മന്ത്രിയായാലും മാറാത്ത അയിത്തം
text_fieldsചരിത്രപ്രസിദ്ധമായ വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ് നമ്മൾ. അയിത്തത്തിനെതിരായ ഇന്ത്യ മഹാരാജ്യത്തിലെ ആദ്യ സംഘടിതമുന്നേറ്റമായിരുന്നു 1924 മാർച്ച് 30 ന് തുടങ്ങി 603 ദിവസം നീണ്ട ആ പോരാട്ടം. ക്ഷേത്ര പൊതുവഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചാരസ്വാതന്ത്ര്യം നൽകുക എന്നതായിരുന്നു ആ ഐതിഹാസിക സമരം ഉയർത്തിയ ആവശ്യം.
നൂറ്റാണ്ട് തികയുമ്പോഴും അന്നു നിലനിന്നിരുന്ന അതേ അയിത്ത മനോഭാവവും സമീപനവും മലയാള മണ്ണിൽ തുടരുന്നു എന്നാണ് സംസ്ഥാന ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് മലബാറിലെ ഒരു ക്ഷേത്രത്തിൽനിന്ന് അഭിമുഖീകരിക്കേണ്ടിവന്ന ദുരനുഭവം വ്യക്തമാക്കുന്നത്. ഏതാനും മാസം മുമ്പ് താൻ നേരിട്ട വിവേചനപൂർണമായ, ജാതീയ ഉച്ഛനീചത്വ അനുഭവം കഴിഞ്ഞ ദിവസം ഒരു സദസ്സിൽവെച്ച് മന്ത്രി തന്നെയാണ് തുറന്നുപറഞ്ഞത്. ക്ഷേത്രചടങ്ങിൽ പങ്കെടുക്കുമ്പോൾ വിളക്കു കത്തിക്കുന്നതിൽനിന്ന് ജാതിയുടെ പേരിൽ ശാന്തിമാർ തന്നെ ഒഴിവാക്കിയെന്നും ആചാരം ലംഘിക്കേണ്ടെന്നു കരുതി താൻ മാറിനിന്നതായും അദ്ദേഹം വ്യക്തമാക്കി.
നവോത്ഥാന കേരളത്തെക്കുറിച്ചുള്ള നമ്മുടെ നെടുങ്കൻ അവകാശ വാദങ്ങളെ അമ്പേ തകർത്തുകളയുന്നതാണ് മന്ത്രി നേരിട്ട അയിത്തം. ദലിത് സമൂഹത്തിൽ ജനിച്ച കെ. രാധാകൃഷ്ണന് രണ്ടാം പിണറായി മന്ത്രിസഭയിൽ ദേവസ്വം വകുപ്പിന്റെ ചുമതല നൽകിയത് മഹാസംഭവമായി ചിത്രീകരിക്കപ്പെട്ടിരുന്നു. സത്യത്തിൽ ആ വിലയിരുത്തൽപോലും നമ്മുടെ പൊള്ളയായ നവോത്ഥാനത്തിന്റെ മറുവശമായിരുന്നു. പട്ടിക ജാതി-വർഗ സമൂഹത്തിൽനിന്നുള്ള ഒരു ജനപ്രതിനിധിക്ക് ദേവസ്വം വകുപ്പിന്റെ ചുമതല നൽകുന്നത് വലിയ കാര്യമാണെന്ന് നവ ജനാധിപത്യകാലഘട്ടത്തിലും ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ അതിലെന്തോ പിശകുണ്ട് എന്നല്ലേ മനസ്സിലാക്കേണ്ടത്?
നമ്മുടെ നവോത്ഥാന വീമ്പുപറച്ചിലിലെ പിശക് എന്താണെന്നാണ് കെ. രാധാകൃഷ്ണൻ ഇപ്പോൾ കേരളത്തോട് പറഞ്ഞിരിക്കുന്നത്. ദേവസ്വം മന്ത്രിയെന്ന നിലയിൽ, കേരളത്തിലെ ദേവസ്വം ബോർഡുകളുടെ അധീനതയിലുള്ള ക്ഷേത്രങ്ങളുടെയെല്ലാം കൈകാര്യ കർത്താവാണ് അദ്ദേഹം. എന്നാൽ, മന്ത്രിയായാലും ശരി, തങ്ങൾ പുലർത്തിപ്പോരുന്ന ജാതിശ്രേണിയിൽ താഴേത്തട്ടിൽ വരുന്നൊരാൾ വിളക്കിൽ സ്പർശിക്കാൻ അർഹനല്ലെന്നാണ് അദ്ദേഹത്തിന്റെ കീഴ് ഉദ്യോഗസ്ഥനായ ശാന്തിയും കീഴ്ശാന്തിയും വിശ്വസിക്കുന്നത്. ക്ഷണിച്ചുവരുത്തിയ പൊതു ചടങ്ങിൽ നേരിട്ട ഈ കൊടിയ മനുഷ്യാവകാശലംഘനം മന്ത്രി പുറത്തുപറയും വരെ ഒരാളുമറിഞ്ഞില്ല. മന്ത്രി പറയണ്ട, ആ ചടങ്ങിൽ പങ്കെടുത്ത ആർക്കും ഇതിലെ കടുത്ത വിവേചനം മനസ്സിലായില്ലെങ്കിൽ സമൂഹവും അത് അംഗീകരിക്കുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്. ആ ചടങ്ങിൽ തന്നെ താൻ മറുപടി പറഞ്ഞതായാണ് മന്ത്രി പറയുന്നത്. മറുപടിയായിരുന്നോ വേണ്ടത്. അതോ നടപടിയോ? പട്ടികജാതി സംരക്ഷണ നിയമപ്രകാരം കേസെടുക്കേണ്ട ജാതി അധിക്ഷേപം കൂടിയാണ് മേൽ നടപടി. മന്ത്രിയോട് ചോദിച്ചശേഷം നടപടി ആലോചിക്കും എന്നാണ് തദ്വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം; അതായത് മന്ത്രിക്ക് പരാതിയില്ലെങ്കിൽ പ്രശ്നമില്ല എന്ന്.
ഒന്നാം പിണറായി സർക്കാറിന്റെ വിപ്ലവകരമായ നടപടികളിലൊന്നായിരുന്നു അബ്രാഹ്മണ പൂജാരി നിയമനം. 2017ൽ ഈ പുരോഗമനാത്കമായ തീരുമാനത്തിന്റെ ഭാഗമായി നിയമനം ലഭിച്ച അബ്രാഹ്മണ പൂജാരിമാർ ശ്രീകോവിലുകളിൽ നേരിട്ട വിവേചനവും മറക്കാനായിട്ടില്ല. തൊട്ടടുത്ത തമിഴ്നാട്ടിൽ വനിത പൂജാരിമാരെ നിയമിച്ച് മുന്നോട്ടുപോവുമ്പോഴാണ് നാം മന്ത്രിയെ തന്നെ മാറ്റിനിർത്തി ജാതീയ അനാചാരം മുറുകെപ്പിടിക്കുന്നത്.
തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ ഈയിടെ ‘സനാതന ധർമം’ സമത്വത്തിനും സാമൂഹിക നീതിക്കും എതിരാണെന്നും കൊറോണ വൈറസ്, മലേറിയ, ഡെങ്കിപ്പനി എന്നിവ പോലെ അപകടകരമായ അത് തുടച്ചുനീക്കണമെന്നും പറഞ്ഞിരുന്നു. ഉദയനിധിക്കെതിരെ ജാതീയവാദികൾ വധഭീഷണി ഉൾപ്പെടെ തീട്ടൂരങ്ങളിറക്കിയപ്പോൾ അദ്ദേഹത്തിന്റെ നിലപാടിനെ ശ്ലാഘിച്ച് കേരളത്തിലുൾപ്പെടെ സാംസ്കാരിക പ്രവർത്തകർ രംഗത്തുവന്നു. എന്നാൽ, മന്ത്രി രാധാകൃഷ്ണൻ നേരിട്ട ജാതിവിവേചനത്തിനെതിരെ ആരും സമാനരീതിയിൽ പ്രതിഷേധിച്ചുകണ്ടില്ല. അതിനുള്ള കാരണമെന്തെന്നറിയാൻ വലിയ അന്വേഷണമോ ഗവേഷണമോ ആവശ്യമില്ല. പട്ടികജാതിക്കാരനായ മന്ത്രിയോട് അവ്വിധത്തിൽ ചെയ്യുന്നതിൽ പന്തികേടില്ല എന്ന പൊതുബോധം തന്നെയാണ് കാരണം.
സ്വതന്ത്ര ജനാധിപത്യ സ്ഥിതിസമത്വ ഇന്ത്യയിൽ ജാതിയുടെ പേരിൽ അപമാനിതനാവുന്ന ആദ്യ ജനപ്രതിനിധിയല്ല കെ. രാധാകൃഷ്ണൻ. സ്വാതന്ത്ര്യസമര സേനാനിയും തലമുതിർന്ന കോൺഗ്രസ് നേതാവും ഇന്ത്യൻ ഉപപ്രധാനമന്ത്രിയുമെല്ലാമായിരുന്ന ബാബു ജഗ്ജീവൻ റാമിനുപോലും നേരിടേണ്ടി വന്നിട്ടുണ്ട് അയിത്തത്തിന്റെ തീപ്പൊള്ളൽ. 1978ൽ കേന്ദ്ര പ്രതിരോധമന്ത്രിയായിരിക്കെ വാരാണസിയിൽ ഉത്തർ പ്രദേശ് മുൻമുഖ്യമന്ത്രി ഡോ. സമ്പൂർണാനന്ദിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാൻപോയ വേളയിൽ ചിലർ അദ്ദേഹത്തെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ദലിതൻ സ്പർശിച്ച പ്രതിമ ഗംഗാജലം ഒഴിച്ച് ‘ശുദ്ധീകരിക്കുകയും’ ചെയ്തതായിരുന്നു ആ സംഭവം. ഏതാനും ആഴ്ചകൾ മുമ്പ് പുതിയ പാർലമെൻറ് മന്ദിരം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ രാജ്യത്തിന്റെ പ്രഥമപൗരയെ പങ്കെടുപ്പിക്കാതിരുന്നതിന്റെ കാരണവും മറ്റൊന്നാണ് എന്ന് കരുതാൻ നിർവാഹമില്ല. അത്തരം ദുരാചാരങ്ങൾ തിരിച്ചുകൊണ്ടുവരാൻ കൊണ്ടുപിടിച്ച ശ്രമത്തിലാണ് സംഘ്പരിവാറിനാൽ നയിക്കപ്പെടുന്ന തീവ്രവലതുപക്ഷം. ആ പ്രത്യയശാസ്ത്രത്തെ ചെറുക്കേണ്ട കേരളത്തിലെ ഇടതുപക്ഷ സർക്കാറിന് പോലും സ്വന്തം മന്ത്രിസഭയിലെ ഒരംഗം നേരിട്ട ജാതീയ വിവേചനം ഒരു പ്രശ്നമായി തോന്നുന്നില്ല എന്നു വരുന്നത് ഞെട്ടിപ്പിക്കുന്ന സാഹചര്യമാണ്.
ഇത്തരം നിലപാടുകൾ മാറാത്തിടത്തോളം നവോത്ഥാന വായ്ത്താരികൾ കൊണ്ട് കാര്യമില്ലെന്ന് നിരന്തരം ഓർമിപ്പിക്കുകയേ നിവൃത്തിയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.