം നൽകാൻ മാത്രം ഇവർക്കിത്ര സങ്കോചം?
രാജ്യം പുഴുക്കളോളംപോലും വിലകൽപിക്കാത്ത, അഴുക്കുചാൽ പണിക്കാരായ രണ്ടു മനുഷ്യരാണ് മരിച്ചുപോയവർ എന്നതുതന്നെ കാരണം. സെപ്റ്റംബർ ഒമ്പതിന് മുണ്ട്ക മേഖലയിലെ ലോക് നായക് പുരയിലാണ് ഈ ദുരന്തം സംഭവിച്ചത്. അഴുക്കുചാലിൽ എന്തോ കെട്ടിക്കിടക്കുന്നതിനാൽ ഒരു റെസിഡന്റ് സൊസൈറ്റിയിൽ നിന്നുള്ള മലിനജലമൊഴുക്ക് തടസ്സപ്പെട്ടിരിക്കുന്നു എന്ന പരാതിയെത്തുടർന്ന് വൃത്തിയാക്കാനിറങ്ങിയതാണ് രോഹിത് ചണ്ഡ്‍ലിയ (32) എന്ന ശുചീകരണ തൊഴിലാളി. ഏറെനേരം കഴിഞ്ഞിട്ടും രോഹിത് തിരിച്ചുകയറാതെയായപ്പോൾ രക്ഷിക്കാനായി ഡി.ഡി.എ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ അശോകും (30) ഇറങ്ങി. അതിനുള്ളിലെ വിഷവാതകങ്ങൾ ശ്വസിച്ച രോഹിതും അശോകും ജീവനറ്റാണ് തിരിച്ചെത്തിയത്.
ഈ മനുഷ്യർ സമ്പാദിച്ചുകൊണ്ടുവന്നിരുന്ന ഏതാനും ഗാന്ധിത്തല നോട്ടുകൾകൊണ്ടാണ് പറക്കമുറ്റാത്ത കുഞ്ഞുങ്ങളുള്ള രണ്ടു കുടുംബങ്ങൾ കഴിഞ്ഞുപോന്നത്.
സ്വാതന്ത്ര്യംകിട്ടി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും പാവപ്പെട്ട മനുഷ്യർ ജീവിക്കാനായി അഴുക്കുചാൽ പണിക്കിറങ്ങേണ്ടി വരുന്നുവെന്നത് ദൗർഭാഗ്യകരമാണ് എന്ന പരാമർശത്തോടെ, മരണം സംബന്ധിച്ച പത്രവാർത്തയെ പൊതുതാൽപര്യഹരജിയായി പരിഗണിച്ച് ഹൈകോടതി സ്വമേധയാ കേസെടുത്താണ് നഷ്ടപരിഹാരത്തിന് ഉത്തരവിട്ടിരുന്നത്. നമ്മുടെ ജീവിതം സൗകര്യപ്രദമാക്കാനായി പണിയെടുക്കുന്ന മനുഷ്യരോട് അധികാരികൾ കൈക്കൊള്ളുന്ന ഇത്തരം സമീപനം അനഭിലഷണീയമാണ് എന്നും കഴിഞ്ഞ ദിവസം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
വർഷങ്ങൾക്കുമുമ്പേ, കൃത്യമായിപ്പറഞ്ഞാൽ 1993ൽ രാജ്യത്ത് നിയമംമൂലം നിരോധിച്ചതാണ് തോട്ടിപ്പണി. 2013ൽ ഒരു ഭേദഗതിയിലൂടെ അഴുക്കുചാൽ, കക്കൂസ് ടാങ്ക് വൃത്തിയാക്കൽ ജോലികളും അതിന്റെ പരിധിയിൽപെടുത്തി. ഒരു വ്യക്തിയെ അത്തരം ജോലികൾക്ക് നിയോഗിക്കുന്നത് തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഈ നിരോധന ഉത്തരവുകളെല്ലാം നിലനിൽക്കെ ഒരിടത്തല്ലെങ്കിൽ മറ്റൊരിടത്തായി അഞ്ചു ദിവസത്തിൽ ഒരു ശുചീകരണത്തൊഴിലാളി വീതം അഴുക്കുചാലുകൾക്കും കക്കൂസ് ടാങ്കുകൾക്കുമുള്ളിൽ മരിച്ചുവീഴുന്നു; ഡൽഹി ഹൈകോടതിയുടെ വാക്കുകൾ കടമെടുത്താൽ 'നമ്മുടെ ജീവിതം സൗകര്യപ്രദമാക്കാൻ ഇറങ്ങിയവർ'.
രാജ്യത്ത് തോട്ടിപ്പണി എന്നൊരു ഏർപ്പാടേ ഇപ്പോഴില്ല എന്നാണ് കേന്ദ്ര സാമൂഹികനീതി-ശാക്തീകരണ മന്ത്രി ഏതാനും മാസം മുമ്പ് ലോക്സഭയിൽ അറിയിച്ചത്. എന്നാൽ, അഞ്ചു വർഷത്തിനിടെ 330 പേർ സെപ്റ്റിക്-അഴുക്കുചാൽ ടാങ്കുകൾ വൃത്തിയാക്കവെ മരിച്ചതായും മന്ത്രി സമ്മതിച്ചിരുന്നു.
ഭക്ഷണശാലകളിൽ വിളമ്പുജോലിക്കുപോലും റോബോട്ടുകളെ നിയോഗിക്കുന്നു ഞങ്ങളെന്ന് വീമ്പിളക്കുന്ന നമ്മുടെ രാജ്യത്ത് മാലിന്യം കോരാൻ മാത്രമെന്തേ മനുഷ്യർ, അതും നൂറു ശതമാനവും ദലിത്-പിന്നാക്ക ജാതികളിൽ നിന്നുള്ളവർ വേണമെന്ന് ഇത്ര നിർബന്ധം?
ദീർഘിപ്പിച്ചുനൽകിയ 15 ദിവസക്കാലാവധിക്കിടയിൽ രോഹിതിന്റെയും അശോകിന്റെയും കുടുംബത്തിന് ഡി.ഡി.എയോ ഡൽഹി സർക്കാറോ നഷ്ടപരിഹാരം നൽകിയേക്കും എന്നുതന്നെ പ്രതീക്ഷിക്കുക. പക്ഷേ, തീർത്തും മനുഷ്യത്വരഹിതമായ രീതിയിൽ മനുഷ്യരെ മരണവായിലേക്ക് ഇറക്കിവിടുന്ന ഈ ജോലിയിൽനിന്ന് ദലിത്-പിന്നാക്ക ജീവിതങ്ങൾക്ക് അടുത്തെങ്ങും മോചനം ലഭിക്കുമെന്ന് പ്രതീക്ഷവെക്കാനുള്ള യാതൊരു സാധ്യതയും നമുക്കു മുന്നിലില്ല.
നാണക്കേടുകൊണ്ട് നീതിപീഠം മാത്രമല്ല, ഇന്ത്യൻ ജനത ഒന്നാകെ തലതാഴ്ത്തിനിൽക്കേണ്ടത്ര പതിതമാണ് അവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.