Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഈ വിധി രാജ്യത്തെ...

ഈ വിധി രാജ്യത്തെ സ്നേഹിക്കുന്നവർക്ക്

text_fields
bookmark_border
ഈ വിധി രാജ്യത്തെ സ്നേഹിക്കുന്നവർക്ക്
cancel

ഇരുനൂറ് കിലോമീറ്റർ മാത്രം അകലെയുള്ള ഹാഥ്റസ് ഗ്രാമത്തിൽ മേലാള ജാതിക്കാരാൽ ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച് വാർത്ത ചെയ്യാൻ രാജ്യതലസ്ഥാനത്തു നിന്ന് പുറപ്പെട്ടതാണ് സിദ്ദീഖ് കാപ്പൻ എന്ന മലയാളി മാധ്യമപ്രവർത്തകൻ. കോവിഡ് പ്രതിസന്ധി നിലനിൽെക്ക, മറ്റു സ്രോതസ്സുകളെ ആശ്രയിക്കാമെന്ന് വെക്കാതെ നേരിൽ ചെന്ന് റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകരെക്കുറിച്ച് എല്ലാവരും നല്ല വാക്കോതുകയാണ് പതിവ്. എന്നാൽ, ഇന്ത്യൻ ശിക്ഷനിയമത്തിലെ 124 എ വകുപ്പു പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ആ മാധ്യമ പ്രവർത്തകനെ ഉത്തർപ്രദേശ് പൊലീസ് 'പുരസ്കരിച്ച'ത്.

ക്രമസമാധാന പാലനവും ജനസുരക്ഷയുമെല്ലാം ഉറപ്പാക്കുന്നുവെന്നു അവകാശപ്പെടുന്ന മുഖ്യമന്ത്രിയാണ് സംസ്ഥാനം ഭരിക്കുന്നതെന്നതിന് അപവാദമായി മാറുമെന്നു കണക്കുകൂട്ടിയായിരുന്നു ആ അടിയന്തിര നടപടി.

ആദിവാസി സമൂഹത്തിന്റെ അന്തസ്സോടെയുള്ള ജീവിതം ഉറപ്പാക്കാൻ വിഭാവനം ചെയ്ത ഇന്ത്യൻ ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂൾ നടപ്പാക്കാതിരിക്കുന്ന ഝാർഖണ്ഡ് സർക്കാറിന്റെ നടപടിയെ ചോദ്യം ചെയ്തതിനാണ് പതിറ്റാണ്ടുകളായി ഗോത്രസമൂഹങ്ങൾക്കിടയിൽ വിദ്യാഭ്യാസ-ശാക്തീകരണപ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന സ്റ്റാൻ സ്വാമി എന്ന ജെസ്യൂട്ട് പുരോഹിതനുമേൽ രാജ്യദ്രോഹക്കുറ്റം ചാർത്തിയത്. ഒടുവിൽ ആ കെണിയിൽകിടന്നു തന്നെ അദ്ദേഹം പരലോകം പൂകി.

വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയേകുന്ന വിവരങ്ങളും രചനകളുമടങ്ങിയ 'ടൂൾകിറ്റ്' പ്രചരിപ്പിച്ചതാണ് ദിശ രവി എന്ന മലയാളി പരിസ്ഥിതി പ്രവർത്തകക്കെതിരായ രാജ്യദ്രോഹക്കുറ്റം.

പൗരത്വ സമരത്തിൽ പങ്കെടുത്ത് ഭരണകൂടത്തിന്റെ വിവേചനനയങ്ങളെ വിമർശിച്ചതിന്, വിനാശകാരിയായി മാറിയേക്കാവുന്ന കൂടംകുളം ആണവ നിലയത്തിന്റെ വരവിനെ എതിർത്തതിന്, രാജ്യത്തും അയൽരാജ്യത്തും സമാധാനമുണ്ടാവട്ടെ എന്ന് സമൂഹമാധ്യമ പോസ്റ്റ് ഇട്ടതിന് എന്നിങ്ങനെ നാട് ഭരിക്കുന്ന സർക്കാറിന് താൽപര്യമില്ലാത്ത നിലപാടെടുക്കുന്നത് പോലും രാജ്യവിരുദ്ധമായി വ്യാഖ്യാനിക്കപ്പെടുന്ന ദുരവസ്ഥ.

യശഃശരീരയായ മലയാളത്തിന്റെ പ്രിയ സാഹിത്യകാരി ലളിതാംബിക അന്തർജനം രചിച്ച ' ആ കൊച്ചുവനദേവതയെ നിങ്ങൾ കണ്ടിട്ടുണ്ടോ' എന്ന കഥയിലെ സമാധാനത്തിനു വേണ്ടി പ്രസംഗിച്ചതിന് ജയിലിലടക്കപ്പെട്ട യുവാവിനെയും അമ്മയെയും പോലെ ഒന്നോ പത്തോ അല്ല, നൂറുകണക്കിന് യുവജനങ്ങളും അമ്മമാരുമാണ് അതിക്രമങ്ങൾക്കും വിദ്വേഷത്തിനും വർഗീയതക്കുമെതിരെ പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്തതിന്റെ പേരിൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് രാജ്യദ്രോഹക്കുറ്റത്തിൽ കുരുക്കപ്പെട്ടിരിക്കുന്നത്.

അത്രമേൽ ദൗർഭാഗ്യകരമായ സാഹചര്യം നിലനിൽക്കെ രാജ്യത്തെ പരമോന്നത നീതിപീഠത്തിൽ നിന്ന് ഒരു ഉത്തരവുണ്ടായിരിക്കുന്നു- 152 വർഷം പഴക്കമുള്ള അത്യന്തം അനീതിനിറഞ്ഞ രാജ്യദ്രോഹവകുപ്പ് പ്രകാരമുള്ള കേസെടുപ്പ് നിർത്തിവെക്കാനാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് സുപ്രിംകോടതി ചീഫ്ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവിൽ ഈ വകുപ്പിൻ പ്രകാരം ജയിലിലടക്കപ്പെട്ടിരിക്കുന്നവർക്ക് ജാമ്യം തേടി കോടതികളെ സമീപിക്കാനും അനുമതിയായി. ഈ നിയമം ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെട്ട കാലങ്ങളിലൊന്ന് നരേന്ദ്രമോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലേറിയ ശേഷമാണെന്ന വസ്തുത നിലനിൽക്കെത്തന്നെ, രാജ്യദ്രോഹവകുപ്പ് പുനപരിശോധിക്കാൻ തയാറാണെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയെ അറിയിച്ചിരുന്നു.

എന്നാൽ, രാജ്യദ്രോഹ വകുപ്പ് മരവിപ്പിക്കാനുള്ള കോടതിയുടെ തീരുമാനം സർക്കാറിന് ഒട്ടുമേ തന്നെ ദഹിച്ചിട്ടില്ല. കോടതിയിൽ സർക്കാർ ഭാഗം പറഞ്ഞ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അവസാന നിമിഷം വരെ കടുംപിടിത്തം നടത്തിനോക്കിയെങ്കിലും വിലപ്പോയില്ല. കോടതി ലക്ഷ്മണ രേഖ ലംഘിക്കരുതെന്ന കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന്റെ പ്രസ്താവനയിലും ആ ദുർവാശി നിഴലിക്കുന്നു. കോടതിയുടെ ശക്തമായ നിർദേശം നിലനിൽക്കെത്തന്നെ ആക്ടിവിസ്റ്റുകൾക്കും സംഘടനകൾക്കും ഇഷ്ടമില്ലാത്ത സമൂഹങ്ങൾക്കുമെതിരെ പകപോക്കലിന് സർക്കാറുകൾ കുറുക്കുവഴികൾ തേടില്ല എന്നും ഉറപ്പിക്കാനാവില്ല.

എല്ലാ പരിമിതികൾക്കിടയിലും ഇന്ത്യ ഒരു ജനാധിപത്യരാജ്യമായി നിലനിൽക്കണം എന്നാഗ്രഹിക്കുന്ന, അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലകൽപ്പിക്കപ്പെടണമെന്നാഗ്രഹിക്കുന്ന ഓരോ മനുഷ്യരെയൂം സന്തോഷിപ്പിക്കുന്ന ഇടപെടലാണ് നീതിപീഠം നടത്തിയത്. സാമൂഹിക പ്രവർത്തകർ ആദിവാസികളുടെയും അടിച്ചമർത്തപ്പെട്ടവരുടെയും അവകാശങ്ങൾക്കായി വാദിക്കുന്നതും മാധ്യമ പ്രവർത്തകർ സർക്കാറിന്റെ വീഴ്ചകൾ തുറന്നു കാണിക്കുന്നതും പൗരത്വ വിവേചനം പാടില്ലെന്ന് വിദ്യാർഥികൾ തെരുവിലിറങ്ങി ആവശ്യപ്പെടുന്നതും രാജ്യത്തോടുള്ള അനിഷ്ടം കൊണ്ടോ വിരോധം കൊണ്ടോ അല്ല, സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായുവും സമത്വത്തിന്റെ മധുരഫലങ്ങളും ഓരോ സഹജീവിക്കും ലഭ്യമാവണമെന്ന ഉൽക്കടമായ മോഹവും, ഇന്ത്യ എന്ന ആശയത്തോടുള്ള അതിയായ സ്നേഹവും കൊണ്ടാണ് എന്ന് ഭരണകൂടങ്ങൾ ഇനിയെങ്കിലും മനസ്സിലാക്കണം.

വെല്ലുവിളികളും സംഘർഷങ്ങളും നിറഞ്ഞ ലോകക്രമത്തിൽ ഇന്ത്യയെ ജനാധിപത്യപരമായി ശക്തിപ്പെടുത്താനും പൗരജീവിതത്തെ മാനിക്കുന്ന രാഷ്ട്രമാക്കി മാറ്റാനും സുപ്രീം കോടതി ഉത്തരവും കേന്ദ്രസർക്കാറിന്റെ പുനരാലോചനയും വഴി തുറക്കട്ടെ എന്നാശിക്കുക.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sedition Law
News Summary - Madhyamam Editorial on sedition law
Next Story