Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പൊട്ടിത്തെറിയിൽ വിയർക്കുന്ന സി.പി.എം
cancel

എട്ടുവർഷമായി സംസ്ഥാനം ഭരിക്കുന്ന ഇടത് ജനാധിപത്യമുന്നണിയിലെ വലിയ പാർട്ടിയും രാജ്യത്തെ ഇടതു പാർട്ടികളിൽ പ്രബല കക്ഷിയുമായ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)യിലെ വിഭാഗീയതയും പൊട്ടിത്തെറിയും രാജിയും പുറത്താക്കലും മാധ്യമങ്ങളിൽ പ്രധാന വാർത്തയായി ജനശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുകയാണിപ്പോൾ. പാർട്ടിയിൽ നടക്കുന്നത് ചില്ലറ പ്രാദേശിക പ്രശ്നങ്ങൾ മാത്രമാണെന്ന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വിശദീകരണം സ്വന്തം അണികളെപ്പോലും വിശ്വസിപ്പിക്കാൻ കഴിയാത്തവിധം ദുർബലമാണ്.

എല്ലാം ബൂർഷ്വാ മാധ്യമങ്ങളുടെ പാർട്ടി വിരുദ്ധ പ്രചാരണങ്ങളാണെന്ന ന്യായീകരണവും വൃഥാവിലാണ്. വിഭാഗീയതയെതുടർന്ന് കരുനാഗപ്പള്ളി സി.പി.എം ഏരിയ കമ്മിറ്റിയെതന്നെ പിരിച്ചുവിടാൻ എം.വി. ഗോവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന കൊല്ലം ജില്ല സെക്രട്ടേറിയറ്റ് യോഗം തീരുമാനിക്കേണ്ടിവന്നത് പത്രവാർത്ത വായിച്ചാവില്ലല്ലോ. പാർട്ടിയുടെ ശക്തികേന്ദ്രമായ കരുനാഗപ്പള്ളിയിൽ നേതൃത്വത്തെ വെല്ലുവിളിച്ച് വിവിധ ലോക്കൽ കമ്മിറ്റികളിൽനിന്നുള്ള സ്ത്രീകളടക്കം പ്ലക്കാർഡുകളുയർത്തി നടത്തിയ പ്രതിഷേധപ്രകടനം നേതൃത്വത്തെ ഞെട്ടിക്കുകയായിരുന്നു. തുടർന്നാണ് ഏരിയ കമ്മിറ്റിയെതന്നെ പിരിച്ചുവിട്ട് പകരം അഡ്ഹോക് കമ്മിറ്റിയെ നിയോഗിക്കേണ്ടിവന്നത്. കൊള്ളക്കാരിൽനിന്ന് പാർട്ടിയെ രക്ഷിക്കണം എന്നായിരുന്നു പ്രതിഷേധപ്രകടനത്തിൽ മുഴങ്ങിയ പ്രധാന മുദ്രാവാക്യം എന്നോർക്കണം. ഏറ്റവുമൊടുവിൽ തിരുവനന്തപുരം മംഗലപുരത്ത് കടുത്ത വിഭാഗീയതയെതുടർന്ന് മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയും മകനും ബി.ജെ.പിയിലേക്ക് ചേക്കേറുന്നു. തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറിയെ നീക്കം ചെയ്തതാണ് മറ്റൊരു സംഭവം. പാലക്കാട്ടെ കൊഴിഞ്ഞാമ്പാറയിൽ പാർട്ടി വിമതർ പ്രത്യേക കൺവെൻഷൻ നടത്തുകയും പാർട്ടി ഓഫിസ് തുറക്കുകയും ചെയ്തു. ഇപ്രകാരം പാർട്ടിയുടെ കെട്ട് പൊട്ടിക്കഴിഞ്ഞിരിക്കെ ജില്ല സമ്മേളനങ്ങളും തുടർന്ന് സംസ്ഥാന സമ്മേളനങ്ങളും നടക്കുമ്പോഴേക്ക് പൊട്ടലും ചീറ്റലും എവിടെ എത്തുമെന്ന് കണ്ടറിയണം.

ബൂർഷ്വാ പാർട്ടികളെന്ന് കമ്യൂണിസ്റ്റുകാർ വിളിക്കുന്ന മറ്റു പാർട്ടികളെപ്പോലെയല്ല കർശനമായ വ്യവസ്ഥയും അച്ചടക്കവും നിലനിർത്തുന്ന കേഡർ സ്വഭാവമുള്ള മാർക്സിസ്റ്റ് പാർട്ടിയെന്ന് എടുത്തുപറയേണ്ടതില്ല. സമഗ്രാധിപത്യ സ്വഭാവമുള്ള കേഡർ പാർട്ടികളും പ്രത്യയശാസ്ത്രപരവും നയപരവുമായ ഭിന്നാഭിപ്രായങ്ങൾ മൂർച്ഛിച്ചാൽ പിളരാം. രാഷ്ട്രാന്തരീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ പ്രമാദമായ പിളർപ്പിനെതുടർന്ന് സോവിയറ്റ് യൂനിയനും പീപ്ൾസ് റിപ്പബ്ലിക് ഓഫ് ചൈനയും വിപരീതദിശയിൽ നിലയുറപ്പിച്ചതും തൽഫലമായി ലോക കമ്യൂണിസ്റ്റ് പാർട്ടികൾ ഇടതും വലതുമായി പിരിഞ്ഞ് പരസ്പരം പൊരുതിയതും കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാർധത്തിലെ പ്രമാദ സംഭവമായിരുന്നല്ലോ. ഇന്ത്യയിലും അതിന്റെ അനുരണനങ്ങളുണ്ടായതും സി.പി.ഐ കുറുകെ പിളർന്ന് സി.പി.ഐ-എമ്മുണ്ടായതും അതിൽ നിന്ന് വേർ പെട്ട് പോയ ചിലർ സി.പി.ഐ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ഉണ്ടാക്കിയതുമെല്ലാം പ്രത്യയശാസ്ത്രപരമോ നയപരമോ ആയ ഭിന്നതകൾ നിമിത്തമായിരുന്നു. ഈ മൂന്നു പാർട്ടികളും ഇപ്പോൾ ഒരേ മുന്നണിയിൽ അണിനിരന്നത് ദേശീയ സാഹചര്യങ്ങൾ മൂലമാണെന്നും മനസ്സിലാക്കാവുന്നതേയുള്ളൂ. സി.പി.എം കേരള ഘടകത്തിൽ വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും നേതൃത്വം നൽകിയ ഗ്രൂപ്പുകളുടെ കാര്യത്തിലും ഒരു പരിധിവരെ നയനിലപാടുകളുടെ പ്രതിഫലനമാണെന്ന് പറഞ്ഞുനിൽക്കാം. എന്നാൽ, പിണറായി സർക്കാറിന്റെ രണ്ടാമൂഴത്തിൽ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്ന അന്തഃഛിദ്രതയും വിഭാഗീയതയും നയപരമോ ആദർശപരമോ ആയ ഭിന്നവീക്ഷണങ്ങൾ മൂലമാണെന്ന് പാർട്ടിയുടെ ഏറ്റവും വലിയ ഗുണകാംക്ഷികൾക്കുപോലും വാദിക്കാൻ കഴിയില്ലെന്നതാണ് സാഹചര്യം.

പിന്നെയോ? പാർട്ടിയെ നേരത്തേ ബാധിച്ചുകൊണ്ടിരുന്നതും ഭരണത്തിന്റെ രണ്ടാമൂഴത്തിൽ ആസകലം ഗ്രസിച്ചുകൊണ്ടിരിക്കുന്നതുമായ ജീർണതയും അഴിമതിയും സ്വജനപക്ഷപാതവുമൊക്കെയാണ് വിഭാഗീയതയെ മൂർച്ഛിപ്പിച്ചുകൊണ്ടിരിക്കുന്നത്. അധികാര പങ്കാളിത്തത്തിന് വേണ്ടിയുള്ള കിടമത്സരം, പദവികളോടുള്ള അനൽപമായ ആർത്തി, അധാർമിക മാർഗേണയാണെങ്കിലും പണം കൈക്കലാക്കണമെന്ന ശാഠ്യം, ബന്ധുക്കളെയും സ്വന്തക്കാരെയും ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലും അധികാര സിരാകേന്ദ്രങ്ങളിലും കുത്തിത്തിരുകാനുള്ള കിടമത്സരം തുടങ്ങി പലപ്പോഴും ബൂർഷ്വാ പാർട്ടികളിൽപോലും ഏറെ ഉദാഹരണങ്ങളില്ലാത്ത ജീർണതയിലേക്ക് സി.പി.എം കൂപ്പുകുത്തിയിരിക്കുന്നു എന്നതാണ് നഗ്നമായ സത്യം. സാങ്കേതികമായി പാർ ട്ടിക്കാരനല്ലെങ്കിലും ഭരണപക്ഷത്തും പാർട്ടിയിലും ഒരുപോലെ സ്വാധീനമുറപ്പിച്ചിരുന്ന എം.എൽ.എ പി.വി. അൻവർ താനേറ്റവു മധികം ബഹുമാനിച്ചിരുന്ന മുഖ്യമന്ത്രിയെ വിശേഷിപ്പിച്ച 'കെട്ടുപോയ സൂര്യൻ' എന്നടക്കമുള്ള പദപ്രയോഗങ്ങളിലെ രൂക്ഷത ഒഴിച്ചുനിർത്തിയാൽപോലും ചില ശരി അദ്ദേഹത്തിൻ്റെ ആരോപണങ്ങളി ലുണ്ടെന്ന് ജനം വിശ്വസിക്കേ ണ്ടിവരുന്നതാണ് സാഹചര്യം.

മുഖ്യമന്ത്രിയുടെ ഓഫിസ് മേധാവിയാകട്ടെ നേരത്തേ പാർട്ടിയുടെതന്നെ ശിക്ഷണനടപടിക്ക് വിധേയനായിരുന്നയാളാണുതാനും. ഇപ്പോൾ വിഭാഗീയത പൊട്ടിത്തെറിയിലെത്തിയ സംഭവങ്ങളിലും ഉയർന്നുവരുന്ന ആരോപണങ്ങളിൽ സാമ്പത്തിക തിരിമറികളും ലൈംഗികാരോപണങ്ങളും സുലഭമായുണ്ടെന്നതാണ് ശ്രദ്ധേയം. ഈ പ്രതിഭാസം പാർട്ടിയെ മൊത്തം കാർന്നുതിന്നുന്ന അർബുദമായി പരിണമിച്ചാൽ മുൻ സോവിയറ്റ് യൂനിയനിലും പൂർവ യൂറോപ്പിലും ഇന്തോനേഷ്യയിലും ഇന്ത്യയിലെ പശ്ചിമ ബംഗാളിലുമൊക്കെ നേരിട്ട സമ്പൂർണ തകർച്ചയാണ് സി.പി.എമ്മിനെ കാത്തിരിക്കുന്നതെന്ന് കരുതേണ്ടിവരും. ലോക്സഭ തെരഞ്ഞെടുപ്പിലെ സമ്പൂർണ തകർച്ചയെതുടർന്ന് കേന്ദ്ര കമ്മിറ്റി തയാറാക്കിയ റിപ്പോർട്ടിൽ തെറ്റായ പ്രവണതകൾക്കെതിരെ വിരൽചൂണ്ടിയിരുന്നെങ്കിലും അതൊക്കെ നിഷ്ഫലമായി എന്നുവേണം മനസ്സിലാക്കാൻ. അതേസമയം, സി.പി.എമ്മിനോട് വിടപറയുന്നവർ ബി.ജെ.പിയിലേക്കാണ് ചേക്കേറുന്നതെന്ന് വന്നാൽ അത് ഇടതുപക്ഷ പ്രസ്ഥാനത്തിന് മാത്രമല്ല, മതനിരപേക്ഷ ജനാധിപത്യ കൂട്ടായ്മക്കാകെ ചെറുതല്ലാത്ത ഭീഷണിയാണ് ഉയർത്തുന്നതും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialCPMCPM Sectarianism
News Summary - Madhyamam editorial on Internal Sectarianism in CPM
Next Story