Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightക്രിമിനൽ...

ക്രിമിനൽ നിയമപരിഷ്കാരത്തിലെ തെറ്റും ശരിയും

text_fields
bookmark_border
ക്രിമിനൽ നിയമപരിഷ്കാരത്തിലെ തെറ്റും ശരിയും
cancel

ബ്രിട്ടീഷ് ഭരണകാലത്ത് 1860ൽ നിലവിൽ വന്ന ഇന്ത്യൻ പീനൽ കോഡ് (ഐ.പി.സി), 1898ലെ ക്രിമിനൽ നടപടിച്ചട്ടം (സി.ആർ.പി.സി), 1872ലെ ഇന്ത്യൻ തെളിവ് നിയമം (ഇന്ത്യൻ എവിഡൻസ് ആക്ട്) എന്നിവ പൊളിച്ചെഴുതാൻ ഉദ്ദേശിച്ച് യഥാക്രമം ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വർഷകാല സമ്മേളനത്തിനൊടുവിൽ സമർപ്പിക്കപ്പെട്ട മൂന്നു കരട് ബില്ലുകളും ആഭ്യന്തര മന്ത്രാലയത്തോടനുബന്ധിച്ച പാർലമെന്ററി സമിതിക്ക് വിട്ടതോടെ അതേപ്പറ്റിയുള്ള അഭിപ്രായ പ്രകടനങ്ങളും വിമർശനങ്ങളും അവകാശവാദങ്ങളും സ്വാഭാവികമായും ആരംഭിച്ചിട്ടുണ്ട്. കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല ചൂണ്ടിക്കാട്ടിയതുപോലെ ന്യായാധിപരും നിയമജ്ഞരും ക്രിമിനോളജിസ്റ്റുകളും പരിഷ്കാര വക്താക്കളും പൊതുജനങ്ങളുമെല്ലാം പങ്കാളികളാവുന്ന അർഥവത്തായ ചർച്ച ആവശ്യപ്പെടുന്നതാണ് ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് വഴിമരുന്നിടുന്ന നടേപറഞ്ഞ നിയമസംഹിതകൾ. ഹിന്ദുത്വ സർക്കാറിന്റെ ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ മുദ്രാവാക്യത്തിന്‍റെ ചോദനത്താൽ ഇംഗ്ലീഷിന് പകരം ഹിന്ദി-സംസ്കൃത പേരുകൾ നിയമസംഹിതക്ക് നൽകിയതുകൊണ്ടുമാത്രം ഒരു വിപ്ലവവും നടക്കാൻ പോകുന്നില്ലെന്ന് വ്യക്തം. കാലഹരണപ്പെട്ടതും മാറിമാറിവരുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടാത്തതുമായ ഒട്ടേറെ നിയമങ്ങളും ശിക്ഷ വ്യവസ്ഥകളും നിലവിലെ ക്രിമിനൽ കോഡിൽ ഉണ്ടെന്നത് സത്യമാണ്. അവ കാലോചിതമായി പരിഷ്കരിക്കേണ്ടതുണ്ടെന്ന് പല സാമൂഹിക പരിഷ്കർത്താക്കളും നിയമവിദഗ്ധരും കാലങ്ങളായി ആവശ്യപ്പെട്ടുവരുന്നതുമാണ്.

18 സംസ്ഥാനങ്ങൾ, ഏഴ് കേന്ദ്രഭരണ പ്രദേശങ്ങൾ, സുപ്രീംകോടതി, 16 ഹൈകോടതികൾ, അഞ്ച് ജുഡീഷ്യൽ അക്കാദമികൾ, 22 നിയമ സർവകലാശാലകൾ, 142 എം.പിമാർ, 270 എം.എൽ.എമാർ എന്നിവരിൽനിന്നെല്ലാം അഭിപ്രായമാരാഞ്ഞ്, നിയമസർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. രൺബീർ സിങ്ങിന്‍റെ അധ്യക്ഷതയിലുള്ള സമിതി നാലു വർഷത്തോളം പണിയെടുത്ത് 138 യോഗങ്ങൾ ചേർന്ന് തയാറാക്കി 2022 ഫെബ്രുവരി 27ന് സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിന്റെ വെളിച്ചത്തിൽ രൂപം നൽകിയതാണ് മൂന്നു ബില്ലുകളുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവകാശപ്പെടുന്നു. ഈ അവകാശവാദം സമ്മതിച്ചു കൊടുത്താൽ തന്നെ, ജനജീവിതത്തെയും രാജ്യസുരക്ഷയെയും അഗാധമായി ബാധിക്കുന്ന ക്രിമിനൽ നിയമ പരിഷ്കാരം ഗൗരവപൂർവമായ സംവാദങ്ങൾ ആവശ്യപ്പെടുന്നുണ്ട്. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ അവസാനത്തെ ബാക്കിയിരിപ്പുകളും തുടച്ചുനീക്കി തീർത്തും നൂതനമായ ഒരു ഭാരതീയ വ്യവസ്ഥയും സംവിധാനവും തങ്ങൾ രാജ്യത്തിന് നൽകി എന്ന് ഹിന്ദുത്വ രാഷ്ട്ര ശിൽപികൾക്ക് സാഭിമാനം ഭാവിചരിത്രത്തിൽ രേഖപ്പെടുത്തണമെന്നതാവാം ക്രിമിനൽ നിയമ പൊളിച്ചെഴുത്തിനുള്ള നരേന്ദ്ര മോദി- അമിത് ഷാ നേതൃത്വത്തിന്റെ പ്രചോദനം. സിവിൽ നിയമങ്ങളുടെ കാര്യത്തിൽ ഏകസിവിൽകോഡ് പ്രഖ്യാപനം പ്രധാനമന്ത്രി ഭോപാലിൽ നേരത്തേ നടത്തിയല്ലോ. അതിന്റെ കരടുരൂപം പക്ഷേ, ഇതേവരെ വെളിച്ചം കണ്ടിട്ടില്ല.

അവതരിപ്പിക്കപ്പെട്ട കരടു ബില്ലിൽനിന്ന് പുറത്തുവന്നിടത്തോളം യോജിക്കാവുന്നതും പിന്തുണക്കാവുന്നതും ശക്തമായി എതിർക്കേണ്ടതുമായ നിർദേശങ്ങളിലേക്ക് ഇതിനകം നിയമ വിശാരദരും പൊതുപ്രവർത്തകരും വിരൽ ചൂണ്ടിയിട്ടുണ്ട്. ലഘുവായ കുറ്റകൃത്യങ്ങൾക്ക് സാമൂഹിക സേവനം പോലുള്ള ശിക്ഷവിധികൾ, ശിശുഹത്യ, സ്ത്രീപീഡനം, ബലാത്സംഗം പോലുള്ള കുറ്റകൃത്യങ്ങൾക്ക് കൂടുതൽ കഠിനമായ ശിക്ഷ, ആൾക്കൂട്ട കൊലപാതകങ്ങളിൽ പങ്കാളികളായ എല്ലാ പ്രതികൾക്കും ഏഴുവർഷം വരെ തടവ് മുതൽ തൂക്കുമരം ഉൾപ്പെടെയുള്ള ശിക്ഷ, തെളിവു നിയമത്തിൽ വിഡിയോ ഉൾപ്പെടുത്തൽ മുതലായവ സ്വാഗതം ചെയ്യപ്പെടേണ്ടതാണ് എന്നാണ് പൊതു അഭിപ്രായം. സാങ്കേതിക വിദ്യയുടെ സന്നിവേശം കുറ്റാന്വേഷണത്തെയും തെളിവുകളെയും ത്വരിതപ്പെടുത്തും എന്നതിൽ സംശയമില്ല. അതേസമയം, സ്വാതന്ത്ര്യസമരത്തെ അടിച്ചമർത്താനായി ബ്രിട്ടീഷ് സാമ്രാജ്യത്വം കൊണ്ടുവന്ന ‘രാജ്യദ്രോഹം’ എന്ന വകുപ്പ് എടുത്തുകളയേണ്ട സമയം അതിക്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി മരവിപ്പിച്ച 124 എ വകുപ്പ് ശിക്ഷാനിയമത്തിൽനിന്ന് പേരിന് എടുത്തുമാറ്റിയെങ്കിലും 150ാം അനുച്ഛേദത്തിൽ കൂടുതൽ ഭയങ്കര ശിക്ഷ വ്യവസ്ഥ ചെയ്യുവാൻ നടത്തിയ അട്ടിമറി പരക്കെ വിമർശിക്കപ്പെട്ടിരുന്നു.

Mഭരണകൂടത്തിനും അന്വേഷണ ഏജൻസികൾക്കും പൊലീസിനും എങ്ങനെയും വലിച്ചുനീട്ടി തങ്ങൾക്ക് അനഭിമതരായവരെ അനിശ്ചിതകാലം തടവിൽ വെക്കാനോ തൂക്കിലേറ്റാനോ വഴിയൊരുക്കും എന്നാണ് വിമർശകർ ആശങ്ക പ്രകടിപ്പിച്ചത്. സായുധ കലാപം, വിഘടന വാദം, വിധ്വംസക പ്രവർത്തനം, രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയേയും അപകടപ്പെടുത്തൽ തുടങ്ങിയവയാണ് കുറ്റകൃത്യങ്ങളായി 150ാം അനുച്ഛേദത്തിൽ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. ഇതിലൊന്നിനും കൃത്യമായ നിർവചനം ഇല്ലതാനും. നിലവിലെ യു.എ.പി.എ എന്ന കഠോര നിയമത്തിന്റെ നേർപകർപ്പ് എന്ന് അതിനെപ്പറ്റി പറയാവുന്നതേയുള്ളൂ.അനേകശ്ശതം നിരപരാധികളെ അല്ലെങ്കിൽ കേവലം സംശയത്തിന്റെ പേരിൽ പിടികൂടിയവരെ അനന്തമായി ജയിലിൽ പാർപ്പിക്കാൻ ദുരുപയോഗപ്പെടുത്തുന്ന യു.എ.പി.എയുടെ ആത്മാവ് ഭാരതീയ ന്യായസംഹിതയിൽ ഉൾച്ചേർത്താൽ നഗ്നമായ നീതിനിഷേധം എന്നേ പറയാനാവൂ. ഇതും ഇതുപോലുള്ള അനീതികളിൽനിന്നും മുക്തമായി വേണം ശിക്ഷാ നിയമങ്ങൾ പരിഷ്കരിക്കാൻ.

അതോടൊപ്പം എടുത്തുപറയേണ്ടതാണ് നിയമം നടപ്പാക്കേണ്ട സംവിധാനങ്ങളുടെ അഴിച്ചുപണി. സംഘടിത ക്രിമിനൽ സംഘം എന്ന അപഖ്യാതി ഇതിനകം സമ്പാദിച്ചു കഴിഞ്ഞ നമ്മുടെ പൊലീസ് സേനയെ നിലനിർത്തിയും കളങ്കിതമായിക്കൊണ്ടിരിക്കുന്ന ജുഡീഷ്യറിയെ സംശുദ്ധീകരിക്കാതെയും കുറ്റകൃത്യങ്ങൾ വർധിക്കാൻ മാത്രം സഹായകമായ കേസ് വിചാരണയിലെ അസഹനീയമായ കാലവിളംബം കാതലായ മാറ്റത്തിന് വിധേയമാക്കാതെയുമുള്ള ഏതു നിയമപരിഷ്കാരവും നിഷ്ഫലമായി കലാശിക്കുകയേയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - Madhyamam editorial on new criminal code
Next Story