Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightആ കൊലവിളികളോ...

ആ കൊലവിളികളോ ദേശീയോദ്ഗ്രഥനം?

text_fields
bookmark_border
ആ കൊലവിളികളോ ദേശീയോദ്ഗ്രഥനം?
cancel

വിവാദങ്ങളുടെ അകമ്പടിയില്ലാതെ ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം അത്യപൂർവമായി മാത്രമേ നടക്കാറുള്ളൂ. മഴ തോർന്നാലും മരം പെയ്യുമെന്നപോലെ പ്രഖ്യാപനമല്ല, അവാർഡ് വിതരണംതന്നെ കഴിഞ്ഞാലും അർഹമായ ചിത്രങ്ങളോ ചലച്ചിത്രപ്രവർത്തകരോ ഒഴിവാക്കപ്പെട്ടുവെന്നും ജൂറി പക്ഷപാതപരമായ വിലയിരുത്തൽ നടത്തി എന്നുമെല്ലാമുള്ള വാദകോലാഹലങ്ങൾ തുടർന്നുകൊണ്ടേയിരിക്കും. ഈ വർഷത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈകോടതി തള്ളിയതിനെ തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് ഒരു സംവിധായകൻ. ഇതിനുപുറമെ വാർത്ത സമ്മേളനങ്ങളിലൂടെയും മാധ്യമ അഭിമുഖങ്ങളിലൂടെയും അവാർഡിനെ എതിർത്തും അനുകൂലിച്ചുമുള്ള വാദങ്ങളും ചർച്ചകളും ഇപ്പോഴും നടക്കുന്നുണ്ട്. ‘ഇത്ര പണം മുടക്കി നിർമിച്ച ഒരു സിനിമയുള്ളപ്പോൾ അതിനല്ലാതെ വേറെയേതിനാണ് അവാർഡ് നൽകേണ്ടത്’ എന്നുചോദിച്ച, അവാർഡിനായി സമർപ്പിക്കപ്പെട്ട പല സിനിമകളും താൻ കണ്ടതേയില്ല എന്ന് തുറന്നുപറഞ്ഞ ഒരു ജൂറിയംഗം ഉണ്ടായിരുന്നു പണ്ട്, ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തിലെ കലാഭവൻ മണിയുടെ പ്രകടനം കണ്ട് എഴുന്നേറ്റുനിന്ന് കൈയടിച്ച കേരളത്തിന് പുറത്തുനിന്നുവന്ന ജൂറിയംഗത്തോട് ‘ഇതിൽ വലിയ കാര്യമൊന്നുമില്ല, അയാളൊരു സ്ട്രീറ്റ് പെർഫോമറാണ്’ എന്ന് മന്ത്രിച്ചയാളും ഒരുകാലത്ത് അവാർഡ് നിർണയ സമിതിയുടെ ഭാഗമായിരുന്നു. എന്നാൽ ഇമ്മട്ടിലുള്ള സകല വിവാദങ്ങളെയും കടത്തിവെട്ടുന്നു 69ാമത് ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം.

തെന്നിന്ത്യൻ ചിത്രങ്ങൾക്ക് അവഗണനയെന്ന ആക്ഷേപത്തെ തിരുത്തുംവിധമാണ് അവാർഡ് നിശ്ചയിച്ചിരിക്കുന്നത് എന്ന് പ്രഖ്യാപനത്തെ വിലയിരുത്തിയവരുണ്ട്. മികച്ച ചിത്രം, നടൻ, ജനപ്രിയ ചിത്രം തുടങ്ങിയ അവാർഡുകൾ കരസ്ഥമാക്കിയത് തെന്നിന്ത്യൻ കേന്ദ്രീകൃത സിനിമകളാണ് എന്ന് അവരതിന് തെളിവായി ചൂണ്ടിക്കാട്ടുന്നു. ‘ആർ.ആർ.ആറും’ ‘പുഷ്പ’യും മാത്രമല്ല, സാമൂഹിക രാഷ്ട്രീയ പ്രാധാന്യമുള്ള പ്രമേയങ്ങൾ ചർച്ചയായ മലയാളത്തിലേതുൾപ്പെടെ ഒട്ടനവധി സിനിമകൾ വെള്ളിത്തിരയിൽ തിരയിളക്കം സൃഷ്ടിച്ചിരുന്നു. പലരും പറയാൻ മടികാണിച്ച നേർജീവിതങ്ങളിലേക്കും ഇന്ത്യനവസ്ഥയിലേക്കും കാമറ പായിച്ച ‘ജയ് ഭീം’, ‘കർണൻ’, ‘സർപട്ട പരമ്പരൈ’ പോലുള്ള തമിഴ് സിനിമകൾ ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ട പേരുകളാണ്. ജാതിയെ പ്രശ്നവത്കരിക്കുന്ന ഈ സിനിമകളോ അണിയറക്കാരോ ഒന്നും അവാർഡ് പട്ടികയുടെ ഏതെങ്കിലുമൊരു മൂലക്കുപോലും ഇടംപിടിച്ചില്ല. അവയെ അപ്പാടെ അവാർഡ് സമിതി തമസ്കരിച്ചുവെന്ന ആക്ഷേപത്തിലേക്ക് ഇപ്പോൾ കടക്കുന്നില്ല. എന്നാൽ, ‘സിനിമയുടെ കപടവേഷമണിഞ്ഞ, അശ്ലീലമായ അഭിരുചിയുടെയും പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെയും പ്രശ്നകരമായ സംയോജന’മെന്ന് 53ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര ജൂറി അധ്യക്ഷൻ നദാവ് ലാപിഡ് വിശേഷിപ്പിച്ച ‘ദ കശ്മീർ ഫയൽസി’ന് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്കാരം സമ്മാനിക്കുകവഴി ദേശീയ ചലച്ചിത്ര അവാർഡിനെ കലർപ്പില്ലാത്ത ഒരു രാഷ്ട്രീയ അശ്ലീലമാക്കി മാറ്റിയിരിക്കുന്നു കേന്ദ്രസർക്കാർ എന്ന് പറയാതിരിക്കാനാവില്ല. കെ.എസ്. സേതുമാധവന്റെ ‘അച്ഛനും ബാപ്പ’യും, എം.എസ്. സത്യുവിന്റെ ‘ഗരം ഹവാ’ പോലുള്ള സിനിമകൾക്ക് നൽകുകവഴി ആദരിക്കപ്പെട്ട പുരസ്കാരമാണിതെന്നോർക്കണം. ഇതിനകംതന്നെ ‘കർസേവ’ വ്യാപകമായ വിദ്യാഭ്യാസ മേഖലയെയും സാഹിത്യ അക്കാദമികൾ ഉൾപ്പെടെയുള്ള സാംസ്കാരിക സ്ഥാപനങ്ങളെയും ഈ ഭരണകൂടം ഏതു വഴിയിലൂടെ കൊണ്ടുപോകും എന്നതിന്റെ കൃത്യമായ മാതൃകയാണിത്.

പതിറ്റാണ്ടുകളായിട്ടും പരിഹാരം കാണാൻ കഴിയാത്ത, തലമുറകളെയും ഒരു ജനസമൂഹത്തെയുമാകമാനവും തകർത്തുകളഞ്ഞ കശ്മീർ പ്രശ്നവും ഭീകരവാദവും സംബന്ധിച്ച് ഹിന്ദുത്വ വലതുപക്ഷം കൊണ്ടുനടക്കുന്ന ആഖ്യാനത്തിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു വിവേക് അഗ്നിഹോത്രി ചമയിച്ചൊരുക്കിയ ‘ദ കശ്മീർ ഫയൽസ്’. പാതിവഴിയിൽ നിർത്തി ഇറങ്ങിപ്പോയ അഭിമുഖത്തിൽ അദ്ദേഹം നിഷേധിക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ഈ ചിത്രത്തിന് പ്രോത്സാഹനമേകാൻ മത്സരിക്കുകയായിരുന്നുവെന്ന കാര്യം പൊതുജനങ്ങൾ മറന്നിട്ടുണ്ടാവില്ല. നികുതിയിളവു നൽകിയും സിനിമ കാണാൻ അവധി നൽകിയുമൊക്കെയാണ് ബി.ജെ.പി മുഖ്യമന്ത്രിമാർ അഗ്നിഹോത്രിയുടെ ‘കലാസൃഷ്ടി’ക്ക് പിന്തുണ നൽകിയിരുന്നത്. തിയറ്ററുകളിൽ സിനിമക്കുശേഷം മുഴങ്ങിയ മുസ്‍ലിംവിരുദ്ധ മുദ്രാവാക്യങ്ങളുടെയും കൊലവിളികളുടെയും തുടർപ്രവർത്തനമായിരുന്നു ആ വർഷം രാമനവമി, ഹനുമാൻ ജയന്തി ഘോഷയാത്രകൾക്കുപിന്നാലെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന മുസ്‍ലിംവിരുദ്ധ കലാപങ്ങളും കൊള്ളിവെപ്പുകളും.

രാജ്യമൊട്ടുക്ക് നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്കിടയിലും ഏറ്റുവിളിക്കപ്പെടുന്നുണ്ട് തിയറ്ററുകളിൽ കേട്ട കൊലവിളി മുദ്രാവാക്യങ്ങൾ. അതുംകടന്ന് യൂനിഫോമിട്ട ഒരു റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ തന്റെ ഡ്യൂട്ടിക്കിടയിൽ ആളുകൾ നോക്കിനിൽക്കെ മുസ്‍ലിം യാത്രികരെ തിരഞ്ഞുപിടിച്ച് വെടിവെച്ചു കൊല്ലുന്നത്ര ബീഭത്സമാംവിധം രാജ്യത്ത് വിദ്വേഷം പടർന്നിരിക്കെ ഈ സിനിമയും സമാന ചലച്ചിത്ര ആഖ്യാനങ്ങളും അതിൽ വഹിച്ച പങ്കെത്ര എന്നത് പരിശോധനാവിധേയമാക്കേണ്ടതുണ്ട്.

ഗാന്ധിജിയുടെ നാമധേയത്തിലുള്ള സമാധാന സമ്മാനം ഗാന്ധിയൻ മൂല്യങ്ങൾക്ക് വിരുദ്ധമായി നിലകൊള്ളുന്ന ഗീതാ പ്രസിന് നൽകാൻ ധാർഷ്ട്യം കാണിച്ച ബി.ജെ.പി സർക്കാർ; ഇന്ത്യൻ ചലച്ചിത്ര ലോകത്തെ അതുല്യ അഭിനേത്രിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന, മത സൗഹാർദത്തിനും സാമൂഹിക നന്മകൾക്കുമായി ഏറെ പ്രവർത്തിച്ച നർഗീസ് ദത്തിന്റെ പേരിലുള്ള പുരസ്കാരം ഇതുപോലൊരു വിദ്വേഷ സൃഷ്ടിക്ക് നൽകുന്നുവെന്നത് ആരെയും അത്ര അമ്പരപ്പിച്ചെന്നുവരില്ല. പക്ഷേ, ദേശീയോദ്ഗ്രഥനം എന്ന വാക്കുകൊണ്ട് എന്താണ് നിലവിലെ ഭരണകൂടം വിവക്ഷിക്കുന്നത് എന്നത് ലോകത്തിനു മുന്നിൽ പരസ്യമായി പ്രഖ്യാപിക്കാൻ ഇനി മടി കാണിക്കരുത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - Madhyamam editorial on kashmir files
Next Story