വൈദ്യുതി ബോർഡിന്റെ ഇരുട്ടടി
text_fields‘കേരളപ്പിറവി’യുടെ വാർഷികാഘോഷങ്ങൾക്കിടെ കേരളിയരെയാകെ ഷോക്കടിപ്പിച്ചിരിക്കുകയാണ് സംസ്ഥാന വൈദ്യുതി ബോർഡ്. ഏതാനും മാസങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന വൈദ്യുതി ചാർജ് വർധന സംബന്ധിച്ച ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങി. ഫിക്സഡ് ചാർജിനുപുറമെ, യൂനിറ്റിന് ശരാശരി 20 പൈസ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. നിലവില്‍ പ്രതിമാസം 150 യൂനിറ്റ് ഉപയോഗിക്കുന്നവര്‍ 605 രൂപയാണ് എനര്‍ജി ചാര്‍ജ് ഇനത്തില്‍ നല്‍കേണ്ടത്. എന്നാല്‍, പുതിയ വര്‍ധനയോടെ ഇത് 728 രൂപയോളമാകും.
അതായത്, രണ്ടുമാസം കൂടുമ്പോള്‍ വരുന്ന ഒരു വൈദ്യുതി ബില്ലില്‍ എനര്‍ജി ചാര്‍ജിന് മാത്രം 244 രൂപയുടെ വര്‍ധനയുണ്ടാകും. ഇതിനുപുറമെ രണ്ടുമാസത്തെ ഫിക്സഡ് ചാര്‍ജായ 170 രൂപയും നിലവില്‍ ഈടാക്കുന്ന സര്‍ചാര്‍ജും നല്‍കണം. പ്രതിമാസം 150 യൂനിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് 122 രൂപയുടെ വര്‍ധനയാണ് ഉണ്ടാവുക. പുതിയ നിരക്കുകൾ പൊതുവായി വിശകലനം ചെയ്യുമ്പോൾ ശരാശരി 20 ശതമാനം അധികം തുക അടക്കേണ്ടിവരും ഉപഭോക്താക്കൾ. കോവിഡും അനുബന്ധ സാഹചര്യങ്ങളും ഏൽപിച്ച സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് ഇനിയും മുക്തമായിട്ടില്ലാത്ത കേരളത്തിൽ തീർച്ചയായും ഈ നിരക്ക് വർധന അധിക ഭാരം തന്നെയാണ്. ഇതിനെ ജനദ്രോഹപരം എന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാനാവില്ല.
സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ഏതാനും ദിവസം മുമ്പ് സർക്കാർ തന്നെ ഹൈകോടതിയെ ബോധിപ്പിച്ചതാണ്. അത് മറ്റൊരു സാഹചര്യത്തിലായിരുന്നുവെങ്കിലും സാമ്പത്തിക പ്രതിസന്ധി എന്നത് വസ്തുതയാണ്. അതിന്റെ പേരിലാണല്ലോ, തലസ്ഥാനത്ത് സർക്കാർ സംഘടിപ്പിച്ച ‘കേരളീയം’ ആഘോഷം ധൂർത്താണെന്ന വാദം പ്രതിപക്ഷം ഉയർത്തിയിരിക്കുന്നത്. അതെന്തായാലും, സാമ്പത്തിക പ്രതിസന്ധി സർക്കാറിനും അനുബന്ധ സംവിധാനങ്ങൾക്കും മാത്രമല്ലെന്ന് അധികാരികൾ തിരിച്ചറിയേണ്ടതുണ്ട്. സാമ്പത്തികഭാരം മുഴുവൻ ജനങ്ങളുടെ മേൽ കെട്ടിവെക്കുന്നൊരു ധനകാര്യ മാനേജ്മെന്റ് സംവിധാനമാണ് കഴിഞ്ഞ കുറച്ചുകാലമായി ഇവിടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. നടപ്പു സാമ്പത്തികവർഷം മാത്രം പ്രാബല്യത്തിൽ വന്ന നികുതി വർധനയുടെ കാര്യമെടുത്താൽ തന്നെ ഇക്കാര്യം ആർക്കും ബോധ്യപ്പെടും. കഴിഞ്ഞ ബജറ്റ് പ്രഖ്യാപനങ്ങളിലെ നികുതി നിർദേശങ്ങളത്രയും ജനങ്ങളുടെ ജീവിതഭാരം വർധിപ്പിക്കുന്നതായിരുന്നുവല്ലോ.
സാമൂഹിക സുരക്ഷയുടെ പേരിൽ പെട്രോളിനും ഡീസലിനും ചുമത്തിയ രണ്ടുരൂപ സെസ്, ജീവിതം വഴിമുട്ടിക്കുന്ന വിലക്കയറ്റത്തിലേക്ക് നേരിട്ടുതന്നെ വഴിതുറന്നു. ഭൂമിയുടെ ന്യായവില 20 ശതമാനമാണ് വർധിപ്പിച്ചത്; ആനുപാതികമായി രജിസ്ട്രേഷൻ ഫീസും ഉയർത്തി. ഇതോടൊപ്പം, ഫ്ലാറ്റുകളുടെയും അപ്പാർട്മെന്റുകളുടെയും രജിസ്ട്രേഷൻ തുകയും വർധിപ്പിച്ചു. വാഹന വിലയും കൂട്ടിയതിനൊപ്പം റോഡ് സുരക്ഷാ സെസ് ഇരട്ടിയുമാക്കി. ബജറ്റിനുമുമ്പേതന്നെ, വെള്ളക്കരം മൂന്നിരട്ടിയിലധികം ഉയർത്തി. ഇതിനെല്ലാം പുറമെയാണിപ്പോൾ വൈദ്യുതിക്കരവും വർധിപ്പിച്ചിരിക്കുന്നത്. ഇതെല്ലാം പരിഗണിക്കുമ്പോൾ, കഴിഞ്ഞ എട്ടുമാസത്തിനിടെ സാധാരണക്കാർക്കുണ്ടായിട്ടുള്ള അധികച്ചെലവ് നാം ഊഹിക്കുന്നതിനും അപ്പുറമാണ്. നിർമാണ, തൊഴിൽ മേഖലകളിൽ ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ഏറെ വലുതായിരിക്കും.
സാമൂഹിക സുരക്ഷയുടെയും മറ്റും പേരിൽ ഏകദേശം 3000 കോടി രൂപയോളം നേരിട്ടും 1000 കോടി തദ്ദേശ സ്ഥാപനങ്ങൾ വഴിയും അധികമായി സമാഹരിച്ച് സർക്കാറിന്റെ ധനപ്രതിസന്ധി മറികടക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു സർക്കാറിന്റെ പുതിയ നികുതി നിർദേശങ്ങൾ. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടും നാമമാത്ര ഇളവുകൾക്ക് മാത്രമാണ് സർക്കാർ തയാറായത്. സർക്കാറിന്റെ ഈ സമീപനത്തെ പ്രതിപക്ഷവും പൗരസമൂഹവും ‘നികുതി കൊള്ള’ എന്നാണ് വിശേഷിപ്പിച്ചത്. സമാനമായൊരു ‘കൊള്ള’ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് സംസ്ഥാന വൈദ്യുതി ബോർഡും. 1000 കോടിയിലധികം രൂപയുടെ അധിക വരുമാനം ലക്ഷ്യമിട്ടാണ് ബോർഡ് പുതിയ ഇരുട്ടടിക്കൊരുങ്ങുന്നത്. വാസ്തവത്തിൽ ഇതിലും വലിയ കൊള്ളക്കാണ് കെ.എസ്.ഇ.ബി തയാറെടുത്തിരുന്നത്. യൂനിറ്റിന് 40 പൈസ വർധിപ്പിക്കണമെന്നായിരുന്നുവത്രെ ബോർഡിന്റെ ശിപാർശ. അത് റെഗുലേറ്ററി കമീഷൻ പകുതിയാക്കി. ഓരോ വർഷവും വൈദ്യുതി ചാർജ് വർധിപ്പിക്കണമെന്ന ബോർഡിന്റെ നിർദേശവും കമീഷൻ തൽക്കാലത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്.
മറ്റൊരർഥത്തിൽ, ഇപ്പോഴത്തെ നിരക്കുവർധനയിൽ മാത്രമായി കാര്യങ്ങൾ അവസാനിക്കില്ലെന്ന് ചുരുക്കം. പല മേഖലകളിലും സബ്സിഡി ഒഴിവാക്കിയതുംകൂടി ചേർത്തുവായിച്ചാൽ മലയാളിയുടെ വൈദ്യുതിച്ചെലവ് ഇനിയും കുതിച്ചുയരുമെന്നുതന്നെ വേണം കരുതാൻ. നിവൃത്തികേടുകൊണ്ടാണ് ഇതെല്ലാമെന്ന് വേണമെങ്കിൽ അധികാരികൾക്ക് ന്യായീകരിക്കാം. ആ ന്യായീകരണത്തിൽ ചില വാസ്തവങ്ങളുമുണ്ട്. സംസ്ഥാനത്തിന്റെ ധനസ്ഥിതി, ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര സർക്കാറിന്റെ നെറികെട്ട രാഷ്ട്രീയ സമീപനമാണ് ഖജനാവ് ഇവ്വിധം ശൂന്യമാകാൻ കാരണമെന്നും അറിയാത്തതല്ല. എന്നാൽ, അതോടൊപ്പം നമ്മുടെ ധനകാര്യ മാനേജ്മെന്റിലും ഗുരുതര വീഴ്ച സംഭവിച്ചതും അംഗീകരിച്ചേ മതിയാകൂ. 21,000 കോടിയിലധികം രൂപ റവന്യൂ കുടിശ്ശികയുള്ള സംസ്ഥാനമാണ് കേരളം. അത് കൃത്യമായി പിരിച്ചെടുത്താൽതന്നെ ഈ പ്രതിസന്ധിക്ക് വലിയ അളവിൽ പരിഹാരമാകും. എന്നാൽ, എല്ലാം സാധാരണക്കാരനുമേൽ കെട്ടിവെക്കാനാണ് സർക്കാറിന് താൽപര്യമെന്നുവന്നാൽ പ്രതിഷേധമല്ലാതെ മറ്റു വഴികളില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.