എഴുേന്നറ്റുനിൽക്കൂ വിനേഷ്, തലയുയർത്തിപ്പിടിച്ചുതന്നെ
text_fieldsസമീപകാല കായിക ചരിത്രത്തിൽ ഇന്ത്യക്ക് ഏറ്റവും വലിയ നടുക്കവും നിരാശയും സമ്മാനിച്ച ഒളിമ്പിക്സ് മഹാമേളയാണ് പാരിസിൽ നാളെ കൊടിയിറങ്ങുന്നത്. അമിത നേട്ടങ്ങളൊന്നും പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ചില ചെറുസ്വപ്നങ്ങൾ നമ്മളും കണ്ടിരുന്നു. ടോക്യോ ഒളിമ്പിക്സിൽ സ്വർണം എറിഞ്ഞുവീഴ്ത്തിയ ജാവലിൻ ലോക ചാമ്പ്യൻ നീരജ് ചോപ്ര ഇക്കുറിയും സ്വർണവുമായി വരുമെന്ന് മോഹിച്ചു, ദശകങ്ങൾ മുമ്പ് ആറ് ഒളിമ്പിക്സുകളിൽ തുടർച്ചയായി സ്വർണം കൊണ്ടുവന്ന, ദേശീയ കായിക വിനോദമെന്നുപോലും തെറ്റിദ്ധരിക്കപ്പെടുന്ന ഹോക്കിയിൽ ഒരു മെഡലിനായി കൊതിച്ചു. 2008ലെ ബെയ്ജിങ് ഒളിമ്പിക്സിൽ അഭിനവ് ബിന്ദ്ര സൃഷ്ടിച്ചതു പോലുള്ള അപ്രതീക്ഷിത അത്ഭുതങ്ങളിലും പ്രതീക്ഷ വെച്ചു. യുവ ഷൂട്ടിങ് താരം മനു ഭാകർ നേടിത്തന്ന വെങ്കലത്തിലൂടെ നമ്മൾ മെഡൽ പട്ടികയിൽ സ്ഥാനം പിടിച്ചു, മനുവും സറബ് ജോത് സിങ്ങും ചേർന്ന ടീമും സ്വപ്നിൽ കുസാലെയും ഷൂട്ടിങ്ങിലെ വെങ്കലമെഡലുകളുടെ എണ്ണം പെരുപ്പിച്ചു. ഹർമൻപ്രീത് സിങ് നയിച്ച മലയാളി താരം പി.ആർ. ശ്രീജേഷ് ഉൾക്കൊള്ളുന്ന ഇന്ത്യൻ പുരുഷ ഹോക്കി ടീം ഇക്കുറിയും വെങ്കലം നേടി. സ്വർണം നിലനിർത്താനായില്ലെങ്കിലും നീരജ് നിരാശപ്പെടുത്തിയില്ല. എന്നാൽ, വനിതാ ഗുസ്തിയിൽ നിലവിലെ ലോകചാമ്പ്യനെ തറപറ്റിച്ച് ഫൈനലിൽ പ്രവേശിച്ച് മെഡൽ നേട്ടത്തിന്റെ വാതിൽക്കൽ നിൽക്കെ, വിനേഷ് ഫോഗട്ടിന് മത്സരത്തിൽ നിന്ന് അയോഗ്യത കൽപിക്കപ്പെട്ടത് ഇന്ത്യയെയൊന്നാകെ ഉലച്ചുകളഞ്ഞു.
വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിനും പരിശ്രമങ്ങൾക്കും പരിശീലനത്തിനുമൊടുവിലാണ് ഓരോ കായികതാരവും ഉരുവപ്പെടുന്നത്. മെഡൽ നേട്ടത്തിലും സമ്പത്തിലും ആദ്യസ്ഥാനങ്ങളിൽ നിൽക്കുന്നവ മാത്രമല്ല, വികസ്വര രാജ്യങ്ങൾ പോലും അവരുടെ അഭിമാനതാരങ്ങളെ ദേശത്തിന്റെ സ്വത്തായാണ് പരിപാലിച്ചുപോരുന്നത്. പരിശീലനം ഒരുക്കുന്നതിലും മാനസിക-ശാരീരിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിലും ഒരു തരത്തിലുള്ള വീഴ്ചയും അവർ അനുവദിക്കാറുമില്ല. എന്നാൽ, എന്താണ് ഇന്ത്യൻ കായികമേഖലയുടെ അവസ്ഥ? അഴിമതിയും രാഷ്ട്രീയാതിപ്രസരവും സ്വജനപക്ഷപാതവുമില്ലാത്ത ഫെഡറേഷൻ ഏത് കായിക ഇനത്തിനാണുള്ളത്? കായിക മേഖലയുടെ പ്രോത്സാഹനത്തിനായി സംസ്ഥാനങ്ങൾക്ക് തുക അനുവദിക്കുന്നതിലും കടുത്ത സങ്കുചിത താൽപര്യം നിലനിൽക്കുന്നു. വിവിധ രാജ്യാന്തര കായികമേളകളിൽ രാജ്യത്തിനായി ഒട്ടേറെ മെഡലുകൾ നേടിത്തന്ന ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്ക് അനുവദിച്ചതിന്റെ എത്രയോ ഇരട്ടി കോടികളാണ് കാര്യമായ കായിക നേട്ടങ്ങളൊന്നും സംഭാവന ചെയ്തിട്ടില്ലാത്ത ഗുജറാത്തിലേക്ക് കേന്ദ്രസർക്കാർ ഒഴുക്കിവിട്ടത്, അതിനു പിന്നിലെ താൽപര്യമെന്തെന്ന് വിശദീകരിക്കേണ്ടതില്ലല്ലോ.
മത്സരത്തിന് മുമ്പുള്ള ഭാരപരിശോധനയിൽ ശരീരഭാരം നൂറുഗ്രാം കൂടുതലായി കണ്ടെത്തിയതിനെത്തുടർന്നാണ് സ്വർണമോ വെള്ളിയോ ഉറപ്പായിരുന്ന മത്സരത്തിൽ നിന്ന് വിനേഷ് വിലക്കപ്പെട്ടത്. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് വ്യക്തമല്ല. എന്നാൽ, അട്ടിമറിയുണ്ടെന്നാണ് ഒളിമ്പിക്സ് മെഡൽ ജേതാവായ ബോക്സിങ് താരം വിജേന്ദർ സിങ് ആരോപിക്കുന്നത്. മറ്റേതു രാജ്യത്തായിരുന്നുവെങ്കിലും മന്ത്രിമാരുൾപ്പെടെ കായിക മേഖലയിലെ ഉന്നതർ ഉത്തരം പറയേണ്ടിവരുമായിരുന്ന കുറ്റകരമായ അനാസ്ഥയാണ് ഇതിനു വഴിവെച്ചത്. എന്നാൽ, ഗുരുതര ലൈംഗിക പീഡനാരോപണം നേരിട്ട ഗുസ്തി ഫെഡറേഷൻ മേധാവിയെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ സംരക്ഷിച്ചു നിർത്തിയ ട്രാക് റെക്കോഡുള്ള രാജ്യത്തെ അധികാരികൾക്കാർക്കും വിനേഷിന്റെ മെഡൽ നഷ്ടം അലോസരമുണ്ടാക്കില്ല. ഒളിമ്പിക്സ് ഒരുക്കങ്ങളുടെ ഭാഗമായി നിർണായക പരിശീലനം നടത്തേണ്ട വേളയിൽപ്പോലും പീഡകനെതിരെ നീതിതേടി തെരുവിൽ പൊരുതുകയായിരുന്നു അവർ. പുതിയ പാർലമെൻറ് മന്ദിരത്തിന്റെ ഉദ്ഘാടനം നടക്കുമ്പോൾ ഏതാനും വാര അകലെ വിനേഷ് ഉൾപ്പെടെ രാജ്യത്തിനുവേണ്ടി അന്താരാഷ്ട്ര മത്സരങ്ങളിൽ മെഡലുകൾ നേടിയ താരങ്ങളെ പൊലീസ് വലിച്ചിഴച്ച ദൃശ്യം മറക്കാറായിട്ടില്ലല്ലോ. താരങ്ങളുടെ ശാരീരിക-മാനസികാരോഗ്യം മാത്രമല്ല, അന്തസ്സോടെ ജീവിക്കാനുള്ള അടിസ്ഥാന മനുഷ്യാവകാശങ്ങൾ പോലും വകവെച്ചുകൊടുക്കാത്ത കായിക സംസ്കാരം ലോകത്ത് മറ്റെവിടെയാണുണ്ടാവുക?
വിനേഷ് പുറത്തായി എന്നറിഞ്ഞപ്പോൾ സന്തോഷിക്കുകയും സമൂഹമാധ്യമങ്ങളിൽ അത് പ്രകടിപ്പിക്കുകയും ചെയ്തത് ആരൊക്കെയാണെന്ന് നാം കണ്ടു. പാക് ക്രിക്കറ്റ് ടീമിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചെന്നാരോപിച്ച് വിദ്യാർഥികൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന, തല്ലിച്ചതക്കുന്ന കാലത്താണ് ഇത് നടക്കുന്നത് എന്നുകൂടിയോർക്കണം.
വിനേഷ് ഫോഗട്ട് ഗോദയിൽ നിറഞ്ഞുനിൽക്കുന്ന ഓരോ നിമിഷവും മത്സരത്തിലെ എതിരാളിയെക്കാളേറെ നെഞ്ചിടിച്ച ഒരുപാടു പേർ സ്വന്തം രാജ്യത്തുതന്നെയുണ്ടായിരുന്നുവെന്ന തിരിച്ചറിവ് കൂടി സമ്മാനിച്ചു പാരിസ് ഒളിമ്പിക്സിലെ നിർഭാഗ്യ സംഭവവികാസങ്ങൾ. സഹതാരങ്ങളുടെ എന്നല്ല, രാജ്യത്തെ സ്ത്രീകളുടെ തന്നെ അവകാശവും അഭിമാനവും സംരക്ഷിക്കാൻ പൊരുതിയതിനാലാണ് സ്വാധീനവും ശക്തിയുമുള്ള ഒരു സംഘം ശത്രുക്കളെ വിനേഷ് സമ്പാദിച്ചുകൂട്ടിയത്. വായടച്ചുപിടിക്കാനും അധികാരപ്രലോഭനങ്ങൾക്ക് വഴങ്ങാനും സമ്മതിച്ചിരുന്നുവെങ്കിൽ ഇന്നീക്കാണുന്ന അനർഥങ്ങളും സൈബർ ആക്രമണങ്ങളുമൊന്നും അവർക്ക് നേരിടേണ്ടിവരില്ലായിരുന്നു. കായിക താരമെന്നാൽ മെഡലും പ്രശസ്തിയും പദവിയും വാരിക്കൂട്ടാൻ പടക്കപ്പെട്ട യന്ത്രമല്ല, അന്തസ്സുറ്റ ഹൃദയമുള്ള മനുഷ്യരാണ് എന്ന് ജീവിതപ്പോരാട്ടത്താൽ ബോധ്യപ്പെടുത്താനാണ് വിനേഷ് ഒരുമ്പെട്ടത്. അതിൽ വിജയം കണ്ടോ, അതോ രാജ്യം അവരെ തോൽപിച്ചുകളഞ്ഞോ എന്ന ചോദ്യത്തിന് ഉത്തരം വരാനിരിക്കുന്നതേയുള്ളൂ. എന്തു തന്നെയായാലും ഈ ഒളിമ്പിക്സ് ഇന്ത്യയിൽ ഓർമിക്കപ്പെടുക വിനേഷ് ഫോഗട്ട് എന്ന പോരാളിയുടെ പേരിലായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.