കുട്ടിക്കടത്തുകാർ ശിക്ഷിക്കപ്പെടണം
text_fieldsഒരു പക്ഷേ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത അസാധാരണമായ ഒരു സമരത്തിനാണ് തലസ്ഥാനത്ത് ബുധനാഴ്ച ഭാഗിക സമാപ്തിയായിരിക്കുന്നത്. ഒരു അമ്മ താൻ പ്രസവിച്ച കുഞ്ഞിനെ കിട്ടാനായി നിയമപാലക സംവിധാനങ്ങളുടെയും കോടതികളുടെയും വിപ്ലവ പുരോഗമന പാർട്ടിയുടെയും പടികൾ കയറിയും വാതിലിൽ മുട്ടിയും ഹതാശയായി കാത്തിരുന്നും തെരുവിൽ സമരം ചെയ്തും ഒരു വർഷത്തിലേറെക്കാലം കഴിയേണ്ടി വന്നുവെന്നത് അപൂർവങ്ങളിൽ അപൂർവമായ സംഭവമാണ്. കുടുംബം, സദാചാരം എന്നൊക്കെപ്പറയുന്നത് പിന്തിരിപ്പൻ മതകാഴ്ചപ്പാടുകളാണെന്ന് സിദ്ധാന്തിക്കുകയും മതധാർമികതക്കുവേണ്ടി നിലകൊള്ളുന്നവരെ പരിഹസിക്കുകയും ചെയ്യുന്ന സി.പി.എം എന്ന പാർട്ടിയും ആ പാർട്ടി നയിക്കുന്ന ഭരണസംവിധാനങ്ങളും ആ പാർട്ടി നേതാക്കൾ അടങ്ങിയ കുടുംബവുമാണ് അനുപമയുടെ കുഞ്ഞിനെ കടത്തിക്കൊണ്ടുപോയി ആന്ധ്രയിലെ ദമ്പതികൾക്ക് ദത്ത് നൽകിയത്. അതിനെതിരെ ആ യുവതിയും അവരുടെ ജീവിത പങ്കാളിയും നടത്തിയ സമരം ഒടുവിൽ വിജയം കണ്ടിരിക്കുകയാണ്. ആന്ധ്രയിലെ ദമ്പതികൾ വളർത്തുന്ന കുഞ്ഞ് അനുപമയുടെ കുഞ്ഞാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരിക്കുന്നു. കോടതി കുഞ്ഞിനെ അനുപമക്ക് കൈമാറിയിരിക്കുന്നു.
ആന്ധ്രയിലെ ദമ്പതികൾ വളർത്തിക്കൊണ്ടിരിക്കുന്ന കുഞ്ഞ് അനുപമയുടെതാണ് എന്ന് തെളിയിക്കപ്പെട്ടതോടെ, ആ കുഞ്ഞിനെ കടത്തിക്കൊണ്ടുപോയവർ ആര് എന്ന ചോദ്യം ഉയരുകയാണ്. അനുപമയുടെ അറിവും അനുവാദവുമില്ലാതെ കുട്ടിയെ കടത്തിയതാര്, ആ കടത്തിന് സഹായം നൽകിയതാര്, കടത്തിെക്കാണ്ടുപോയ കുഞ്ഞിനെ മറ്റൊരു സംസ്ഥാനത്തെ ദമ്പതികൾക്ക് ദത്ത് നൽകിയത് എങ്ങനെ, ആര്, കുട്ടിയെ ചോദിച്ച് ചെന്ന അനുപമക്ക് മുമ്പിൽ മറ്റൊരു കുട്ടിയുടെ ഡി.എൻ.എ ടെസ്റ്റ് ഫലം കാണിച്ച് മടക്കിയയച്ചതാര്, അനുപമയുടെ പേരിൽ വ്യാജ സമ്മതപത്രം തയാറാക്കിയതാര്; എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ ഉയർന്നു വരുന്നുണ്ട്. ഗുരുതര വീഴ്ചയും കുറ്റകൃത്യവും നടന്നിരിക്കുന്നു എന്ന് തെളിഞ്ഞു കഴിഞ്ഞു. ഇനി, ആ കുറ്റകൃത്യം ചെയ്തത് ആര് എന്ന് തെളിയിക്കപ്പെടേണ്ടതുണ്ട്. അവർ നിയമ നടപടികൾക്ക് വിധേയരാവേണ്ടതുണ്ട്. കുറ്റവാളികളെ ശിക്ഷിക്കുന്നതു വരെ സമരം തുടരുമെന്ന് അനുപമ പ്രഖ്യാപിച്ചിട്ടുണ്ട്. നിശ്ചയമായും യുക്തിപൂർണമായ നിലപാടാണ് അവർ സ്വീകരിച്ചിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനും സി.പി.എം യുവനേതാവ് ഷിജുഖാൻ ജനറൽ സെക്രട്ടറിയുമായ ശിശുക്ഷേമ സമിതിയാണ് മനുഷ്യത്വവിരുദ്ധമായ ഈ ഏർപ്പാടിന് സകല ഒത്താശകളും ചെയ്തുകൊടുത്തത് എന്ന് ഏതാണ്ട് വ്യക്തമായി കഴിഞ്ഞിട്ടുണ്ട്. പ്രസിദ്ധമായ ഒരു പാർട്ടി കുടുംബത്തിെൻറ ദുരഭിമാനം സംരക്ഷിക്കാനാണ് ഈ പണി അവർ ചെയ്തത്. അമ്മയറിയാതെ കടത്തിക്കൊണ്ടുവന്ന ആൺകുട്ടിക്ക് മലാലയെന്ന പെൺനാമമിട്ട് ചുളുവിൽ പുരോഗമനം ചമയാനും ശിശുക്ഷേമ സമിതിയുടെ നേതാവ് സമയം കണ്ടെത്തി എന്നതാണ് ഇതിലെ വലിയ തമാശ. ദുരഭിമാന കുറ്റകൃത്യങ്ങൾക്കെതിരെ നിലപാടെടുക്കുന്ന പാർട്ടി നാടു ഭരിക്കുമ്പോഴാണ് ദുരഭിമാനം സംരക്ഷിക്കാൻ പാർട്ടിയും ഭരണസംവിധാനവുമെല്ലാം ഒത്തുചേർന്ന് ഇത്തരമൊരു കടുംകൈ ചെയ്തത്. എന്നാൽ, ഇതെക്കുറിച്ച് എന്തെങ്കിലും പറയാൻ മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ല. പതിവ് മൗനം തുടരുകയാണ്.
ഭരണകൂടവും പാർട്ടിയും വിചാരിച്ചതു കൊണ്ടുമാത്രം യാഥാർഥ്യത്തെ മൂടിവെക്കാനും അനീതി നടപ്പാക്കാനും കഴിയില്ലെന്നതിെൻറ ഉദാഹരണമാണ് കുഞ്ഞിന് വേണ്ടി അനുപമ നടത്തിയ സമരവും അതിെൻറ വിജയവും. സർവപ്രതാപിയായ ഒരു പാർട്ടിയും ഭരണസംവിധാനവും എണ്ണയിട്ട യന്ത്രം പോലെ ഒരു അമ്മക്കും കുഞ്ഞിനുമെതിരെ പണിയെടുത്തിട്ടും അവരുടെ ഗൂഢപദ്ധതികൾ പരാജയപ്പെടുകയായിരുന്നു. കേരളത്തിലെ മാധ്യമങ്ങളും സിവിൽ സമൂഹവും ആഹ്ലാദിക്കേണ്ട നിമിഷങ്ങളാണിത്. അവരുടെ ഇടപെടലുകളുടെ വിജയം കൂടിയാണിത്.
അനുപമക്ക് അവരുടെ കുഞ്ഞിനെ ലഭിച്ചുവെന്നത് നിശ്ചയമായും ആശ്വാസകരമാണ്. അതേസമയം, അവരുടെ കുഞ്ഞിനെ കടത്തിക്കൊണ്ടു പോയി അന്യ നാട്ടിൽ ദത്ത് നൽകിയ ഹീന പ്രവൃത്തി നടപ്പിലാക്കിയവരും മുന്നിലും പിന്നിലും അതിന് കൂട്ടുപിടിച്ചവരുമായ മുഴുവൻ ആളുകളെയും നിയമത്തിനു മുമ്പിൽ കൊണ്ടുവരുകയും അർഹമായ ശിക്ഷ നൽകുകയും വേണം. അനുപമയുടെ തുടർ സമരത്തിനും ജനാധിപത്യവാദികളുടെയും സിവിൽ സമൂഹത്തിെൻറയും പിന്തുണ ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.