Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഡിജിറ്റൽ...

ഡിജിറ്റൽ സംസ്​ഥാനത്തിലേക്ക്​ ഒരു വിരൽ ദൂരം

text_fields
bookmark_border
ഡിജിറ്റൽ സംസ്​ഥാനത്തിലേക്ക്​ ഒരു വിരൽ ദൂരം
cancel

‘എല്ലാവർക്കും ഇന്‍റർനെറ്റ്’ എന്നത് ഡിജിറ്റൽ കേന്ദ്രീകൃത സാമൂഹികക്രമത്തിലെ ജനാധിപത്യ മുദ്രാവാക്യമാണ്. സ്വകാര്യസേവനദാതാക്കൾ കുത്തകയാക്കി വെച്ചിരിക്കുന്ന ഈ മേഖലയിൽ സംസ്ഥാന സർക്കാർ സേവനദാതാവിന്‍റെ റോൾകൂടി വഹിക്കുന്നുവെന്നത് വിപ്ലവകരവുമാണ്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇന്‍റർനെറ്റ് സേവനദാതാവാകുന്നത്. സുശക്തമായ ഫൈബർ ശൃംഖല കേരളത്തിൽ സ്ഥാപിക്കപ്പെടുന്നത്​ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ കാര്യക്ഷമവും ശക്തവുമാകാൻ ഏറെ ഉപകരിക്കും. ഗ്രാമ-നഗര വ്യത്യാസങ്ങളില്ലാതെ ഉയർന്ന വേഗത്തിലും ഗുണമേന്മയിലുമുള്ള ഇന്‍റർനെറ്റ് സൗകര്യം എന്ന അവകാശവാദം യാഥാർഥ്യമാക്കാനായാൽ ഡിജിറ്റൽ സമത്വത്തിലേക്കുള്ള നിർണായക ചുവടുവെപ്പായി ചരിത്രം അത് രേഖപ്പെടുത്തും. കോർപറേറ്റുകളുടെ ചൂഷണത്തിൽനിന്ന് ജനത്തെ മോചിപ്പിക്കാനുള്ള കേരളത്തിന്‍റെ ജനകീയ ബദലാണ് ഇതെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകളിൽ ഡിജിറ്റൽ സമത്വത്തെകുറിച്ചുള്ള ധീരമായ വിഭാവനയുണ്ട്. അതുകൊണ്ടുതന്നെ, ഇന്‍റർനെറ്റ് പൗരാവകാശമായി കേരളം പ്രഖ്യാപിച്ചതിന്‍റെ അഭിമാനകരമായ തുടർച്ചയാണ് സംസ്ഥാന സർക്കാർ സ്വപ്നപദ്ധതിയായി വിശേഷിപ്പിക്കുന്ന കെ ഫോണിന്‍റെ (കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്) സാക്ഷാത്കാരം.

അടുത്ത വർഷം കേരളം ആദ്യ ഡിജിറ്റൽ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെടുമെന്നാണ് നാം അനുമാനിക്കുന്നത്. ആദ്യഘട്ടത്തിൽ 14,000 വീടുകളിലാണ് നൽകുന്നതെങ്കിലും സംസ്ഥാനത്ത് 75 ലക്ഷം കുടുംബങ്ങളിലേക്കും വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങളിലേക്കും കെ ഫോൺ പദ്ധതി വഴി മികച്ച ഇന്‍റർനെറ്റ് സേവനം എത്തിക്കാനാകുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. നിലവിൽ ഒന്നര ലക്ഷം കണക്​ഷനാണ് നൽകാനാകുക. എന്നാൽ, ഭാവിയിൽ 40 ലക്ഷം വരെ ഉയർത്താനുള്ള ശേഷി നിലവിലുള്ള സംവിധാനത്തിലുണ്ടെന്ന് കെ ഫോണിന്‍റെ നിർവഹണ ഏജൻസിയായ കെ.എസ്.ഐ.ടി.എൽ മാനേജിങ് ഡയറക്ടർ ഡോ. സന്തോഷ് ബാബു വ്യക്തമാക്കുന്നു. സർക്കാറിന്‍റെ പൂർണ പിന്തുണ ലഭിക്കുകയാണെങ്കിൽ ഒരു വർഷംകൊണ്ട് 500 കോടി വരവുള്ള കമ്പനിയാക്കാനും കഴിയുമത്രെ. സ്വകാര്യ സേവനദാതാക്കൾക്ക് അപ്രാപ്യമായ കുറഞ്ഞ ചെലവും വിപലുമായ നെറ്റ് വർക്കും ഗുണമേന്മയും വേഗതയുമുള്ള സേവനവും നൽകാനായാൽ വിദ്യാഭ്യാസ, തൊഴിൽ രംഗങ്ങളിൽ വലിയ കുതിച്ചുചാട്ടത്തിനത് നിമിത്തമാകും. 20 ലക്ഷം ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്‍റർനെറ്റ് എന്ന വാഗ്ദാനം പുലരുകകൂടി ചെയ്താൽ നിസ്സംശയം കേരളമൊരു ജിഗാബൈറ്റ് ഇക്കോണമിയായി പരിവർത്തിക്കപ്പെടുകയും ചെയ്യും.

സാർവത്രികമായ ഇന്‍റർനെറ്റ് സേവനം ഉയർന്ന നിലവാരമുള്ള ഇ- ഗവേണൻസിലേക്കാണ് കേരളത്തെ വഴിനടത്തുക. ആദ്യ സമ്പൂർണ ഇ- ഗവേണൻസ് സംസ്ഥാനമാണ് നാമെന്ന് അവകാശപ്പെടാമെങ്കിലും എണ്ണൂറിലധികം സേവനങ്ങൾ ഓൺലൈൻ വഴിയാണ് എന്ന് വാദിക്കാമെങ്കിലും ഇപ്പോഴും സർക്കാർ സേവനങ്ങൾ ലഭ്യമാകാനുള്ള കാത്തുനിൽപും കാലവിളംബവും അസഹനീയമാണ്. ഫയലുകളുടെ നീക്കം ഒച്ചിഴയുന്നതിനേക്കാൾ പതുക്കെയാണ് എന്നത് കളിവാക്കല്ല; ജനങ്ങളുടെ ജീവിതാനുഭവമാണ്. സാങ്കേതിക വിദ്യകളും ഇന്‍റർനെറ്റ് കണക്ടിവിറ്റിയും മികച്ചതും നവീകരിക്കപ്പെടുകയും ചെയ്യുന്ന ഈ സന്ദർഭത്തിൽ സർക്കാർ സേവനങ്ങൾക്ക് വേഗത വർധിപ്പിക്കേണ്ടതുണ്ട്. അവ സുതാര്യവും അഴിമതിരഹിതവുമാകണം. സർക്കാറുമായി ബന്ധപ്പെട്ട സങ്കീർണമായ നടപടിക്രമങ്ങൾ ഡിജിറ്റലൈസേഷനിലൂടെ വീട്ടിലും ഓഫിസിലുമിരുന്ന് വേഗതയിൽ നിർവഹിക്കുന്ന സംസ്കാരം പ്രവാസി സാന്ദ്രതയുള്ള കേരളത്തിൽ എളുപ്പത്തിൽ വിജയിപ്പിക്കാനാകും.

ജനകീയവും വിമോചനപരവുമായ ഏതൊരു പദ്ധതിയും സ്വജനപക്ഷ താൽപര്യങ്ങളിലൂടെ അട്ടിമറിക്കാനും ജനവിരുദ്ധമാക്കാനും കഴിയുമെന്ന വസ്തുത വിസ്മരിക്കപ്പെടരുത്. 1990ൽ തിരുവനന്തപുരത്ത് രാജ്യത്താദ്യമായി ഒരു ടെക്നോപാർക്കിന് രൂപം കൊടുക്കുമ്പോൾ നമ്മുടെ ദീർഘദൃഷ്ടി അഭിനന്ദനാർഹവും പ്രതീക്ഷ വാനോളവുമായിരുന്നു. എന്നാൽ, രാജ്യത്തെ സാങ്കേതികവിദ്യാ ജോലികളുടെ പറുദീസയായി മാറാൻ നിയോഗമുണ്ടായത് ബംഗളൂരു നഗരത്തിനായിരുന്നു. തിരുവനന്തപുരത്തെ ബാലാരിഷ്ടതകളാകട്ടെ, ഇപ്പോഴും തുടരുന്നു. തുടക്കം കുറിക്കാനുള്ള ഭാവനാത്മകതയും ദൃഢനിശ്ചയവും പ്രായോഗികമാക്കുന്നതിൽ ചോർന്നുപോയാൽ വിപ്ലവകരമായി തുടങ്ങിയ പല സംവിധാനങ്ങളെയും പോലെ കെ ഫോണും പ്രഹസനമായി ഒടുങ്ങുകയും ജനങ്ങളുടെ മുതുകിനെ ഞെരിക്കുന്ന ഭാരമായി പരിണമിക്കുകയും ചെയ്തേക്കും. സർക്കാറിന്‍റെയും സംസ്ഥാനത്തെ ജനങ്ങളുടെയും സ്വപ്നത്തിന്‍റെ കണക്റ്റിവിറ്റി മുറിച്ചുകളയുംവിധം അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കേബിളുകൾകൂടി വിരിച്ചിട്ടില്ലെന്ന് ഉറപ്പാക്കാൻ സർക്കാറിന് കഴിയേണ്ടതുണ്ട്. വ്യവസ്ഥകൾക്ക് വിരുദ്ധമായി ടെൻഡർ തുകയേക്കാൾ 50 ശതമാനത്തിലധികം അധിക തുക അനുവദിച്ചത് അടക്കമുള്ള പ്രതിപക്ഷ വിമർശനങ്ങളെ സർക്കാർ മുഖവിലക്കെടുക്കുകയും അഴിമതി സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. അഴിമതിയും സ്വജനപക്ഷപാതും സംഭവിക്കാതിരിക്കാനുള്ള ജാഗ്രത സംസ്ഥാന സർക്കാറിനുണ്ടാകുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KFON
News Summary - Madhyamam editorial on kfon
Next Story