ഈ ഗതി വരരുത് ഇനിയൊരു ഡോക്ടർക്കും
text_fieldsകൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൃത്യനിർവഹണത്തിനിടെ ഡോ. വന്ദന ദാസ് എന്ന യുവഡോക്ടർ മയക്കുമരുന്നിനടിമയായ രോഗിയുടെ കുത്തേറ്റ് മരിക്കാനിടയായ സംഭവം കേരളത്തെയാകെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുന്നു. ചികിത്സിച്ച രോഗിയിൽനിന്ന്, ആശുപത്രി ഉപകരണംകൊണ്ടുള്ള കുത്തേറ്റുള്ള ആ മരണത്തെക്കുറിച്ച് പറയാൻ വാക്കുകൾ അശക്തമാണ്. ഇനിയുള്ള എത്രയോ വർഷങ്ങളിൽ എത്രയോ പേരുടെ ജീവൻ രക്ഷിക്കേണ്ട ജീവനാണ് ആ ആക്രമി ഇല്ലാതാക്കിയത്. 22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ട് ദുരന്തത്തിന്റെ ഞെട്ടലിൽനിന്ന് നാട് മുക്തമാകുന്നതിനു മുമ്പാണ് ഈ ദാരുണ സംഭവം.
ഡോക്ടർമാർക്കുനേരെയുള്ള അക്രമവും ഭീഷണിയും കഴിഞ്ഞ കുറച്ച് കാലമായി വർധിച്ചുവരുകയായിരുന്നു. കഴിഞ്ഞ വർഷം മാത്രം നൂറിലധികം അക്രമങ്ങളുണ്ടായി. ഡോക്ടർമാർ ആക്രമിക്കപ്പെടുന്നതിനു പിന്നിൽ അവരിൽനിന്നുണ്ടാവുന്ന ചികിത്സാപ്പിഴവും പെരുമാറ്റദൂഷ്യവും കാരണമാകുന്നുണ്ടെന്നും അതല്ല, ചികിത്സാപ്പിഴവിനപ്പുറം രോഗാവസ്ഥയുടെ സങ്കീർണതകൾ മൂലം സംഭവിക്കുന്ന മരണത്തിന്റെ പേരിലടക്കം ഡോക്ടർമാർ ക്രൂശിക്കപ്പെടുകയാന്നെന്ന മറുവാദവുമുണ്ട്. അതെന്തുതന്നെയായാലും ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ആക്രമിക്കപ്പെടുന്നുവെന്നത് യാഥാർഥ്യമാണ്. ഇതുസംബന്ധിച്ച് ഡോക്ടർമാരുടെ സംഘടനകൾ നിരന്തരം ശബ്ദമുയർത്തുകയും സർക്കാർ ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തിരുന്നതാണ്. എന്നാൽ, ഈ ആവശ്യത്തെ സർക്കാർ വേണ്ടത്ര ഗൗരവത്തിൽ കൈകാര്യംചെയ്തതേയില്ല എന്നുതന്നെ പറയേണ്ടിവരും. ചില ഡോക്ടർമാർ അടി കിട്ടേണ്ടവരാണ് എന്ന് മുൻ മന്ത്രികൂടിയായ ഒരു സാമാജികൻ പ്രസംഗിക്കുകപോലുമുണ്ടായി.
‘ഒരാൾ ഉടൻ കൊല്ലപ്പെടും. ഒരുപക്ഷേ അത് ഞാനായിരിക്കാം. ഞാനെന്നല്ല, അതാരുമാകാ’മെന്ന് ഡോക്ടർമാരുടെ ഒരു പ്രതിഷേധയോഗത്തിൽ സംഘടനാ നേതാവ് പറഞ്ഞത് യാഥാർഥ്യമായിരിക്കുന്നു. എന്നാൽ, ഈ ദുരന്തം നടന്നശേഷംപോലും ഇനിയൊരു ആരോഗ്യപ്രവർത്തകരും കേരളത്തിൽ ആക്രമിക്കപ്പെടില്ല എന്ന് ഇച്ഛാശക്തിയോടെ പറയാൻ നമ്മുടെ അധികാരികൾക്കാവുന്നില്ല. പകരം ‘യുവഡോക്ടർക്ക് വേണ്ടത്ര എക്സ്പീരിയൻസില്ലാത്തതുകൊണ്ടാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്ന’ അങ്ങേയറ്റം അപക്വവും നിരുത്തരവാദപരവുമായ പ്രതികരണമാണ് ആരോഗ്യമന്ത്രിയിൽനിന്നുണ്ടായിരിക്കുന്നത്. ചികിത്സ തേടി വരുന്നവരുടെ കുത്തും അതിക്രമവും പ്രതിരോധിക്കാനുള്ള വിദ്യകളും ഇവർ പരിചയിക്കണമെന്നാണോ മന്ത്രി പറയുന്നത്? സത്യത്തിൽ എക്സ്പീരിയൻസും ഇച്ഛാശക്തിയുമില്ലാത്ത ഇത്തരം ഭരണാധികാരികളുടെ കഴിവുകേട് വരുത്തിവെക്കുന്ന ദുരന്തങ്ങളാണ് നമ്മൾ പലപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിൽ ആരോഗ്യവകുപ്പാണ് സംസ്ഥാനത്തെ ഏറ്റവും മോശമെന്ന് ചീഫ് സെക്രട്ടറിതന്നെ ചൂണ്ടിക്കാട്ടിയിരുന്നു.
ഏതുസമയവും ആക്രമിക്കപ്പെട്ടേക്കാമെന്ന ഭീതിയില്ലാതെ മനസ്സമാധാനത്തോടെ ഇരുന്നാൽ മാത്രമേ ഡോക്ടർമാർക്ക് രോഗികളെ ശരിയാംവിധം പരിശോധിക്കാനും നല്ല ചികിത്സ നൽകാനും സാധിക്കൂ. ആശുപത്രികളിൽ അത്തരം അന്തരീക്ഷം സൃഷ്ടിക്കേണ്ട ബാധ്യത സർക്കാറിനുണ്ട്. അക്കാര്യത്തിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടു എന്നുതന്നെയാണ് വന്ദനയുടെ കൊലപാതകം തെളിയിക്കുന്നത്. മയക്കുമരുന്നിന് അടിമയായ ഒരു പ്രതിയെ കൊണ്ടുവരുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പൊലീസ് പാലിച്ചില്ല എന്നതും ഗുരുതര വീഴ്ചയാണ്.
ഡോക്ടർമാർക്കും ആശുപത്രികൾക്കും നേരെയുള്ള അക്രമ ഭീഷണി ചികിത്സാരംഗത്ത് വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുക എന്ന് എല്ലാവരും ഓർക്കേണ്ടതുണ്ട്. ആരോഗ്യപരിരക്ഷാ മേഖലയിൽ ലോകത്തിനുതന്നെ മാതൃകയായ ഒരു സംസ്ഥാനത്തെ സാമൂഹികാരോഗ്യരംഗം അപ്പാടെ തകരാനേ അതു വഴിതെളിക്കൂ. നമ്പർ വൺ എന്ന് മേനിപറയുക മാത്രം പോരാ, അതു നിലനിർത്താനും നമുക്ക് ബാധ്യതയുണ്ട്. ഇത്തരം സംഭവങ്ങൾ ഇനിമേൽ കേരളത്തിലുണ്ടാവില്ലെന്ന് സർക്കാറും പൊതുസമൂഹവും എടുക്കുന്ന പ്രതിജ്ഞയാവും വന്ദനക്ക് നൽകാവുന്ന ഏറ്റവും വലിയ ആദരാഞ്ജലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.