Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മോസ്കോയിലെ ഭീകരാക്രമണം നൽകുന്ന പാഠങ്ങൾ
cancel

മാർച്ച് 22 വെള്ളിയാഴ്ച മോസ്കോവിലെ ക്രോക്കസ് സിറ്റി ഹാളിൽ നടന്ന വിനോദ പരിപാടികൾക്കിടെ ഐ.എസ് നടത്തിയതായി കരുതപ്പെടുന്ന ഭീകരാക്രമണത്തിൽ ഇതേവരെയായി 137 പേർ കൊല്ലപ്പെട്ടതായും നൂറോളം പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കപ്പെട്ടിരിക്കെ സംഭവത്തെതുടർന്നുള്ള വിവാദങ്ങൾ രാഷ്ട്രാന്തരീയതലത്തിൽ കൊഴുക്കുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഖുറാസാൻ ഏറ്റെടുത്തിട്ടുണ്ടെങ്കിലും അത് പ്രത്യക്ഷത്തിൽ അംഗീകരിക്കാൻ വിസമ്മതിച്ച റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ യുക്രൈന്റെ മേൽ ഉത്തരവാദിത്തം ആരോപിക്കാനാണ് തത്രപ്പെട്ടത്.

രണ്ടു വർഷത്തിലധികമായി തുടരുന്ന റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പുടിന്റെ ആരോപണം സ്വാഭാവികമാണെന്ന് കരുതണം. പക്ഷേ, അഫ്ഗാനിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഐ.എസ് ഖുറാസാൻ എന്ന ഭീകരക്കൂട്ടം ആസൂത്രിതമായി നടത്തിയതാണ് മോസ്കോ ക്രോക്കസ് ഹാളിൽ നടത്തിയ വെടിവെപ്പെന്ന് അവർ സ്വയം സമ്മതിക്കുന്നു; അന്താരാഷ്ട്ര വാർത്താ ഏജൻസികൾ അത് സ്ഥിരീകരിക്കുകയും ചെയ്യുന്നു എന്നത് ഒരു കാര്യം. സംഭവം നടന്ന മൂന്നാം ദിവസം പ്രസിഡൻറ് പുടിൻതന്നെ തന്റെ മുതിർന്ന ഉദ്യോഗസ്ഥരോട് പറഞ്ഞത് ഇസ്ലാമികലോകം തന്നെ നൂറ്റാണ്ടുകളായി പൊരുതുന്ന തീവ്രവാദികളാണ് ഈ കുറ്റകൃത്യത്തിന്റെ പിന്നിൽ എന്ന് നമുക്കറിയാമെന്നാണ്. മീർസായേവ്, സയ്ദാക്രാമ, മുറാദലി, റഷാബലി സാദ, ശംസ്ദീൻ ഫറീദുനി എന്നിവരാണ് പിടികൂടപ്പെട്ട ഭീകരരെന്ന് റഷ്യൻ അധികൃതർ വെളിപ്പെടുത്തുന്നു.

അവരെ കൈകാര്യം ചെയ്തശേഷമാണ് കോടതിയിൽ ഹാജരാക്കിയതെന്നും ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഐ.എസ് എന്തിനിത് ചെയ്തുവെന്ന് ചോദിച്ചാൽ അവരുടെ ഉത്തരം ഇതാണ്: സിറിയയിൽ ബശ്ശാറുൽ അസദ് ഭരണകൂടത്തിനെതിരെ സായുധ പോരാട്ടം നടത്തിയവരെ ഉന്മൂലനം ചെയ്യാൻ ഏറ്റവും ശക്തമായി സഹായിച്ചത് വ്ലാദിമിർ പുടിന്റെ റഷ്യൻ സൈന്യമാണ്. ഐ.എസ് താവളങ്ങളെ നിശ്ശേഷം നശിപ്പിച്ചതിലും റഷ്യക്ക് പങ്കുണ്ട്. അതിനുമുമ്പ് 1994-2009 കാലഘട്ടത്തിൽ റഷ്യയിലെ മുസ്‍ലിം ഭൂരിപക്ഷ ചെച്നിയയിൽ രക്തരൂക്ഷിതമായ അടിച്ചമർത്തൽ നടത്തിയതും പുടിൻ ഭരണകൂടം തന്നെ. സോവിയറ്റ് യൂനിയന്റെ പതനത്തിന് വഴിയൊരുക്കിയ അഫ്ഗാൻ അധിനിവേശമാണ് ഐ.എസ് എടുത്തുകാട്ടുന്ന മറ്റൊരു ന്യായം. അപ്രകാരം ഇസ്‍ലാമിന്റെയും മുസ്‍ലിം ലോകത്തിന്റെയും കൊടിയ ശത്രുവായ റഷ്യക്കെതിരെ ശരിയായ ജിഹാദാണ് തങ്ങൾ നടത്തുന്നതെന്ന് ഐ.എസ്.കെ അവകാശപ്പെടുന്നു. സംഘടന നേതൃത്വം തകരുകയും ശിഥിലമാവുകയും ചെയ്തശേഷം ചിതറിപ്പോയ അണികൾ അഫ്ഗാനിസ്താനും മധ്യേഷ്യയും കേന്ദ്രീകരിച്ച് രൂപംകൊടുത്ത സായുധകലാപം സംഘടിപ്പിക്കുന്ന ഗ്രൂപ്പാണ് ഐ.എസ്.കെ എന്ന ഇസ്‍ലാമിക് സ്റ്റേറ്റ് ഖുറാസാൻ. മോസ്കോയിലെ ആക്രമണത്തോടെ ഐ.എസ് ഒരിക്കൽകൂടി സമാധാനത്തിന് ഭീഷണിയായി രംഗപ്രവേശം ചെയ്തതായാണ് പൊതുവെ വിലയിരുത്തൽ.

ഇസ്‍ലാമിന്റെ മൗലികാധ്യാപനങ്ങളായ മാനവികതക്കും സഹിഷ്ണുതക്കും സൗഹൃദത്തിനും കടകവിരുദ്ധമായ ലക്ഷ്യവും കർമമാർഗവും പ്രവർത്തനശൈലിയും സ്വാംശീകരിച്ച് തങ്ങളുടേതായ ഇമാമിനെ നിശ്ചയിച്ച് രംഗപ്രവേശം ചെയ്ത ഐ.എസ്.ഐ.എസിനെ മുസ്‍ലിം ലോകവും പണ്ഡിതസമൂഹങ്ങളും അംഗീകരിച്ചിട്ടില്ല, തള്ളുകയേ ചെയ്തുള്ളൂ. ഈ ആത്മഹത്യാസംഘത്തെ ന്യായീകരിക്കാനോ പിന്തുണക്കാനോ വിവേകശാലികളായ ആർക്കും സാധ്യമല്ല. മുസ്‍ലിം രാജ്യങ്ങളും ആരാധനാലയങ്ങളിൽ ഒരുമിച്ചു കൂടുന്ന വിശ്വാസികളുമാണ് മിക്കപ്പോഴും ഐ.എസ് ആക്രമണത്തിന്റെ ഇരകൾ എന്നതിൽ നിന്നുതന്നെ മുസ്‍ലിംകളുടെ താൽപര്യമോ വിശ്വാസമോ സംരക്ഷിക്കാനല്ല അവർ നിലകൊള്ളുന്നതെന്ന് നിസ്സംശയം വ്യക്തം. അതേയവസരത്തിൽ ഈ വക തീവ്രവാദ ഗ്രൂപ്പുകളെയും ഭീകരസംഘങ്ങളെയും പടച്ചുവിടാനും പരിപോഷിപ്പിക്കാനും അവരുടെ പേരിൽ ഇസ് ലാമിനെ പഴിപറയാനുമുള്ള നിരന്തരമായ ശ്രമങ്ങൾ സത്യാനന്തര ലോകത്ത് നടമാടുന്നുണ്ട്.

ജനാധിപത്യധ്വംസനവും നീതിനിഷേധവും വംശീയ പക്ഷപാതിത്വവും ചില വിഭാഗങ്ങളോടുള്ള കടുത്ത വിവേചനവും അവഗണനയും സർവപരിധിയും ലംഘിച്ച് അരങ്ങുതകർക്കുമ്പോൾ അതു മുതലെടുത്ത് ഇത്തരം കൂട്ടങ്ങളിലേക്ക് ആളെക്കൂട്ടാനുള്ള സ്ഥാപിതതാൽപര്യക്കാരുടെയും ഏജൻസികളുടെയും നീക്കങ്ങൾ എളുപ്പത്തിൽ പച്ചപിടിക്കുന്നു. കൂട്ട നശീകരണായുധങ്ങൾ രഹസ്യമായി ശേഖരിച്ചുവെച്ചിരിക്കുന്നു എന്നാരോപിച്ച് യു.എന്നിനെപോലും മറികടന്ന് അമേരിക്കൻ സാമ്രാജ്യത്വവും നാറ്റോയും കൂട്ടായി സദ്ദാം ഹുസൈന്റെ ഇറാഖിനുനേരെ നടത്തിയ നെറികെട്ട ആക്രമണവും തുടർന്ന് അവിടെ അധികാരത്തിൽവന്ന അമേരിക്കൻ പാവ സർക്കാറിന്റെ മനുഷ്യത്വരഹിതമായ ചെയ്തികളും ചൂണ്ടിക്കാട്ടിയാണ് ഐ.എസ് രൂപപ്പെട്ടതുതന്നെ. ഇതേ രീതിയിൽ ബശ്ശാറുൽ അസദിന്റെ ഏകാധിപത്യ ഭരണകൂടത്തിനെതിരായ ചെറുത്തുനിൽപിനെ സൈനികമായി നശിപ്പിക്കാൻ നടത്തിയ നീക്കങ്ങൾക്ക് റഷ്യ നൽകിയ സൈനിക പിന്തുണയിൽ ജീവനും കൊണ്ട് ഓടിപ്പോയവരാണ് ഐ.എസിനെ പിന്തുണച്ചവരിൽ മറ്റൊരു വിഭാഗം.

നീതി നിഷേധത്തോടും മനുഷ്യാവകാശ ധ്വംസനങ്ങളോടും ഒരുവിധ ഭീകരതയോടും ഒത്തുതീർപ്പു ചെയ്യാതെ ലോകം ഒറ്റക്കെട്ടായി ചെറുത്തു നിൽക്കുകയാണ് ഭീകരതയുടെ നാമ്പുകൾ മുളപൊട്ടാതിരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorialmoscow terror attack
News Summary - Madhyamam Editorial on Moscow concert hall attack
Next Story