Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_right...

സ​മാ​ധാ​നാ​ധി​ഷ്ഠി​ത​മോ ഇ​ന്ത്യ​യു​ടെ വി​ദേ​ശ​ന​യം?

text_fields
bookmark_border
സ​മാ​ധാ​നാ​ധി​ഷ്ഠി​ത​മോ ഇ​ന്ത്യ​യു​ടെ വി​ദേ​ശ​ന​യം?
cancel

‘‘ഞാൻ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട് ഇത് യുദ്ധകാലമല്ലെന്ന്. പ്രശ്നങ്ങൾക്കുള്ള പരിഹാരം യുദ്ധക്കളത്തിൽനിന്നുണ്ടാവില്ല. മാനുഷിക സമീപനത്തിനും സംഭാഷണത്തിനും നയതന്ത്രത്തിനും മുൻഗണന നൽകണം. ഈ ദിശയിൽ സാധ്യമായ എല്ലാ വഴികളിലും ഇന്ത്യ സംഭാവന ചെയ്യുന്നത് തുടരും’’- ഒക്ടോബർ 11ന് ലാവോസിൽ കിഴക്കൻ ഏഷ്യ ഉച്ചകോടിയെ അഭിമുഖീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത പ്രസംഗത്തിൽനിന്നാണ് ഈ വരികൾ. യുറേഷ്യയിലും പശ്ചിമേഷ്യയിലും സമാധാനം പുലർത്തേണ്ടത് എല്ലാവരുടെയും ആവശ്യമാണെന്നും മോദി പറയുകയുണ്ടായി. ഏവരും യോജിക്കേണ്ട, യോജിക്കുന്ന വാക്കുകളാണ് പ്രധാനമന്ത്രിയുടേത്. ഒരുഭാഗത്ത് റഷ്യ-യുക്രെയ്ൻ യുദ്ധവും മറ്റൊരു ഭാഗത്ത് ഇസ്രായേലിന്റെ ഫലസ്തീൻ, ലബനാൻ ആക്രമണവും സർവനാശങ്ങളും വിതച്ചുകൊണ്ട് അവിരാമമായി തുടരുമ്പോൾ സമാധാനപ്രേമികളായ മുഴുവൻ മനുഷ്യരും പങ്കുവെക്കുന്ന വികാരം തന്നെയാണ് നമ്മുടെ പ്രധാനമന്ത്രിയും ലോകത്തോട് വിളിച്ചുപറഞ്ഞത്.

പക്ഷേ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭരണാധിപൻ എന്ന നിലയിൽ അദ്ദേഹത്തിന്റെയും സർക്കാറിന്റെയും സമാധാന പുനഃസ്ഥാപന നയങ്ങൾ എന്താണ്, എത്രത്തോളമാണ് എന്ന് വിലയിരുത്തുമ്പോഴാണ് വാക്കും പ്രവൃത്തിയും തമ്മിലെ ഭീമമായ അന്തരം നമ്മെ പിടിച്ചുലക്കുന്നത്. പോയവർഷം ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് തിരിച്ചടി എന്ന നിലയിൽ ഇസ്രായേൽ സ്ത്രീകളും കുട്ടികളും വൃദ്ധരും രോഗികളുമടങ്ങുന്ന ഒരു ജനവിഭാഗത്തിനെതിരെ ആരംഭിച്ച കര, വ്യോമാക്രമണങ്ങളിൽ 60,000ത്തിൽപരം മനുഷ്യജീവികൾ അതീവ ദാരുണമായി കൊല്ലപ്പെടുകയും ആരാധനാലയങ്ങൾ മാത്രമല്ല, ആശുപത്രികൾപോലും നിശ്ശേഷം തകർക്കപ്പെടുകയും ചെയ്തിട്ടും ഐക്യരാഷ്ട്രസഭയുടെ എല്ലാ പ്രമേയങ്ങളും അഭ്യർഥനകളും പാടെ നിരാകരിച്ചുകൊണ്ട് നരമേധം തുടരുകയാണ് ഇന്ത്യയുടെ ഉറ്റസുഹൃത്തും സൈനിക-സാമ്പത്തിക കരാർ പങ്കാളിയുമായ ഇസ്രായേൽ. സയണിസ്റ്റ് രാജ്യത്തോട് ഒരു യുദ്ധവിരാമത്തിന് അഭ്യർഥിക്കാൻപോലും മോദിയുടെ ഇന്ത്യക്ക് സാധിക്കാതെ പോവുന്നു. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മനുഷ്യത്വരഹിതമായ ആക്രമണങ്ങളെ അപലപിച്ച കാരണത്താൽ അദ്ദേഹത്തിന് ഇസ്രായേലിലേക്കുള്ള പ്രവേശനംതന്നെ തടഞ്ഞിരിക്കുകയാണ് ആ ഭരണകൂടം.

ഇതിനെതിരെ യു.എന്നിൽ കൊണ്ടുവന്ന പ്രമേയത്തിൽ 104 അംഗരാഷ്ട്രങ്ങൾ ഒപ്പുവെച്ചപ്പോൾ ഒപ്പിടാതെ മാറിനിൽക്കുകയായിരുന്നു മോദിയുടെ ഇന്ത്യ. നേരത്തേ ഇസ്രായേൽ അധിനിവേശത്തെ അപലപിക്കുന്ന യു.എൻ പ്രമേയത്തെ 124 രാജ്യങ്ങൾ പിന്താങ്ങിയപ്പോൾ വിട്ടുനിന്ന 45 രാജ്യങ്ങളുടെ കൂട്ടത്തിലുമുണ്ട് ഇന്ത്യ. അപ്പോൾ പിന്നെ മോദി ഉദ്ബോധിപ്പിച്ച സമാധാനം പശ്ചിമേഷ്യയിൽ എങ്ങനെയുണ്ടാവുമെന്നാണ് കരുതേണ്ടത്? ഇസ്രായേലിനെയും അമേരിക്കയെയും പോലെ ഇന്ത്യയും ഹമാസിന്റേത് ഭീകരാക്രമണമായി ചിത്രീകരിച്ചു; ആ ഹമാസ് വെടിനിർത്തലിന് സന്നദ്ധത അറിയിച്ചപ്പോൾ ഇസ്രായേലാണ് തയാറല്ലെന്ന് ധാർഷ്ട്യത്തോടെ പ്രഖ്യാപിച്ചത്. ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഫലസ്തീനിലെയും ലബനാനിലെയും ഏകപക്ഷീയ വംശഹത്യക്കെതിരെ പ്രതിഷേധ പ്രകടനമോ റാലിയോ നടത്തുന്നതുപോലും ഏതു നിമിഷവും പൊലീസ് നടപടിക്ക് കാരണമായേക്കാം. ഇസ്രായേൽ വംശഹത്യയെ അപലപിക്കുന്നവർക്കെതിരെ മാധ്യമങ്ങളിലൂടെ കൂട്ടായ ആക്രമണവും മുറക്ക് തുടരുന്നു. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി നമ്മുടെ ഇരട്ടത്താപ്പ് ലോകം മുഴുവൻ നോക്കിക്കാണുന്നുണ്ട് എന്ന തിരിച്ചറിവുപോലും തീവ്ര ഹിന്ദുത്വവാദികൾക്കില്ല.

ഒരുകാലത്ത് ചേരിചേരാ പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്ത് നിലയുറപ്പിച്ച് ലോക സമാധാനത്തിനും യുദ്ധമില്ലായ്മക്കും വേണ്ടിയും സാമ്രാജ്യത്വത്തിനെതിരെയും പോരാട്ടം നയിച്ച രാജ്യമാണ് ഇന്ത്യ. ആ സ്ഥാനം ഇന്നില്ലെന്നതോ പോകട്ടെ, അമേരിക്കയിൽ സാമ്രാജ്യത്വവാദികൾക്കൊപ്പം സയണിസ്റ്റ് രാജ്യത്തിന്റെ പക്ഷം ചേർന്ന് ലോകസംഘടനയിൽ ഒറ്റപ്പെടുന്നതിൽപോലും നമ്മുടെ ഭരണാധികാരികൾക്ക് വേവലാതിയില്ല. അതിനിടെയാണ് ലക്ഷക്കണക്കിൽ ഇന്ത്യക്കാർ കുടിയേറിയ, മലയാളികളടക്കം പതിനായിരക്കണക്കിൽ യുവാക്കൾ ഉപരിപഠനത്തിനാശ്രയിക്കുന്ന കാനഡയുമായുള്ള നയതന്ത്രപ്പോര്. കനേഡിയൻ പൗരനായ ഹർദീപ് സിങ് നിജ്ജാർ 2023 ജൂൺ 18ന് കൊലചെയ്യപ്പെട്ടതായി കണ്ടെത്തിയ സംഭവത്തെതുടർന്ന് ഇന്ത്യൻ ഏജന്റുമാരാണ് കൊലപാതകത്തിലെ പങ്കാളികളെന്ന് കാനഡ ആരോപിച്ചത് മുതൽ ആരംഭിച്ച നയതന്ത്ര പോര് ഇരു രാജ്യങ്ങളും ആറുവീതം നയതന്ത്ര ഉദ്യോഗസ്ഥരെ പരസ്പരം പുറത്താക്കുന്നതിലാണ് കലാശിച്ചത്. കനേഡിയൻ പ്രധാനമന്ത്രി പരസ്യ ആരോപണങ്ങൾ ഉന്നയിച്ചതോടെ പോര് മൂർച്ഛിച്ചിരിക്കുകയാണ്. ഖലിസ്ഥാൻ വിഘടനവാദ പ്രസ്ഥാനനായകനായ നിജ്ജാർ ഇന്ത്യയുടെ കണ്ണിൽ പിടികിട്ടാപ്പുള്ളിയാണ്.

ഇന്ത്യയുടെ ആഭ്യന്തര സമാധാനത്തിന് ഭീഷണിയായ ഖലിസ്ഥാനി നേതാവ് കാനഡയിലെ രണ്ടു ശതമാനത്തോളം വരുന്ന സിഖുകാരെ രാജ്യത്തിനെതിരെ ഇളക്കിവിടുന്നുവെന്ന പരാതി കഴമ്പുള്ളതാണ്. ഇതിന് നിശ്ചയമായും അറുതിവരുത്തിയേപറ്റൂ. പക്ഷേ, ഒരന്യ രാജ്യ പൗരനെ ഗൂഢമായി വധിക്കാനുള്ള നീക്കം നമ്മുടെ ഭാഗത്തുനിന്നുണ്ടായാൽ അന്യായക്കാരൻ പ്രതിക്കൂട്ടിലാവും. നമ്മുടെ സർക്കാർ ആരോപണം അസന്ദിഗ്ധമായി നിഷേധിക്കുമ്പോൾ കാനഡ വ്യക്തമായ തെളിവുകൾ ഇന്ത്യക്ക് സമർപ്പിച്ചിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. നിശ്ചയമായും ഉഭയകക്ഷി ചർച്ചകളിലൂടെ സമാധാനപരമായി വേണം തർക്കപരിഹാരം. കലുഷമായ അന്തരീക്ഷം കാനഡയിൽ കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ആശങ്കാകുലരാക്കിയിട്ടുണ്ടെന്നാണ് വിവരം. സുചിന്തിതവും രാജ്യനന്മ മാത്രം മുൻനിർത്തിയുള്ളതുമായ ഒരു വിദേശനയം രൂപപ്പെടുത്തുന്നതിൽ തീവ്ര ഹിന്ദുത്വ സർക്കാർ പരാജയപ്പെടുന്നു എന്ന പൊതുധാരണയെ ബലപ്പെടുത്തുന്നതാണ് ഒടുവിലത്തെ സംഭവവികാസങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial
News Summary - Madhyamam editorial on india foreign policy
Next Story