തനിയാവർത്തനം
text_fields1528ൽ മുഗൾ ചക്രവർത്തി സഹീറുദ്ദീൻ ബാബറുടെ ഗവർണർ മീർബാഖി ഇന്ന് അയോധ്യയായി അറിയപ്പെടുന്ന ഫൈസാബാദിൽ ബാബരി മസ്ജിദ് എന്ന പേരിൽ പണിത പള്ളിയിൽ അന്നു മുതൽ 1949 ഡിസംബർ 22 രാത്രി വരെ പ്രാർഥന നടന്നിരുന്നതാണ്. പിറ്റേ ദിവസം പുലർച്ചെ മുസ്ലിംകൾ പ്രാർഥനക്കു വന്നപ്പോൾ പള്ളിയുടെ കേന്ദ്രസ്ഥാനത്ത് വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കപ്പെട്ടതാണ് കണ്ടത്. അസ്വസ്ഥരായ ഭക്തർ ജില്ല ഭരണാധികാരികളെ വിവരമറിയിച്ചു. അന്നത്തെ ജില്ല മജിസ്ട്രേറ്റ് ആലപ്പുഴക്കാരൻ കെ.കെ. നായർ അസാധാരണ വേഗതയിൽ സി.ആർ.പി.സി 145 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. മസ്ജിദ് സർക്കാർ നിയന്ത്രണത്തിലാക്കി. അതിനെതിരെ പള്ളിയുടെ ഉടമസ്ഥത വഹിച്ചുവന്ന സുന്നി സെൻട്രൽ വഖഫ് ബോർഡ് കോടതിയിൽ ഹരജി ഫയൽ ചെയ്തുവെങ്കിലും മറുഭാഗത്ത് ഹൈന്ദവ സംഘടനകളും കോടതിയെ സമീപിച്ചതിനാൽ ഒടുവിൽ എല്ലാംചേർത്ത് അലഹബാദ് ഹൈകോടതിയുടെ പരിഗണനക്ക് വന്നു.
കോടതി പതിറ്റാണ്ടുകളോളം ശീതസംഭരണിയിൽ വെച്ചതിനാൽ ബാബരി മസ്ജിദ് മുസ്ലിംകൾക്ക് പ്രാർഥനക്ക് തുറന്നുകൊടുക്കാതെ അടഞ്ഞുതന്നെ കിടന്നു. 1986 ഫെബ്രുവരി ആറിന്, രാജീവ്ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കെയാണ് ഫൈസാബാദ് ജില്ല ജഡ്ജ് കെ.എം. പാണ്ഡെ സുന്നി വഖഫ് ബോർഡിന് നോട്ടീസ് പോലും നൽകാതെ ഏകപക്ഷീയമായി ഹിന്ദുക്കൾക്ക് പള്ളി ആരാധനക്കായി തുറന്നുകൊടുത്തത്. പിന്നീട് ഈ രാജ്യത്ത് അതേ തുടർന്നുണ്ടായ പ്രക്ഷോഭങ്ങളുടെയും കലാപങ്ങളുടെയും ഭരണമാറ്റങ്ങളുടെയും ചരിത്രം ഓർമിപ്പിക്കേണ്ടതായിട്ടില്ല. രാജ്യത്ത് മൊത്തം ഹിന്ദു-മുസ്ലിം ധ്രുവീകരണത്തിന് അവസരമൊരുക്കി. അതിലൂടെ അധികാരമുറപ്പിക്കാൻ സംഘ്പരിവാറിന് സാധിച്ചതും തുടർന്ന് ഇന്നും രാജ്യം അതിന് കൊടുക്കേണ്ടിവരുന്ന കനത്ത വിലയും കണ്ണുള്ളവർക്ക് കാണാൻ കഴിയും. 2019 നവംബർ ഒമ്പതിന് അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് നേതൃത്വം നൽകിയ അഞ്ചംഗ ഭരണഘടന ബെഞ്ച് ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ക്ഷേത്രമോ മറ്റെന്തെങ്കിലും മന്ദിരമോ നിലനിന്നിരുന്നതിന് ഒരു തെളിവും കോടതിക്ക് മുമ്പാകെ സമർപ്പിക്കപ്പെട്ട രേഖകളിലില്ലെന്ന് വ്യക്തമാക്കിക്കൊണ്ടുതന്നെ ഭൂരിപക്ഷ സമുദായത്തിന്റെ വിശ്വാസവും വികാരവും മാനിച്ച് ബാബരി ഭൂമി അവർക്കുവേണ്ടി കേസിൽ കക്ഷികളായവർക്ക് വിട്ടുകൊടുക്കുകയാണെന്ന് വിധി പ്രഖ്യാപിക്കുകയായിരുന്നു.
തകർക്കപ്പെട്ട ബാബരി മസ്ജിദിന്റെ യഥാർഥ അവകാശികൾ തികഞ്ഞ വേദനയോടെയാണെങ്കിലും വിധിക്ക് വഴങ്ങി. രാജ്യത്ത് എവിടെയും ഒരപശബ്ദവും മുസ്ലിം പക്ഷത്തുനിന്നുണ്ടായില്ല. പക്ഷേ, 1947 ആഗസ്റ്റ് 15ന് രാജ്യത്തെ ഏതെല്ലാം ആരാധനാലയങ്ങൾ ആരുടെയെല്ലാം കൈകളിലുണ്ടോ അതവരുടെ ഉടമസ്ഥതയിൽ തുടരുമെന്നും ഒരുവിധ തർക്കവും കൈയേറ്റവും ഇനി അനുവദിക്കുകയില്ലെന്നും അനുശാസിക്കുന്ന നിയമം 1991 ഏപ്രിലിൽ പാർലമെന്റ് പാസാക്കിയിരുന്നതാണ്. വിവാദപരമായ ബാബരി മസ്ജിദ് മാത്രമാണ് അതിൽനിന്നൊഴിവെന്നും അസന്ദിഗ്ധമായി വ്യക്തമാക്കിയിരുന്നു. ബാബരി ഭൂമി രാമക്ഷേത്രത്തിന് വിട്ടുകൊടുത്തുകൊണ്ടുള്ള സുപ്രീംകോടതി വിധിയിലും ആ നിയമത്തിന്റെ അലംഘനീയത ഓർമിപ്പിച്ചിട്ടുണ്ട്. പ്രസ്തുത നിയമത്തിലും പരമോന്നത കോടതിയിലും ആശ്വസിച്ചും സമാധാനിച്ചും കഴിയുകയായിരുന്നു മുസ്ലിം ന്യൂനപക്ഷം. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന് എന്തെങ്കിലും അർഥമുണ്ടെങ്കിൽ ഈ നിയമമെങ്കിലും പാലിക്കപ്പെടുമെന്ന് അവർ കരുതി.
പക്ഷേ, ഇപ്പോൾ സംഭവിക്കുന്നതെന്താണ്? കാശി വിശ്വനാഥ ക്ഷേത്രത്തിനരികിലായി നൂറ്റാണ്ടുകളായി സ്ഥിതിചെയ്യുന്നതും ഇപ്പോൾ അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ളതുമായ ഗ്യാൻവാപി മസ്ജിദ് പൂർവ ശിവലിംഗ ക്ഷേത്രമായിരുന്നെന്ന് അവകാശപ്പെട്ട് ഹിന്ദുത്വർ രംഗത്തിറങ്ങിയിരിക്കുകയാണ്. അവിടെ തങ്ങൾക്കാരാധിക്കാൻ അനുമതി നൽകാനാവശ്യപ്പെട്ടുകൊണ്ട് അഞ്ച് ഹിന്ദു വനിതകൾ സമർപ്പിച്ച ഹരജിയിന്മേൽ 2022 ഏപ്രിൽ 26ന് വാരാണസി സിവിൽ ജഡ്ജി ഒരു വിഡിയോ സർവേ ടീമിനെ നിയോഗിച്ചിരിക്കുന്നു. സർവേ സമിതി ജോലി പൂർത്തിയാക്കി റിപ്പോർട്ട് കോടതിക്ക് സമർപ്പിക്കുന്നതിന് മുമ്പുതന്നെ പള്ളിയോടനുബന്ധിച്ച വുദു ഖാന (ജലസംഭരണി)യുടെ അടിയിൽ ശിവലിംഗം കണ്ടെത്തിയിട്ടുണ്ടെന്ന് ബഹളമാരംഭിച്ചിരിക്കുകയാണ് തൽപരകക്ഷികൾ.
യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയാകട്ടെ ശിവലിംഗം കണ്ടെടുത്തതിൽ ആഹ്ലാദം പ്രകടിപ്പിച്ചു 'എത്ര മറച്ചുവെച്ചാലും സത്യം ഒരുനാൾ പുറത്തുവരും' എന്നാണ് പ്രതികരിച്ചിരിക്കുന്നത്. എന്നാൽ, കണ്ടെത്തിയത് ഒരു ശിവലിംഗവുമല്ലെന്നും ജലസംഭരണിയായ 'ഹൗദി'ന്റെ നടുവിലുണ്ടാവുന്ന ഫൗണ്ടൻ (ജലധാര) മാത്രമാണെന്നും പള്ളി ഭരണസമിതി ചൂണ്ടിക്കാട്ടുന്നതൊന്നും മുമ്പ് ബാബരി മസ്ജിദിൽ സ്വയംഭൂവായ രാമവിഗ്രഹം പ്രത്യക്ഷപ്പെട്ടുവെന്ന് കണ്ടെത്തിയവരുടെ പിൻഗാമികൾക്ക് പ്രശ്നമല്ല. ഏതായാലും പ്രശ്നമിപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. 1991ലെ ആരാധനാലയ നിയമം മുൻ വിധിയിൽ ഓർമിപ്പിച്ചിരുന്ന പരമോന്നത കോടതി, നിയമത്തിന്റെയും നിയമവാഴ്ചയുടെയും അന്തസ്സത്തയെ പ്രതികൂലമായി ബാധിക്കുന്ന ഒരു വിധി ഗ്യാൻവാപി പള്ളിയുടെ കാര്യത്തിൽ പുറപ്പെടുവിക്കുകയില്ലെന്നുതന്നെ സമാധാനകാംക്ഷികൾ പ്രതീക്ഷിക്കുന്നു. മതേതര പാർട്ടികളുടെ ഭൂരിപക്ഷ വോട്ടുനഷ്ടപേടിയും സംഘ്പരിവാർ മുതലെടുപ്പിനെ കുറിച്ച അതിരുകവിഞ്ഞ ആശങ്കയുമാണ് തീവ്രഹിന്ദുത്വം മൊത്തം രാജ്യത്തെ തന്നെ പിടിയിലൊതുക്കിയതെന്ന യാഥാർഥ്യം ഇനിയെങ്കിലും അവർ തിരിച്ചറിയുന്നുവെങ്കിൽ ഇക്കാര്യത്തിൽ ധീരമായൊരു നിലപാട് സ്വീകരിച്ചേ പറ്റൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.