അണയ്ക്കണം മണിപ്പൂരിലെ തീ
text_fieldsമണിപ്പൂർ വീണ്ടും ആളിക്കത്തുകയാണ്. ഒന്നരവർഷത്തിലേറെയായി സംസ്ഥാനത്ത് തുടരുന്ന സംഘർഷവും തീക്കളിയും മന്ത്രിമാരുടെയും എം.എൽ.എമാരുടെയും വീടുകൾ തീവെക്കുന്ന തലത്തിലേക്ക് എത്തിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ വീടിന് നേരെവരെ അക്രമമുണ്ടായി. ക്രൈസ്തവ ദേവാലയങ്ങൾക്കും കുക്കി വിഭാഗക്കാരുടെ വീടുകൾക്കും നേരെ അക്രമം രൂക്ഷമാണ്. ഇതേതുടർന്ന് ആറു ജില്ലകളിൽ സായുധസേന പ്രത്യേക അധികാര നിയമം (അഫ്സ്പ) പ്രഖ്യാപിക്കുകയും കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കുകയും ചെയ്തിട്ടും സമാധാനനില പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. ഇന്നലെയും ജനം തെരുവിലിറങ്ങി ഭരണകക്ഷിയായ ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും ഓഫിസുകൾക്ക് തീയിട്ടു.
മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ രൂക്ഷമാണ് ഇത്തവണ അതിക്രമങ്ങൾ. കൃത്യമായ ആസൂത്രണവും ആയുധസംഭരണവും നടത്തിയാണ് അക്രമികൾ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. അതായത് ആളും അർഥവും ആയുധവും ഇരുപക്ഷത്തുള്ള അക്രമികൾക്കും ആവശ്യംപോലെ ലഭിക്കുന്നുണ്ടെന്നാണ് സൂചനകൾ.
അക്രമം നേരിടുന്നതിൽ പരാജയപ്പെട്ടെന്ന് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാറിലെ രണ്ടാം കക്ഷിയായ നാഗാലാന്റ് പീപിൾസ് പാർട്ടി പിന്തുണ പിൻവലിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിന് ജനങ്ങള്‍ തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ രാജിക്ക് തയാറാണെന്ന് സംസ്ഥാനത്തെ കോൺഗ്രസ് എം.എൽ.എമാരും പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാറിന്റെ നിസ്സംഗതയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളിൽ ചിലരും രാജിവെച്ചു. അതേസമയം കഴിഞ്ഞ മേയ് മുതൽ ആരംഭിച്ച സംഘർഷം അവസാനിപ്പിക്കുന്നതിൽ അമ്പേ പരാജയപ്പെട്ട സംസ്ഥാന മുഖ്യമന്ത്രിയും ഭരണകക്ഷിയായ ബി.ജെ.പിയും അവരുടെ കേന്ദ്ര നേതൃത്വവും നാണംകെട്ട മൗനം തുടരുകയാണ്. സംഘർഷത്തിന്റെ തുടക്കം മുതൽതന്നെ സംസ്ഥാന സർക്കാറിന്റെ പക്ഷപാത നിലപാടും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച കുക്കി വിഭാഗക്കാർ സി.ആർ.പി.എഫ് ഓഫിസ് ആക്രമിക്കുകയും 11 പേർ കൊല്ലപ്പെടുകയും ചെയ്തതോടെയാണ് സംഘർഷത്തിന്റെ പുതിയ അധ്യായം ആളിക്കത്താൻ തുടങ്ങിയത്. ഗ്രാമച്ചന്ത ആക്രമിച്ച കുക്കികൾ തട്ടിക്കൊണ്ടുപോയ ആറു ഗ്രാമീണരിൽ ചിലരുടെ മൃതദേഹങ്ങൾ ലഭിച്ചതിന് പിന്നാലെ മെയ്തി വിഭാഗം വീണ്ടും തെരുവിലിറങ്ങി. മന്ത്രി മന്ദിരങ്ങളിലേക്കും കലാപത്തീ പടർന്നു. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇരുവിഭാഗങ്ങളും തമ്മിലും പൊലീസുമായും ഏറ്റുമുട്ടലുകളുണ്ടാകുന്നതായാണ് റിപ്പോർട്ടുകൾ. ആയുധങ്ങൾ പിടിച്ചെടുക്കുന്നുമുണ്ട്. സി.ആർ.പി.എഫുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 10 പേരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതുവരെ സംസ്കരിക്കില്ലെന്ന് കുകി വിഭാഗം പ്രഖ്യാപിച്ചിട്ടുമുണ്ട്.
ഒന്നരവർഷമായി സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളിൽ 260 ലധികം പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. കാണാതായ നിരവധി പേർ വേറെ. പതിനായിരത്തിലധികം വീടുകൾ തകർത്തു. നിരവധി ദേവാലയങ്ങളും നശിപ്പിക്കപ്പെട്ടു. 60000 ലധികം പേർ 300 ലധികം ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുകയാണ്. 200 ലധികം കമ്പനി അർധസൈനിക വിഭാഗങ്ങൾ സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. 50 കമ്പനികൂടി അയക്കാനും കർഫ്യൂ വ്യാപിപ്പിക്കാനുമാണ് ഇന്നലെ ആഭ്യന്തരമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തീരുമാനം.
പക്ഷേ, ഇതൊന്നും കേന്ദ്ര സർക്കാറിന് കണ്ണുതുറപ്പിക്കാനുള്ള കണക്കായിട്ടില്ല. സംഘർഷങ്ങളിൽ കാര്യക്ഷമമായി ഇടപെടാനോ അക്രമം അമർച്ച ചെയ്യുന്നതിനോ ജനങ്ങളുടെ വിശ്വാസം ആർജിക്കാനോ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഒന്നും ചെയ്തിട്ടില്ല. എന്തിന് പറയുന്നു, മണിപ്പൂരിൽ തീ പടർന്നശേഷവും ഒട്ടനവധി വിദേശരാജ്യങ്ങളിലേക്ക് പറന്ന പ്രധാനമന്ത്രി സ്ഥിതിഗതികൾ ഇത്രമാത്രം വഷളായിട്ടും ഒരുതവണ ഇവിടം സന്ദർശിക്കാൻപോലും തയാറായിട്ടില്ല. മണിപ്പൂർ വിഷയത്തിൽ അദ്ദേഹം പ്രതികരിച്ചതുപോലും ഏറെ വൈകിയായിരുന്നു. അതാകട്ടെ തരിമ്പ് ആത്മാർഥതയില്ലാത്ത പ്രസ്താവനയും. കൊട്ടിഗ്ഘോഷിച്ച് സംസ്ഥാന സന്ദർശനം നടത്തിയ ആഭ്യന്തരമന്ത്രി അമിത് ഷാ കണ്ടത് ഒരുവിഭാഗത്തെ മാത്രമാണെന്ന ആക്ഷേപം വേറെ. അതേസമയം തെരഞ്ഞെടുപ്പിന്റെ ഭാഗമായും അല്ലാതെയും വിവിധ സംസ്ഥാനങ്ങൾ സന്ദർശിക്കാനും വിഭജന രാഷ്ട്രീയം ആവർത്തിക്കാനും ഇവരിരുവർക്കും ആവശ്യത്തിലേറെ സമയമുണ്ട് താനും. ഏറ്റവും ഒടുവിൽ സംഘർഷം രൂക്ഷമായതോടെയാണ് ആഭ്യന്തരമന്ത്രി മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തി ഡൽഹിക്ക് മടങ്ങിയതും യോഗം വിളിച്ചതും. ഇതിനു മുമ്പും പലതവണ മണിപ്പൂരിന്റെ പേരിൽ യോഗം ചേർന്നിട്ടുമുണ്ട്.
യോഗങ്ങൾ കൊണ്ടോ തൊലിപ്പുറത്തെ ചികിത്സകൊണ്ടോ മണിപ്പൂർ വിഷയം പരിഹരിക്കാനാകില്ലെന്ന് തീർച്ച. സംസ്ഥാനത്തെ ജനങ്ങൾ ചേരിതിരിഞ്ഞ് ആയുധമെടുത്ത് തെരുവിലിറങ്ങുന്ന സാഹചര്യത്തിൽ മുറിവുകളുണക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ വലിയ ഇടപെടൽ ആവശ്യമാണ്. അക്രമം അടിച്ചമർത്താനും ജാതി, മത, ഗോത്ര ഭേദമെന്യേ ജനങ്ങളുടെ വിശ്വാസം നേടാനുള്ള നടപടികൾക്ക് കേന്ദ്ര സർക്കാർ ഇനിയും മടിച്ചുനിന്നുകൂടാ. പ്രധാനമന്ത്രിതന്നെ അതിന് മുൻകൈയെടുത്ത് നടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്. രണ്ടു വിഭാഗത്തിനെയും കേൾക്കാനും സങ്കടങ്ങൾ തീർക്കാനും തയാറാകണം. സംസ്ഥാന ജനതയുടെ വിശ്വാസം നഷ്ടപ്പെട്ട, നിഷ്ക്രിയമായ സംസ്ഥാന സർക്കാറിനെ പുറത്താക്കി വേണം അതിന് തുടക്കമിടാനെങ്കിൽ അതിനും മടിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.