Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സമാശ്വാസം പകരുന്ന സുപ്രീംകോടതി വിധി
cancel

അധികാരത്തിന്‍റെ ഗമയും ഗർവും പ്രകടിപ്പിക്കാൻ നിയമം കൈയിലെടുത്ത് ഇഷ്ടമില്ലാത്തവരെ തല്ലിക്കൊല്ലുന്നതും പരമാവധി ദ്രോഹിച്ചൊതുക്കുന്നതും നിയമവ്യവഹാരങ്ങളിൽ കുരുക്കിയിടുന്നതും സംഘ്പരിവാർ ഭരണത്തിൽ ന്യൂ നോർമൽ രീതിയായി മാറിയിട്ടുണ്ട്. അപരവിദ്വേഷവും വെറുപ്പും പ്രകടിപ്പിക്കാൻ വംശീയ കലാപങ്ങൾ, സ്വത്തുനശീകരണം, ലൈംഗികാതിക്രമം, കൊലപാതകം, മത-വംശ വൈര പ്രചാരണം തുടങ്ങി 56 സംഭവങ്ങൾ ഇക്കഴിഞ്ഞ ജനുവരിയിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടതായി അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എ.പി.സി.ആർ) എന്ന പൗരാവകാശ സംഘടന ഈയിടെ വെളിപ്പെടുത്തുകയുണ്ടായി.

ന്യൂനപക്ഷവിഭാഗങ്ങൾക്കെതിരെ നിയമവ്യവസ്ഥ കാറ്റിൽ പറത്തി ആൾക്കൂട്ട അതിക്രമങ്ങൾ പതിവാക്കി മാറ്റുകയും അതോടൊപ്പം അതേ നിയമവ്യവസ്ഥയുപയോഗിച്ച് അവരെ സ്ഥാപനവത്കൃതവേട്ടക്ക് ഇരയാക്കുകയും ചെയ്യുന്ന വിരോധാഭാസം സാർവത്രികമാകുകയാണ്. അഭിപ്രായപ്രകടനത്തിനും ആശയാവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യം ഭരണഘടനയുടെ ആണിക്കല്ലായി നിശ്ചയിക്കപ്പെട്ട രാജ്യത്ത് രാജാധികാരത്തെ നാണിപ്പിക്കുന്ന രീതിയിൽ, ഭരണത്തെയും അധികാരികളെയും വിമർശിക്കുന്നതും നിരൂപണം നടത്തുന്നതും ദാക്ഷിണ്യമില്ലാത്ത ശിക്ഷാവിധികൾക്ക് കാരണമായിത്തീരുന്നതാണ് പുതിയ ഇന്ത്യൻ അനുഭവം. ഈ സാഹചര്യത്തിൽ നിയമത്തെയും രാഷ്ട്രവ്യവസ്ഥയെയും ഓരോരുത്തരുടെയും ഹിതംപോലെ കൈകാര്യം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നു പ്രഖ്യാപിച്ച് വ്യാഴാഴ്ച സുപ്രീംകോടതി നടത്തിയ വിധിപ്രസ്താവം സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.

ജനാധിപത്യറിപ്പബ്ലിക്കിന് മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിരിക്കെ, ജനാധിപത്യമൂല്യങ്ങൾ ജനത്തിന് നന്നായറിയാമെന്നും ചപലരും ചഞ്ചലചിത്തരുമായ ഒരുപിടി ആളുകളുടെ മനോനില വെച്ച് ഇന്ത്യക്കാരെ മൊത്തം അളക്കുന്നത് ശരിയല്ലെന്നുമായിരുന്നു പരമോന്നത നീതിപീഠത്തിന്‍റെ നിരീക്ഷണം. അതുകൊണ്ട് നിർദോഷമായോ ഭരണകൂടത്തിന്‍റെ നയനിലപാടുകൾക്കെതിരായോ വല്ലവരും നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ സമൂഹത്തിൽ അസ്വാരസ്യവും ശത്രുതയും വളർത്തുമെന്നു പറയാനാവില്ലെന്നും ഏതു വിയോജിപ്പിലും അപകടം മണത്ത് അപരനെതിരെ നീങ്ങുന്ന പ്രവണത ശരിയല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

മഹാരാഷ്ട്രയിലെ സഞ്ജയ് ഗോദാവത് സർവകലാശാല അധ്യാപകൻ ജാവേദ് അഹ്മദ് ഹജം, സ്ഥാപനത്തിലെ അധ്യാപകരും രക്ഷിതാക്കളുമടങ്ങുന്ന വാട്സ്ആപ് ഗ്രൂപ്പിൽ ‘ആഗസ്റ്റ് അഞ്ച്-ജമ്മുകശ്മീരിന് കറുത്തദിനം, ആർട്ടിക്ക്ൾ 370 റദ്ദാക്കിയതിൽ ഞങ്ങൾ സന്തുഷ്ടരല്ല’ എന്നും ‘14 ആഗസ്റ്റ്-പാകിസ്താൻ സ്വാതന്ത്ര്യദിനം’ എന്നും രേഖപ്പെടുത്തിയതിനെതിരെ ഇന്ത്യൻ ശിക്ഷാനിയമം 153-എ വകുപ്പ് അനുസരിച്ച് രജിസ്റ്റർ ചെയ്ത കേസ് തള്ളിയാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. മതം, വംശം, ദേശം എന്നിവയുടെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതിനെതിരെയുള്ള വകുപ്പാണിത്. ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കി ജമ്മു-കശ്മീരിന്‍റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിനെ വിമർശിക്കാൻ ഏത് ഇന്ത്യൻപൗരനും അവകാശമുണ്ട്. ആ ദിനത്തെ കരിദിനമായി വിശേഷിപ്പിക്കുന്നത് പ്രതിഷേധസൂചകമാണ്. സ്റ്റേറ്റിന്‍റെ നടപടികളെ വിമർശിക്കുന്നതും എതിർക്കുന്നതും 153-എ വകുപ്പനുസരിച്ച് കുറ്റകരമാക്കുന്നത് ഭരണഘടനപരമായി നിലനിൽക്കില്ലെന്ന തീർപ്പിൽ ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭുയാൻ എന്നിവരുടെ രണ്ടംഗ ബെഞ്ച് ഹജമിനെതിരായ പൊലീസ് കേസ് തള്ളിക്കളയുകയായിരുന്നു.

തനിക്കെതിരായ എഫ്.ഐ.ആർ തള്ളണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി നേരത്തേ ബോംബെ ഹൈകോടതിയുടെ ഡിവിഷൻബെഞ്ച് കഴിഞ്ഞ വർഷം ഏപ്രിലിൽ തള്ളിയതിനെ തുടർന്നാണ് പരാതിക്കാരൻ സുപ്രീംകോടതിയെ സമീപിച്ചത്. വിഷയങ്ങളിൽ അഭിപ്രായം പ്രകടിപ്പിക്കുമ്പോൾ ജനവികാരം മാനിക്കണമെന്നും ഏതു വിമർശനവും ഗുണദോഷ വിചാരങ്ങൾ കൂടി കണക്കിലെടുത്തു വേണം നടത്താനെന്നും പറഞ്ഞാണ് ബോംബെ ഹൈകോടതി തള്ളിയത്. എന്നാൽ, സമൂഹത്തിലെ വിവിധ വിഭാഗം ജനങ്ങൾക്കിടയിൽ അപസ്വരമോ ശത്രുതയോ വിദ്വേഷമോ ഉളവാക്കുന്ന ഒന്നും വാട്സ്ആപ് സന്ദേശത്തിൽ കാണുന്നില്ലെന്നാണ് സുപ്രീംകോടതിയുടെ തീർപ്പ്. 370ാം വകുപ്പ് റദ്ദാക്കിയതിനെതിരായ അഭിപ്രായപ്രകടനമാണ് അദ്ദേഹം നടത്തിയത് എന്നും അതിനെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 153-എ വകുപ്പ് പ്രയോഗിക്കാനാവില്ലെന്നു മാത്രമല്ല, ഭരണഘടനയുടെ 19(1)(a) വകുപ്പ് വകവെച്ചു നൽകുന്ന അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണ് അതെന്നും കോടതി വിശദീകരിച്ചു. സമൂഹത്തിലെ ഏതോ ദുർബലമനസ്കരുടെ വികാരത്തെ കണക്കിലെടുത്തല്ല ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടതെന്നു കൂടി വിധിയിൽ വിശദമാക്കിയത് ഭാവിയിലേക്കുള്ള വ്യക്തമായ ചൂണ്ടുപലകയാണ്.

പാകിസ്താൻ അടക്കം മറ്റു രാജ്യക്കാർക്ക് ആശംസകൾ നേരുന്നത് കുറ്റകരമായി വിലക്കാൻ 153-എ വകുപ്പ് ഉന്നയിക്കാനാവില്ലെന്നും സുപ്രീംകോടതി തീർപ്പു കൽപിച്ചു. ചന്ദ്രക്കലയുടെ ചിത്രസഹിതം ‘ഹാപ്പി ഇൻഡിപെൻഡൻസ് ഡേ പാകിസ്താൻ’ എന്നത് ഒരു സൗമനസ്യ(goodwill) സന്ദേശമാണ് നൽകുന്നതെന്നും അത് വിവിധ മതക്കാർക്കിടയിൽ ശത്രുതയും വെറുപ്പും വളർത്തുമെന്നും പറയാനാവില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം. അപ്പീലുകാരൻ പ്രത്യേകമതക്കാരനാണെന്നത് താൽപര്യങ്ങളുടെ മാനദണ്ഡമായി കാണാനാവില്ലെന്നും കോടതി കൂട്ടിച്ചേർത്തു. പാകിസ്താനുമായി ബന്ധപ്പെട്ട എന്തും മുസ്ലിംകൾക്കെതിരായ ദേശദ്രോഹപരവും പൗരദ്രോഹപരവുമായ ആരോപണങ്ങൾക്കുള്ള ആയുധമായി ഹിന്ദുത്വശക്തികളും പിണിയാളുകളും വ്യാപകമായി ഉപയോഗിച്ചുവരുന്ന സന്ദർഭത്തിലാണ് അത്തരം ബാലിശമായ വാദവിവാദങ്ങൾ നിരുത്സാഹജനകമാണെന്ന് സുപ്രീംകോടതി സൂചിപ്പിക്കുന്നത്. വാട്സ്ആപ്പിലെ പാകിസ്താൻ ആശംസ സന്ദേശത്തിൽ കുറ്റകരമായി ഒന്നുമില്ലെന്ന് ബോംബെ ഹൈകോടതി വിധിയിലും പറഞ്ഞിരുന്നു.

ഒരു പ്രത്യേകമതക്കാർ ചെയ്യുന്നതെന്തും മത-വംശവെറിയുടെ കണ്ണിലൂടെ നോക്കിക്കണ്ട് ബാലിശമായ ആരോപണങ്ങളുന്നയിച്ച് ക്രമസമാധാനപ്രശ്നങ്ങളിലേക്കും നിയമവ്യവഹാരങ്ങളിലേക്കും കെട്ടിവലിച്ച് വംശീയ ധ്രുവീകരണത്തിന് സംഘ്പരിവാർ ആക്കംകൂട്ടിക്കൊണ്ടിരിക്കുന്നതാണ് നിലവിലെ സാഹചര്യം. അത് തിരിച്ചറിഞ്ഞ് സുപ്രീംകോടതി ജാവേദ് അഹ്മദ് ഹജം കേസിൽ നടത്തിയ വിധിപ്രസ്താവം നമ്മുടെ രാജ്യത്തിന്‍റെയും ഭരണഘടനയുടെയും മാത്രമല്ല, ഈ ബഹുസ്വര സമൂഹത്തിലെ പൗരസഞ്ചയത്തിന്‍റെ കൂടി അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കുന്നതും സമാധാനകാംക്ഷികളായ രാജ്യസ്നേഹികൾക്ക് സമാശ്വാസം പകരുന്നതുമാണ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorialhate speech
News Summary - Madhyamam Editorial on Supreme Court Order
Next Story