ജമ്മു-കശ്മീരിൽ ജനവിധി മാനിക്കണം
text_fieldsപത്തു വർഷത്തെ ഇടവേളക്ക് ശേഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 90ൽ 49 സീറ്റുകൾ നേടിക്കൊണ്ട് ഇൻഡ്യ സഖ്യം വ്യക്തമായ ഭൂരിപക്ഷം ഉറപ്പാക്കിയതോടെ സുദീർഘമായ അനിശ്ചിതത്വത്തിന് അവസാനമായെന്ന പ്രതീക്ഷയിലാണ് കശ്മീരികൾ. പ്രത്യേക പദവിയോടൊപ്പം സംസ്ഥാന പദവികൂടി എടുത്തുകളഞ്ഞ് ലഫ്. ഗവർണറിലൂടെ കേന്ദ്രഭരണം അടിച്ചേൽപിക്കപ്പെട്ടതിനെതിരെ തങ്ങൾ നടത്തിയ ജനാധിപത്യപരമായ ചെറുത്തുനിൽപ് അനിഷേധ്യ വിജയം നേടിയതിൽ ആശ്വാസവും ശുഭപ്രതീക്ഷയും പങ്കുവെക്കുകയാണ് സ്വാതന്ത്ര്യലബ്ധി മുതൽ അവിരാമമായ പരീക്ഷണങ്ങളിലൂടെ കടന്നുപോന്ന കശ്മീർ ജനത.
ഒന്നിന് പിറകെ മറ്റൊന്നായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന കരിനിയമങ്ങളുടെയും പീഡനങ്ങളുടെയും ഇരകളായി നാളുകൾ തള്ളിനീക്കിയപ്പോഴും ജനാധിപത്യത്തിലുള്ള വിശ്വാസം അവർ കൈയൊഴിയുകയോ നിയമവാഴ്ചയെ വെല്ലുവിളിക്കുകയോ ചെയ്തില്ലെന്നതിന്റെ നേർസാക്ഷ്യമാണ് ചരിത്രത്തിലില്ലാത്ത വോട്ടിങ് ശതമാനം ഈ തെരഞ്ഞെടുപ്പിൽ ഉയർന്നത്. ഭരണഘടനയിലെ 370ാം വകുപ്പ് ജമ്മു-കശ്മീരിന് അനുവദിച്ച പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയെ സാധൂകരിച്ച സുപ്രീംകോടതി, തെരഞ്ഞെടുപ്പിന് നൽകിയ അവസാന സമയപരിധി തീരാനടുത്തപ്പോഴാണ് ഇലക്ഷൻ കമീഷൻ അതിന് തയാറായതെന്നോർക്കണം. അതുപോലും തെരഞ്ഞെടുപ്പാനന്തരം നിലവിൽവരുന്ന നിയമസഭയിൽ ബി.ജെ.പിക്ക് ഭൂരിപക്ഷമുറപ്പിക്കാവുന്ന സമസ്ത തന്ത്രങ്ങളും പയറ്റിക്കൊണ്ടാണുതാനും.
ജനസംഖ്യയിൽ പിന്നിൽനിൽക്കുന്ന ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ജമ്മുവിൽ ആറ് മണ്ഡലങ്ങൾ പുതുതായി സൃഷ്ടിച്ചപ്പോൾ ജനസംഖ്യ കൂടുതലുള്ള താഴ്വരയിൽ ഒരേയൊരു മണ്ഡലം മാത്രമാണ് വർധിപ്പിച്ചത്. അങ്ങനെ കശ്മീരിൽ 46ൽനിന്ന് 47 ആയി മാത്രം സീറ്റെണ്ണം കൂടിയപ്പോൾ ജമ്മുവിൽ മണ്ഡലങ്ങൾ 37ൽനിന്ന് 43 ആയി ഉയർന്നു. ജമ്മുവിൽ 1,25,082 പേർക്ക് മണ്ഡലം ലഭിച്ചപ്പോൾ കശ്മീരിൽ 1,46,543 പേർക്കാണ് മണ്ഡലം പകുത്തുനൽകിയത്. പുറമെ പട്ടികജാതി വർഗങ്ങൾക്കുവേണ്ടി സംവരണം ചെയ്ത 16 സീറ്റുകളിൽ ഭൂരിഭാഗവും കശ്മീർ താഴ്വരയിലാണുതാനും. ഈ തിരിമറികൾകൊണ്ട് മതിയാക്കാതെ അഞ്ച് അംഗങ്ങളെ നോമിനേറ്റ് ചെയ്യാനുള്ള അധികാരംകൂടി കേന്ദ്ര സർക്കാറിന് ഉറപ്പുവരുത്തിയിട്ടുമുണ്ട്. രാജ്യത്തെ രാജ്ഭവനുകളിൽ മുഴുവൻ സ്വന്തക്കാരെ ഗവർണർമാരാക്കിയ മോദി-അമിത്ഷാ ടീം ജമ്മു-കശ്മീർ നിയമസഭയിലേക്ക് ആരെയാണ് നാമനിർദേശം ചെയ്യുകയെന്ന് പറയേണ്ടതില്ലല്ലോ. പക്ഷേ, എല്ലാ കുതന്ത്രങ്ങളെയും പരാജയപ്പെടുത്തിക്കൊണ്ട് ജമ്മു-കശ്മീർ ജനത നടത്തിയ വിധി എഴുത്തിനെ ഇനിയും മറികടക്കാനാണ് കേന്ദ്രം തുനിയുന്നതെങ്കിൽ അതുണ്ടാക്കാവുന്ന പ്രത്യാഘാതം പ്രവചനാതീതമായിരിക്കും.
ജയിച്ചുകയറിയ ഇൻഡ്യ മുന്നണി മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയെ ഭരണത്തലവനായും കോൺഗ്രസ് പ്രതിനിധിയെ ഉപമുഖ്യമന്ത്രിയായും തെരഞ്ഞെടുക്കുമെന്നാണ് സൂചനകൾ. ഉമറിന്റെ പിതാവ് ഫാറൂഖ് അബ്ദുല്ല അക്കാര്യം ഉറപ്പിച്ചുപറഞ്ഞുകഴിഞ്ഞു. ഉമർ അബ്ദുല്ലയാവട്ടെ മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ പരമാവധി വിട്ടുവീഴ്ചക്കും വിധേയത്വത്തിനും സന്നദ്ധനാവുമെന്നാണ് കരുതേണ്ടത്. ഏറ്റുമുട്ടലിന്റെ മാർഗം ഒരിക്കലും സ്വീകരിക്കുകയില്ലെന്നും സംസ്ഥാനത്തിന്റെ വികസനവും ജനകീയ പ്രശ്നങ്ങളുടെ പരിഹാരവും മാത്രമാണ് അജണ്ടയെന്നും ഉറപ്പുനൽകിയ ഉമർ ജമ്മു-കശ്മീരിന് സംസ്ഥാന പദവി നൽകുമെന്ന വാഗ്ദാനം പ്രധാനമന്ത്രി നരേന്ദ്രമോദി പാലിക്കുമെന്ന പ്രതീക്ഷയിലാണ്. പ്രത്യേക പദവി ഭരണഘടനയിൽനിന്ന് റദ്ദാക്കപ്പെട്ടിരിക്കെ അതിനായി ഇൻഡ്യ മുന്നണി ശബ്ദമുയർത്തുന്നേയില്ല.
എന്നാൽ, രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾക്ക് ഭരണഘടന അനുവദിച്ച അവകാശങ്ങൾ ജമ്മു-കശ്മീരിനും വകവെച്ചുനൽകുമോ എന്നതാണ് ഉത്തരം തേടുന്ന ചോദ്യം. 2019ലെ ജമ്മു-കശ്മീർ പുനഃസംഘടനാ ആക്ട് പ്രകാരം പൊലീസും പൊതുസമാധാനവും ഒഴികെയുള്ള വകുപ്പുകളിൽ സംസ്ഥാനത്തിന് സ്വന്തമായും സമാവർത്തി അധികാരങ്ങൾ ഉപയോഗിച്ചുള്ളതുമായ നിയമനിർമാണാധികാരം ലഭ്യമാണ്. എന്നാൽ വിദ്യാഭ്യാസം, വിവാഹം, നികുതി, വസ്തുകൈമാറ്റം, വനം, ട്രേഡ് യൂനിയൻ, തൊഴിലാളി ക്ഷേമം, ചാരിറ്റി സംഘടനകൾ മുതലായ വിഷയങ്ങളിൽ സ്റ്റേറ്റിന് അധികാരം ഉണ്ടാവില്ല. നഗരസഭകൾ, പൊതുജനാരോഗ്യം, ആശുപത്രികൾ, ലഹരിവിൽപന, റോഡുകളും പാലങ്ങളും, കൃഷി, ജലം, ഭൂമി, ഖനിനിയന്ത്രണം, വ്യവസായം, നിയമസഭാംഗങ്ങളുടെ വേതനം, റവന്യൂ, നികുതി തുടങ്ങിയ കാര്യങ്ങളിലൊതുങ്ങും സംസ്ഥാനാധികാരങ്ങൾ. ഏറ്റവുമൊടുവിൽ കഴിഞ്ഞ ജൂലൈ 12ന് കേന്ദ്ര ആഭ്യന്തര ലഫ്. ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകിക്കൊണ്ടുള്ള ഉത്തരവിറക്കി. അതുപ്രകാരം പൊലീസ്, പൊതുഭരണം, ആൾ ഇന്ത്യ സർവീസുകൾ എന്നിവയിലെ അവസാനവാക്ക് ലഫ്. ഗവർണർക്കായിരിക്കും. അഡ്വക്കറ്റ് ജനറലുടെ നിയമനം, പ്രോസിക്യൂഷനുള്ള അനുവാദം, അപ്പീൽ നൽകാനുള്ള അനുമതി തുടങ്ങിയതെല്ലാം ഗവർണർ കൂടി കണ്ട ശേഷമേ സംസ്ഥാന ഗവൺമെന്റിന് തീരുമാനമെടുക്കാനാവൂ.
ചുരുക്കത്തിൽ ഇമ്മിണി വലിയ ഒരു ഡൽഹി സർക്കാർ എന്നതിലപ്പുറം ജമ്മു-കശ്മീർ സർക്കാറിനും ഇതര സംസ്ഥാന സർക്കാറുകളുടെ പദവി ഉണ്ടാവില്ല. കെജ് രിവാളിന്റെ ആപ് സർക്കാർ ഡൽഹിക്ക് സംസ്ഥാന അധികാരങ്ങൾക്കുവേണ്ടിയുള്ള സമരങ്ങളിലാണുതാനും. മോദി-അമിത്ഷാ ഭരണകൂടം ജനവിധി അട്ടിമറിക്കാനും ജമ്മു-കശ്മീരിനെ സ്വന്തം കോളനിയാക്കി മേലിലും വെച്ചുകൊണ്ടിരിക്കാനുമാണ് തീരുമാനിക്കുന്നതെങ്കിൽ അവരിപ്പോഴും അവകാശപ്പെടുന്ന സമാധാനാന്തരീക്ഷം പോലും അവിടെ തുടരാൻ സാധ്യതയില്ല. ഇന്ത്യയുടെ അവിഭാജ്യ ഘടകമായി അംഗീകരിച്ചുകൊണ്ടുതന്നെ രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലെ പൗരന്മാർക്കുള്ള ഭരണഘടനാദത്തമായ അവകാശങ്ങളും അധികാരങ്ങളും കശ്മീരികൾക്കുകൂടി അനുവദിക്കുന്നതാണ് നീതി, ജനാധിപത്യത്തിന്റെ അന്തസ്സത്ത. ന്യൂനപക്ഷവിദ്വേഷവും അസഹിഷ്ണുതയും അകാരണമായ ആശങ്കയും രാജ്യത്തിന്റെ പ്രതിഛായ ലോകത്തിന്റെ മുന്നിൽ അങ്ങേയറ്റം കളങ്കിതമാക്കുകയേ ചെയ്യൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.