Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇടിഞ്ഞുവീണ തുരങ്കവും...

ഇടിഞ്ഞുവീണ തുരങ്കവും ഇടിച്ചുപൊളിച്ച കൂരയും

text_fields
bookmark_border
ഇടിഞ്ഞുവീണ തുരങ്കവും ഇടിച്ചുപൊളിച്ച കൂരയും
cancel

നാടിനെ എലിശല്യത്തിൽനിന്ന് മുക്തമാക്കിയാൽ ആയിരം ഗിൽഡറുകൾ സമ്മാനമായി നൽകാമെന്നായിരുന്നു ഹാമെലിൻ നഗരത്തിലെ മേയർ കുഴൽപ്പാട്ടുകാരന് നൽകിയ വാഗ്ദാനം. അതു വിശ്വസിച്ച് തന്റെ വശ്യസംഗീതത്തിന്റെ സഹായത്തോടെ എലികളെ മുഴുവൻ ഇല്ലാതാക്കി തിരിച്ചെത്തിയപ്പോൾ വാഗ്ദാന ലംഘനവും അവഹേളനവുമാണ് അയാളെ കാത്തിരുന്നത്. നഗരത്തിലെ കുട്ടികളെയൊന്നാകെ പാട്ടുപാടി വശീകരിച്ച് കൂട്ടിക്കൊണ്ടുപോയി അയാൾ ആ വഞ്ചനക്ക് പകരം വീട്ടിയെന്ന് ഐതിഹ്യം.

എലിപിടിത്തക്കാരന്‍റെ കഥയിൽനിന്ന് എലിമാള ഖനന തൊഴിലാളി (Rat hole miner) യുടെ ജീവിതത്തിലേക്ക് വരാം. നാല് ഹൈന്ദവ തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിന് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ നടപ്പാക്കുന്ന ചാർ ധാം പദ്ധതിയുടെ ഭാഗമായി ഉത്തരാഖണ്ഡിലെ സിൽക്യാരയിൽ നിർമിച്ചുകൊണ്ടിരുന്ന തുരങ്കം ഇടിഞ്ഞ് 41 പണിക്കാർ ഉള്ളിൽ കുടുങ്ങിപ്പോയിരുന്നു. 2023 നവംബർ 12 ന് സംഭവിച്ച ഈ അത്യാഹിതം രാജ്യത്തെ ഒന്നടങ്കം ശ്വാസം മുട്ടിച്ചു. തൊഴിലാളികളെ പുറത്തെത്തിക്കാൻ ദുരന്തരക്ഷാ വിദഗ്ധർ പഠിച്ച വിദ്യകളെല്ലാം പയറ്റി. വിദേശത്തു നിന്നെത്തിച്ച അത്യാധുനിക ഉപകരണങ്ങളുപയോഗിച്ച് നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായ ഘട്ടത്തിൽ അവസാന ശ്രമത്തിനെന്നപോലെ യു.പിയിൽനിന്നും ഡൽഹിയിൽനിന്നും വന്ന 12 എലിമാള ഖനന തൊഴിലാളികളെ ഈ ദൗത്യമേൽപിച്ചു. സ്വന്തം ജീവൻ പണയംവെച്ച് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനിറങ്ങിയ ആ മനുഷ്യരുടെ നന്മക്കു മുന്നിൽ അലിഞ്ഞില്ലാതാവണമെന്ന് തുരങ്കത്തിലെ കരിമ്പാറകൾക്കും കാരിരുമ്പിൻ കമ്പികൾക്കും തോന്നിയിട്ടുണ്ടാവണം. വീണ്ടും ഉറ്റവർക്കരികിലെത്താനാകുമെന്ന് തരിമ്പ് പ്രതീക്ഷയില്ലാതെ ജീവനും മരണത്തിനുമിടയിലെ നൂൽപാലത്തിൽ 17 ദിവസം പിടഞ്ഞു കഴിഞ്ഞ തൊഴിലാളികളെ അവർ ജീവനോടെ പുറംലോകത്തേക്കെത്തിച്ചു. 41 മനുഷ്യർക്കും കുടുംബത്തിനും ജീവനും 140 കോടി ജനങ്ങൾക്ക് ജീവശ്വാസവും വീണ്ടെടുത്തു നൽകിയ എലിമാള ഖനന തൊഴിലാളികൾ വിലയിടാനാവാത്ത ഈ ജോലിക്ക് പ്രതിഫലം ചോദിച്ചില്ല. സഹോദരങ്ങളുടെ ജീവൻ രക്ഷിച്ചതിന് പ്രതിഫലം വേണ്ട എന്നായിരുന്നു അവരുടെ നിലപാട്.

ഈ മനുഷ്യർക്ക് ധീരത അവാർഡ് നൽകി ആദരിക്കണമെന്ന് പലരും ആവശ്യമുന്നയിച്ചു. നാടിന്റെ ഹീറോകൾ എന്നു വാഴ്ത്തി ഇന്റർവ്യൂ എടുക്കാൻ വന്ന മാധ്യമ പ്രവർത്തകരോട് അവർ അന്നേ പറഞ്ഞിരുന്നു, ഈ പ്രസിദ്ധിക്കും പുകഴ്ത്തലിനുമെല്ലാം അൽപായുസ്സായിരിക്കുമെന്ന്. ആഗ്രഹങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് അടച്ചുറപ്പുള്ള വീടും ജാതി-മത വിവേചനമില്ലാതെ തുല്യതയോടെ ജീവിതവും എന്നായിരുന്നു അവരുടെ മറുപടി. ദലിത്-പിന്നാക്ക മുസ്‍ലിം സമൂഹങ്ങളിൽനിന്നുള്ള, അത്താഴപ്പട്ടിണിക്കാരായ ആ മനുഷ്യർക്കത് ആകാശദൂരമുള്ള മോഹമായിരുന്നു. രക്ഷാദൗത്യത്തിന് മൂന്നു മാസം തികയുന്ന ദിവസം സംഘത്തിന് നേതൃത്വം നൽകിയ വകീൽ ഹസന്‍റെ ഖജൂരിഖാസിലെ വീട് ബുൾഡോസർ കയറ്റി തകർത്ത് ‘പ്രതിഫലം’ നൽകിയിരിക്കുന്നു ഡൽഹി വികസന അതോറിറ്റി. കൈയേറ്റ ഭൂമിയിലാണ് വീട് നിർമിച്ചിരിക്കുന്നത് എന്നാണ് ആരോപണം, മെഹ്റോളിയിലെ ആറ് നൂറ്റാണ്ട് പഴക്കമുള്ള അഖുന്ദ്ജി പള്ളി രായ്ക്കുരാമാനം പൊളിച്ചുനീക്കിയതിന് പറഞ്ഞ അതേ ന്യായം. വീട് പൊളിക്കുന്നതിനെതിരെ പ്രതിഷേധിച്ചതിന് രക്ഷാസംഘത്തിലെ മുന്നാ ഖുറൈശിയെയും വകീൽ ഹസന്‍റെ മകനെയും പൊലീസ് സ്റ്റേഷനിൽ കയറ്റി മർദിച്ചു, കുട്ടികളുടെ പരീക്ഷയെഴുത്ത് മുടക്കി, രാജ്യത്തിന്‍റെ മുറിവുണക്കിയ മനുഷ്യനും കുടുംബത്തിനും മായാത്ത മുറിവുകൾ സമ്മാനിച്ചിരിക്കുന്നു ഭരണകൂടം. വീട് നിലംപരിശാക്കിയ വാർത്ത മാധ്യമങ്ങളിൽ വന്നപ്പോൾ ഉത്തരാഖണ്ഡിലെ രക്ഷകന്റെ വീടായിരുന്നുവെന്ന കാര്യം അറിയില്ലായിരുന്നുവെന്ന് കൈമലർത്തുന്നു അധികാരികൾ.

ഡൽഹിയിലെ അനധികൃത കോളനികൾ മൂന്നു വർഷത്തേക്ക് പൊളിക്കരുതെന്ന് ഇന്ത്യൻ പാർലമെന്റ് ബിൽ പാസാക്കിയത് കഴിഞ്ഞ ഡിസംബറിലാണ്. വീടുകൾ പൊളിച്ചുകളഞ്ഞ് ജനങ്ങളെ പെരുവഴിയിൽ ഇറക്കിവിടുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇത്തരമൊരു നിയമം കൊണ്ടുവരുന്നതെന്നാണ് മന്ത്രിമാർ അന്ന് പറഞ്ഞിരുന്നത്. ഏതു മാനദണ്ഡമാണ് വകീൽ ഹസനെ അത്തരമൊരു പരിരക്ഷക്ക് അനർഹനാക്കുന്നത്? കൈയേറിയാണ് വീട് നിർമിച്ചിരിക്കുന്നതെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാൽപോലും ദരിദ്രർ തിങ്ങിപ്പാർക്കുന്ന കോളനിയിൽ ഒരു മുന്നറിയിപ്പുമില്ലാതെ വന്ന് പൊളിച്ചുനീക്കാൻ തക്ക എന്ത് സുരക്ഷാ ഭീഷണിയാണ് ആ വീട് സൃഷ്ടിക്കുന്നത്? ഭൂമിയും സർക്കാർ ബംഗ്ലാവുകളും വർഷങ്ങളായി കൈയടക്കിവെച്ചിരിക്കുന്ന വൻകിടക്കാരോടും രാഷ്ട്രീയപാർട്ടികളോടുമെല്ലാം ഇതേ നിലപാട് സ്വീകരിക്കുമോ അധികാരികൾ? കുടിയിറക്കുമ്പോഴും കള്ളക്കേസിൽ കുടുക്കുമ്പോഴും ഇടനെഞ്ചു നോക്കി വെടിവെച്ചു കൊല്ലുമ്പോഴും മാത്രമേ ഭരണകൂടങ്ങൾ ന്യൂനപക്ഷ സംവരണം ഉറപ്പാക്കാറുള്ളൂ എന്ന് കുറ്റപ്പെടുത്തിയാൽ ആർക്കാണ് നിഷേധിക്കാനാവുക?

ഇതേ മട്ടിലെ നെറികേടാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികളും നേരിടേണ്ടിവന്നത്. സംസ്ഥാനമൊട്ടാകെ പ്രളയത്തിൽ മുങ്ങിത്താണ വേളയിൽ വരുംവരായ്കകൾ നോക്കാതെ രക്ഷിക്കാനിറങ്ങുകയും ‘കേരളത്തിന്റെ സൈന്യ’മെന്ന് വിളിപ്പേര് നേടുകയും ചെയ്ത മനുഷ്യർ കുത്തക മുതലാളിയുടെ തുറമുഖ നിർമാണം കടലിനെയും തീരത്തെയും നശിപ്പിക്കുന്നുവെന്ന് വിളിച്ചുപറഞ്ഞ മാത്രയിൽ തീവ്രവാദികളായി ചാപ്പകുത്തപ്പെട്ടു.

ഹാമലിനിലെ കുഴൽപ്പാട്ടുകാരനെപ്പോലെ പകരംവീട്ടാനൊന്നും ഒരുമ്പെടില്ല ഇവരെന്ന ധൈര്യമുണ്ട് അധികാരികൾക്ക്. ഇനിയുമൊരു അത്യാഹിതം ഉണ്ടായാലും (സംഭവിക്കാതിരിക്കട്ടെ) സ്വജീവനെക്കുറിച്ച് ആകുലപ്പെടാതെ സഹജീവികളെ രക്ഷിക്കാനായി ചാടിപ്പുറപ്പെട്ടിറങ്ങും ആ മനുഷ്യസ്നേഹികൾ. അവർ നേരിടുന്ന കൊടിയ അനീതിക്കെതിരെ ശബ്ദിക്കാൻ നാടൊട്ടുക്ക് മുന്നോട്ടുവരാത്തിടത്തോളം നന്ദികേടിന്റെ പടുകുഴിയിലാണ് നാം ഓരോരുത്തരുമെന്ന് മറക്കരുത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialIndia NewsUttarkashi Tunnel Rescue
News Summary - Madhyamam editorial on silkyara
Next Story