നിയന്ത്രണമില്ലാതെ പടരുന്ന ഇസ്ലാമോഫോബിയ
text_fieldsഇക്കഴിഞ്ഞ വെള്ളിയാഴ്ച അഥവാ മാർച്ച് 15 അന്താരാഷ്ട്ര ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായിരുന്നു. മുസ്ലിംകൾക്കെതിരെ വർധിച്ചുവരുന്ന വിദ്വേഷവും വിവേചനവും അതിക്രമവും ചെറുക്കുകയാണ് യു.എൻ പൊതുസഭ ഏകകണ്ഠമായി അംഗീകരിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ആരംഭിച്ച ദിനാചരണം കൊണ്ടുദ്ദേശിക്കുന്നത്. അതിന്റെ ഭാഗമായി ലോക പ്രശസ്തമായ പല യൂനിവേഴ്സിറ്റികളിലും സിമ്പോസിയങ്ങളും ഓൺലൈൻ-ഓഫ്ലൈൻ ചർച്ചകളും ബോധവത്കരണ കാമ്പയിനുകളും നടന്നു. കേരളത്തിലെ സാഹോദര്യ-പൗരാവകാശ പ്രവർത്തകരിൽ ചിലർ നോമ്പെടുത്തും ഇഫ്താർ സംഘടിപ്പിച്ചുമാണ് വേട്ടയാടപ്പെടുന്ന മുസ്ലിം സമുദായത്തോട് ഐക്യദാർഢ്യമറിയിച്ചത്. സമൂഹ മാധ്യമ പോസ്റ്റുകൾക്കപ്പുറം കാര്യമായ പ്രചാരണങ്ങളില്ലാതെ നടത്തിയ നോമ്പ് ആഹ്വാനവും അതീവ ലളിതമായ മട്ടിൽ സംഘടിപ്പിച്ച ഇഫ്താറുകളും പ്രസരിപ്പിക്കുന്ന സന്ദേശത്തിന്റെ വ്യാപ്തി വലുതാണ്, ആവേശകരവും അതിലുപരി ആശ്വാസം പകരുന്നതുമാണ്. എന്നാൽ, ഇത് ഇന്ത്യയുടെ, തീരെ കുറഞ്ഞപക്ഷം കേരള പൊതുസമൂഹത്തിൽ വേരുപിടിച്ച ഇസ്ലാംവിരുദ്ധതയെ ഏതെങ്കിലും വിധത്തിൽ അലോസരപ്പെടുത്തുന്നുണ്ടോ എന്ന് തിരക്കിയാൽ ഇല്ലേയില്ല എന്നതാവും സത്യസന്ധമായ ഉത്തരം.
കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർഥനാ സമ്മേളന വേദിയിൽ ഭീകരാക്രമണം നടത്തി നിരവധി പേർക്ക് ജീവഹാനി വരുത്തിയ പ്രതി അന്നേദിവസം തന്നെ കുറ്റം ഏറ്റുപറഞ്ഞ് കീഴടങ്ങിയതിൽ നിരാശയും സംശയവും പ്രകടിപ്പിച്ച മനസ്സുകൾ ഇസ്ലാമോഫോബിയയുടെ ഉൽപാദന കേന്ദ്രങ്ങളാണ്. അത്തരമൊരു അനിഷ്ടസംഭവം നടന്നയുടനെ മുസ്ലിം യുവാക്കളെ പിടിച്ചു കൊണ്ടുപോയി തടങ്കലിൽ വെക്കുന്നതും, അത് റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകരെ കേസിൽ കുടുക്കുന്നതുമായ പൊലീസിങ്ങും ഇസ്ലാമോഫോബിയയുടെ പ്രകടമായ ഉദാഹരണമാണ്.
ഇപ്പറഞ്ഞത് കേരളത്തിലാണെങ്കിൽ ചന്ദ്രഗിരിപ്പുഴക്ക് വടക്കോട്ട് മുസ്ലിംകളോടുള്ള വെറുപ്പും വിദ്വേഷവും ജീവിതശൈലിയുടെ ഭാഗമായ മട്ടിലാണ് കാര്യങ്ങൾ. രണ്ടാഴ്ച മുമ്പ് രാജ്യ തലസ്ഥാന നഗരിയായ ഡൽഹിയിലെ ഇന്ദർലോകിൽ ഒരു വെള്ളിയാഴ്ച ഉച്ചക്ക് പള്ളിയിൽ ഇടം തികയാതെ റോഡിലേക്കിറങ്ങിനിന്ന് നമസ്കാരം നിർവഹിച്ച വിശ്വാസികളെ പൊലീസുകാരൻ ബൂട്ടിട്ടു ചവിട്ടുന്ന കാഴ്ച ലോകം കണ്ടു. കുറച്ചു വർഷങ്ങളായി, പ്രത്യേകിച്ച് റമദാൻ മാസങ്ങളിൽ ജറൂസലമിലെ മസ്ജിദുൽ അഖ്സായിൽ നമസ്കാരം നിർവഹിക്കുന്ന വിശ്വാസികൾക്കുനേരെ ഒരു പ്രകോപനവുമില്ലാതെ അതിക്രമം അഴിച്ചുവിടുന്ന ഇസ്രായേലി സേനാംഗങ്ങളെ ഓർമപ്പെടുത്തുന്നതായിരുന്നു ആ ക്രൂരചെയ്തി. നൂറ്റാണ്ടുകൾമുമ്പ് നിർമിച്ച പള്ളികൾ തകർക്കുകയും അധിനിവേശത്തിനിരയാക്കുകയും ചെയ്യുക, പുതിയ പള്ളികൾ പണിയുന്നതിന് നിയന്ത്രണമേർപ്പെടുത്തുക, പാർക്കുകളിലും മൈതാനങ്ങളിലും വെള്ളിയാഴ്ചകളിൽ നമസ്കാരത്തിന് നൽകിവന്നിരുന്ന അനുമതി നിഷേധിക്കുക എന്നിത്യാദി ഹിന്ദുത്വ ഭരണകൂട നടപടികളുടെ തുടർച്ചയാണ് ആരാധന നിർവഹിച്ചു കൊണ്ടിരിക്കെ വിശ്വാസികൾക്കെതിരെ നടത്തുന്ന പൊലീസ് അതിക്രമവും. എന്തായാലും മനുഷ്യത്വ മര്യാദകൾക്കും ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങൾക്കും കടകവിരുദ്ധമായ ഈ അന്യായം കാണിച്ച പൊലീസുകാരനെ തള്ളിപ്പറയാനും സസ്പെൻഡ് ചെയ്യാനും ഡൽഹി പൊലീസ് താമസം വരുത്തിയില്ല എന്നത് ആശ്വാസകരമായി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് അരങ്ങേറുന്ന അതിരുവിട്ട ഇസ്ലാംവിരുദ്ധതയുടെ രണ്ട് സംഭവങ്ങൾ ഈ മാർച്ച് മാസത്തിൽതന്നെ പുറത്തുവന്നിരുന്നു. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നാടായ ഗുജറാത്തിൽ നിന്നാണത്. ഗുജറാത്ത് സർവകലാശാല ഹോസ്റ്റലിൽ പ്രാർഥനക്ക് അനുവദിക്കപ്പെട്ട നിർദിഷ്ട സ്ഥലത്ത് റമദാനിലെ നിശാനമസ്കാരം (തറാവീഹ്) നിർവഹിച്ച വിദേശ വിദ്യാർഥികളെ ഹിന്ദുത്വ വംശീയവാദികൾ കടന്നുകയറി ആക്രമിച്ചതാണ് അതിലൊന്ന്. മുറിവേൽപിച്ച് ചോരയൊലിപ്പിച്ചിട്ടും അരിശം തീരാത്ത അക്രമികൾ വിദ്യാർഥികളുടെ മുറികളിൽ കടന്നുകയറി ലാപ്ടോപ്പുകളും പഠനസാമഗ്രികളുമെല്ലാം തല്ലിത്തകർത്തു. അതിക്രമത്തെക്കുറിച്ച് വിവരമറിയിച്ച് ഏറെ നേരം കഴിഞ്ഞു മാത്രം സ്ഥലത്തെത്തിയ പൊലീസ് ഭീകരവാദികൾക്ക് ആയുധങ്ങളുമായി കടന്നുപോകാനും സൗകര്യമൊരുക്കി.
അസമിൽനിന്ന് പുറത്തുവന്ന ദൃശ്യങ്ങളാണ് മറ്റൊന്ന്: കൊക്രജാർ ബോഡോലാൻഡ് സർവകലാശാല ചരിത്ര വിഭാഗം സംഘടിപ്പിച്ച സാംസ്കാരിക ഘോഷയാത്രയിൽ സംസ്ഥാനത്തെ വിവിധ സമൂഹങ്ങളുടെയും സമുദായങ്ങളുടെയും പ്രതീകങ്ങൾ ഉൾപ്പെടുത്തിയപ്പോൾ വട്ടത്തൊപ്പിയും താടിയുമുള്ള രണ്ട് യുവാക്കളെ കൈയാമംവെച്ച് പൊലീസ് തെളിച്ചുകൊണ്ടുപോകുന്ന രീതിയിലാണ് മുസ്ലിംകളെ ചിത്രീകരിച്ചത്.
ഒരു ന്യൂനപക്ഷ മതസമൂഹത്തെ ഉന്നമിട്ട് ഇത്തരം കൊടിയ അതിക്രമങ്ങളും സംഘടിത ദുഷ്പ്രചാരണങ്ങളും അനുസ്യൂതം തുടരുമ്പോഴും ഒരു കണ്ണനക്കം കൊണ്ടുപോലും വിലക്കാൻ തയാറാവാത്ത ഭരണകൂടങ്ങൾ തന്നെയാണ് ഇസ്ലാമോഫോബിയയുടെ ഏറ്റവും വലിയ സ്പോൺസർമാർ. വോട്ടുലാഭം കൊതിച്ച് ഇതിനെതിരെ പ്രതികരിക്കാൻ വൈമനസ്യം പുലർത്തുന്ന രാഷ്ട്രീയ കക്ഷികളും ഈ ദുരവസ്ഥയുടെ തുല്യ ഉത്തരവാദികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.