കാരുണ്യ ഹൃദയങ്ങളേ, സലാം....!
text_fieldsമുണ്ടക്കൈ ഉരുൾദുരന്തത്തിൽ അമ്മമാർ അകന്നുപോയ പിഞ്ചുമക്കൾക്ക് മുലപ്പാൽ നൽകാൻ സന്നദ്ധയാണെന്നറിയിച്ച മനുഷ്യസ്നേഹിയെക്കുറിച്ച് ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്ത മൊഴിമാറ്റി പങ്കുവെച്ച പ്രമുഖ സ്പോർട്സ് ജേണലിസ്റ്റ് ഡോ. മുഹമ്മദ് അഷ്റഫിനോട് ജർമനിയിലെ അയൽവാസി മറിയ ചോദിച്ചു-‘‘ഇങ്ങനെയും മനുഷ്യരുണ്ടോ ഈ ലോകത്ത്?!’’
ഉവ്വ്, മലയാളി എന്നാണ് അവരുടെ പേര്!!
മുമ്പും പലവുരു നമ്മളിതുപോലെ ലോകത്തെ അതിശയിപ്പിച്ചിട്ടുണ്ട്. പെരുമണിലും കടലുണ്ടിയിലും ട്രെയിൻ അപകടങ്ങളുണ്ടായപ്പോൾ, സൂനാമി വേളയിൽ, പ്രളയജലം നാടിനെയൊന്നാകെ കീറി മുറിച്ചപ്പോൾ, കരിപ്പൂരിൽ വിമാനം തകർന്നുവീണപ്പോൾ, അമ്പൂരിയിലും കവളപ്പാറയിലും പുത്തുമലയിലും ഉരുൾദുരന്തങ്ങളുണ്ടായപ്പോൾ, വിദേശരാജ്യത്തെ ജയിലിൽ കുരുങ്ങിയ പ്രവാസിയുടെ മോചനത്തിന് കോടികൾ സ്വരൂപിക്കാൻ...അവിടെയെല്ലാം മലയാളി സമൂഹം കാണിച്ച സ്നേഹത്തിനും കരുതലിനും ഒരു പക്ഷേ, ഇന്ത്യാചരിത്രത്തിൽത്തന്നെ മുൻമാതൃകകളുണ്ടാവില്ല.
മഹാരാഷ്ട്രയിലെ ലത്തൂരിലും ഗുജറാത്തിലെ ഭുജിലും ഭൂകമ്പമുണ്ടായപ്പോൾ, ബിഹാറിലും അസമിലും പ്രളയം ഇരമ്പിയാർത്തപ്പോൾ സഹായങ്ങളെത്തിക്കാൻ മലയാളക്കരയിൽ നിന്ന് കുതിച്ചെത്തിയ സന്നദ്ധസേവകരുണ്ട്. വർഗീയ വിദ്വേഷത്തീ എരിച്ചുകളഞ്ഞ ദേശങ്ങളെയും ദാരിദ്ര്യം ഞെരിച്ചുകളഞ്ഞ പിന്നാക്ക ഗ്രാമങ്ങളെയും പുതുക്കിപ്പണിയുമ്പോൾ ഒരിക്കൽപോലും അതിന് നാം പരിധിയോ ഭൂമിശാസ്ത്ര അതിരുകളോ നിർണയിച്ചിരുന്നില്ല, കാരുണ്യപ്രവർത്തനങ്ങളിൽ നമ്മളെന്നും ധാരാളികളായിരുന്നു.
രക്ഷാപ്രവർത്തനത്തിന് വഴിയൊരുക്കാനായി യുദ്ധവേഗത്തിൽ പാലം നിർമിച്ച് കാരുണ്യവീഥിയിൽ വിശ്രമമില്ലാതെ പൊരുതിക്കൊണ്ടിരിക്കുന്ന രാജ്യത്തെ സൈനികർ, കാട്ടിലെ പാറക്കൂട്ടത്തിനിടയിൽ ഭയന്നുവിറച്ചുകിടന്ന കുഞ്ഞുമക്കളെ നെഞ്ചിൽ ചേർത്തുകെട്ടി മലയിറങ്ങിവരുന്ന വനംവകുപ്പുദ്യോഗസ്ഥർ, തകർന്നുപോയ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കിട്ടിയ കാലുവയ്യാത്ത നായ്ക്കുട്ടിയെ അതിശ്രദ്ധയോടെ സുരക്ഷിതമായ ഇടത്തിലേക്ക് മാറ്റുന്ന അഗ്നിശമന സേനാംഗങ്ങൾ, ഛിന്നഭിന്നമായ ദേഹങ്ങളെ പുഴയിൽ നിന്ന് കോരിയെടുത്ത നാട്ടുകാർ, പോസ്റ്റ്മോർട്ടത്തിനും മൃതദേഹ സംസ്കരണത്തിനും സഹായികളായി നിന്ന വനിത വളന്റിയർമാർ, നാടിന്റെ പല കോണുകളിൽ ആഹാരവും വസ്ത്രവും മരുന്നുകളും ശേഖരിച്ചെത്തിക്കുന്ന യുവജന സംഘടന പ്രവർത്തകർ, കച്ചവടത്തിന് വെച്ച വസ്ത്രങ്ങളും പുതപ്പുകളുമണിയിച്ച് ദുരിതബാധിതർക്ക് ചൂടുപകരുന്ന വ്യാപാരികൾ, കാശുക്കുടുക്കയിൽ കൂട്ടിവെച്ച പണം ആശ്വാസ പ്രവർത്തനങ്ങൾക്കായി നൽകുന്ന കുഞ്ഞുങ്ങൾ, പെൻഷൻ പണം നൽകുന്ന വയോധികർ... മുണ്ടക്കൈ-ചൂരൽമല ദുരന്തം സൃഷ്ടിച്ച ഇരുളിലും നമുക്കു മുന്നിൽ തെളിയുന്നത് നക്ഷത്ര തുല്യരായ മനുഷ്യരാണ്-സത്യത്തിൽ, ഇതാണ് കേരളത്തിന്റെ ശരിയായ മുഖം!
സംസ്ഥാനത്തെ ഏതാണ്ടെല്ലാ രാഷ്ട്രീയ-സാമൂഹിക സംഘടനകളും ദുരിതബാധിതരോട് അനുതാപമറിയിച്ചു. അവരുടെ സന്നദ്ധവിഭാഗങ്ങളും വിഷമിക്കുന്ന സഹജീവികളെ സേവിക്കുന്നത് ദൈവാരാധനയാണെന്ന് വിശ്വസിക്കുന്ന മതസംഘടനകളുടെ പ്രവർത്തകരും ആദ്യ മണിക്കൂറുകൾ മുതൽ ദുരന്തഭൂമിയിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. വർഗീയ-വിദ്വേഷ അജണ്ടയിലൂന്നി പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ കക്ഷിയെ വോട്ടെടുപ്പിൽ തിരസ്കരിച്ചതിന് കേരള ജനതയോട് ‘പ്രകൃതിയുടെ പ്രതികാര’മാണ് ഈ ദുരന്തമെന്ന് പ്രചരിപ്പിക്കുന്നവരെ മാറ്റിനിർത്തിയാൽ രാജ്യമനഃസാക്ഷിയൊന്നാകെ തന്നെ ഈ വിഷമവേളയിൽ ഒപ്പമുണ്ടെന്ന് വിശ്വസിക്കാം. ദുരന്ത നിവാരണവും പുനരധിവാസവും ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെങ്കിലും ഇന്ത്യ പോലൊരു രാജ്യത്ത് സർക്കാർ ഒറ്റക്ക് വിചാരിച്ചാൽ കുറ്റമറ്റ രീതിയിൽ യഥാസമയം സാക്ഷാത്കരിക്കാൻ സാധിക്കുന്ന ദൗത്യമല്ലത്. സർക്കാറും സർക്കാറിതര സംഘടനകളും സന്നദ്ധ-ജീവകാരുണ്യ കൂട്ടായ്മകളുമെല്ലാം ഒരുമിച്ചുനിന്ന് മാത്രമേ ഭൂമുഖത്തുനിന്ന് ഉരുൾപൊട്ടിയൊലിച്ചുപോയ ദേശത്തെ അവശേഷിക്കുന്ന മനുഷ്യരുടെ മനസ്സിലെയും ശരീരത്തിലെയും മുറിവുണക്കാനും ജീവിതം പുനർനിർമിക്കാനുമാവൂ. ദുരന്ത സാധ്യതയില്ലാത്ത, സുരക്ഷിതമായ മണ്ണിൽ അവർക്ക് വീടുകളുയരണം, തൊഴിൽ സംരംഭങ്ങളൊരുക്കണം, വിദ്യാലയങ്ങളും ആരോഗ്യപരിരക്ഷാ കേന്ദ്രങ്ങളും പണിയണം... നാടിന്റെ നിലച്ചുപോയ മിടിപ്പ് വീണ്ടെടുക്കണം. മുമ്പ് ഉരുൾ ദുരന്തമുണ്ടായ കവളപ്പാറയിലും പുത്തുമലയിലും വീടു നഷ്ടപ്പെട്ടവർക്ക് മുഴുവൻ ഉറപ്പു നൽകിയ കിടപ്പാടം യാഥാർഥ്യമാക്കാൻ ഇപ്പോഴും സർക്കാറിന് സാധിച്ചിട്ടില്ല. ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്ന ആ ജീവിതങ്ങൾക്കുൾപ്പെടെ ആശ്വാസമേകേണ്ട സമയമാണിത്. വയനാടിന് പുറമെ കനത്ത നാശനഷ്ടങ്ങളുണ്ടായ വിലങ്ങാട് പോലുള്ള പ്രദേശങ്ങളിലും സഹായങ്ങളെത്തണം. സാധാരണയിൽ സാധാരണക്കാരായ മലയാളികൾ മുതൽ വ്യവസായ സംരംഭകരും, സിനിമ-കായിക താരങ്ങളും വരെയുള്ള നിരവധി പേർ ദുരിതബാധിതരെ ചേർത്തുപിടിക്കാൻ മുന്നോട്ടുവരുന്നുണ്ട്. ഈ വിഭവങ്ങളെ ഉപയോഗപ്പെടുത്തി, സുതാര്യതയോടെ കഴിയുന്നത്ര വേഗത്തിൽ നമ്മുടെ സഹജീവികളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുക എന്ന അതിബൃഹത്തായ ഉത്തരവാദിത്തം മുന്നിലുണ്ട്.
മണ്ണിനടിയിലും പുഴയുടെ ആഴത്തിലും ആണ്ടുകിടന്ന നമ്മുടെ സഹോദരങ്ങളെ വാരിയെടുത്ത, ദുരന്ത നിമിഷം മുതൽ ഇന്നേരം വരെ വിശ്രമമെന്തെന്നറിയാതെ രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്ന ഓരോ മനുഷ്യരെയും ‘മാധ്യമം’ അത്യാദരപൂർവം നെഞ്ചോട് ചേർക്കുന്നു. ശരീരം കൊണ്ട് അവിടെയെത്തിച്ചേരാൻ കഴിയാഞ്ഞ ഒരുപാടുപേർ മനസ്സുകൊണ്ടും അകമഴിഞ്ഞ പ്രാർഥനയാലും നിങ്ങൾക്കരികിലുണ്ടായിരുന്നു. സ്നേഹം കൊണ്ട് ലോകത്തെ അതിശയിപ്പിക്കുന്ന ഭൂമിയിലെ മാലാഖമാരേ, വാനലോകത്തെ മാലാഖമാർ ഒരുപക്ഷേ, നിങ്ങളെയോർത്ത് അസൂയപ്പെടുന്നുണ്ടാവുമിപ്പോൾ. നിങ്ങളോരോരുത്തർക്കും രക്ഷയും സമാധാനവും എന്നുമുണ്ടാവട്ടെ! ഈ നന്മത്തിളക്കം അണയാതിരിക്കട്ടെ!!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.