Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightദുരഭിമാനം കാക്കാൻ...

ദുരഭിമാനം കാക്കാൻ മാതൃത്വം തട്ടിക്കളിക്കുകയോ?

text_fields
bookmark_border
ദുരഭിമാനം കാക്കാൻ മാതൃത്വം തട്ടിക്കളിക്കുകയോ?
cancel

ഓരോ ഫയലിലും തുടിക്കുന്ന ജീവിതത്തെ മരിക്കണോ ജീവിക്കണോ എന്നു നിശ്ചയിക്കാൻ അധികാരമുള്ളവരാണ് എന്നുവെച്ച് ആ അഹന്തക്ക് മനുഷ്യരെ വിധേയരാക്കരുതെന്ന സാരോപദേശത്തോടെ ഭരണം തുടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന് ആ വാക്കുകൾ പിന്നെയും പലവുരു ആവർത്തിക്കേണ്ടിവന്നിട്ടുണ്ട്. എന്നിട്ടെന്ത്, വന്നുപോയ കൈയബദ്ധത്തിനു പിഴയൊടുക്കേണ്ട കുറെ ഉദ്യോഗസ്ഥദുരന്തങ്ങൾ, അഞ്ചുവർഷം വയറ്റിൽ കുത്തിത്തറച്ചുനിന്ന കത്രികയുടെ വേദനയിൽ പുളഞ്ഞ് തീതിന്നു ജീവിച്ച ഒരു പാവം യുവതിയുടെ ജീവിതം അങ്ങുമിങ്ങും തട്ടിക്കളിക്കുകയാണ്. ശസ്ത്രക്രിയക്കിടെ 12 സെന്‍റിമീറ്റർ നീളവും ആറു സെന്‍റിമീറ്റർ വീതിയുമുള്ള കത്രിക വയറ്റിൽ കുടുങ്ങി(ക്കി)യ കള്ളക്രിയക്കാരെ രക്ഷപ്പെടുത്തി ദുരഭിമാനം കാത്തുസൂക്ഷിക്കാനുള്ള വെപ്രാളത്തിലാണവർ. അതിനു വിലയൊടുക്കേണ്ടിവരുന്നതോ, മൂന്നു പിഞ്ചുമക്കളുമായി തോരാമഴയിലും പെരുവെയിലിലും ആശുപത്രിക്കവലയിൽ ഭർത്താവിനും പിഞ്ചുമക്കൾക്കുമൊപ്പം സമരമിരിക്കേണ്ടിവരുന്ന ഹർഷിന എന്ന യുവതിയും. ഫയലുകളിലെയും റിപ്പോർട്ടുകളിലെയും ജനിമൃതികളെക്കുറിച്ച് ഉദ്യോഗസ്ഥർക്കു മുന്നറിയിപ്പ് നൽകിയ മുഖ്യമന്ത്രി കാര്യമറിയാതെയല്ല. അദ്ദേഹത്തിനു കീഴിലെ പൊലീസ് കുറ്റക്കാരെ കൃത്യമായി ചൂണ്ടി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എന്നിട്ടെന്ത്, മുഖ്യമന്ത്രിയുടെ വാക്കുകൾ തകിടംമറിച്ച്, പൊലീസ് വകുപ്പ് ജീവിപ്പിക്കാൻ ശ്രമിക്കുന്ന ഫയലിനെ ആരോഗ്യവകുപ്പ് മരിപ്പിക്കാൻ നോക്കുന്ന വിരോധാഭാസത്തിനു മുന്നിൽ സർക്കാറിന് ഒന്നും ചെയ്യാനാവുന്നില്ല.

2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ മൂന്നാമത്തെ പ്രസവത്തിന് ശസ്ത്രക്രിയ നടത്തുമ്പോഴാണ് കോഴിക്കോട് പന്തീരാങ്കാവ് മലയിൽകുളങ്ങര അശ്റഫിന്‍റെ ഭാര്യ ഹർഷിനയുടെ വയറ്റിൽ ആർട്ടറി ഫോർസെപ്സ് എന്ന കത്രികസമാനമായ ഉപകരണം കുടുങ്ങിയത്. മൂത്രസഞ്ചിയിൽ കുത്തിനിൽക്കുന്ന കത്രികയുമായി കാര്യമെന്തെന്നറിയാതെ വേദനയിൽ പുളഞ്ഞ് അഞ്ചുവർഷം അവർ കഴിച്ചുകൂട്ടി. വിവിധതരം ചികിത്സക്ക് ചെലവായ കാശും ചികിത്സക്കുവേണ്ടി ഭർത്താവ് നേരിട്ട തൊഴിൽനഷ്ടവുമടക്കം വലിയൊരു സാമ്പത്തികബാധ്യത പുറമെയും. ഒടുവിൽ കഴിഞ്ഞ വർഷം മൂത്രാശയരോഗത്തിന് ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ സി.ടി സ്കാൻ പരിശോധനയിലാണ് ‘കത്രിക’ കണ്ടെത്തിയത്. കഴിഞ്ഞ സെപ്റ്റംബർ 14ന് കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നു ശസ്ത്രക്രിയയിലൂടെ അത് പുറത്തെടുത്തു. അതോടെ ജീവിതദുരിതത്തിന് അറുതിയാകും എന്നുകരുതിയ ഹർഷിനക്ക് പക്ഷേ, പുതിയ തീക്ഷ്ണമായ സമരത്തിന്‍റെ നട്ടുച്ചയിലേക്കിറങ്ങാനായിരുന്നു വിധി. ഗുരുതരമായ ഈ അശ്രദ്ധക്ക് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ അവർ ഇറങ്ങിത്തിരിച്ചതോടെ ദുരിതത്തിന്‍റെ രണ്ടാം പർവത്തിനു തുടക്കമായി. സർജറിക്കിടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നാണ് ഉപകരണം കുടുങ്ങിയത് എന്നു ഹർഷിന വേദനാനുഭവത്തിന്‍റെ വെളിച്ചത്തിൽ തുറന്നുപറഞ്ഞത് ആശുപത്രി അധികൃതർക്കു പിടിച്ചില്ല. കണ്ടും കൊണ്ടും അനുഭവിച്ചവർ വെളിപ്പെടുത്തുന്നതെന്തോ, അതു മറച്ചുപിടിക്കാൻ ആശുപത്രി അധികൃതരും ആരോഗ്യവകുപ്പും വെപ്രാളപ്പെട്ടു.

ഹർഷിന പൊലീസിൽ പരാതി നൽകി സമരത്തിനു വട്ടംകൂട്ടിയപ്പോൾ പിന്തിരിപ്പിക്കാൻ ആരോഗ്യമന്ത്രിയുടെ ഫോൺവിളിയെത്തി, സർക്കാർതല അന്വേഷണങ്ങളും വാക്കു നൽകി. എന്നാൽ, ആഴ്ചകൾ കഴിഞ്ഞും ഫലമൊന്നും കാണാതെ ആ മാതാവ് പിഞ്ചുകുഞ്ഞുങ്ങളുമായി കോഴിക്കോട് മെഡിക്കൽ കോളജിനു മുന്നിൽ നിരാഹാരസമരത്തിനെത്തി. സമരം ഒരാഴ്ച പിന്നിട്ട ഘട്ടത്തിൽ ആരോഗ്യമന്ത്രി ഓടിയെത്തി നഷ്ടപരിഹാരവും അന്വേഷണവും ഉറപ്പുനൽകി സമരം അവസാനിപ്പിച്ചു. കഴിഞ്ഞ മാർച്ച് 29ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് രണ്ടു ലക്ഷം രൂപ അനുവദിക്കുകയും സംഭവത്തിന്‍റെ ഉത്തരവാദിത്തം സംബന്ധിച്ച് ആഭ്യന്തരവകുപ്പ് അന്വേഷണം നടത്തുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ, അനുഭവിച്ച സാമ്പത്തികനഷ്ടത്തിന് എങ്ങുമെത്താത്ത നഷ്ടപരിഹാര പ്രഖ്യാപനവും കുറ്റക്കാരെ കണ്ടെത്താനുള്ള അന്വേഷണത്തിലെ മെല്ലെപ്പോക്കും കഴിഞ്ഞ മേയ് അവസാനത്തിൽ ഹർഷിനയെ വീണ്ടും സമരത്തിനിറക്കി. ആദ്യം തന്നോടൊപ്പം നിന്ന ആരോഗ്യമന്ത്രി പിന്നീട് കത്രിക വയറ്റിലെത്തിയതിനു തെളിവില്ലെന്ന് മാറ്റിപ്പറഞ്ഞതായി അവർ പരാതിപ്പെട്ടു. രണ്ടാംഘട്ട സമരം രണ്ടുമാസം പിന്നിട്ടപ്പോൾ പൊലീസിന്‍റെ അന്വേഷണ റിപ്പോർട്ട് പുറത്തെത്തി, ഹർഷിനയുടെ വാക്കുകൾ അക്ഷരംപ്രതി ശരിവെച്ച് ഉത്തരവാദിത്തം കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിനുമേൽ ചുമത്തുന്നതായിരുന്നു എസ്.പിയുടെ റിപ്പോർട്ട്. എന്നാൽ, ആഗസ്റ്റ് എട്ടിനു റിപ്പോർട്ട് പരിശോധിച്ച മെഡിക്കൽ ബോർഡ് സ്കാനിങ് റിപ്പോർട്ട് മാത്രം അവലംബിക്കാനാവില്ലെന്നു പറഞ്ഞ് അത് പൂർണമായും തള്ളി. എന്നാൽ, ഇത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്നാണ് ഹർഷിനയുടെ ആരോപണം. മെഡിക്കൽ ബോർഡ് യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്ന എറണാകുളം ജനറൽ ആശുപത്രിയിലെ സീനിയർ റേഡിയോളജിസ്റ്റിനെ മാറ്റി പകരം ആഗസ്റ്റ് ഏഴിന് ഇതേ ആശുപത്രിയിലെ ജൂനിയർ റേഡിയോളജിസ്റ്റിനെ നിയോഗിച്ച് ഉത്തരവ് പുതുക്കി. സ്കാനിങ് റിപ്പോർട്ട് മാത്രം കൊള്ളാനാവില്ലെന്ന ഇദ്ദേഹത്തിന്‍റെ അഭിപ്രായമാണ് ബോർഡിൽ മേൽക്കൈ നേടിയതത്രെ.

ഹർഷിനയെ സമര നെരിപ്പോടിൽതന്നെ തിരിച്ചും മറിച്ചും പൊള്ളിക്കാൻതന്നെയാണ് സർക്കാറിന്‍റെ നീക്കമെന്നു വ്യക്തമാക്കുന്നതാണ് കേസിന്‍റെ നാൾവഴി. തെറ്റുചെയ്തവരെ നിയമത്തിനു മുന്നിൽ എത്തിക്കുക, അഞ്ചുവർഷം അനുഭവിച്ച വേദനക്കും സാമ്പത്തികനഷ്ടത്തിനും അർഹമായ നഷ്ടപരിഹാരം നൽകുക, വൈദ്യചികിത്സയിലെ പിഴവുകൾക്ക് ഇരയാകുന്നവർക്ക് സംരക്ഷണം നൽകുന്ന നിയമം കൊണ്ടുവരുക എന്നീ ആവശ്യങ്ങൾക്കു ചെവികൊടുത്താൽ തീരുന്നതേയുള്ളൂ, ഹർഷിനയുടെ പ്രശ്നം. ആശുപത്രിക്കും ആരോഗ്യപ്രവർത്തകർക്കും സംരക്ഷണകവചം തീർക്കാനുള്ള സർക്കാർ സൗമനസ്യത്തിൽനിന്ന് ഒരിത്തിരി മതിയായിരുന്നു നീതിക്കുവേണ്ടി പിടയുന്ന ഒരു പെൺജീവിതത്തിന് ആശ്വാസം പകരാൻ. അതിനാവാതെ, ഒരമ്മയെയും പിഞ്ചുമക്കളെയും പോരാട്ടത്തിന്‍റെ വെയിലത്തുനിർത്തി അധികൃതർ കണക്കുതീർക്കുന്നത് ആരുടെ ദുരഭിമാനത്തിനുവേണ്ടിയാണ്?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - Madhyamam editorial on harshina issue
Next Story