പ്ലസ്ടു ഫലങ്ങൾ: ആശയും ആശങ്കകളും
text_fieldsപോയ വിദ്യാഭ്യാസ വർഷത്തിൽ പ്ലസ്ടു പരീക്ഷ എഴുതിയ 3,61,091 വിദ്യാർഥികളിൽ 3,02,865 പേർ അഥവാ 83.87 ശതമാനം ഉപരിപഠനത്തിന് അർഹത നേടി എന്ന വിവരമാണ് കഴിഞ്ഞ ദിവസം മന്ത്രി ശിവൻകുട്ടി പുറത്തുവിട്ടത്. മുൻവർഷത്തേക്കാൾ 4.07 ശതമാനംകുറവാണത്. എങ്കിലും സംസ്ഥാനത്തിന്റെ മികച്ച വിജയശതമാന പാരമ്പര്യത്തിൽ വലുതായ ക്ഷതം സംഭവിച്ചിട്ടില്ലെന്നതിൽ ആശ്വസിക്കാം; വിജയികളെ അഭിനന്ദിക്കുകയും ചെയ്യാം. അതേസമയം, വിജയികളിലെ ആൺ-പെൺ അനുപാതം പരിശോധിക്കുമ്പോൾ ആൺകുട്ടികൾ പിറകിലാണെന്ന വസ്തുത പഠിക്കപ്പെടേണ്ട പ്രവണതയാണ്.
പെൺകുട്ടികൾ 89.29 ശതമാനം ഉപരിപഠനത്തിന് യോഗ്യത നേടിയപ്പോൾ ആൺകുട്ടികൾ 77.82 ശതമാനം മാത്രമാണ് കടമ്പകടന്നിരിക്കുന്നത്. 11.37 ശതമാനത്തിന്റെ കുറവ് നിസ്സാരമല്ല. വിദ്യാഭ്യാസ രംഗത്ത് പെൺകുട്ടികൾ മുന്നോട്ട് കുതിക്കുന്നത് സന്തോഷകരവും അഭിമാനകരവുമായിരിക്കെതന്നെ ആൺകുട്ടികളുടെ പിന്നോട്ടടി സൂക്ഷ്മ വിലയിരുത്തൽ ആവശ്യപ്പെടുന്നുണ്ട്. പരിഹാര നടപടികളെപ്പറ്റി ഉത്തരവാദപ്പെട്ടവർ സഗൗരവം ചിന്തിക്കുകയും വേണം. ഇത് ഇത്തവണത്തെ മാത്രം പ്ലസ്ടു ഫലത്തിൽ പരിമിതമായ പ്രശ്നമാണെങ്കിൽ അവഗണിക്കാമായിരുന്നു. സമീപ വർഷങ്ങളിലായി അനസ്യൂതം അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന പ്രതിഭാസം തന്നെയാണിത്. ആൺകുട്ടികൾക്കു മാത്രം പ്രവേശനം നൽകിവന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെ വിദ്യാർഥിനികളെക്കൂടി സ്വീകരിക്കാൻ നിർബന്ധിതമാകുന്നതാണ് നിലവിലെ സ്ഥിതിവിശേഷം. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ കണക്കെടുക്കുമ്പോൾ ഈ വർഷത്തെ പ്ലസ്ടു വിജയികളിൽ ഫുൾ എ പ്ലസ് നേടിയ 28,450 പേരിൽ വെറും 6333 പേർ മാത്രമാണ് ആൺകുട്ടികൾ. സ്വാഭാവികമായും ഉപരിപഠനതലത്തിലും ഈ ഭീമമായ അന്തരം പ്രതിഫലിക്കാതിരിക്കില്ല. പ്രഫഷനൽ കോഴ്സുകളിലും തഥൈവ. ഈയവസ്ഥ ഗൗരവതരമായ സാമൂഹികപ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് കാണാതിരുന്നുകൂടാ.
സ്കൂൾ പത്താംതരം പാസായി തുടർപഠനത്തിന് അർഹരായവർക്ക് മുഴുവൻ കേരളത്തിൽ വിശിഷ്യാ, ഉത്തരകേരളത്തിൽ വേണ്ടത്ര പ്ലസ്ടു സീറ്റുകളില്ലെന്ന പ്രശ്നം ഇപ്പോഴും അപരിഹാര്യമായി തുടരുന്നു. അതിനായി ഹയർ സെക്കൻഡറി സ്കൂൾ ക്ലാസുകളിൽ നിശ്ചിത പരിധിക്കപ്പുറം കുട്ടികളെ കുത്തിനിറച്ചും അറ്റകൈക്ക് മാത്രം ക്ലാസുകളുടെ എണ്ണം വർധിപ്പിക്കാൻ അനുവദിച്ചുകൊണ്ടുമാണ് പോയവർഷം സർക്കാർ തലയൂരിയത്. ഇത്തവണയും അതേ ചരിത്രം ആവർത്തിക്കുമെന്ന സൂചനകളാണ് ലഭിക്കുന്നതും. കൂടുതൽ രൂക്ഷമാണ് പ്ലസ്ടു വിജയിച്ച വിദ്യാർഥികളുടെ ഉപരിപഠനപ്രശ്നം. സർക്കാർ, എയ്ഡഡ് കോളജുകളിൽ മൊത്തം 1,01,138 സീറ്റുകളാണ് നിലവിൽ. അൺ എയ്ഡഡ് കോളജുകളെക്കൂടി കണക്കിലെടുത്താലും 3,02,865 പ്ലസ്ടു വിജയികളിൽ ഏതാണ്ട് പകുതിയിലധികത്തിനു മാത്രമേ വ്യവസ്ഥാപിത ഉപരിപഠനത്തിന് അവസരം ലഭിക്കൂ. അവർക്കുതന്നെയും താൽപര്യമുള്ള വിഷയങ്ങളിൽ ഉപരിപഠനം സാധ്യമാകാനിടയില്ല. സയൻസ് വേണ്ടവർ ചരിത്രമോ അറബിയോ മുഖ്യ വിഷയമായെടുത്ത് പഠിക്കേണ്ട ഗതികേട്. അനിവാര്യമായും പാരലൽ കോളജുകളെയും മറ്റു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അവലംബിക്കാൻ നിർബന്ധിതരാവുകയാണ് യുവതീയുവാക്കളിൽ ഗണ്യമായ വിഭാഗം. അപ്പോഴാണ് കേരള, എം.ജി, കോഴിക്കോട്, കണ്ണൂർ സർവകലാശാലകളിൽ ഡിഗ്രിക്കും പി.ജിക്കും സ്വകാര്യ രജിസ്ട്രേഷൻ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ്. കൊല്ലം ശ്രീനാരായണ ഗുരു ഓപൺ സർവകലാശാലയിലേക്ക് വിദ്യാർഥികളെ ആകർഷിക്കാനാണ് മറ്റു യൂനിവേഴ്സിറ്റികളിലെ സ്വകാര്യ പഠനസൗകര്യം നിർത്തലാക്കുന്നതെന്ന് വാദിക്കാമെങ്കിലും പ്രസ്തുത ഓപൺ യൂനിവേഴ്സിറ്റിയിൽ മുഴുവൻ കോഴ്സുകളുമില്ല. ഉള്ളതിൽതന്നെ ഡി.ഇ.ബിയുടെ പ്രത്യേക അംഗീകാരവും ലഭിച്ചിട്ടില്ല. കഴിഞ്ഞവർഷം ഇവ്വിഷയകമായി സർക്കാർ കാണിച്ച ധിറുതി ഒടുവിൽ തിരുത്തേണ്ടിവന്നുവെങ്കിൽ ഇത്തവണയും വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിന്റെ കുന്തമുനയിൽ നിർത്താതെ യു.ജി.സി അംഗീകാരമുള്ള എല്ലാ യൂനിവേഴ്സിറ്റികളിലും സ്വകാര്യ പഠനവാതിലുകൾ തുറന്നിടുന്നതാണ് ആ സ്ഥാപനങ്ങളോടും വിദ്യാർഥികളോടും ചെയ്യുന്ന നീതി.
പ്രശ്നത്തിന്റെ മർമം സാമ്പത്തികമാണെന്നറിയാഞ്ഞിട്ടല്ല. എന്നാൽ, കേരളത്തിന്റെ മുഖ്യ വരുമാനസ്രോതസ്സ് മാനവിക വിഭവശേഷിയാണെന്നും ആഗോളതലത്തിലെ മത്സരങ്ങളിൽ പിടിച്ചുനിൽക്കാൻ മാത്രമല്ല, വിജയകരമായി അതിജീവിക്കാനും നമ്മുടെ യുവതീയുവാക്കളെ പ്രാപ്തരാക്കിക്കൊണ്ടേ മാനവികശേഷി ഉറപ്പുവരുത്താവൂ എന്നും മനസ്സിലാക്കാതിരുന്നിട്ട് കാര്യമില്ല. ആ നിലക്ക് സാക്ഷരതയിലെ നൂറുശതമാനംകൊണ്ട് തൃപ്തിപ്പെടുന്നതും മേനിപറയുന്നതുമായ പതിവ് അവസാനിപ്പിച്ച് ആൺ-പെൺ ഭേദമെന്യേ കുട്ടികളെ ശാസ്ത്ര-സാങ്കേതിക- മാനവിക വിഷയങ്ങളിൽ നിപുണരാക്കാനുള്ള ആസൂത്രിതവും വ്യവസ്ഥാപിതവുമായ ശ്രമങ്ങളും സംരംഭങ്ങളുമാണുണ്ടാവേണ്ടത്. തീർച്ചയായും സ്വകാര്യ മേഖലയെകൂടി ആ യത്നത്തിൽ പങ്കാളികളാക്കാം. വിദേശ സർവകലാശാലകൾക്ക് കേരളത്തിന്റെ കവാടം തുറന്നുകൊടുത്താൽ പ്രശ്നപരിഹാരം സാധ്യമാവുന്നതെങ്കിൽ അതാലോചിക്കാവുന്നതേയുള്ളൂ. തലമുറകളുടെ വിദേശപഠന സാധ്യതകളും അനുഭാവപൂർവം പരിഗണിക്കണം. അപ്രകാരം മാനവവിഭവശേഷി വിപ്ലവകരമായി വികസിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചും കൊണ്ടേ വർഷന്തോറും ആവർത്തിക്കുന്ന ഉപരിപഠന സീറ്റ്ക്ഷാമം അന്തിമമായി പരിഹരിക്കാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.