ചെവിയോർക്കണം;ഹരിത രാഷ്ട്രീയത്തിന്റെ പുതു മുദ്രാവാക്യങ്ങൾ
text_fieldsരാവുണർന്നപ്പോഴേക്കും കേരളത്തിന്റെ ഭൂപടത്തിൽനിന്ന് അപ്രത്യക്ഷമായത് രണ്ട് ഗ്രാമങ്ങളാണ്. വയനാട് ജില്ലയിലെ മേപ്പാടിക്കടുത്ത മുണ്ടക്കൈയും ചൂരൽമലയും ഇനി അറിയപ്പെടുക നാടിന്റെ ഉള്ളുപൊട്ടിച്ച ദുരന്തത്തിന്റെ പേരിലായിരിക്കും. വിസ്ഫോടകരമാംവിധം ആർത്തലച്ച ജലപ്രവാഹത്തിൽ ചാലിയാറിൽ നിപതിച്ച ആ ഗ്രാമങ്ങളും അവിടെ പൊലിഞ്ഞ ജീവിതങ്ങളും കേരളത്തിന്റെ ആദ്യത്തെ അനുഭവമല്ല. കഴിഞ്ഞ ഏഴ് വർഷത്തിനിടെ നമ്മുടെ ചെറുസംസ്ഥാനം സാക്ഷ്യംവഹിച്ചത് ഏഴ് വൻ പ്രകൃതിദുരന്തങ്ങൾക്കാണ്. 2018ൽ 480ലധികം പേരുടെ മരണത്തിൽ കലാശിച്ച മഹാപ്രളയം, 2019ൽ മലപ്പുറം ജില്ലയിലെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലുമുണ്ടായ ഉരുൾപൊട്ടൽ, 2020ൽ ഇടുക്കിയിലെ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടൽ, തൊട്ടടുത്ത വർഷം കോട്ടയം ജില്ലയിലെ കൂട്ടിക്കലും ഇടുക്കിയിലെ കൊക്കയാറും. പ്രകൃതിദുരന്തങ്ങളുടെ അണമുറിയാത്ത ഈ പേമാരിയിലൂടെ ഭൂപടത്തിൽനിന്ന് കേരളമെന്ന ദേശംതന്നെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതിന്റെ സൂചനയും മുന്നറിയിപ്പും നാം എന്നാണിനി മനസ്സിലാക്കുക?
തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഇത്തരം ദുരന്തങ്ങളെ ഇനിയും ‘അപ്രതീക്ഷിതം’ എന്ന് വിളിച്ച് സന്നദ്ധ സേവനങ്ങളിലൂടെയും പുനരധിവാസത്തിലൂടെയും മാത്രമായി പരിഹരിക്കാനാകുമോ എന്ന ചോദ്യം സമൂഹത്തിന്റെ വിവിധ കോണുകളിൽനിന്ന് ഉയരുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിവിധ ഏജൻസികളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങളും ഇരകളുടെ പുനരധിവാസവുമെല്ലാം മുറപോലെ നടത്തിയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഇനിയുള്ള കാലത്തേക്ക് പര്യാപ്തമാവില്ലെന്ന തിരിച്ചറിവിലാണ് ഈ ചോദ്യങ്ങളത്രയും. കാലാവസ്ഥ വ്യതിയാനത്താലും പരിസ്ഥിതിയിൽ മനുഷ്യന്റെ ഇടപെടൽമൂലവുമെല്ലാം സംഭവിക്കുന്ന ദുരന്തങ്ങളെ നേരിടാൻ വിപുലവും വ്യവസ്ഥാപിതമായ മാർഗങ്ങൾ ആരായേണ്ടിയിരിക്കുന്നു. കഴിഞ്ഞ 20 വർഷത്തിനിടെ, കേരളത്തിൻ്റെ കാലാവസ്ഥയിൽതന്നെ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. നേരത്തേ, ജൂൺമുതൽ സെപ്റ്റംബർവരെയുള്ള ഇടവപ്പാതി മഴയും പിന്നീടുള്ള തുലാവർഷവുമെല്ലാം ഏറക്കുറെ കൃത്യമായി പ്രവചിക്കാനാകും വിധം സന്തുലിതമായിരുന്നു. കഴിഞ്ഞ 200 വർഷത്തെ കണക്ക് എടുത്തുനോക്കിയാൽ ഇതിൽ കാര്യമായ ഏറ്റക്കുറച്ചിലുകളില്ല. കാർഷിക, വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലെല്ലാം ഈ കാലാവസ്ഥക്ക് അനുസൃതമായ ‘കലണ്ടറുകളാ’ണ് നാം പിന്തുടർന്നത്. എന്നാൽ, 2001നുശേഷം കാര്യമാകെ മാറിയിരിക്കുന്നു. ഇപ്പോൾ ജൂൺ മാസത്തിലും ജൂലൈ പകുതിയിലുമെല്ലാം പലപ്പോഴും മേഘങ്ങൾപോലുമില്ലാത്ത തെളിഞ്ഞ ആകാശമാണ്. മഴ കുറഞ്ഞുനിൽക്കേണ്ട ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വർഷം കനക്കുകയും ചെയ്യുന്നു. ഇതാണ് പലപ്പോഴും പ്രളയത്തിന് വഴിവെക്കുന്നത്. ആകെ കിട്ടുന്ന മഴയിൽ കാര്യമായ വ്യത്യാസമുണ്ടാവുന്നില്ലെങ്കിലും വിതരണത്തിന്റെ തോത് ഏതാണ്ട് പൂർണമായും മാറി. ഈ മാറ്റത്തിന്റെ തുടർച്ചയിൽകൂടിയാണ് പ്രളയവും ഉരുൾപൊട്ടലുകളുമൊക്കെ സംഭവിക്കുന്നത്. മഴയുടെ വിതരണത്തിലുള്ള ഈ വ്യത്യാസം മറുവശത്ത് വരൾച്ചക്കും കാരണമാകുന്നു. ഇത് കേരളത്തിന്റെ മാത്രം കാര്യവുമല്ല; ആഗോളതലത്തിൽതന്നെ ഇത് പ്രകടമാണ്. മഹാപ്രളയമുണ്ടായ 2018ൽ, അതിന് സമാനമോ അതിലും ഭീകരമോ ആയ എത്രയോ പ്രകൃതി പ്രതിഭാസങ്ങൾ ഇന്ത്യയിലെ മറ്റു 18 സംസ്ഥാനങ്ങളിൽകൂടി ഉണ്ടായത് ആരും മറന്നിട്ടുണ്ടാവില്ല. ഹിമപാതവും ഉഷ്ണതരംഗങ്ങളുമടക്കം വേറെയും പ്രകൃതിദുരന്തങ്ങളുണ്ടായി. ഈ മാറ്റങ്ങൾക്കനുസരിച്ചുള്ള ‘കലണ്ടറുകൾ’ ഇപ്പോഴും കേരളം തയാറാക്കിയിട്ടില്ല. സമ്പൂർണ സാക്ഷരരെന്ന് അഭിമാനിക്കുമ്പോഴും പരിസ്ഥിതി സാക്ഷരതയിൽ സംസ്ഥാനം ഏറെ പിന്നിലാണെന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്.
മുണ്ടക്കൈയിലും ചൂരൽമലയിലും അപകടത്തിന് തൊട്ടുമുന്നേ 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയത് 37 സെന്റീമീറ്റർ മഴയാണ്. 20 സെന്റീമീറ്റർ പെയ്യുന്ന മഴയെ തീവ്രമഴയയായി രേഖപ്പെടുത്തും; റെഡ് അലർട്ട് മുന്നറിയിപ്പും നൽകും. പരിസ്ഥിതി ലോല മേഖലയെന്നതിനൊപ്പം വേരോട്ടം നന്നേ കുറഞ്ഞ തേയില കൃഷിയിടങ്ങൾ കൂടിയാണ് ഈ പ്രദേശള്ളത് എന്നുമോർക്കണം. അവിടെയാണ്, അതിതീവ്രമഴയുടെ ഇരട്ടിയോളം രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏഴ് വർഷവും ഇവിടെ ഇതേരീതിയിലുള്ള മേഘവിസ്ഫോടന സമാനമായ കനത്ത വർഷപാതമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല, 2019ൽ ദുരന്തമുണ്ടായ പുത്തുമല മുണ്ടക്കൈയിൽനിന്ന് മൂന്ന് കിലോമീറ്റർ മാത്രം അകലെയാണ്; കവളപ്പാറ ഈ മലനിരകളുടെ താഴ് വാരത്തും. സ്വാഭാവികമായും ഏതുനിമിഷവും ദുരന്തത്തിന് സാധ്യതയുള്ള ഇത്തരമൊരു പ്രദേശത്തെ ആ നിലയിൽ പരിഗണിച്ചിരുന്നോ എന്ന് ചോദിക്കാതെ വയ്യ.
ഇന്നലെ വയനാട് ദുരന്തം രാജ്യസഭയിൽ ചർച്ചയായപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞത്, ജൂലൈ 20നുശേഷം മൂന്നു തവണ കൃത്യമായ മുന്നറിയിപ്പുകൾ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കേരളത്തിനായി കൈമാറി എന്നാണ്. ഇക്കാര്യം ശരിയെങ്കിൽ, ഗുരുതരമായ വീഴ്ച സംസ്ഥാനസർക്കാറിന്റെ ഭാഗത്തുനിന്ന് സംഭവിച്ചുവെന്നുതന്നെ പറയേണ്ടിവരും. ഈ നിസ്സംഗ സമീപനം അധികാരികളുടെ കാര്യക്ഷമതയുടെ കുറവുകൊണ്ടല്ല; മുകളിൽ സൂചിപ്പിച്ച ഹരിതസാക്ഷരതയുടെ അപര്യാപ്തതയാണ്. ദുരന്തമുഖത്തെ രക്ഷാപ്രവർത്തനങ്ങളുടെ ‘കേരള മോഡലി’ന്റെ താൻപോരിമയിൽ അഭിരമിക്കാനാണ് അധികാരികൾക്കിഷ്ടം. പ്രളയ പ്രതിരോധത്തിനായി പ്രഖ്യാപിച്ച വലിയ വാഗ്ദാനങ്ങളെല്ലാം ഇപ്പോഴും കടലാസിലുറങ്ങുകയാണ്. പ്രകൃതിദുരന്തത്തിന് വഴിവെക്കുന്ന മനുഷ്യകരങ്ങളുടെ ഇടപെടൽ തടയാനും ഭരണകൂടം തയാറാകുന്നില്ല. പശ്ചിമഘട്ടത്തിലെ ലോല പ്രദേശങ്ങളുടെ മാപ്പിങ് എന്ന പ്രഖ്യാപനങ്ങൾക്കൊക്കെ പിന്നീട് എന്തുസംഭവിച്ചുവെന്ന് ഇപ്പോഴല്ലാതെ മറ്റെപ്പോഴാണ് ചോദിക്കേണ്ടത്?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.