Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപെരിയാറിൽ വീണ്ടും...

പെരിയാറിൽ വീണ്ടും വിഷമൊഴുകുമ്പോൾ

text_fields
bookmark_border
പെരിയാറിൽ വീണ്ടും വിഷമൊഴുകുമ്പോൾ
cancel

ലോക ജൈവവൈവിധ്യ ദിനമായിരുന്നു ഇന്നലെ. ജീവജാലങ്ങളുടെ വൈവിധ്യം സംരക്ഷിക്കാനും വംശനാശം തടയാനും ഒന്നിച്ചൊന്നായി പരിശ്രമിക്കുമെന്ന് പ്രതിജ്ഞചെയ്യുകയും അത് പ്രവൃത്തിപഥത്തിൽ കൊണ്ടുവരുകയുമാണ് ഇത്തരമൊരു ദിനാചരണം കൊണ്ടുദ്ദേശിക്കുന്നത്. രാഷ്ട്രനായകരും നയരൂപീകർത്താക്കളും ശാസ്ത്രജ്ഞരും തൊഴിലാളികളും ആക്ടിവിസ്റ്റുകളും യുവജനങ്ങളും വിദ്യാർഥികളുമെല്ലാം കൈകോർത്താണ് ലോകമൊട്ടുക്ക് ജൈവവൈവിധ്യ സംരക്ഷണ പദ്ധതികൾ ആവിഷ്കരിക്കുന്നതും നടപ്പിൽ വരുത്തുന്നതും. ജീവജാലങ്ങളുടെ നിലനിൽപിന് പലപ്പോഴും ഭീഷണിയായി മാറുന്ന കുത്തക വ്യവസായ ഗ്രൂപ്പുകൾ വരെ ജനങ്ങളും ആക്ടിവിസ്റ്റുകളും ജനപക്ഷ ഭരണകൂടങ്ങളും സൃഷ്ടിച്ച സമ്മർദങ്ങൾക്ക് വഴങ്ങി കൂടുതൽ ഉത്തരവാദിത്തപൂർണമായ നിലപാട് സ്വീകരിക്കുന്നതും നാം കാണുന്നുണ്ട്. എന്നാൽ, അതിനെല്ലാം തികച്ചും വിപരീതമായ ഒരു ദിവസമായിരുന്നു കേരളത്തിന് ഇന്നലെ. സംസ്ഥാനത്തെ ജീവവാഹിനികളിലൊന്നായ പെരിയാർ നദിയിലേക്ക് രാസമാലിന്യങ്ങളൊഴുക്കി ജീവജാലങ്ങളെ കൂട്ടക്കുരുതി ചെയ്ത വാർത്ത കണ്ടാണ് ജൈവവൈവിധ്യ ദിനത്തിൽ കേരളം കൺതുറന്നത്. വലിയ കരിമീൻ, ചെമ്പല്ലി, കാളാഞ്ചി, പാലാങ്കണ്ണി മുതൽ പൊടിമീനുകൾ വരെ കൂട്ടം കൂട്ടമായി ചത്തുപൊന്തിയിരിക്കുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് മുതൽ പെരിയാർ തീരത്തെ രാസവ്യവസായ ശാലകളുടെ ഹബ്ബായ ഏലൂർ-എടയാർ ഭാഗത്താണ് പുഴയുടെ നിറംമാറ്റം ദൃശ്യമായത്. വൈകാതെ ചേരാനല്ലൂർ, വരാപ്പുഴ, കടമക്കുടി, മുളവുകാട് പ്രദേശങ്ങളിലേക്കും വ്യാപിച്ചു. വിഷപ്രവാഹത്തിൽ ജീവശ്വാസം ലഭിക്കാതെ മീനുകൾ പുഴയുടെ അടിത്തട്ടിൽനിന്ന് മുകളിലേക്ക് വന്നു. പുഴയുടെ തീരത്ത് അസുഖകരമായ ദുർഗന്ധവും നിലനിൽക്കുന്നുണ്ട്. വെള്ളത്തിൽ സൾഫർ ഡയോക്സൈഡ്, നൈട്രജൻ ഡയോക്സൈഡ്, കാർബൺ ഡയോക്സൈഡ് എന്നിവയുടെ സാന്നിധ്യം ക്രമാതീതമായി അധികരിച്ചതോടെ പി.എച്ച് മൂല്യത്തിലും ഓക്സിജനിലുമുണ്ടാവുന്ന കുറവാണ് ഈ അവസ്ഥക്കും മത്സ്യങ്ങളുടെ കൂട്ടക്കുരുതിക്കും വഴിവെച്ചതെന്ന് കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സർവകലാശാല (കുഫോസ്) അധികൃതർ ചൂണ്ടിക്കാട്ടുന്നു.

ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല പെരിയാറിലെ ഈ വിഷമൊഴുക്കും അനുബന്ധ നാശങ്ങളും. വ്യവസായ മേഖലയിലെ ഫാക്ടറികളിൽ നിന്നുള്ള മാലിന്യ നിർഗമനക്കുഴലുകളെല്ലാം തുറന്നുവെച്ചിരിക്കുന്നത് നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ആശ്രയമായ, കേരളത്തിന്റെ മെട്രോ നഗരമായ കൊച്ചിയിലെയും പരിസര പ്രദേശങ്ങളിലെയും ലക്ഷക്കണക്കിനാളുകൾ കുടിവെള്ളത്തിന് വേണ്ടി ആശ്രയിക്കുന്ന ഈ നദിയിലേക്കാണ്. അവധി ദിനങ്ങളിലും മഴക്കാലത്തും അനിയന്ത്രിതമാംവിധത്തിൽ വിഷജലം നദിയിലേക്ക് തള്ളിവിടും. 1998 ജൂൺ 11ന് പെരിയാറിന്റെ എട്ടുകിലോമീറ്റർ ഭാഗത്ത് വ്യവസായ മാലിന്യങ്ങൾ വ്യാപിച്ച് അതിഭയാനകമായ മത്സ്യക്കുരുതി സംഭവിച്ചിട്ടുണ്ട്. മത്സ്യസമ്പത്തിനും മത്സ്യബന്ധന നൈപുണ്യത്തിനും പേരുകേട്ട വരാപ്പുഴ, കടമക്കുടി തുടങ്ങിയ നാടുകളിൽനിന്നുള്ള തൊഴിലാളികൾ ഈ ജോലി തന്നെ ഉപേക്ഷിച്ച് മറ്റ് ഉപജീവനമാർഗങ്ങൾ തേടാൻ നിർബന്ധിതരായത് അടിക്കടിയുണ്ടാവുന്ന ഈ വിഷംതള്ളലും അതേത്തുടർന്നുള്ള മത്സ്യനാശവും പട്ടിണിയുമാണ്. ശ്വസനസംബന്ധ രോഗങ്ങളും ത്വഗ് രോഗങ്ങളും കാൻസറുമെല്ലാം ഭീഷണിയായപ്പോൾ പലരും വീടുവിട്ടൊഴിഞ്ഞുപോയി.

തലമുറകളെത്തന്നെ മാരക രോഗങ്ങളിലേക്ക് തള്ളിവിടുന്ന, കാർഷിക മേഖലയെ മുച്ചൂടും മുടിക്കുന്ന ഈ നടപടിക്കെതിരെ രണ്ടുപതിറ്റാണ്ടിലേറെയായി പ്രദേശവാസികൾ സമരപ്രതിഷേധങ്ങളും നിയമയുദ്ധങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ജനകീയ മുന്നേറ്റങ്ങളുടെ പരിശ്രമ ഫലമായി ഫാക്ടറികളിൽ നിന്നുള്ള മലിനജലമോ, സംസ്കരിച്ച മലിന ജലമോ പോലും പെരിയാറിലേക്ക് ഒഴുക്കരുത് എന്ന വിധി 2022 മേയ് 27ന് ദേശീയ ഹരിത ട്രൈബ്യൂണലിൽനിന്ന് നേടിയെടുത്തതുമാണ്. ഒരു വർഷത്തിനകം ഈ ഉത്തരവ് നടപ്പാക്കണമെന്നായിരുന്നു ട്രൈബ്യൂണൽ ഉത്തരവ്. എന്നാൽ, ട്രൈബ്യൂണൽ ഉത്തരവുവന്ന് രണ്ടു വർഷം തികയുമ്പോഴും ഭരണകൂടവും മലിനീകരണം തടയുക എന്ന ചുമതല ഏൽപിക്കപ്പെട്ടിരിക്കുന്ന സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡും മരണത്തിന്റെ വ്യാപാരികളുമായി ലജ്ജാകരമാംവിധം കെട്ടിപ്പുണർന്നു നിൽക്കുന്ന കാഴ്ച കാണാനാണ് നാടിന്‍റെ വിധി, അതിന്റെ ചെറിയൊരു തെളിവുമാത്രമാണ് ഇപ്പോൾ സംഭവിച്ച മത്സ്യക്കുരുതി. രൂക്ഷമായിക്കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയും, നോട്ടുനിരോധനത്തിനും കോവിഡ് മഹാമാരിക്കുംശേഷം ശക്തമായ സാമ്പത്തിക പ്രതിസന്ധിയും മറികടക്കാൻ ഈ മേഖലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കുപുറമെ പുതുമുറക്കാരും മത്സ്യകൃഷിയിലേക്ക് ചുവടുവെച്ചിരുന്നു. ലക്ഷക്കണക്കിന് രൂപ കടമെടുത്താണ് അവർ കൂട് മത്സ്യകൃഷി, ചെമ്മീൻകെട്ടുകൾ എന്നിവ സജ്ജമാക്കിയിരിക്കുന്നത്. നഷ്ടപരിഹാരം ലഭിക്കണമെന്ന ന്യായമായ ആവശ്യം അവർ ഉന്നയിക്കുന്നുണ്ട്. ഈ വിഷജല വ്യാപനം കാരണം ഇനി ഒരു വർഷത്തേക്ക് മത്സ്യങ്ങൾ ഈ വഴി അടുക്കിെല്ലന്നാണ് അനുഭവസമ്പന്നനായ മത്സ്യകർഷകരിലൊരാൾ മാധ്യമങ്ങളോട് പറഞ്ഞത്. അങ്ങനെ വന്നാൽ, നൂറുകണക്കിനുപേർ തൊഴിലില്ലാതെ വലയും, മത്സ്യക്ഷാമം കടുത്ത വിലക്കയറ്റത്തിനും കാരണമാവും. കർഷകർക്ക് ന്യായമായ നഷ്ടപരിഹാരം നൽകുകമാത്രമല്ല, പ്രദേശവാസികൾക്ക് ജീവഭയമില്ലാതെ ജീവിക്കാനാവുന്നു എന്ന് ഉറപ്പാക്കുന്നതിലും മാലിന്യം തള്ളിയ കമ്പനികൾക്കെതിരെ കടുത്ത നടപടി കൈക്കൊള്ളുന്നതിലും സർക്കാർ ഒട്ടും താമസം വരുത്തിക്കൂടാ.

പ്രളയാനന്തര പുനർനിർമാണവും നഗരസൗന്ദര്യവത്കരണവുമെല്ലാം പഠിക്കാൻ നെതർലൻഡ്സിലേക്കും മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്കും പറന്ന മന്ത്രിപ്രമുഖന്മാരും ഉദ്യോഗസ്ഥ പ്രഭുക്കളുമുള്ള നാടാണിത്. നദികൾ സംരക്ഷിക്കാൻ അവിടങ്ങളിൽ സ്വീകരിക്കുന്ന നടപടികളെന്തൊക്കെയാണെന്ന് ഇവരാരും ചോദിച്ചറിയാഞ്ഞിട്ടാണോ, അറിഞ്ഞത് ഇവിടെ നടപ്പാക്കാൻ മടിച്ചിട്ടാണോ? പുഴയും ജീവജാലങ്ങളും ജനജീവിതവും സംരക്ഷിക്കപ്പെടുന്നതിലേറെ ഔത്സുക്യം ഫാക്ടറി മുതലാളിമാരുടെ താൽപര്യം സംരക്ഷിക്കുന്നതിൽ പുലർത്തുന്നതിന്റെ പ്രത്യാഘാതമാണ് കേരളം ഇപ്പോൾ അനുഭവിക്കുന്നത്. താൽക്കാലിക നേട്ടങ്ങൾക്കുവേണ്ടി നദിയെക്കൊല്ലുന്ന നടപടികൾ നദിയെ മാത്രമല്ല, നാടിനെത്തന്നെ സർവനാശത്തിലേക്കാണ് തള്ളിവിടുക എന്നകാര്യം മറക്കാതിരുന്നാൽ എല്ലാവർക്കും നന്ന്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialPeriyar River
News Summary - Madhyamam Editorial on Periyar River Pollution
Next Story