മരണത്തിലേക്ക്വഴികാട്ടരുതേ ഗൂഗ്ൾ
text_fieldsവിവരങ്ങൾ തിരയാനും സംശയങ്ങൾ ദൂരീകരിക്കാനും സന്ദേശങ്ങളും പണവും കൈമാറാനും തുടങ്ങി നാം ജീവിക്കുന്ന കാലത്തിന്റെ ചലനഗതി സുഗമമാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട് സാങ്കേതികരംഗത്തെ ഭീമൻ എന്ന് വിശേഷിപ്പിക്കാവുന്ന ഗൂഗ്ൾ കമ്പനി. സ്റ്റാൻഫോഡ് സർവകലാശാലയിലെ ഗവേഷണ വിദ്യാർഥികളായിരുന്ന സെർഗെ ബ്രിൻ, ലാറി പേജ് എന്നിവർ ഹോസ്റ്റൽ മുറിയിലും പിന്നീട് ഒരു ഗാരേജിലുമായി എളിയ മട്ടിൽ തുടങ്ങി പിന്നീട് ലോകത്തോളം വിശാല സാന്നിധ്യമായിത്തീർന്ന ഗൂഗ്ൾ കഴിഞ്ഞ മാസം 27നാണ് 25ാം പിറന്നാൾ ആഘോഷിച്ചത്.
വിദ്യാർഥികൾ, അധ്യാപകർ, വൈദ്യശാസ്ത്ര വിദഗ്ധർ, രക്ഷാപ്രവർത്തകർ, നിയമപാലകർ, എൻജിനീയർമാർ, മാധ്യമപ്രവർത്തകർ, കലാപ്രവർത്തകർ എന്നിങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലയിലുമുള്ള ജനങ്ങൾക്കിടയിൽ പോയ കാൽനൂറ്റാണ്ടിനിടെ ഗൂഗ്ളിന്റെ സെർച് എൻജിനോട് കടപ്പെടാത്തവർ കുറവായിരിക്കും. വിരൽതുമ്പിൽ വിരിയുന്ന ഈ വിവരമുനമ്പിന് ‘മഹാഗുരു’വെന്നും ‘ഹസ്രത്ത് ഗൂഗ്ൾ’ എന്നും പേരു വീണത് വെറുതെയല്ല. ഇന്ത്യയിൽ ജനിച്ച സുന്ദർ പിച്ചൈ സി.ഇ.ഒ സ്ഥാനത്ത് എത്തിയത് ആ സ്ഥാപനത്തോടുള്ള നമ്മുടെ വൈകാരിക അടുപ്പം കൂടുതൽ ദൃഢമാക്കി. ഒരുകാലത്ത് സാങ്കേതിക വിദഗ്ധർക്കും കുറഞ്ഞപക്ഷം കമ്പ്യൂട്ടർ സാക്ഷരതയുള്ളവർക്കും മാത്രം വഴങ്ങിയിരുന്ന ഗൂഗ്ൾ സേവനങ്ങൾ ശരീരത്തിന്റെ ഭാഗമെന്നോണം സദാ ഒപ്പമുള്ള സ്മാർട്ട് ഫോണുകളിലേക്ക് കുടിയേറിയതോടെ സാർവത്രികമായി.
നിർണായകമായ പല വിവരങ്ങളും മറച്ചുപിടിച്ചും തമസ്കരിച്ചും അതിശക്തരായ ഭരണകൂടങ്ങൾക്കും സ്ഥാപനങ്ങൾക്കും വ്യവസായ ഗ്രൂപ്പുകൾക്കും താൽപര്യമുള്ള വിവരങ്ങളെ പ്രാധാന്യപൂർവം പ്രദർശിപ്പിച്ചുമെല്ലാം ഒരുതരം മുതലാളിത്ത രോഗലക്ഷണം പ്രകടിപ്പിക്കുന്നുവെന്ന ആക്ഷേപം നിലനിൽക്കെതന്നെ ഗൂഗ്ൾ നൽകിവരുന്ന സേവനങ്ങളെ ആർക്കും അത്രവേഗം തള്ളിപ്പറയാനാവാത്തൊരു സാഹചര്യമാണിന്ന്. എങ്കിലുമതേ, ജീവിക്കാനുള്ള അവകാശം മനുഷ്യരുടെ മൗലികാവകാശമാണെന്നിരിക്കെ ജീവന് ഭീഷണി സൃഷ്ടിക്കുന്ന ഒരു ഗുരുതര പിഴവിനെക്കുറിച്ച് പറയാതിരിക്കാനാവില്ല.
ഗൂഗ്ൾ പിറന്നാൾ ആഘോഷിച്ചതിന്റെ രണ്ടാം നാൾ കേരളത്തിൽ ഒരു വാഹനാപകടം സംഭവിച്ചു. പിറന്നാൾ ആഘോഷം കഴിഞ്ഞ് എറണാകുളത്തുനിന്ന് കൊടുങ്ങല്ലൂരിലേക്ക് മടങ്ങിയ സുഹൃത്തുക്കൾ സഞ്ചരിച്ച കാർ ഗോതുരുത്ത് കടൽവാതുരുത്തിലെ പെരിയാറിന്റെ കൈവഴിയിൽ വീണ് അപകടമുണ്ടാവുകയും രണ്ട് യുവഡോക്ടർമാർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. ആധുനികലോകത്ത് ഭൂരിഭാഗം ആളുകളും ചെയ്യുന്നതു പോലെ യാത്രയിൽ അവർ വഴികാട്ടിയാക്കിയത് ഗൂഗ്ളിനെയായിരുന്നു. ഗൂഗ്ൾ മാപ്പ് നൽകിയ നിർദേശങ്ങൾ പിന്തുടർന്ന് വാഹനമോടിച്ചാണ് കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചത് എന്നായിരുന്നു പ്രാഥമിക വിവരം. ഗൂഗ്ൾ നിരപരാധിയാണെന്നും വഴി കൃത്യമായി രേഖപ്പെടുത്തിയിരുന്നുവെന്നും മറ്റുമുള്ള വിശദീകരണങ്ങൾ പൊലീസ്, മോട്ടോർ വാഹനവകുപ്പ് അധികൃതരെ ഉദ്ധരിച്ച് പിന്നാലെ വരുകയുണ്ടായി. ഈ സംഭവത്തിൽ കുറ്റമുക്തി നൽകിയാൽപോലും ഗൂഗ്ൾ മാപ്പ് യാത്രികരെ വഴി തെറ്റിക്കുന്നതും അപകടത്തിൽപെടുത്തുന്നതും ആദ്യ സംഭവമല്ല. രാജ്യത്ത് ഈ അടുത്തകാലത്ത് വാഹനങ്ങൾ ജലാശയങ്ങളിൽ വീണുണ്ടായ അപകടങ്ങളെ പഠനവിധേയമാക്കിയാൽ അത് വ്യക്തമാവും. മഹാരാഷ്ട്രയിലെ അഹ്മദ് നഗറിനടുത്ത അകോലിൽ കാർ അണക്കെട്ടിൽ വീണ് മരണം സംഭവിച്ചതും കോട്ടയത്ത് കുടുംബം സഞ്ചരിച്ച കാർ കനാലിൽ ചെന്നുവീണതുമെല്ലാം ഉദാഹരണങ്ങൾ മാത്രം. അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ഗൂഗ്ൾ മാപ്പ് നിർദേശം പാലിച്ച് വാഹനമോടിച്ച് പോകുന്നവർ ചെന്നെത്തുന്ന കുരുക്കിനെക്കുറിച്ച് ഈയിടെ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഉപഗ്രഹ ദൃശ്യങ്ങളുടെയും ഉപയോക്താക്കൾ നൽകുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തിൽ സജ്ജമാക്കുന്ന മാർഗനിർദേശമാണെന്നിരിക്കിലും ജീവന് ഭീഷണിയാവുന്ന രീതിയിലേക്ക് നീങ്ങുന്നത് തടയാനുള്ള ഉത്തരവാദിത്തം സേവനദാതാവിനുണ്ട്.
സമാനമായ അപകടങ്ങൾ വിദേശരാജ്യങ്ങളിലും സംഭവിക്കുന്നുണ്ട്. യു.എസിലെ നോർത്ത് കരോലൈനയിൽ ഗൂഗ്ൾ മാപ്പ് നിർദേശാനുസാരം വാഹനമോടിച്ചുപോയി ജലാശയത്തിലേക്ക് വീണ് ജീവഹാനി സംഭവിച്ച ഫിലിപ് പാക്സനിന്റെ കുടുംബം ഗൂഗ്ൾ പുലർത്തിയ കുറ്റകരമായ അനാസ്ഥക്കെതിരെ നിയമനടപടി സ്വീകരിച്ചത് കഴിഞ്ഞ മാസമാണ്.
മനുഷ്യജീവിതത്തിന്റെ അവിഭാജ്യഭാഗമായി മാറിക്കഴിഞ്ഞ ഈ സംവിധാനം കുറ്റമറ്റതാക്കാൻ ഗൂഗ്ളിനു ബാധ്യതയുണ്ട്. അല്ലാത്തപക്ഷം നാളിതുവരെ ലോകത്തിന് നൽകിയ നന്മകളെയെല്ലാം അത് കെടുത്തിക്കളയും. വാഹനയാത്രികരോട് സൂക്ഷ്മത പാലിക്കാൻ നിർദേശിക്കുന്നതിൽ ഒതുങ്ങുന്നില്ല അധികാരികളുടെ ചുമതല. മനുഷ്യജീവൻ അപകടപ്പെടുത്തുന്ന മഹാപരാധങ്ങൾ തിരുത്തിക്കാൻ ടെക് ഭീമന് നിർദേശം നൽകുകതന്നെ വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.