പുതുപ്പള്ളിയിലെ ജനവിധി
text_fieldsപുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയാരെന്ന ചോദ്യത്തിന് ഉത്തരമായിരിക്കുന്നു. പ്രതീക്ഷിക്കപ്പെട്ടതുപോലെതന്നെ, ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ ചരിത്ര ഭൂരിപക്ഷത്തിൽ വിജയിച്ച് നിയമസഭയിലെത്തിയിരിക്കുകയാണ്. നിയമസഭയിൽ ജെയ്ക്ക് സി. തോമസ് എന്ന യുവനേതാവിലൂടെ 100 എന്ന മാജിക്ക് നമ്പർ സ്വപ്നം കണ്ട് കളത്തിലിറങ്ങിയ എൽ.ഡി.എഫിനാകട്ടെ, കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിയും വന്നു. കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളുടെ ചരിത്രം, ജനപ്രതിനിധിയുടെ മരണശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലുണ്ടാകാറുള്ള സ്വാഭാവികമായ സഹതാപ തരംഗം, പുതുപ്പള്ളി നിയോജക മണ്ഡലത്തിന്റെ രാഷ്ട്രീയ-സാമുദായിക സമവാക്യം, സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കുമ്പോൾ ചാണ്ടി ഉമ്മൻ വിജയിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നിമിഷം മുതലേ ഏതാണ്ട് വ്യക്തമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ ഗോദയിലെ കേവല അവകാശവാദങ്ങൾക്കപ്പുറം ഇടതുമുന്നണിയുടെ നേതാക്കൾപോലും മറിച്ചൊന്ന് ചിന്തിച്ചിരുന്നില്ല എന്നതാണ് യാഥാർഥ്യം. പക്ഷേ, ചാണ്ടി ഉമ്മന്റെ സമാനതകളില്ലാത്ത ഭൂരിപക്ഷവും എതിർമുന്നണികളിലുണ്ടായ വോട്ടുചോർച്ചയും ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഇത് കേവലമായൊരു സഹതാപ തരംഗമല്ലെന്നും അതിനപ്പുറം പലവിധ രാഷ്ട്രീയ മാനങ്ങളുള്ളൊരു ജനവിധിതന്നെയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടൻ വിവിധ കോണുകളിൽനിന്നുയർന്നുകേട്ട രാഷ്ട്രീയ പ്രസ്താവനകൾ ഇക്കാര്യം അടിവരയിടുകയും ചെയ്യുന്നുണ്ട്.
ഉമ്മൻ ചാണ്ടിയുടെ വിയോഗം സൃഷ്ടിച്ച സഹതാപ തരംഗം മാറ്റിനിർത്തിയാൽ, ശക്തമായൊരു മത്സരത്തിനുള്ള എല്ലാ സാഹചര്യവും ഇടതുമുന്നണിക്ക് പുതുപ്പള്ളിയിലുണ്ടായിരുന്നു. ഏതാനും വർഷങ്ങളായി ആ മണ്ഡലത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിക്കൊണ്ടിരിക്കുകയാണെന്ന് ആരും സമ്മതിക്കും. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ എട്ടിൽ ആറ് പഞ്ചായത്തുകളുടെയും ഭരണം ഇടതുമുന്നണിക്കാണ് ലഭിച്ചത്. അതിന്റെ അനുരണനം തൊട്ടടുത്ത വർഷത്തെ നിയമസഭ തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. കേവലം ഒമ്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സാക്ഷാൽ ഉമ്മൻ ചാണ്ടി അന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. അരനൂറ്റാണ്ട് കാലമായി കോൺഗ്രസിന്റെയും ഉമ്മൻ ചാണ്ടിയുടെയും കുത്തകയായി നിലനിൽക്കുന്ന മണ്ഡലത്തിൽ ഇടതുമുന്നണിക്കനുകൂലമായ സാഹചര്യം രൂപപ്പെട്ടുവരുന്നതിന്റെ പ്രത്യക്ഷ സൂചനയായി ഇതെല്ലാം വിലയിരുത്തപ്പെട്ടു. കേരള കോൺഗ്രസിലെ ഒരു വിഭാഗം ഇടതുമുന്നണിയിലെത്തിയതും കോൺഗ്രസ് സംഘടന സംവിധാനം കോട്ടയം ജില്ലയിലും പുതുപ്പള്ളി മണ്ഡലത്തിലും താളംതെറ്റിയതുമെല്ലാം വോട്ടിങ് പാറ്റേണിലെ ഈ മാറ്റത്തിന് കാരണമായിരുന്നു. ഈ സാഹചര്യത്തെ ഫലദ്രമായി ഉപയോഗപ്പെടുത്താമെന്ന കണക്കുകൂട്ടലിലാണ് സി.പി.എം ജെയ്ക്ക് സി. തോമസിനുതന്നെ വീണ്ടും അവസരം നൽകിയത്. മണ്ഡലത്തിലെ വികസന മുരടിപ്പും മറ്റും തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കി സഹതാപ തരംഗത്തെ മറികടക്കാമെന്നും ഇടതുപക്ഷം വിചാരിച്ചുകാണും. എന്നാൽ, സഹതാപ തരംഗമുണ്ടായെന്ന് സമ്മതിച്ചാൽപോലും മേൽസൂചിപ്പിച്ച അനുകൂല സാഹചര്യം ഇടതുമുന്നണിക്ക് മണ്ഡലത്തിൽ നഷ്ടമായിരിക്കുന്നുവെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. 2021ലേതിനേക്കാൾ 12 ശതമാനം അധിക വോട്ടുകളാണ് യു.ഡി.എഫിന് ലഭിച്ചിരിക്കുന്നത്; മറുവശത്ത്, എൽ.ഡി.എഫിന് ഒമ്പത് ശതമാനവും എൻ.ഡി.എക്ക് മൂന്നര ശതമാനവും വോട്ടുകൾ നഷ്ടമായിരിക്കുന്നു. പുതുപ്പള്ളിയിലെ ജനവിധിയെ സഹതാപ തരംഗമെന്ന ഒറ്റക്കള്ളിയിലേക്ക് ചുരുക്കാനാവില്ലെന്നാണ് ഈ കണക്കുകളുടെ പാഠം.
എന്നാൽ, ഈ യാഥാർഥ്യത്തെ അംഗീകരിക്കാൻ ഇടതുമുന്നണി നേതാക്കൾ തയാറാകുന്നില്ലെന്ന് കരുതേണ്ടിവരും. അവരിപ്പോഴും പരാജയത്തിന്റെ പ്രധാന കാരണമായി വിലയിരുത്തുന്നത് ഉമ്മൻ ചാണ്ടിയുടെ ലെഗസിയെ ചുറ്റിപ്പറ്റിയാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാറിന്റെ വിലയിരുത്തലായിരിക്കുമെന്ന് പ്രഖ്യാപിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർപോലും പഴയ നിലപാടിൽനിന്ന് പിന്നാക്കം പോയി എല്ലാം പരിശോധിക്കുമെന്ന് യാന്ത്രികമെന്നോണം പ്രതികരിക്കുകയാണ് ചെയ്തത്. വാസ്തവത്തിൽ, സംസ്ഥാന സർക്കാറിനെതിരായ ശക്തമായ വികാരം ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ട്. പ്രചാരണസമയത്ത് ഉമ്മൻ ചാണ്ടിയുടെ ഓർമകൾ നിലനിർത്താൻ മാത്രമല്ല, സർക്കാറിന്റെ ഭരണപരാജയങ്ങളെ ഓർമിപ്പിക്കാനും യു.ഡി.എഫ് ക്യാമ്പ് ശ്രമിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി, ഭക്ഷ്യ പൊതുവിതരണ മേഖലയിലെ അനിശ്ചിതത്വം, സർക്കാറിനെതിരായ വിവിധ അഴിമതിയാരോപണങ്ങൾ എന്നിവയെല്ലാം ചർച്ചയാക്കുന്നതിൽ അവർ വിജയിച്ചു. ഈ ആരോപണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞതുമില്ല. അതിനുമപ്പുറം, പാർട്ടി പുനഃസംഘടനയുടെയും മറ്റും പേരിൽ കോൺഗ്രസിൽ രൂപപ്പെട്ട തർക്കങ്ങളും സംഘർഷങ്ങളും താൽക്കാലികമായെങ്കിലും ശമിപ്പിച്ച് സംഘടനാപ്രവർത്തനങ്ങളെ മണ്ഡലത്തിൽ ക്രമപ്പെടുത്തിയെടുക്കുന്നതിൽ നേതൃത്വം വിജയിച്ചതും ചാണ്ടി ഉമ്മന് തുണയായി.
2021ൽ ഇടതുമുന്നണിക്ക് കേരള കോൺഗ്രസിൽനിന്നുണ്ടായ സഹകരണം ഇക്കുറി വേണ്ടത്രയുണ്ടായില്ലെന്നതും ഫലം വ്യക്തമാക്കുന്നുണ്ട്. ചുരുക്കത്തിൽ, സഹതാപ തരംഗവും ഭരണവിരുദ്ധ വികാരവും സാമുദായിക-മുന്നണി രാഷ്ട്രീയത്തിലെ ആന്തരിക ചലനങ്ങളുമെല്ലാം ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ട്. അതെല്ലാം ചേർന്നപ്പോഴാണ് ചാണ്ടി ഉമ്മൻ റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിച്ചത്. സംസ്ഥാന രാഷ്ട്രീയത്തിൽ ബി.ജെ.പി തീർത്തും അപ്രസക്തമാണെന്ന് ‘പുതുപ്പള്ളി’യിലൂടെ ഒരിക്കൽകൂടി തെളിയിക്കപ്പെട്ടതും ആശ്വാസകരമാണ്; കേന്ദ്രഭരണത്തോടും സംഘ്പരിവാറിനോടും ആഭിമുഖ്യമുണ്ടായിരുന്ന ജനവിഭാഗങ്ങൾ മാറിച്ചിന്തിച്ചതിന്റെകൂടി ഫലമായിട്ടാണ് ബി.ജെ.പി വോട്ട് വിഹിതം ഏതാണ്ട് പകുതിയായി കുറഞ്ഞതെന്ന് നിശ്ചയമായും അനുമാനിക്കാം. സാങ്കേതികമായി നോക്കുമ്പോൾ, പുതുപ്പള്ളി തെരഞ്ഞെടുപ്പിന് കാര്യമായ പ്രാധാന്യമൊന്നുമില്ല; യു.ഡി.എഫിന് സഭയിൽ അവരുടെ അംഗസംഖ്യ നിലനിർത്താനും എൽ.ഡി.എഫിന് നൂറ് സീറ്റ് എന്ന സ്വപ്നത്തിലേക്ക് കുതിക്കാനുമുള്ള മത്സരം മാത്രമായിരുന്നു അത്. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ അത് ഇരുമുന്നണികൾക്കും ഒട്ടേറെ രാഷ്ട്രീയ പാഠങ്ങൾ പകർന്നുനൽക്കുന്നുണ്ട്. വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള പല സൂചനകളും ഈ ഫലത്തിൽ വായിക്കാം. ഇതിനെയെല്ലാം നമ്മുടെ മുന്നണികൾ എത്രമാത്രം ഉൾക്കൊള്ളുമെന്നതാണ് ഈ ഘട്ടത്തിലെ ഏറ്റവും പ്രസക്തമായ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.