ഹൽദ്വാനിയുടെ നെടുവീർപ്പ്
text_fieldsഉത്തരാഖണ്ഡിലെ ഏറ്റവും ജനനിബിഡ നഗരമായ ഹൽദ്വാനിയിൽ റെയിൽവേ വികസനത്തിന്റെ ഭാഗമായി അരലക്ഷത്തോളം പേരെ കുടിയിറക്കാനുള്ള സംസ്ഥാനത്തെ ബി.ജെ.പി സർക്കാറിന്റെ നീക്കത്തിന് പരമോന്നത നീതിപീഠം തടയിട്ടിരിക്കുകയാണ്. സ്വാതന്ത്ര്യത്തിന് മുമ്പേയുള്ള ഭൂരേഖകളും മറ്റുമായി ജീവിക്കുന്ന 4365 കുടുംബങ്ങളോടാണ് സർക്കാർ പെട്ടെന്നൊരുനാൾ കുടിയിറങ്ങാൻ ആവശ്യപ്പെട്ടത്. വിഷയത്തിൽ ഇടപെട്ട ഹൈകോടതിയാകട്ടെ, സർക്കാറിനൊപ്പം നിലയുറപ്പിക്കുക മാത്രമല്ല, ആവശ്യമെങ്കിൽ ബലം പ്രയോഗിച്ച് ഒരാഴ്ചക്കുള്ളിൽ തന്നെ ‘ദൗത്യം’ പൂർത്തിയാക്കാൻ നിർദേശിക്കുകയും ചെയ്തു. ഏത് നിമിഷവും കുടിയിറക്കപ്പെടുമെന്ന ഭീതിയിൽ ജീവിച്ച മേഖലയിലെ ജനങ്ങൾ ഒന്നടങ്കം പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെയാണ് വിഷയം ദേശീയ ശ്രദ്ധയിലെത്തുന്നത്.
1940 മുതൽ ഭൂമിക്കും കെട്ടിടങ്ങൾക്കുമെല്ലാം നികുതിയടച്ചതിന്റെ രേഖകൾ ഉയർത്തിക്കാണിച്ച് നടത്തിയ സമരത്തോട് പക്ഷേ, ഭരണകൂടത്തിന് വലിയ മമത തോന്നിയില്ലെന്നതാണ് നേര്. സമരത്തെ നേരിടാൻ അർധസൈനികരെ വരെ മേഖലയിൽ വിന്യസിച്ചു. കുടിയിറക്കൽ നടപടികളുമായി അവർ മുന്നോട്ടുപോകവെയാണ് വിഷയത്തിൽ ഇരകളുടെ ഹരജി പരിഗണിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഇടപെടൽ. ഏറ്റെടുക്കാൻ പോകുന്ന സ്ഥലം റെയിൽവേ ഭൂമിയാണെങ്കിൽ പോലും, പുനരധിവാസപദ്ധതികളൊന്നുമില്ലാതെ ഏകപക്ഷീയമായി ആളുകളെ തെരുവിലേക്ക് ഇറക്കിവിടുന്നത് ഒരുതരത്തിലും നീതീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച്, ഹൈകോടതി വിധി റദ്ദാക്കിയത്. അതിശൈത്യത്തേക്കാളേറെ, ഭരണകൂടത്തിന്റെ നിഷ്ഠുരമായ ഇടപെടലിൽ ആകെ മരവിച്ചുപോയ ഹൽദ്വാനിയിലെ ജനങ്ങൾക്ക് തൽക്കാലത്തേക്ക് ആശ്വസിക്കാമെന്നേ പറയാനാകൂ; കാരണം, വിഷയത്തിൽ കേന്ദ്രസർക്കാറിന്റെ വിശദീകരണം വരുന്നതുവരെ മാത്രമാണ് സ്റ്റേ ബാധകം.
പല അർഥത്തിൽ, ഹൽദ്വാനിയിലെ സുപ്രീംകോടതി ഇടപെടൽ പ്രസക്തവും ചരിത്രപരവുമാണ്. ഒന്നാമതായി, ഉത്തരാഖണ്ഡ് ഹൈകോടതി ഈ വിഷയത്തെ തീർത്തും സാങ്കേതികമായി സമീപിച്ച് ഒരു തീർപ്പ് കൽപിച്ചപ്പോൾ, ആ സമീപനം തെറ്റായിരുന്നുവെന്ന് പ്രഖ്യാപിക്കുകയായിരുന്നു പരമോന്നത നീതിപീഠം. സാങ്കേതികവും നിയമപരവുമായ കാര്യങ്ങൾക്കപ്പുറം ഇതൊരു മാനുഷികപ്രശ്നമാണെന്ന് ജസ്റ്റിസ് എ.എസ്. ഓഖ പ്രത്യേകം നിരീക്ഷിക്കുകയും ചെയ്തു. കുടിയിറക്കിക്കൊണ്ടുള്ള ഏത് വികസനമായാലും അതിൽ പ്രായോഗിക പരിഹാരമാണ് വേണ്ടതെന്ന് വിധിന്യായത്തിലെ നിർദേശം ഈ നിരീക്ഷണത്തിന്റെ തുടർച്ചയായി വിലയിരുത്താവുന്നതാണ്. പുനരധിവാസമടക്കമുള്ള പരിഹാരങ്ങളും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതെല്ലാം സംസ്ഥാന സർക്കാറും റെയിൽവേയും പരിഗണിക്കുമോ എന്നൊക്കെ കണ്ടറിയുക തന്നെവേണം. അതെന്തായാലും, ഇരകളോട് നീതിയുക്തവും അനുകമ്പാപൂർണവുമായ സമീപനം പരമോന്നത നീതിപീഠത്തിൽനിന്നുണ്ടാകുമ്പോൾ അതിൽ സന്തോഷിക്കാനേറെയുണ്ട്. വിശേഷിച്ചും, സമീപകാല അനുഭവങ്ങൾ തിരിച്ചാകുമ്പോൾ.
ഏതാനും ദിവസങ്ങൾക്കുമുമ്പ് നോട്ടുനിരോധനത്തെ ശരിവെച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി ശ്രദ്ധിക്കുക. അതിൽ, ലക്ഷക്കണക്കിന് ആളുകളെ തെരുവിലിറക്കിയ നടപടിയിലെ മാനുഷിക ക്രൂരതകൾ കണ്ടില്ലെന്ന് നടിച്ച നീതിപീഠം വിഷയത്തെ തീർത്തും സാങ്കേതികതയിൽ ചുരുക്കി ഭരണകൂടത്തിന് ക്ലീൻ ചിറ്റ് നൽകി. ബിൽകിസ് ബാനു കേസിലും മറ്റൊന്നല്ല സംഭവിച്ചത്. പൊതുവിൽ നമ്മുടെ നീതിപീഠങ്ങൾ അടുത്ത കാലത്തായി തുടർന്നുവരുന്ന ഈ നയം തന്നെയായിരുന്നു ഉത്തരാഖണ്ഡ് ഹൈകോടതിയുടെ ഭാഗത്തുനിന്നുമുണ്ടായത്. പക്ഷേ, അതിന് വലിയൊരു തിരുത്ത് ചൂണ്ടിക്കാണിക്കാൻ സുപ്രീംകോടതി തയാറായി എന്നത് ഒട്ടും ചെറിയ കാര്യമല്ല.
ഹൽദ്വാനിയിൽ ബുൾഡോസർ രാജിനുള്ള നീക്കം തൽക്കാലത്തേക്കെങ്കിലും തടയാനായി എന്നതാണ് ഈ വിധിയെ പ്രസക്തമാക്കുന്ന മറ്റൊരു കാര്യം. ബി.ജെ.പിക്ക് ഭരണസ്വാധീനമുള്ള മേഖലകളിൽ അവരുടെ ഏറ്റവും വലിയ രാഷ്ട്രീയദണ്ഡാണ് ബുൾഡോസറുകൾ. ഉത്തർപ്രദേശിലും ഗുജറാത്തിലും അസമിലും മധ്യപ്രദേശിലും ഡൽഹിയിലെ മുനിസിപ്പൽ കോർപറേഷൻ പരിധിയിലുമെല്ലാം മുൻവർഷങ്ങളിൽ അത് കണ്ടതാണ്. രാഷ്ട്രീയ പ്രതിയോഗികളെ ‘ഇടിച്ചുനിരത്താനു’ള്ള അവരുടെ ഒന്നാന്തരമൊരു ആയുധമാണ് ബുൾഡോസറുകൾ. മിക്കപ്പോഴും അതിൽ ഇരകളാകുന്നതാകട്ടെ, രാജ്യത്തെ ന്യൂനപക്ഷങ്ങളും. മധ്യപ്രദേശിലെ ഖാർഗാവിലും ഡൽഹിയിലെ ജഹാംഗീർപുരിയിലും യു.പിയിലെ പ്രയാഗ് രാജിലുമെല്ലാം അനധികൃത കെട്ടിടങ്ങളെന്ന് ചൂണ്ടിക്കാട്ടി ഇടിച്ചുനിരത്തിയത് മുഴുവൻ ന്യൂനപക്ഷ വിഭാഗങ്ങളുടേതായിരുന്നു. പലപ്പോഴും നോട്ടീസ് പോലും നൽകാതെ ഒരു സുപ്രഭാതത്തിൽ അധികാരികൾ വന്ന് ഇടിച്ചുപൊളിക്കുകയായിരുന്നു ഈ കെട്ടിടങ്ങളെല്ലാം. ഹിന്ദുത്വയുടെ ന്യൂനപക്ഷവേട്ടയുടെ ഭാഗമായിട്ടുതന്നെയാണ് ഇതെല്ലാം വിലയിരുത്തപ്പെട്ടിട്ടുള്ളത്.
ഹൽദ്വാനിയുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല. അവിടെയും ഭരണകൂടം ലക്ഷ്യമിട്ടത് 95 ശതമാനം വരെ മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന ഗഫൂർ ബസ്തി പോലുള്ള മേഖലകളാണ്. ആരാധനാലയങ്ങളും വിദ്യാലയങ്ങളുമെല്ലാം പ്രവർത്തിക്കുന്ന ഈ പ്രദേശം കോവിഡ് കാലത്തെ ലോക്ഡൗണിന്റെ മറവിലാണ് പിടിച്ചെടുക്കാനുള്ള നടപടികൾ ആരംഭിച്ചതെന്നുകൂടി അറിയുമ്പോഴാണ് ഭരണകൂടവേട്ടയുടെ ആഴം മനസ്സിലാകുക. പ്രയാഗ് രാജിലും ജഹാംഗീർപുരിയിലും മറ്റും സർവതും തരിപ്പണമായശേഷമാണ് കോടതി കേസ് പരിഗണിച്ചത്. പിന്നീട്, സംഭവത്തിൽ അപലപിക്കാൻ മാത്രമെ നീതിപീഠത്തിന് കഴിയുമായിരുന്നുള്ളൂ. ഭാഗ്യവശാൽ, ഹൽദ്വാനിയിൽ കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങും മുമ്പേ സുപ്രീംകോടതി ഇടപെട്ടു. അതുകൊണ്ട് മാത്രം രക്ഷയായി. അപ്പോഴും ഇതെല്ലാം എത്ര കാലത്തേക്കെന്ന ചോദ്യം ബാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.