Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightജനവിധിയുടെ പാഠങ്ങൾ

ജനവിധിയുടെ പാഠങ്ങൾ

text_fields
bookmark_border
ജനവിധിയുടെ പാഠങ്ങൾ
cancel

ഹരിയാനയിലെയും ജമ്മു-കശ്മീരിലെയും നിയമസഭ തെരഞ്ഞെടുപ്പ് ഫലം, ഒരർഥത്തിൽ ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന്റെ തുടർച്ചയായി വിലയിരുത്താവുന്നതാണ്. കേന്ദ്രത്തിൽ ഭരണത്തിലുള്ള എൻ.ഡി.എക്കും പ്രതിപക്ഷ ‘ഇൻഡ്യ’ സഖ്യത്തിനും ഒരേസമയം ആശങ്കയും പ്രതീക്ഷയും ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ ബാക്കിവെക്കുന്നു. ഹരിയാനയിൽ കോൺഗ്രസിന്റെ ശക്തമായ സാന്നിധ്യത്തിനിടയിലും മൂന്നാമൂഴം ലഭിച്ചത് ബി.ജെ.പിക്ക് നേട്ടമായി കരുതാമെങ്കിലും, ജമ്മു-കശ്മീരിലെ രാഷ്ട്രീയ പരീക്ഷണങ്ങൾ പാളിയിരിക്കുന്നുവെന്ന യാഥാർഥ്യം അവർക്ക് നിരാശാജനകമാണ്. മറുവശത്ത്, ജമ്മു-കശ്മീരിന്റെ ഉള്ളറിഞ്ഞ് ഇൻഡ്യ സഖ്യം നടത്തിയ ഉജ്ജ്വലപോരാട്ടം പുതിയ ചരിത്രം സൃഷ്ടിച്ചപ്പോൾ ഹരിയാനയിൽ കിട്ടിയ സുവർണാവസരം കോൺഗ്രസ് നഷ്ടപ്പെടുത്തി. പത്ത് വർഷത്തിനുശേഷമാണ് ജമ്മു-കശ്മീരിൽ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ പത്ത് വർഷത്തിനിടെ, ആ ദേശം സമാനതകളില്ലാത്ത രാഷ്ട്രീയാനുഭവങ്ങളിലൂടെ കടന്നുപോയി.

തീക്ഷ്ണമായ ആ കാലഘട്ടത്തോടുള്ള ജമ്മു-കശ്മീർ ജനതയുടെ വികാരം കൃത്യമായി അവർ ബാലറ്റിൽ രേഖപ്പെടുത്തി. 2014ൽ അഞ്ച് ഘട്ടങ്ങളിലായി നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷമുണ്ടായിരുന്നില്ല. 28 സീറ്റ് നേടിയ പി.ഡി.പിയും 25 സീറ്റോടെ രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പിയും തമ്മിൽ അസാധാരണ കൂട്ടുകെട്ടിലേർപ്പെട്ടാണ് പിന്നീട് പുതിയ സർക്കാറിന് രൂപം നൽകിയത്. പുതിയ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് ഈ സഖ്യം തുടക്കമിട്ടു. ഭരണത്തിലേറി ഒരു വർഷം കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദ് മരണപ്പെട്ടു. തൽസ്ഥാനത്ത് അവരോധിക്കപ്പെട്ടത് മകൾ മഹ്ബൂബ മുഫ്തിയെ. തുടക്കം മുതലേ സ്വരച്ചേർച്ചയില്ലാത്തൊരു സഖ്യസർക്കാറായിരുന്നു അത്. ഇതിനിടയിൽ, ഹിസ്ബുൽ മുജാഹിദീൻ നേതാവ് ബുർഹാൻ വാനി കൊല്ലപ്പെട്ടതിനെ തുടർന്ന് താഴ്വരയിൽ രൂക്ഷമായ സംഘർഷങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. പൊതുവിൽ മേഖലയിലെ ജീവിതം അരക്ഷിതാവസ്ഥയിലായി. കഠ് വയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഘാതകർക്ക് ചില ബി.ജെ.പി നേതാക്കൾ പിന്തുണ പ്രഖ്യാപിച്ച് റാലി നടത്തിയതോടെ സഖ്യം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് മഹ്ബൂബ രാജി സമർപ്പിച്ചു.

ബി.ജെ.പിയെ ഒഴിവാക്കിയും കൂട്ടുകക്ഷി ഭരണത്തിന് സാധ്യതയുണ്ടായിരുന്നിട്ടും ഗവർണർ സത്യപാൽ മലിക് ആ ദിശയിൽ നീങ്ങാതെ, 2018 നവംബറിൽ ഏകപക്ഷീയമായി നിയമസഭ പിരിച്ചുവിട്ടു. പിന്നീട്, രാഷ്ട്രപതി ഭരണമായി. തൊട്ടടുത്തവർഷം, കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുക കൂടി ചെയ്തതോടെ താഴ്വരയിൽ സമ്പൂർണമായും അനിശ്ചിതത്വത്തിന്റെ നാളുകളായി. ജമ്മു-കശ്മീർ പിടിക്കാനുള്ള ബി.ജെ.പിയുടെ മാസ്റ്റർ പ്ലാനുകളായിരുന്നു 2014 മുതൽ ആ പാർട്ടി നടത്തിയ നീക്കങ്ങളത്രയും. എത്രത്തോളമെന്നാൽ, പാർലമെന്റ്-അസംബ്ലി മണ്ഡല വിഭജനമടക്കം തയാറാക്കപ്പെട്ടത് ഈ ആസൂത്രണത്തിന്റെ ഭാഗമായിട്ടായിരുന്നു. എന്നാൽ, ഈ നീക്കങ്ങളെ ഈ തെരഞ്ഞെടുപ്പിൽ ഫലപ്രദമായി ചെറുക്കാൻ ഇൻഡ്യ സഖ്യത്തിനായി. പരസ്പരം വിട്ടുവീഴ്ച ചെയ്ത് നാഷനൽ കോൺഫറൻസും കോൺഗ്രസും പ്രവർത്തിച്ചപ്പോൾ ബി.ജെ.പിയുടെ തന്ത്രങ്ങളത്രയും പിഴച്ചു. പാർലമെന്റിൽ രണ്ട് സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന ബി.ജെ.പിക്ക് നിയമസഭയിൽ ലഭിച്ചത് 29 സീറ്റ്. മറുവശത്താകട്ടെ, കേവല ഭൂരിപക്ഷത്തോടെ ഇൻഡ്യ സഖ്യം അധികാരത്തിലെത്തിയെന്നുതന്നെ പറയാം. 90 അസംബ്ലി മണ്ഡലങ്ങൾക്കുപുറമെ, അഞ്ച് നാമനിർദേശ സീറ്റുകൾ പരിഗണിച്ചാലും 50നടുത്ത് സീറ്റുകൾ എൻ.സി-കോൺഗ്രസ് സഖ്യം നേടി. ഏതാനും സ്വതന്ത്രരും ഇവർക്കൊപ്പം ചേരുമെന്ന് ഉറപ്പിക്കാം. മതേതരചേരി വിട്ട്, അധികാരത്തിനായി ഭാഗ്യപരീക്ഷണം നടത്തിയവരൊക്കെയും താഴ്വരയിൽ പരാജയത്തിന്റെ രുചിയറിഞ്ഞുവെന്നതും കാണാതിരുന്നുകൂടാ.

മഹ്ബൂബ മുഫ്തി മാത്രമല്ല, കോൺഗ്രസ് വിട്ട് പുതിയ പാർട്ടിയുമായി രംഗപ്രവേശനം ചെയ്ത ഗുലാം നബി ആസാദിനും അടിതെറ്റി. സ്വതന്ത്രവേഷങ്ങളിൽ നടന്ന രാഷ്ട്രീയ പരീക്ഷണങ്ങളെയും കശ്മീർ ജനത തടയിട്ടു. മറ്റൊരർഥത്തിൽ, കാത്തിരുന്ന അവസരം വന്നെത്തിയപ്പോൾ ജമ്മു-കശ്മീർ ജനത പരിഹാരമായി കണ്ടിരിക്കുന്നത് രാജ്യത്തെ മതേതര ചേരിയെയാണ്. മാതൃകപരവും പ്രതീക്ഷാനിർഭരവുമാണ് താഴ്വരയുടെ ഈ ജനാധിപത്യബോധം. ജമ്മു-കശ്മീരിലേതുപോലൊരു ജനാധിപത്യത്തിന്റെ മനോഹര നാമ്പുകൾ ഹരിയാനയിലും പ്രകടമാകേണ്ടതായിരുന്നു. പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളില്ലായിരുന്നുവെങ്കിൽ കേവല ഭൂരിപക്ഷത്തിലെത്താൻ മാത്രം ശക്തമായിരുന്നു ഹരിയാനയിലെ കോൺഗ്രസെന്ന് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. സഹജമായ ആഭ്യന്തര ദൗർബല്യങ്ങളും ആസൂത്രണത്തിന്റെ അഭാവവും കാരണം അവർ പരാജയം ഏറ്റുവാങ്ങി. ലോക്സഭ തെരഞ്ഞെടുപ്പിൽ ഹരിയാനയിലെ പത്ത് സീറ്റിൽ പകുതിയും കോൺഗ്രസ് നേടിയിട്ടുണ്ട്. 43 ശതമാനമായിരുന്നു വോട്ടുനില; ബി.ജെ.പിക്ക് 46ഉം. നിയമസഭ തെരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും തമ്മിൽ 12 സീറ്റിന്റെ അന്തരമുണ്ടായിട്ടും വോട്ടുശതമാനത്തിലെ വ്യത്യാസം ഒരു ശതമാനത്തിൽ താഴെയാണ്.

ലോക്സഭ തെരഞ്ഞെടുപ്പിൽ കൂടെയുണ്ടായിരുന്ന ആം ആദ്മി പാർട്ടി സ്വന്തം നിലയിൽ മത്സരിക്കുകയും കോൺഗ്രസിനുള്ളിൽ വിമതർ ശക്തമായി തലപൊക്കുകയും ചെയ്തിട്ടും ബി.ജെ.പിയോളം വോട്ടുകൾ സമാഹരിക്കാൻ കോൺഗ്രസിന് കഴിഞ്ഞുവെന്നത് ചെറിയ കാര്യമല്ല. അഥവ, പാർട്ടിയുടെ അടിത്തറ ഭദ്രമാണിപ്പോഴും. അതിനെ വ്യവസ്ഥാപിതമായി ചലിപ്പിക്കുന്നതിൽ പാർട്ടി നേതൃത്വം ദയനീയമായി പരാജയപ്പെട്ടു. ഒരുപക്ഷേ, പാർട്ടി മെഷിനറി കൃത്യമായി പ്രവർത്തിച്ചിരുന്നുവെങ്കിൽ 60നടുത്ത് സീറ്റുകൾ കോൺഗ്രസിനെ സംബന്ധിച്ച് അസാധ്യമായിരുന്നില്ല. ചില മണ്ഡലങ്ങളിൽ ഔദ്യോഗിക സ്ഥാനാർഥികൾ വിമതർക്കും സ്വതന്ത്രർക്കും പിന്നിലായതൊക്കെ സാഹചര്യങ്ങളെ മൂർത്തമായി വിലയിരുത്തുന്നതിലുള്ള പാളിച്ചതന്നെയാണ്. മറുവശത്താകട്ടെ, ഓരോ മണ്ഡലത്തിന്റെയും സാഹചര്യങ്ങൾ വിലയിരുത്തി സൂക്ഷ്മതലത്തിലുള്ള ആസൂത്രണവുമായി ബി.ജെ.പി കരകയറുകയും ചെയ്തു. കഴിഞ്ഞ തവണ പത്ത് സീറ്റ് നേടി അസംബ്ലിയിലെ നിർണായക സാന്നിധ്യമായി മാറിയ ജെ.പി.പിയുടെ സമ്പൂർണ തകർച്ചയാണ് ഹരിയാന തെരഞ്ഞെടുപ്പിലെ മറ്റൊരു ഹൈലൈറ്റ്.

ജെ.പി.പിയുടെ 14 ശതമാനം വോട്ടുകൾ ബി.ജെ.പിയിലേക്കും കോൺഗ്രസിലേക്കും ഒരുപോലെ ഒഴുകിയെന്ന് വിലയിരുത്താം. അപ്പോഴും, ബി.ജെ.പിക്ക് മൂന്ന് ശതമാനത്തിന്റെ അധിക വളർച്ച മാത്രമേ കാണുന്നുള്ളൂ; കോൺഗ്രസിനാകട്ടെ, 11 ശതമാനവും. ചുരുക്കത്തിൽ, തെരഞ്ഞെടുപ്പ് ഫലത്തിന്റെ സാങ്കേതികതകൾക്കപ്പുറം, ജമ്മു-കശ്മീരും ഹരിയാനയും ആത്യന്തികമായി മതേതരപക്ഷത്തോട് ചേർന്നു നിൽക്കുന്നുവെന്നുതന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്; ഐക്യത്തോടെ നിലയുറപ്പിച്ചാൽ കാവിരാഷ്ട്രീയത്തെ മതേതര ചേരിക്ക് മറിച്ചിടാവുന്നതേയുള്ളൂ. ഇക്കാരണംകൊണ്ടുകൂടിയാണ്, ഈ അസംബ്ലി തെരഞ്ഞെടുപ്പുകൾ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന്റെ തുടർച്ചയാകുന്നത്. രാജ്യവും ജനതയും മാറ്റം ആഗ്രഹിക്കുന്നു; അവരുടെ നേതാക്കൾ അത് വേണ്ടപോലെ തിരിച്ചറിയുന്നില്ലെന്ന് മാത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorial PodcastJammu Kashmir Assembly Election 2024Haryana Assembly Election 2024
News Summary - Madhyamam Editorial Podcast on Assembly Election Results
Next Story