Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വംശീയ വിദ്വേഷം ഒരേയൊരു അജണ്ട?
cancel

പിറവിയുടെ നൂറാം വാർഷികം ആഘോഷിക്കാൻ പോവുന്ന ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ വംശീയ മിലിറ്റന്‍റ് പ്രസ്ഥാനമായ ആർ.എസ്.എസിന്റെ സംസ്ഥാപനത്തിന് സാക്ഷ്യം വഹിച്ചതും ഇന്നും അതിന്റെ ആസ്ഥാനമായി തുടരുന്നതുമായ മഹാരാഷ്ട്രയിലെ നാഗ്പുരിൽ മാർച്ച് പതിനേഴിന് പൊട്ടിപ്പുറപ്പെട്ട വർഗീയ സംഘർഷത്തിന്റെ അലയൊലികൾ പൂർണമായി ഇനിയും കെട്ടടങ്ങിയിട്ടില്ല. കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടെയും സംസ്ഥാന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും മണ്ഡലം കൂടിയായ നാഗ്പുർ പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 30ന് സന്ദർശിക്കാനിരിക്കെ വർഗീയസംഘർഷത്തിനും വ്യാപകമായ നാശനഷ്ടങ്ങൾക്കും സാക്ഷ്യം വഹിക്കേണ്ടിവന്നത് ഗൂഢാലോചനയുടെ ഫലമാണെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പക്ഷേ, തന്റെ വാദത്തിന്റെ വിശദാംശങ്ങളൊന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ലാത്തതുകൊണ്ട് അതിന്റെ സത്യാവസ്ഥ ദുരൂഹമായി തുടരുന്നു.

എന്നാൽ, ഛത്രപതി സംഭാജിനഗർ എന്ന് പേരുമാറ്റിയ ഔറംഗാബാദിൽ മൂന്ന് നൂറ്റാണ്ടുകളായി നിലനിൽക്കുന്ന മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ ശവകുടീരം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് തീവ്രഹിന്ദുത്വ സംഘടനകളായ വിശ്വഹിന്ദു പരിഷത്തും അതിന്റെ യുവജന വിഭാഗമായ ബജ്റംഗ്ദളും മാർച്ച് 17ന് നടത്തിയ അത്യന്തം പ്രകോപനപരമായ പ്രകടനമാണ് കലാപത്തിന് വഴിമരുന്നിട്ടതെന്ന സത്യം അനിഷേധ്യമായി നിലനിൽക്കുന്നു. പ്രകടനക്കാർ, മുസ്‍ലിംകൾ വിശ്വാസത്തിന്റെ കാതലെന്ന് കരുതുന്ന വിശുദ്ധ വാക്യങ്ങൾ പതിച്ച ചാദർ ചവിട്ടിമെതിച്ചു എന്ന പ്രചാരണമാണ് പിന്നീട് കടകളും വീടുകളും തകർത്ത നശീകരണങ്ങൾക്ക് വഴിയൊരുക്കിയതെന്ന് ഏതാണ്ടെല്ലാ മാധ്യമ വാർത്തകളും റിപ്പോർട്ട് ചെയ്യുന്നു. പൊലീസിന്റെ സന്ദർഭോചിതമായ ഇടപെടൽ മൂലം സംഘർഷം എണ്ണൂറ് മീറ്ററിലൊതുങ്ങിയെന്നും സമീപ പ്രദേശങ്ങളിൽ ഏർപ്പെടുത്തിയ കർഫ്യൂ വർഗീയാഗ്നി ആളിപ്പടരുന്നതിന് ഇടവരുത്തിയില്ലെന്നുമാണ് സംസ്ഥാന സർക്കാറിന്റെ വാദം. എന്നാൽ, ഈ സംഭവത്തെ തുടർന്ന് നഗരസഭാധികൃതർ രണ്ട് മുസ്‍ലിം പ്രമുഖരുടെ ഭവനങ്ങൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കാനാരംഭിച്ചത് ബോംബെ ഹൈകോടതിയുടെ നാഗ്പുർ ബെഞ്ച് തടഞ്ഞതാണ് ഇപ്പോൾ വാർത്തയാവുന്നത്.

മൈനോറിറ്റീസ് ഡെമോക്രാറ്റിക് പാർട്ടി എന്ന പ്രാദേശിക കക്ഷിയുടെ നേതാവായ ഫഹീംഖാൻ, മറ്റൊരു പ്രമുഖനായ യൂസുഫ് ശൈഖ് എന്നിവരുടെ പാർപ്പിടങ്ങളാണ് കലാപം ഇളക്കിവിട്ടു എന്ന കുറ്റം ചുമത്തി നഗരസഭ ഇടിച്ചുനിരപ്പാക്കാൻ ഉത്തരവിട്ടത്. പക്ഷേ, പൊടുന്നനെ വന്ന കോടതി ഉത്തരവുമൂലം ഉന്മൂലനയത്നം മുഴുമിക്കാനായില്ല. മുൻകൂട്ടി നോട്ടീസ് നൽകാതെയും നിയമ നടപടികൾ പൂർത്തിയാക്കാതെയും കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത് നിയമവാഴ്ചയുടെ നഗ്നമായ ലംഘനവും സ്വാഭാവികനീതിയുടെയും പാർപ്പിടം നിർമിക്കാനുള്ള പൗരാവകാശത്തിന്റെയും നിഷേധവുമാണെന്ന് 2024 നവംബറിൽ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയതാണ്. യു.പി സർക്കാറിന്റെ ബുൾഡോസർ പ്രയോഗത്തെ വിലക്കിക്കൊണ്ടായിരുന്നു സുപ്രീം കോടതി വിധി. ഭരണഘടനയുടെ 19, 21 ഖണ്ഡികകൾ പൗരർക്ക് ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്നതാണ് ബുൾഡോസറുകൾ ഉപയോഗിച്ച് അവരുടെ പാർപ്പിടങ്ങൾ പൊളിച്ചുകളയുന്ന നടപടി എന്നും ജസ്റ്റിസ് ഗവായ് വ്യക്തമാക്കിയിരുന്നതാണ്.

ബോംബെ ഹൈകോടതിയുടെ സ്റ്റേ ഉത്തരവിനാധാരവും ഈ വിധിയാണ്. ഇവിടെ വംശീയ കലാപത്തിൽ പങ്കുണ്ടെന്ന് സർക്കാറിന് ബോധ്യപ്പെടുന്നവരുടെ കാര്യത്തിൽപോലും അതുസംബന്ധിച്ച അന്വേഷണമോ പൊലീസ് കേസ് നടപടികളോ പൂർത്തിയാവാതെ, സുദീർഘമായ ആ പ്രക്രിയ ആരംഭിക്കുകപോലും ചെയ്യാതെ കുറ്റവാളികളെന്ന് ഏകപക്ഷീയമായി വിധിയെഴുതി ചില നോട്ടപ്പുള്ളികളുടെ ജീവിതം തന്നെ വഴിമുട്ടിക്കുന്ന കൊടിയ അനീതിയാണ് ഹിന്ദുത്വർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പുലരുന്നത്. മഹാരാഷ്ട്രയിൽത്തന്നെ വിലക്കയറ്റം, തൊഴിലില്ലായ്മ, പാർപ്പിടക്ഷാമം തുടങ്ങിയ ജനകീയ പ്രശ്നങ്ങൾ അതിരൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴാണ് കാലുമാറ്റിയും കൂറുമാറ്റിയും കൂടെക്കൂട്ടിയ ശിവസേന, എൻ.സി.പി ഗ്രൂപ്പുകളുടെ പിൻബലത്തോടെ ഭരിക്കുന്ന ദേവേന്ദ്ര ഫഡ്നാവിസിന്റെ ബി.ജെ.പി സർക്കാർ തീർത്തും അപ്രസക്തവും കാലഹരണപ്പെട്ടതുമായ ഒരാവശ്യത്തിന്റെ പേരിൽ അഴിഞ്ഞാടാൻ സ്വന്തം അനുയായികൾക്ക് അവസരം സൃഷ്ടിച്ച് വർഗീയ കലാപത്തിന് വാതിൽ തുറക്കുന്നത്. എം.ഐ.എം നേതാവും മുൻ പാർലമെന്റംഗവുമായ ഇംതിയാസ് ജലീൽ വ്യക്തമാക്കിയപോലെ മുഗൾ ചക്രവർത്തി ഔറംഗസീബ് മുസ്‍ലിംകൾക്ക് ഒരു ഹീറോ അല്ലേ അല്ല. അവർക്ക് ഈ മുഗൾ ചക്രവർത്തിയോട് ഒരു താൽപര്യവുമില്ല. പല പഴയകാല ഹിന്ദു-മുസ്‍ലിം ചക്രവർത്തിമാരും രാജാക്കന്മാരും അധികാരത്തിനും സമ്പത്തിനും വേണ്ടി പരസ്പരം പോരടിച്ചിട്ടുണ്ട്. അവരുടെ യുദ്ധം വിശ്വാസത്തിന്റെ പേരിലോ സമുദായങ്ങൾക്ക് വേണ്ടിയോ ആയിരുന്നുമില്ല.

ഔറംഗസീബിന്റെ പട്ടാളത്തിൽ ഹിന്ദു കമാൻഡർമാരും ശിവജിയുടെ സേനയിൽ മുസ്‍ലിംകളും ഉണ്ടായിരുന്നുവെന്നത് അനിഷേധ്യ ചരിത്രസത്യമാണ്. മറാത്തയിലെ മുസ്‍ലിംകൾ ഇന്നും ശിവജിയെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവരാണ്; അവർക്ക് ഔറംഗസീബിനോട് പ്രത്യേക കടപ്പാടോ താൽപര്യമോ ഇന്നില്ല. എ.എസ്.ഐയുടെ ഉടമസ്ഥതയിലുള്ള ഖുൽദാബാദിലെ ശവകുടീരം പൊളിച്ചുനീക്കാൻ നിയമതടസ്സമുണ്ടെന്ന് ചൂണ്ടിക്കാട്ടിയത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് തന്നെയാണ്. എന്നിരിക്കെ ചിത്രത്തിലെവിടെയുമില്ലാത്ത മുസ്‍ലിം ന്യൂനപക്ഷത്തെ ആ പേരിൽ വേട്ടയാടാനുള്ള ശ്രമം കഥയിലെ ചെന്നായ ആട്ടിൻകുട്ടിയെ ശാപ്പിടാൻ പറഞ്ഞ ന്യായീകരണത്തേക്കാൾ അർഥശൂന്യമാണ്. എവ്വിധവും ഹേതുവുണ്ടാക്കി വംശീയവൈരം ആളിക്കത്തിക്കുന്നതിൽ കവിഞ്ഞ ഒരു അജണ്ടയും ഇത്രയൊക്കെ സ്വാധീനവും അധികാരവുമുണ്ടായിട്ടും ഫാഷിസ്റ്റ് ശക്തികൾക്കില്ലെന്ന് തെളിയിക്കുന്നതാണ് നാഗ്പുർ സംഭവവും.

‘കശ്മീർ ഫയൽസി’ന്റെയും ‘ദ കേരള സ്റ്റോറി’യുടെയും മാതൃകയിൽ ‘ചാവാ’ എന്ന പേരിൽ ഒരു ചലച്ചിത്രം നിർമിക്കുന്നു; അതിൽ ഔറംഗസീബിനെ അതിഭീകരനായി അവതരിപ്പിച്ചു, മറാത്തരുടെ ആരാധ്യനായ ശിവജിയുടെ പുത്രൻ സംഭാജിയെ അതിക്രൂരമായി കൊലപ്പെടുത്തിയ രംഗം ചിത്രീകരിക്കുന്നു. അതുകണ്ട മുഖ്യമന്ത്രി ഫഡ്നാവിസും മന്ത്രിസഭാംഗങ്ങളും ഗംഭീരമായി ഫിലിമിനെ വാഴ്ത്തുന്നു. തുടർന്നാണ് ഔറംഗസീബിന്റെ ശവകുടീരം പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രകോപനപരമായ പ്രകടനം നടക്കുന്നത്. പ്രകടനത്തെത്തുടർന്ന് കലാപം അരങ്ങേറുന്നു-കഥ തുടരുമ്പോൾ കലാപത്തിൽ പങ്കാളികളെന്നാരോപിച്ച് മഹാരാഷ്ട്രാ ഭരണകൂടം ന്യൂനപക്ഷ സമുദായക്കാരെ പിടികൂടുന്നു. അവരുടെ പാർപ്പിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് നിലംപരിശാക്കുന്നു. വെറുപ്പും വിദ്വേഷവും പ്രതികാര നടപടികളുമല്ലാതെ മറ്റൊന്നും അവരുടെ അജണ്ടയിലില്ലെന്ന സത്യം ഒന്നുകൂടി തുറന്നുകാട്ടുകയല്ലേ നാഗ്പുർ?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialNagpur Violence
News Summary - Madhyamam Editorial on Nagpur Violence
Next Story