ന്യൂനപക്ഷ കമീഷൻ എന്ന നോക്കുകുത്തി
text_fieldsരാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കാനായി 1992ലെ നാഷനൽ കമീഷൻ ഫോർ മൈനോറിറ്റീസ് ആക്ട് പ്രകാരം 1993ൽ ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനു കീഴിൽ നിലവിൽ വന്ന ദേശീയ ന്യൂനപക്ഷ കമീഷൻ അക്ഷരാർഥത്തിൽ അനാഥമായിത്തീർന്നിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. 2025 ഏപ്രിലിൽ ഇഖ്ബാൽസിങ് ലാൽപുര അധ്യക്ഷസ്ഥാനമൊഴിഞ്ഞശേഷം ഇതുവരെ പകരക്കാരെ നിയമിച്ചിട്ടില്ല. 2024 ഡിസംബറിൽ സ്ഥാനമൊഴിഞ്ഞ അഞ്ചംഗങ്ങൾക്കും പിൻഗാമികളില്ല. മൊത്തം ഏഴുപേരാണ് കമീഷനിലുള്ളതെന്നോർക്കണം. ദേശീയ ന്യൂനപക്ഷ കമീഷന്റെ നാഥനില്ലായ്മ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള ദേശീയകമീഷന്റെ പ്രവർത്തനങ്ങളെയും ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് അഭിജ്ഞവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഒരു റിട്ട. ഹൈകോടതി ജഡ്ജി അധ്യക്ഷനും മൂന്നംഗങ്ങളുമായി പ്രവർത്തിക്കേണ്ട വിദ്യാഭ്യാസ കമീഷനും രണ്ടു വർഷത്തോളമായി ഒരേയൊരു അംഗത്തെകൊണ്ടാണ് ജീവൻ നിലനിർത്തുന്നത്.
2011ലെ സെൻസസ് പ്രകാരം ജനസംഖ്യയിൽ 18.8 ശതമാനമാണ് ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾ. മുസ്ലിംകൾ, സിഖുകാർ, ബുദ്ധിസ്റ്റുകൾ, പാർസികൾ, ക്രൈസ്തവർ, ജൈനർ എന്നിവരാണ് അംഗീകൃത ന്യൂനപക്ഷങ്ങൾ. ഇവരിൽത്തന്നെ പ്രബല ന്യൂനപക്ഷങ്ങളായ മുസ്ലിംകളും ക്രൈസ്തവരും കടുത്ത വിവേചനങ്ങൾക്കിരയാവുന്നുണ്ടെന്നത് ദൈനംദിന സംഭവങ്ങളിലൂടെ രാജ്യത്തിനും ലോകത്തിനും ബോധ്യപ്പെട്ടു കഴിഞ്ഞ സത്യമാണ്. ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്ലിംകളുടെ വിദ്യാഭ്യാസപരവും സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിച്ച് റിപ്പോർട്ടും ശിപാർശകളും സമർപ്പിക്കാൻ 2005ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻസിങ് ജസ്റ്റിസ് രജീന്ദർ സച്ചാർ അധ്യക്ഷനായി ഒമ്പതംഗ കമ്മിറ്റിയെ നിയമിച്ചതും നിശ്ചിതസമയത്തിനകം സമഗ്ര റിപ്പോർട്ട് കമ്മിറ്റി സമർപ്പിച്ചതും വൈകിയാണെങ്കിലും പാർലമെന്റ് മുമ്പാകെ വന്ന പ്രസ്തുത റിപ്പോർട്ട് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മുസ്ലിം ന്യൂനപക്ഷം അനുഭവിക്കുന്ന ദയനീയമായ പിന്നാക്കാവസ്ഥയുടെ ദുരിതചിത്രം അനാവൃതമാക്കിയതും പ്രത്യേകം ഓർമിപ്പിക്കേണ്ടതില്ല. സച്ചാർ കമ്മിറ്റിയുടെ കണ്ടെത്തലുകളെ ആധാരമാക്കി ക്രിയാത്മക നടപടി സ്വീകരിക്കുന്നതിൽ കേന്ദ്ര-സംസ്ഥാനസർക്കാറുകൾ കാണിച്ച അലംഭാവവും അനാസ്ഥയും നിരവധി തവണ വസ്തുതകളുടെ വെളിച്ചത്തിൽ വ്യക്തമാക്കപ്പെട്ടതാണ്.
ആ അവഗണനപോലും പ്രീണനപട്ടികയിൽപെടുത്തി മുസ്ലിം, ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ മതപരവും സാംസ്കാരികവുമായ അസ്തിത്വംതന്നെ രാജ്യത്തിനു ഭീഷണിയായി കരുതുക മാത്രമല്ല, അതിനെതിരെ ഉന്മൂലന ഭീഷണിതന്നെയും മുഴക്കി മുമ്പോട്ട് നീങ്ങുകയാണ് 11 വർഷമായി ഇന്ത്യ അടക്കി ഭരിക്കുന്ന തീവ്രഹിന്ദുത്വ സംഘം. 1992 ഡിസംബർ 18ന് ഐക്യരാഷ്ട്ര സഭ പുറപ്പെടുവിച്ച ഡിക്ലറേഷന്റെ ഫലമായാണ് 1992ൽ ദേശീയ ന്യൂനപക്ഷ ദേശീയ കമീഷൻ രൂപവത്കരണം ഇന്ത്യാ ഗവൺമെന്റ് പ്രഖ്യാപിച്ചതെന്നോർക്കണം. യു.എന്നിൽ അംഗമായ ഇന്ത്യക്ക് ഒരിക്കലും ഈ ബാധ്യതയിൽനിന്ന് ഒഴിഞ്ഞുമാറാനോ അതവഗണിച്ചുകൊണ്ട് മുന്നോട്ടുപോവാനോ സാധ്യമല്ല. പക്ഷേ, യു.എൻ പ്രമാണങ്ങളെയും പ്രഖ്യാപനങ്ങളെയും കാറ്റിൽ പറത്തി ഭൂരിപക്ഷ സംസ്കൃതിയുടെ അപ്രമാദിത്വം ഉയർത്തിപ്പിടിച്ച് മുന്നോട്ട് കുതിക്കുകയാണ് നരേന്ദ്ര മോദി നേതൃത്വം നൽകുന്ന ഹിന്ദുത്വ സർക്കാർ. അതുകൊണ്ടാണ് തങ്ങൾക്ക് പൂർണമായും വിശ്വസിക്കാവുന്ന സ്വന്തം അണികളിൽപെട്ടവരെതന്നെ കമീഷന്റെ തലപ്പത്തും അംഗത്വത്തിലും പ്രതിഷ്ഠിച്ചുവന്ന പതിവുപോലും തുടരുന്നതിൽ സർക്കാർ കാട്ടുന്ന അലംഭാവം. സ്ഥാനമൊഴിഞ്ഞ ചെയർമാൻ ഇഖ്ബാൽസിങ് ലാൽപുര നേരത്തേ പഞ്ചാബ് നിയമസഭയിലേക്ക് ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചയാളാണ്. അദ്ദേഹത്തിന്റെ മുൻഗാമി മുഖ്താർ അബ്ബാസ് നഖ്വി അറിയപ്പെട്ട ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിസഭാംഗവുമായിരുന്നു. ഒരു ഭരണഘടനാ സ്ഥാപനമായ ന്യൂനപക്ഷ കമീഷനെ പിരിച്ചുവിട്ടാൽ സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്ന ഭീതിയാവാം അതിനെ നോക്കുകുത്തിയായി നിലനിർത്താൻ മോദി-അമിത്ഷാ കൂട്ടുകെട്ടിന്റെ പ്രേരണ.
‘ഇത്തരം സമിതികൾകൊണ്ടുള്ള പ്രയോജനത്തെ ഞാനൊരിക്കലും പൂർണമായി ഉൾക്കൊണ്ടിട്ടില്ല. കമീഷൻ നിലവിൽ വന്നതിനു ശേഷവും മുസ്ലിം-ക്രിസ്ത്യൻ സ്ഥിതി മുമ്പുള്ളപോലെതന്നെ തുടരുകയേ ചെയ്തിട്ടുള്ളൂ’ എന്നാണ് പ്രസിദ്ധ നിയമജ്ഞനും മുൻ ചെയർമാനുമായ താഹിർ മഹ്മൂദ് തന്റെ ഗ്രന്ഥത്തിൽ തുറന്നടിച്ചത്. ഇതഃപര്യന്തമുള്ള അനുഭവങ്ങൾ അതു ശരിവെക്കുന്നുമുണ്ട്. ഭരിക്കുന്ന കക്ഷിയോട് കൂറുള്ളവരെ കുടിയിരുത്താനോ അടുത്തൂൺ പറ്റിയ ഉദ്യോഗസ്ഥ മേധാവികൾക്ക് റിട്ടയർമെന്റ് സെന്റർ എന്ന നിലക്കോ മാത്രമേ ന്യൂനപക്ഷ കമീഷനെ താൻ കാണുന്നുള്ളൂ എന്നുവരെ പറഞ്ഞുകളഞ്ഞിട്ടുണ്ട് അദ്ദേഹം. സംഘ്പരിവാർ ഭരണകാലത്താവട്ടെ, കൊല്ലാക്കൊലയാണ് കമീഷന് വിധിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമങ്ങളും വഖഫ് ഭേദഗതി നിയമവും നടപ്പാക്കി ഏറ്റവും വലിയ ന്യൂനപക്ഷത്തിന്റെ അസ്തിത്വത്തിനും വ്യക്തിത്വത്തിനും നേരെ കോടാലി ഉയർത്താൻ പ്രതിജ്ഞാബദ്ധമായ കേന്ദ്രസർക്കാറിൽനിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനാവില്ലല്ലോ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.