ഭാഗവതിന്റെ ‘സമത്വ’ ദർശനം
text_fieldsരാജ്യത്തെ ജാതിസമ്പ്രദായത്തെക്കുറിച്ച് ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭാഗവത് നടത്തിയൊരു പരാമർശം ദേശീയ രാഷ്ട്രീയത്തിൽ പുതിയൊരു ചർച്ചക്ക് വഴിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച, മുംബൈയിലെ രവീന്ദ്ര നാട്യ മന്ദിറിൽ ഭക്തകവി രവിദാസിന്റെ ജന്മവാർഷികാഘോഷ പരിപാടിയിൽ സംസാരിക്കവെ, ജാതിയെന്നത് ദൈവികമായൊന്നല്ലെന്നും അത് ബ്രാഹ്മണ്യം അടിച്ചേൽപിച്ചതാണെന്നുമുള്ള തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. സവർണർ എന്നോ ബ്രാഹ്മണർ എന്നോ നേരിട്ടുപറയാതെ, ‘പണ്ഡിറ്റുകളാ’ണ് ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ വക്താക്കളും പ്രായോജകരുമെന്നാണ് മറാത്തി ഭാഷയിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞത്. സവർണ-ബ്രാഹ്മണിക് ആശയത്തിൽ ഉദയംചെയ്ത ആർ.എസ്.എസ് പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവുതന്നെ ഇത്തരമൊരു പ്രസ്താവന നടത്തിയപ്പോൾ സ്വാഭാവികമായും അത് ദേശീയ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു; പലരും പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ പ്രസിദ്ധീകരിച്ചു.
ശാസ്ത്രങ്ങളുടെ അടിസ്ഥാനത്തിൽ പുരോഹിതർ പറയുന്നതത്രയും കള്ളമാണെന്നുംജാതീയമായ തട്ടുകൾവഴി നാം വഴിതെറ്റിപ്പോയെന്നും ഈ സമ്പ്രദായംതന്നെയും ഉപേക്ഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിഷയത്തിൽ, പല കോണുകളിൽനിന്നുള്ള പ്രതികരണങ്ങൾ വന്നു. അതിനെ ബ്രാഹ്മണവിരുദ്ധ പ്രസ്താവനയായാണ് ചിലർ കണ്ടത്. അക്കൂട്ടത്തിൽ സംഘടനക്കുള്ളിലെ ആളുകൾ മാത്രമല്ല, കോൺഗ്രസ് അടക്കമുള്ള മതേതര പാർട്ടികളിലെ നേതാക്കൾ വരെയുണ്ട്. തങ്ങൾ ഇത്രയും കാലം നടത്തിയ ആർ.എസ്.എസ് വിമർശനം പ്രസ്തുത പരാമർശത്തിലൂടെ ഭാഗവത് അംഗീകരിച്ചിരിക്കുന്നുവെന്ന തരത്തിലുള്ള പ്രസ്താവനകളും ചില ബഹുജൻ രാഷ്ട്രീയ വക്താക്കളിൽനിന്നുണ്ടായി. ആഴ്ചകൾക്കു മുമ്പ്, ‘രാമചരിതമാനസ’ത്തിലെ ഉള്ളടക്കത്തെച്ചൊല്ലി യു.പിയിലും ബിഹാറിലുമുണ്ടായ വിവാദങ്ങളെയും ഭാഗവതിന്റെ പ്രസംഗത്തോട് ചേർത്തുവായിച്ചവരുമുണ്ട്. ഇതിനിടെ, വിഷയത്തിൽ വിശദീകരണവുമായി ആർ.എസ്.എസ് തന്നെ രംഗത്തെത്തി. പ്രസംഗത്തെ മാധ്യമങ്ങൾ തെറ്റായാണ് പരാവർത്തനം ചെയ്തതെന്നായിരുന്നു സംഘടനയുടെ ന്യായീകരണം. ‘പണ്ഡിറ്റ്’ എന്ന പദത്തിന് മറാത്തിയിൽ ബുദ്ധിജീവി, പണ്ഡിതൻ എന്നൊക്കെയാണ് അർഥമെന്നും പുരോഹിതരെന്നോ ബ്രാഹ്മണരെന്നോ അർഥം കൽപിച്ചത് ദുരുദ്ദേശ്യത്തോടെയാണെന്നും ആർ.എസ്.എസ് പുറത്തുവിട്ട വാർത്തക്കുറിപ്പിൽ പറയുന്നു. അതെന്തായാലും, ഭാഗവതിന്റെ പ്രസംഗം വർത്തമാന ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ പല യാഥാർഥ്യങ്ങളെയും തുറന്നുകാണിക്കുന്നുണ്ട്.
ജാതി, ജാതീയത തുടങ്ങിയ വിഷയങ്ങളിൽ ആർ.എസ്.എസിന്റെയും ഇതര സംഘ്പരിവാർ സംഘടനകളുടെയും ആശയമെന്തെന്നും അതവർ എങ്ങനെയെല്ലാം പ്രയോഗവത്കരിക്കുന്നുവെന്നുമൊക്കെ എല്ലാവർക്കും അറിയാം. പ്രത്യക്ഷത്തിൽതന്നെ, സവർണ മേൽക്കോയ്മയിൽ അധിഷ്ഠിതമാണ് അവരുടെ പ്രത്യയശാസ്ത്രം. ബ്രാഹ്മണിസം തീർത്ത ജാതിത്തട്ടുകൾ അതേപടി നിലനിർത്തുക എന്നത് ഒരർഥത്തിൽ ഈ പ്രസ്ഥാനങ്ങളുടെ നിലനിൽപിന്റെകൂടി പ്രശ്നവുമാണ്. എന്നിട്ടും എന്തുകൊണ്ടായിരിക്കും ഭാഗവതിന്റെ ഇത്തരമൊരു പ്രസ്താവനയെന്നത് വലിയൊരു സമസ്യയിലേക്കാണ് കൊണ്ടുചെന്നെത്തിക്കുന്നത്. സംഘടനയുടെ തിരുത്ത് മുഖവിലക്കെടുത്താൽപോലും, ആ പ്രസ്താവനയിലെ ‘ബ്രാഹ്മണ വിരോധം’ കെട്ടുപോകില്ല. കാരണം, അക്കാലത്തെ ‘ബുദ്ധിജീവി’കളും ‘പണ്ഡിതരും’ ഏതു വിഭാഗക്കാരായിരുന്നുവെന്നൊരു മറുചോദ്യംകൂടിയുണ്ടല്ലോ. ഇതാദ്യമായല്ല, ഭാഗവത് ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നത്; ജാതിയുടെയും വർണത്തിന്റെയുമെല്ലാം കാലംകഴിഞ്ഞുവെന്നും എല്ലാവരും അത്തരം വിചാരങ്ങൾ കൈയൊഴിയണമെന്നും കഴിഞ്ഞ ഒക്ടോബറിൽ നാഗ്പുരിൽ നടന്നൊരു ചടങ്ങിൽ അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞവർഷം കർണാടകയിൽ ആർ.എസ്.എസ് വിളിച്ചുചേർത്ത ദലിത് നേതാക്കളുടെ യോഗത്തിൽ പ്രസംഗിക്കവെ, അയിത്തോച്ചാടനത്തിന്റെ പ്രസക്തിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഈ ജാതിവിരുദ്ധ ‘സമത്വ ദർശനം’ പ്രസംഗത്തിലേയുള്ളൂ; പ്രവൃത്തിയിലില്ല. നൂറ്റാണ്ടുകളായി തുടരുന്ന ജാതീയവിവേചനത്തെ ഇല്ലായ്മചെയ്ത് സർവ ജനങ്ങളെയും മുഖ്യധാരയിൽ എത്തിക്കാനുള്ള ഏറ്റവും പ്രായോഗികമായ പദ്ധതിയായ പിന്നാക്ക സംവരണത്തിന്റെ കാര്യം വരുമ്പോൾ നിലപാട് മാറിമറിയും. എന്നല്ല, ഇക്കൂട്ടർ സവർണ സംവരണത്തിനായി വാദിക്കുകയും ചെയ്യും. ജാതി സെൻസസിന്റെ കാര്യം വരുമ്പോഴും ഇതുതന്നെയാണ് സ്ഥിതി. ചുരുക്കത്തിൽ, ജാതിനിർമൂലനത്തെപ്പറ്റി ഘോരഘോരം സംസാരിക്കുമ്പോഴും, ജാതിവിവേചനത്തെ ചെറുക്കാനുള്ള ഭരണഘടനാപരമായ പദ്ധതികളെയെല്ലാം അധികാരത്തിന്റെ ദംഷ്ട്രകൾ ഉപയോഗിച്ച് പൊളിച്ചുകളയുക എന്ന നയത്തിൽ ഒരു മാറ്റവുമില്ല. എന്നല്ല, ഇത്തരം സുവിശേഷപ്രസംഗങ്ങൾ രാജ്യത്തെ ഇതര ന്യൂനപക്ഷവിഭാഗങ്ങൾക്കെതിരെ തിരിക്കാനും ബോധപൂർവമായ ശ്രമങ്ങൾ നടക്കാറുമുണ്ട്. കർണാടകയിൽ തൊട്ടുകൂടായ്മയെക്കുറിച്ച് സംസാരിച്ച ഭാഗവത്, മതപരിവർത്തന നിരോധനത്തെ ഊന്നിപ്പറയുകയായിരുന്നുവെന്നോർക്കണം.
ഇന്ത്യൻ രാഷ്ട്രീയത്തിൽ നിലനിൽക്കുന്ന ജാതി മേൽക്കോയ്മയുടെ ആഴവും പരപ്പും പ്രതിഫലിപ്പിക്കുന്നുണ്ട് ഭാഗവതിന്റെ പ്രസംഗം. ഭരണവ്യവസ്ഥയിൽ സവർണാധിപത്യത്തിന് പോറലേൽപിക്കുന്ന ചെറുപ്രസ്താവനപോലും രാജ്യത്തിന്റെ പൊതുബോധത്തിന് സഹിക്കാനാവുന്നതിലുമപ്പുറമാണെന്ന് ഈ സംഭവം തെളിയിക്കുന്നു. ആർ.എസ്.എസ് തന്നെയും വിശദീകരണവുമായി രംഗത്തുവന്നത് അതുകൊണ്ടാണ്. മറുവശത്ത്, സംഘ്പരിവാർ വിരുദ്ധ പക്ഷത്ത് നിലയുറപ്പിച്ചവരിൽ ചിലരെങ്കിലും ബ്രാഹ്മണിസത്തിന് മുറിവേൽക്കുംവിധമുള്ള ജാതിസമത്വ പ്രസ്താവനകൾ അധികപ്രസംഗമാണെന്ന തരത്തിലാണ് പ്രതികരിച്ചത്. മോഹൻ ഭാഗവതിന്റെ മനോനിലയിൽനിന്ന് ഇക്കാര്യത്തിൽ അധികം വ്യത്യാസമില്ല മറ്റുള്ളവർക്കും എന്നുകൂടിയാണ് ഇതർഥമാക്കുന്നത്. അതിന്റെ പ്രായോഗിക തെളിവുകൾ നമുക്കു ചുറ്റും സൂക്ഷിച്ചുനോക്കിയാൽ കാണാം. ജാതിരഹിതമായ സമൂഹത്തെക്കുറിച്ച് സ്വപ്നംകാണുന്ന കേരളത്തിലടക്കമുള്ള ഇടതുസർക്കാറും ഇവിടത്തെ സ്വതന്ത്ര ചിന്താ പ്രസ്ഥാനങ്ങളുമെല്ലാം അതിലേക്കുള്ള പ്രായോഗികവഴിയായി സ്വീകരിച്ചിരിക്കുന്നത് സവർണ സംവരണമടക്കമുള്ള പദ്ധതികളാണ്. ചുരുക്കത്തിൽ, വർത്തമാന ഇന്ത്യയുടെ അനുഭവങ്ങൾവെച്ചുനോക്കുമ്പോൾ മോഹൻ ഭാഗവതിന്റെ ‘സമത്വ ദർശനം’ ആർ.എസ്.എസിന്റെയും ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും ക്രൂരമായ തമാശകളിൽ ഒന്നായേ കണക്കാക്കാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.