പൊലീസ് ഇത്രമാത്രം അപഹാസ്യമാവരുത്
text_fieldsയൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതി ജാമ്യം നിഷേധിച്ചതിനെതുടർന്ന് ജയിലിലടക്കുകയും ചെയ്തിരിക്കുന്നു. രാഷ്ട്രീയസമരത്തെത്തുടർന്ന്, നേതാക്കളുടെ അറസ്റ്റും തടവുമൊന്നും അപൂർവസംഭവമല്ല. എന്നാൽ, രാഷ്ട്രീയസമരങ്ങളെ രാഷ്ട്രീയമായി നേരിടുന്ന സർക്കാർ നയവും അറസ്റ്റ് ചെയ്ത രീതിയുമാണ് ചർച്ച ചെയ്യപ്പെടുന്നത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ കലാപാഹ്വാനം നടത്തിയെന്നതടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസ്. കേസെടുത്തശേഷം രാഹുൽ ഒളിവിലായിരുന്നില്ല. കൊല്ലത്ത് നടന്ന സ്കൂൾ കലോത്സവ സദസ്സിൽവരെ എത്തിയിരുന്നു. അറസ്റ്റ് നിർബന്ധമാണെങ്കിൽ അവിടെ എവിടെയെങ്കിലും വെച്ചോ നോട്ടീസ് നൽകി വിളിപ്പിച്ചോ നിർവഹിക്കാവുന്നതേയുണ്ടായിരുന്നുള്ളൂ. അതിനു പകരം കൊച്ചു വെളുപ്പാൻ കാലത്ത് വീട്ടിൽനിന്ന് പിടികിട്ടാപ്പുള്ളിയെ കണ്ടെത്തിയപോലെ അറസ്റ്റ് ചെയ്യേണ്ട ആവശ്യമെന്താണ്? നവകേരള സദസ്സുമായി ബന്ധപ്പെട്ട് നടത്തിയ പൊലീസ് നാടകങ്ങളുടെ മറ്റൊരു പതിപ്പായി മാറി ഇത്.
ഈ കേസിൽ അറസ്റ്റിലാകുന്ന ആദ്യ നേതാവാണ് നാലാം പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ. കേസിൽ പ്രതിചേർക്കപ്പെട്ട നിയമസഭാംഗങ്ങളായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഷാഫി പറമ്പിൽ, എം. വിൻസെന്റ് എന്നിവരെയെല്ലാം ഒഴിവാക്കിയാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. നവകേരള സദസ്സ് ബസ് യാത്രക്കിടെ പ്രതിഷേധിച്ചവർക്കുനേരെ പൊലീസും പാർട്ടി പ്രവർത്തകരും മുഖ്യമന്ത്രിയുടെ അംഗരക്ഷകരും നടത്തിയ അക്രമങ്ങൾക്കെതിരെയാണ് രാഹുലിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയത്. മാർച്ച് അക്രമാസക്തമായതോടെ പ്രവർത്തകർക്കും പൊലീസിനും അടക്കം പരിക്കേറ്റിരുന്നു. പൊലീസ് ജീപ്പടക്കം തകർക്കപ്പെടുകയും മറ്റു നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തു. തുടർന്നാണ് കലാപാഹ്വാനം നടത്തിയെന്നാരോപിച്ച് ജാമ്യമില്ലാ വകുപ്പുകളോടെ പൊലീസ് കേസെടുത്തത്.
കേരളത്തിൽ രാഷ്ട്രീയ പാർട്ടികൾ നിരവധി സമരങ്ങളും മാർച്ചുകളും നടത്തിയിട്ടുണ്ട്. പലതും അക്രമാസക്തമായിട്ടുമുണ്ട്. എന്നാൽ, പൊലീസ് ഇത്തരം നടപടി സ്വീകരിച്ചത് അത്യപൂർവവും അസ്വാഭാവികവുമാണ്. അക്രമം നടന്നാൽ, പൊതുമുതൽ നശിപ്പിക്കപ്പെട്ടാൽ കാരണക്കാരെ- അതാരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ, അതിന് സ്വീകരിക്കുന്ന രീതിയും സമീപനവും പക്ഷപാതിത്വം നിറഞ്ഞതാവരുത്. ഇഷ്ടമില്ലാത്ത ആർക്കെതിരെയും കെട്ടിവെക്കാവുന്ന വകുപ്പല്ല കലാപാഹ്വാനക്കേസ് എന്നുകൂടി പറയട്ടെ. ഫലസ്തീനിലെ ഇസ്രായേൽ അതിക്രമങ്ങൾക്കെതിരായ പ്രതിഷേധമെന്നോണം കോഴിക്കോട് ബഹുരാഷ്ട്ര കമ്പനിയുടെ കാപ്പിക്കടക്ക് മുന്നിൽ പോസ്റ്ററൊട്ടിച്ച ആറ് വിദ്യാർഥികൾക്കുമേൽ ഇതേ ഗുരുതരവകുപ്പ് ചുമത്തിയത് കഴിഞ്ഞ ദിവസമാണ്. കേസെടുത്തതിൽ പ്രതിഷേധിച്ച് മാർച്ച് നടത്തിയ നാൽപതോളം ഫ്രറ്റേണിറ്റി സ്റ്റുഡന്റ്സ് മൂവ്മെന്റ് പ്രവർത്തകരെയും കലാപാഹ്വാനക്കേസിൽ കുടുക്കിയിരിക്കുന്നു.
ഇരട്ടനീതി എന്ന അപഖ്യാതി കേരള പൊലീസ് കുറച്ചുകാലമായി നേരിടുന്നതാണ്. അതു ശരിവെക്കുന്ന തരത്തിലാണ് കാര്യങ്ങൾ മുന്നോട്ടുപോവുന്നതും. നവകേരള സദസ്സുമായി ബന്ധപ്പെട്ടും അല്ലാതെയും മുഖ്യമന്ത്രിയുടെ ഗൺമാനടക്കമുള്ള പൊലീസുകാർക്കും പാർട്ടി പ്രവർത്തകർക്കും എതിരെ നിരവധി കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, അതിലൊന്നും കേസ് എടുത്തതല്ലാതെ ഒരു നടപടിയും സ്വീകരിക്കാൻ പൊലീസ് തയാറായിട്ടില്ല. അതേസമയമാണ് ഇത്തരം ഭീതിപരത്തിയുള്ള അറസ്റ്റുകളും മറ്റും എടുക്കുന്നതും. മറുപക്ഷത്താകട്ടെ ‘രക്ഷാപ്രവർത്തനം’ നടത്തിയതിന് ജയിലിലായവർ പുറത്തുവരുമ്പോൾ സ്വീകരണവും നൽകുകയാണ്. ഇതു നൽകുന്ന സന്ദേശമാകട്ടെ സമൂഹത്തിന് ഒരുതരത്തിലും ഗുണകരവുമല്ല.
രാജ്യത്താകെയും കേരളത്തിലും അമിതാധികാര വാഴ്ചയും പൊലീസ് രാജും നിലനിന്ന കാലഘട്ടമാണ് അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥക്കാലത്തെ പൊലീസ് രാജിന്റെ ഭാഗമായി ഭീകരമായ പൊലീസ് മർദനത്തിനിരയായ വ്യക്തിയാണ് ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് മർദനത്തിൽ രക്തം പുരണ്ട ഷർട്ടുമായി നിയമസഭയിൽ അദ്ദേഹം നടത്തിയ പ്രസംഗം ചരിത്രരേഖയാണ്. അത്തരത്തിൽ പൊലീസ് രാജിന്റെ ഭീകരത സ്വയം അനുഭവിച്ച പിണറായി വിജയൻ പൊലീസിനെ ഭരിക്കുന്ന ഇക്കാലത്ത് ഇത്തരം നടപടികൾ വിരോധാഭാസത്തെക്കാൾ അമ്പരപ്പിക്കുന്നതാണ്. അനുവദിക്കാനാവാത്തതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.