ഗവർണറോ സംസ്ഥാന സർക്കാറോ?
text_fieldsസംസ്ഥാന മന്ത്രിസഭയുടെ തീരുമാനം അംഗീകരിക്കാൻ ഗവർണർ ഭരണഘടനപരമായി ബാധ്യസ്ഥനാണെന്ന മദ്രാസ് ഹൈകോടതി വിധി, ഗവർണർമാരും സംസ്ഥാനഭരണകൂടങ്ങളും തമ്മിലുള്ള മൂപ്പിളമത്തർക്കത്തിൽ വ്യക്തവും കൃത്യവുമായ തീർപ്പാണ്. ശിക്ഷ വിധിക്കാനും ഇളവും മാപ്പും നൽകാനും ഗവർണർക്ക് അധികാരം നൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ 161ാം വകുപ്പ് പ്രയോഗിക്കുമ്പോൾ സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം അംഗീകരിക്കുകയാണ് ഗവർണർ ചെയ്യേണ്ടതെന്നും ഇക്കാര്യം അനവധി വിധികളിലൂടെ സുപ്രീംകോടതി പ്രസ്താവിച്ചതാണെന്നും ജസ്റ്റിസുമാരായ എസ്.എം. സുബ്രമണ്യം, വി. ശിവജ്ഞാനം എന്നിവരുടെ രണ്ടംഗ ബെഞ്ച് ഒക്ടോബർ 17ന് വിധി പറഞ്ഞു. ഭരണഘടനയുടെ 161ാം വകുപ്പ് ഗവർണർ സ്വന്തം നിലക്കല്ല, സംസ്ഥാന ഭരണകൂടങ്ങളുടെ ഹിതമനുസരിച്ചാണ് പ്രയോഗിക്കേണ്ടത്. ബന്ധപ്പെട്ട സർക്കാറുകളുടെ ഉപദേശം സംസ്ഥാനത്തിന്‍റെ തലവനായ ഗവർണർ മാനിക്കണം. ഈ വിഷയത്തിൽ വ്യക്തിഗതമായ ഓരോ കേസിനും വെവ്വേറെ വിധി അനിവാര്യമല്ല. തടവുശിക്ഷ നേരിടുന്നവർക്ക് കുറ്റമുക്തി നൽകാൻ 161ാം വകുപ്പ് നൽകുന്ന അധികാരം സംബന്ധിച്ച് കോടതികൾ നേരത്തേ തീർപ്പു കൽപിച്ചതാണ് എന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി.
1999ൽ ഒരു 16കാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പി. വീര ഭാരതി എന്നയാളെ 20 വർഷത്തെ തടവിനു ശേഷം വിട്ടയക്കാനുള്ള തമിഴ്നാട് സർക്കാറിന്‍റെ തീരുമാനം ഗവർണർ ആർ.എൻ. രവി റദ്ദാക്കിയതിനെതിരെ സമർപ്പിച്ച ഹരജിയിലാണ് കോടതി വിധി പറഞ്ഞത്. കേസിലെ മറ്റു രണ്ടു പ്രതികൾക്കൊപ്പം 1999ൽ വീരഭാരതിക്കും വധശിക്ഷ വിധിച്ചിരുന്നു. അതിനെതിരെ പ്രതികളുടെ അപ്പീൽ കേട്ട ഹൈകോടതി ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. പ്രതികളിലൊരാളായ ഇളങ്കോ എന്ന പി. മുരുകനെ 2024 മാർച്ച് ആറിന് വിട്ടയച്ചിരുന്നു. പതിനാലോ അതിലധികമോ കൊല്ലക്കാലം ശിക്ഷയനുഭവിച്ച ജീവപര്യന്ത തടവുകാർക്ക് നിശ്ചിത മാനദണ്ഡങ്ങൾ പൂർത്തീകരിച്ചവരാണെങ്കിൽ കാലാവധി പൂർത്തിയാകുന്നതിനു മുമ്പേ മോചനം നൽകാമെന്ന് 2023 ആഗസ്റ്റിൽ എം.കെ. സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡി.എം.കെ സർക്കാർ തീരുമാനിച്ചിരുന്നു. അനുയോജ്യരെ കണ്ടെത്താൻ ഗവൺമെന്‍റ് സമിതി രൂപവത്കരിച്ചു. അവരുടെ ശിപാർശ പ്രകാരമാണ് മേൽ കേസിൽ മുരുകൻ മോചനം നേടിയത്. അതോടെ, ഇതേ വിധി തനിക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് വീരഭാരതി സർക്കാറിന് അപേക്ഷ നൽകി. സംസ്ഥാന സർക്കാർ അനുമതി നൽകിയെങ്കിലും ഗവർണർ നിഷേധിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊന്ന പ്രതി ഒരു പരിഗണനയുമർഹിക്കുന്നില്ലെന്നായിരുന്നു ഗവർണറുടെ നിരീക്ഷണം. തുടർന്നാണ് വീരമുത്തു ഹൈകോടതിയെ സമീപിച്ചത്.
ഇതാദ്യമായല്ല, ഗവർണറുടെ ഭരണഘടനപരമായ അധികാരാവകാശവും ചുമതലകളും സംബന്ധിച്ച് നീതിപീഠം തമിഴ്നാട് ഗവർണറെ ‘പഠിപ്പിക്കുന്നത്’. കഴിഞ്ഞ മാർച്ചിൽ സംസ്ഥാന മന്ത്രിസഭയിൽ ഒരംഗത്തെ ഉൾപ്പെടുത്താനുള്ള മുഖ്യമന്ത്രിയുടെ ശിപാർശ തിരസ്കരിച്ച രവിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഭരണഘടനക്ക് അതീതമായ അധികാരപ്രയോഗമാണ് ഗവർണർ നടത്തുന്നതെന്ന് കുറ്റപ്പെടുത്തിയ പരമോന്നത നീതിപീഠം ഒറ്റനാൾകൊണ്ട് മുൻ മന്ത്രി പൊൻമുടിയെ തിരികെ മന്ത്രിസഭയിലെടുത്ത് സത്യപ്രതിജ്ഞ ചെയ്തുകൊടുക്കണമെന്ന് ഉത്തരവിടുകയായിരുന്നു. ഇപ്പോഴെന്നപോലെ അന്നും കേസിന്‍റെ മെറിറ്റിലേക്ക് കടന്ന ഗവർണർ അഴിമതിയാരോപണത്തിൽ കളങ്കിതനായയാളെ മന്ത്രിസഭയിൽ തിരിച്ചെടുക്കുന്നത് ഭരണഘടന ധാർമികതക്ക് വിരുദ്ധമാണ് എന്നായിരുന്നു വാദിച്ചത്. മന്ത്രിക്കു മേൽ അഴിമതിക്കുറ്റം കണ്ടെത്തിയ മദ്രാസ് ഹൈകോടതിയുടെ വിധി സുപ്രീംകോടതി സ്റ്റേ ചെയ്ത ശേഷമാണ് മുഖ്യമന്ത്രി അദ്ദേഹത്തിന്‍റെ മന്ത്രിസഭ പുനഃപ്രവേശനത്തിന് ശിപാർശ ചെയ്തത്. എന്നിരിക്കെ, ഒരേസമയം സർക്കാറിനെയും സുപ്രീംകോടതിയെയും മറികടന്നുള്ള അമിതാധികാര പ്രയോഗമാണ് ഗവർണർ രവി നടത്തിയത്.
ഗവർണർമാരുടെ അധികാരപ്രയോഗം വിവിധ സംസ്ഥാനങ്ങളിൽ രാഷ്ട്രീയ ഏറ്റുമുട്ടലുകൾക്കും ഭരണസംവിധാനത്തിന്‍റെ താളപ്പിഴകൾക്കും ഇടയാക്കുന്ന പതിവ് നരേന്ദ്ര മോദിയുടെ ബി.ജെ.പി ഭരണത്തിൽ പതിവായി മാറിയിരിക്കുന്നു. ഗവർണർമാർ എന്നും കേന്ദ്രത്തിന്‍റെ ഹിതാനുസാരികളായിരിക്കുമെന്നും കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ അഭീഷ്ടങ്ങൾ നിർവഹിക്കുകയാണ് അവരുടെ ചുമതലയെന്നും പണ്ടത്തെ കോൺഗ്രസ് ഭരണം തൊട്ടേ ഉള്ള കീഴ്വഴക്കമാണ്. നരേന്ദ്ര മോദി സർക്കാർ അതിൽ എല്ലാ കീഴ്വഴക്കങ്ങളെയും കടത്തിവെട്ടിയിട്ടുമുണ്ട്. ഒരു മന്ത്രിസഭയെ മറിച്ചിട്ട് വെളുപ്പാൻ കാലത്ത് മറ്റൊന്നിനെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിയതടക്കമുള്ള വിടുവിദ്യകൾ കാണിച്ച മുൻ മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോശിയാരി മുതൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും മന്ത്രിസഭയെയും നിരന്തരം ‘വടിയെടുത്ത്’ ഭരണഘടന മര്യാദ പഠിപ്പിക്കാനിറങ്ങുന്ന പശ്ചിമ ബംഗാളിലെയും കേരളത്തിലെയും ഗവർണർമാർ വരെയുള്ളവർ ഭരണരംഗത്ത് സൃഷ്ടിക്കുന്ന അസ്വാരസ്യങ്ങളും അസ്വാസ്ഥ്യങ്ങളും ഇപ്പോൾ പുതുമയല്ലാതായി മാറിയിട്ടുണ്ട്. സംസ്ഥാന ഭരണവുമായി നിരന്തരം ഉരസിയും ഉടക്കിയും സ്ഥാനവലുപ്പവും മൂപ്പിളമയും തെളിയിക്കാൻ കുതൂഹലം കൂട്ടുന്ന മത്സരാർഥിയെയല്ല, ജനങ്ങൾ തെരഞ്ഞെടുത്ത ഭരണകൂടത്തിന് ക്രിയാത്മകമായ മാർഗദർശനവും സഹകരണവും നൽകുകയും ഭരണനേട്ടം ജനങ്ങൾക്കും സംസ്ഥാനത്തിനും പ്രാപ്തമാക്കാൻ കൂട്ടുത്തരവാദിത്തത്തോടെ മുന്നോട്ടുനീങ്ങുകയും ചെയ്യുന്ന സംസ്ഥാന തലവനെയാണ് ഗവർണറിൽനിന്ന് നാട് പ്രതീക്ഷിക്കുന്നത്. ഭരണഘടനപരമായ ആ ഉത്തരവാദിത്തമാണ് നീതിപീഠങ്ങൾ നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.