Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഒഴുക്കുനിലച്ച ജലനിധി
cancel

കേരളത്തിന്റെ ഗ്രാമീണ മേഖലയിൽ കുടിവെള്ള വിതരണവും ശുചിത്വസൗകര്യങ്ങളും ഏർപ്പെടുത്തുന്നതിനായി ഏതാണ്ട് 20 വർഷം മുമ്പ് ലോകബാങ്കിന്റെ സഹായത്തോടെ ആരംഭിച്ച പദ്ധതിയാണ് ജലനിധി. കേന്ദ്രീകൃത ശുദ്ധജല വിതരണ സംവിധാനങ്ങൾക്കു പകരം, ജനപങ്കാളിത്തത്തോടെയുള്ള വികേന്ദ്രീകൃത പദ്ധതിയെന്ന നിലയിൽ ഏറെ പ്രതീക്ഷയോടെയായിരുന്നു തുടക്കം. 15 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ള, ശുചിത്വ സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പദ്ധതിയിലൂടെ ഇപ്പോൾ 227 പഞ്ചായത്തുകളിലായി 22 ലക്ഷത്തിൽപരം വീടുകളിലേക്ക് വെള്ളമെത്തുന്നുണ്ട് എന്നാണ് ഔദ്യോഗിക കണക്ക്. ഇങ്ങനെ നോക്കുമ്പോൾ, ജലനിധിയെ വിജയകരവും മാതൃകപരവുമായ പദ്ധതിയെന്ന് വിശേഷിപ്പിക്കാം.

എന്നാൽ, കൊട്ടിഘോഷിക്കപ്പെട്ട പല ജലനിധി പദ്ധതികളും നിലച്ചുപോയിരിക്കുന്നുവെന്നാണ് കഴിഞ്ഞദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യക്തമായത്. ‘ഓപറേഷൻ ഡെൽറ്റ’ എന്നു പേരിട്ട റെയ്ഡിൽ, കോടികൾ ചെലവഴിച്ച പൂർത്തീകരിച്ച പല പദ്ധതികളും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഒപ്പം, ശുദ്ധീകരിക്കാത്ത ജലം കുടിവെള്ളമായി വിതരണം ചെയ്തതിന്റെ തെളിവുകളും ലഭിച്ചു. സുതാര്യമെന്ന് തോന്നിച്ച ഈ പദ്ധതിയിൽ പലയിടത്തും വ്യാപക അഴിമതി നടന്നതായും റെയ്ഡിൽ തെളിഞ്ഞു. 46 പഞ്ചായത്തുകളിൽ നടത്തിയ പരിശോധനയിൽ, ഗ്രാമീണ കുടിവെള്ള വിതരണത്തിൽ ഏറെ നിർണായകമായ പദ്ധതി ഏറക്കുറെ നിശ്ചലമായിക്കഴിഞ്ഞുവെന്ന് വ്യക്തമാകുന്നു. സർക്കാറിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയമാണിത്.

ജലനിധിയെക്കുറിച്ചുള്ള ആശങ്കകളും പരാതികളും പുതിയതല്ല. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എൽ.ഡി.എഫ് പുറത്തുവിട്ട പ്രകടനപത്രികയിൽപോലും ജലനിധി പദ്ധതികൾ നിർജീവമായിരിക്കുന്നുവെന്ന വസ്തുത അംഗീകരിക്കുന്നുണ്ട്. തുടർന്ന്, അവ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്നാണ് വാഗ്ദാനം. എന്നാൽ, രണ്ടാം പിണറായി സർക്കാറിന്റെ രണ്ടാം വാർഷികാഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും, ജലനിധിയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികളൊന്നും പ്രഖ്യാപിച്ചതായി അറിയില്ല. അതിനിടയിലാണിപ്പോൾ, കാര്യങ്ങൾ ഏറ്റവും മോശം അവസ്ഥയിലെത്തിയിരിക്കുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നത്. കാസർകോട് ജില്ലയിലെ ബെള്ളൂർ പഞ്ചായത്തിലെ ഉപയോഗശൂന്യമായ ജലനിധി പദ്ധതിയാണ് ഏറ്റവും കൂടുതൽ നഷ്ടം വരുത്തിവെച്ചതായി റെയ്ഡിൽ കണ്ടെത്തിയത്. 1126 വീടുകളിൽ കുടിവെള്ളമെത്തിക്കാൻ ഏഴരക്കോടി ചെലവഴിച്ച് 2014ൽ തുടങ്ങിയ പദ്ധതിയായിരുന്നു അത്. ഈ വീടുകളിലെല്ലാം കുടിവെള്ള ടാപ്പുകളുണ്ട്.

ഒരിക്കൽപോലും വെള്ളമെത്തിയിട്ടില്ലത്രെ. ഇക്കാലത്തിനിടെ, ആ കുടുംബങ്ങൾ ജലനിധി ശുദ്ധജല വിതരണ സമിതിയിൽ 50 ലക്ഷത്തോളം രൂപ അടക്കുകയും ചെയ്തിട്ടുണ്ട്. 2019ൽ, നാന്നൂറോളം വീടുകളിലേക്കായി കുടിവെള്ള വിതരണത്തിന്റെ ട്രയൽ നടത്തിയെങ്കിലും, പൈപ്പ് പൊട്ടിയതോടെ അതും നിലച്ചു. പദ്ധതി നടത്തിപ്പിലെ സാങ്കേതിക പ്രശ്നങ്ങളും പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതയുമൊക്കെയാണ് ഇത്രയും പണം മുടക്കിയൊരു പദ്ധതി ഇവ്വിധം വെള്ളത്തിലാക്കുന്നതിൽ കലാശിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും സമാനമായ കെടുകാര്യസ്ഥതയുടെ ഉദാഹരണങ്ങൾ വിജിലൻസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. സാങ്കേതിക അനുമതിപോലുമില്ലാതെ ആരംഭിച്ച പദ്ധതികൾപോലും റെയ്ഡിൽ കണ്ടുപിടിച്ചിട്ടുണ്ട്. എന്തിനേറെ, ജലലഭ്യത ഉറപ്പുവരുത്താതെ തുടങ്ങിയ പദ്ധതികൾപോലുമുണ്ടത്രെ!

പ്രതിവർഷം 330 സെന്റിമീറ്റർ മഴ ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. പക്ഷേ, ആളോഹരി എണ്ണമെടുക്കുമ്പോൾ നമുക്കാവശ്യമായ ശുദ്ധജലം ഇവിടെയില്ല. ലഭ്യതയുടെ പ്രശ്നം മാത്രമല്ല, ആസൂത്രണത്തിന്റെ അഭാവംകൊണ്ടുകൂടി സംഭവിച്ചതാണിത്. ഐക്യകേരളം നിലവിൽ വരുന്നതിനും നാല് പതിറ്റാണ്ട് മുന്നേത്തന്നെ ഇവിടെ കുടിവെള്ള വിതരണ സംവിധാനം ആരംഭിച്ചിട്ടുണ്ട്. വർഷം 110ലെത്തിയിട്ടും, കേരളത്തിലെ 33 ശതമാനം വീടുകളിൽ മാത്രമേ ഇപ്പോഴും കുടിവെള്ളമെത്തിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഈ മെല്ലെപ്പോക്കിൽനിന്നും കേരളത്തെ രക്ഷിക്കാനാണ്, ജലനിധി പോലുള്ള പദ്ധതികൾ ആവിഷ്കകരിച്ചത്. അതാകട്ടെ, തുടർച്ചയായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. എല്ലാവർക്കും ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തുമെന്നത് സംസ്ഥാന സർക്കാറിന്റെ വാഗ്ദാനങ്ങളിലൊന്നാണ്. ഇതിനായി, പക്ഷേ ജലനിധിപോലുള്ള വികേന്ദ്രീകൃത പദ്ധതികളെയല്ല ഇപ്പോൾ സർക്കാർ ആശ്രയിക്കുന്നത് എന്നിടത്താണ് പ്രശ്നം.

കേന്ദ്ര സർക്കാറിന്റെ സഹായത്തോടുകൂടി ആവിഷ്കരിച്ചിരിക്കുന്ന ‘ജൽജീവൻ മിഷൻ’ ആണ് സർക്കാറിന്റെ പുതിയ ആശ്രയം. പദ്ധതി വഴി 21 ലക്ഷം കുടുംബങ്ങൾക്ക് വെള്ളമെത്തിക്കുമെന്നാണ് അവകാശവാദം. അത് മുഖവിലക്കെടുത്താൽപോലും മറഞ്ഞിരിക്കുന്ന ഒരുപാട് അപകടങ്ങൾ ആ പദ്ധതിയിലുണ്ടെന്ന വിമർശനം ഇതിനകം ഉയർന്നിട്ടുണ്ട്. കുടിവെള്ള മേഖലയെ പൂർണമായി സർക്കാറിൽനിന്ന് വിച്ഛേദിക്കുന്ന ഈ പദ്ധതിയുടെ പരിണിതഫലം നാട് കാണാനിരിക്കുന്നതേയുള്ളൂ; ജല അതോറിറ്റിയുടെ അധികാരം കവർന്നെടുത്ത് കുടിവെള്ളത്തിന്റെ സ്വകാര്യവത്കരണത്തിനുള്ള പരിപാടിയാണിതെന്ന് വ്യക്തം. കുടിവെള്ളത്തിന്റെ വിലനിർണയവും കരം പിരിക്കലുമെല്ലാം സ്വകാര്യ ഏജൻസികൾ നിർവഹിച്ചുതുടങ്ങുന്നതോടെ, അത് മറ്റൊരു ജലപ്രതിസന്ധിയിലേക്ക് നയിക്കുമെന്നതിൽ സംശയമില്ല. അതുകൊണ്ടുതന്നെ, നിലവിലെ സാഹചര്യത്തിൽ ജലനിധിപോലുള്ള ജനകീയവും വികേന്ദ്രീകൃതവുമായ പദ്ധതികൾ പുനരുജ്ജീവിപ്പിക്കുന്നതായിരിക്കും അഭികാമ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialJalanidhi project
News Summary - Madhyamam editorial on jalanidhi project
Next Story